തലശേരി രുചിവൈവിധ്യങ്ങളുമായി സമീന അബ്ദുൾ നിസാർ വനിത പാചകറാണി 2025 വിജയി
കേരളത്തിലെ ഏറ്റവും പ്രചാരമേറിയ രുചി മത്സരമായ വനിത പാചകറാണിയിൽ ഒരു ലക്ഷം രൂപ സമ്മാനം നേടി രുചിയുടെ മഹാറാണി ആയത് തലശേരി സ്വദേശി സമീന അബ്ദുൾ നിസാർ. മത്സരത്തിന്റെ തീ പാറുന്ന വേദിയിൽ അവസാന റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർത്ഥികൾ രുചിവൈവിധ്യങ്ങളൊരുക്കുകയും വിധികർത്താക്കൾക്കു മുമ്പിൽ ഭംഗിയായി അവ അവതരിപ്പിക്കുകയും ചെയ്തു.
ആട്ട ഉപയോഗിച്ച് തലശേരി സ്പെഷൽ കുത്തപ്പം, സീഫൂഡ് സ്റ്റഫ്ഡ് പംപ്കിൻ, ടപിയോക്ക ആമൺ വെൽവറ്റ് പുഡിങ് എന്നിവയാണ് ആശിർവാദ് വനിത പാചകറാണി 2025 മത്സരത്തിൽ സമീന തയാറാക്കിയത്. വനിത പാചകം ചീഫ് എഡിറ്റർ ബീന മാത്യു പാചകറാണിപ്പട്ടം സമ്മാനിച്ചു. പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ സർട്ടിഫിക്കറ്റും ഐ ടി സി ലിമിറ്റഡ് ഏരിയ മാനേജർ ആഷ്‍ലിമോൾ ബാബു ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി.
രണ്ടാം സ്ഥാനം നേടിയത് കന്യാകുമാരി സ്വദേശി ഫാത്തിമ ഷീബ ആണ്. ഗോതമ്പ് ബാവ് ബൺ, മുരിങ്ങ വലൂട്ടെയ് സോസ്, കോക്കനട്ട് മയണീസ്, ജാക്ഫ്രൂട്ട് ചീസ് കേക്ക്, പരിപ്പ് ഉസലിക്കൊപ്പം ബ്രോക്‌ലി ടിക്കി എന്നിവയാണ് ഫാത്തിമ തയാറാക്കിയത്. ആർസിപി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഉടമ ഷെഫ് സുരേഷ് പിള്ള സർട്ടിഫിക്കറ്റും ബജാജ് ഇലക്ട്രിക്കൽസ് റീജണൽ മാനേജർ നികേഷ് വി 50,000 രൂപയുടെ ചെക്കും നൽകി.
കോഴിക്കോട് സ്വദേശിയായ രൂപ മേനോനാണ് മൂന്നാം സ്ഥാനം നേടിയത്. ആട്ടയും മുളപ്പിച്ച റാഗിയുടെ പൊടിയും ചേർത്തു തയാറാക്കിയ മീറ്റ് മോമോസും ഹെൽത്തി ഔഷധി പായസവുമാണ് രൂപയെ സമ്മാനത്തിന് അർഹയാക്കിയത്. 25,000 രൂപ ആയിരുന്നു മൂന്നാം സമ്മാനം. പ്രശസ്ത ഷെഫ് എം. എ. റഷീദ് സർട്ടിഫിക്കറ്റും ബജാജ് ഇലക്ട്രിക്കൽസ് മാർക്കറ്റിങ് മാനേജർ ശബരിനാഥൻ യു ചെക്കും നൽകി.
ആയിരക്കണക്കിനു പേരാണ് പാചകറാണി മത്സരത്തിൽ പങ്കെടുക്കാനായി വനിതയിലേക്കു പാചകക്കുറിപ്പുകൾ അയച്ചുതന്നത്. തിരഞ്ഞെടുക്കപ്പെട്ടവർ മത്സരിച്ച സെമി ഫൈനലിൽ നിന്നു വിജയികളായ 15 പേരാണ് ഹോട്ടൽ റിനൈ കൊച്ചിയിൽ നടന്ന ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.
പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ, പ്രശസ്ത ഷെഫ് എം. എ. റഷീദ്, ആർസിപി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഉടമ ഷെഫ് സുരേഷ് പിള്ള എന്നിവരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ.
എം എം പബ്ലിക്കേഷൻസ് സി ഇ ഒ വി സജീവ് ജോർജ്, പ്രശസ്ത അവതാരകൻ രാജ് കലേഷ് തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.