രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച അഹമമദാബാദ് വിമാനാപകടത്തിന്റെ വേദനയുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ക്ഷണനേരം കൊണ്ട് അഗ്നിഗോളമായി മാറിയ വിമാനത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട വ്യക്തിയായിരുന്നു വിശ്വാസ് കുമാര്‍(40). 241 പേരുടെ ജീവനെടുത്ത അപകടത്തിൽ നിന്നും അതിശയകരമായി രക്ഷപ്പെട്ട വിശ്വാസ് മഹാഭാഗ്യത്തിന്റെ ഏറ്റവും വലിയ നേർചിത്രമായി പിന്നീട്. മരണം അഗ്നിയായി പടർന്നു കയറിയ വിമാനത്തിന്റെ ഉള്ളിൽ‌ നിന്നും എമർജൻസി എക്സിറ്റ് വാതിലിൽല നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസിന്റെ ദൃശ്യങ്ങളും ഞൊടിയിടയിൽ വൈറലായി. പക്ഷേ അതിനു ശേഷം വിശ്വാസിന് സംഭവിച്ചത് അത്ര സുഖകരമുള്ള കാര്യങ്ങളായിരുന്നില്ലെന്ന് പുതിയ വാർത്തകൾ അടിവരയിടുന്നു.

ഇന്ത്യകണ്ട മഹാദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ശാരീരികമായും മനസികമായും മുക്തനാകാൻ അയാൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ‘ഞാൻ മാത്രമാണ് ആ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. അതൊരു അദ്ഭുതമാണ്. എനിക്ക് എന്റെ സഹോദരനെ നഷ്ടമായി. അവൻ എന്റെ നട്ടെല്ലായിരുന്നു. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. എന്റെ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ഭാര്യയോടും നാല് വയസ്സുകാരനായ മകനോടും സംസാരിക്കാറില്ല.'; ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വിശ്വാസ് കുമാർ പറഞ്ഞു.

ADVERTISEMENT

ജൂൺ 12നാണ്, 241 പേരുടെ ജീവൻ തട്ടിയെടുത്ത എയർ ഇന്ത്യ വിമാനാപകടം നടക്കുന്നത്. സംഭവം നടന്ന് നാലു മാസത്തിന് ശേഷവും വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ നിന്ന് ലെസ്റ്ററിലെ വീട്ടിൽ എത്തിയശേഷം അദ്ദേഹം ഇതിന് തുടർ ചികിത്സ തേടിയിരുന്നില്ല. തന്റെ കുടുംബത്തിന് ഇനിയും വിമാന ദുരന്തം സംഭവിച്ച നഷ്ടങ്ങളിൽ നിന്ന്  കരകയറാനായിട്ടില്ലെന്നും സഹോദരൻ ജീവിനോടില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
‘ഈ അപകടത്തിന് ശേഷം, എനിക്കും എന്റെ കുടുംബത്തിനും ശാരീരകമായും മാനസികമായും വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ നാല് മാസമായി എന്റെ അമ്മ എല്ലാ ദിവസവും വാതിലിനു പുറത്ത് ഒന്നും സംസാരിക്കാതെ ഇരിക്കുകയാണ്. മറ്റാരോടും സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. എനിക്ക് അധികമൊന്നും സംസാരിക്കാൻ കഴിയില്ല. ഞാൻ രാത്രി മുഴുവൻ ചിന്തിക്കുന്നു, ഞാൻ മാനസികമായി കഷ്ടപ്പെടുകയാണ്. ഓരോ ദിവസവും കുടുംബത്തിന് വേദന നിറഞ്ഞതാണ്.’ വിശ്വാസ് പറഞ്ഞു.
‘അപകടത്തിൽ ഉണ്ടായ പരുക്കുകൾ ഇപ്പോഴും ശരീരത്തെ നന്നേ ബുദ്ധിമുട്ടിക്കുന്നുണ്ട്. കാൽമുട്ടിലും തോളിലും പുറകിലും വേദന അനുഭവപ്പെടുന്നു. പടികൾ കയറാനും ഇറങ്ങാനും ജോലി ചെയ്യാനും ബുദ്ധിമുട്ടാണ്.’ വിശ്വാസ് പറയുന്നു.
അപകടത്തെ തുടർന്ന് എയർ ഇന്ത്യ വിശ്വാസിന് 21,500 പൗണ്ടിന്റെ ഇടക്കാല നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിച്ചെങ്കിലും, അത് അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്നാണ് വിശ്വാസിന്റെ ഉപദേഷ്ടാക്കൾ പറയുന്നത്.

ഇന്ത്യൻ വംശജനും ബ്രിട്ടിഷ് പൗരനുമായ വിശ്വാസും സഹോദരൻ അജയും അപകടം നടന്ന ദിവസം ഇവരുടെ ഗുജറാത്തിലെ ബന്ധുക്കളെ കണ്ട ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. എമർജൻസി എക്സിറ്റിന് സമീപമുള്ള 114-ാം സീറ്റിലായിരുന്നു വിശ്വാസിന്റെ യാത്ര. അപകടത്തിനു ദിവസങ്ങൾക്ക് ശേഷം ദൂരദർശന് നൽകിയ അഭിമുഖത്തിൽ താൻ ഇരുന്നിരുന്ന വിമാനത്തിന്റെ ഭാഗം കോളജ് ഹോസ്റ്റൽ വളപ്പിന്റെ താഴത്തെ നിലയിൽ വീണുപോയെന്നും വാതിൽ തകർന്നിരിക്കുന്നതായി കണ്ടപ്പോൾ പുറത്തേക്ക് വന്നെന്നും വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

അപകടം നടന്ന സ്ഥലത്തുനിന്ന് വിശ്വാസ് നടന്നുവരുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട യാത്രക്കാരിലും ജീവനക്കാരിലും 169 പേർ ഇന്ത്യക്കാരും 52 പേർ ബ്രിട്ടീഷുകാരുമാണ്, മറ്റ് 19 പേർ നിലത്തുവച്ചുതന്നെ മരിച്ചു.

English Summary:

Ahmedabad plane crash survivor Vishwas Kumar is struggling with post-traumatic stress disorder after miraculously surviving the tragic Air India flight accident. He recounts his ongoing physical and emotional struggles, highlighting the accident's profound impact on him and his family.

ADVERTISEMENT
ADVERTISEMENT