‘കോളജിൽ പോകുമ്പോൾ അവൾ രണ്ട് തവണ യാത്രപറഞ്ഞു, പിന്നെ ഒരിക്കലും സംസാരിക്കാൻ കഴിഞ്ഞില്ല’: കവിത നോവോർമ Accused Sentenced to Life in Thiruvalla Murder Case
തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷനൽ ജില്ലാ കോടതി –1 ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണ് കൊല്ലപ്പെട്ടത്. തടഞ്ഞുവെക്കൽ, കൊലപാതകം എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. പിഴത്തുക പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ പ്രതിയുടെ സ്വത്തിൽ നിന്നും തുക ഈടാക്കണമെന്നും വിധിയിൽ പറയുന്നു.
2019 മാർച്ച് 12ന് രാവിലെ 9.11ന് ചിലങ്ക ജംക്‌ഷനിലെ റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ആക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പെൺകുട്ടിയുടെ മരണമൊഴിയും കേസിലെ പ്രധാന തെളിവായി. കേസിൽ 43 സാക്ഷികളെ വിസ്തരിച്ചു. 94 രേഖകൾ ഹാജരാക്കി. പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദിനെയും തെളിവുകൾ ശേഖരിച്ച് മികച്ച രീതിയിൽ കുറ്റാന്വേഷണം നടത്തിയതിന് തിരുവല്ല സിഐയായിരുന്ന പി.ആർ.സന്തോഷിനെയും കോടതി പ്രത്യേകം അഭിനന്ദിച്ചു. ഇപ്പോൾ എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടറാണ് സന്തോഷ്.
വിധി കേൾക്കാൻ മാതാപിതാക്കളും
‘അവൾ അന്ന് രാവിലെ കോളജിൽ പോകാനിറങ്ങിയപ്പോൾ 2 തവണയാണ് എന്റെ അടുത്തെത്തി യാത്ര പറഞ്ഞത്. പിന്നെ ഒരിക്കലും അവളോട് എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല’– തോരാക്കണ്ണീരോടെ ഉഷ പറഞ്ഞു. കൊല്ലപ്പെട്ട കവിതയുടെ മാതാപിതാക്കളായ വിജയ കുമാറും ഉഷയും വിധിയറിയാൻ കോടതിയിലെത്തിയിരുന്നു. ‘അവൾക്ക് അന്ന് എന്തോ അപകടം പറ്റിയെന്ന് ആരോ അറിയിച്ചത് പ്രകാരം കവിതയുടെ അച്ഛനാണ് ആശുപത്രിയിലേക്ക് പോയത്. എറണാകുളത്തെ ആശുപത്രിയിൽ 9 ദിവസം വെന്റിലേറ്ററിലായിരുന്നതിനാൽ ഒരു വാക്കു പോലും മിണ്ടാനായില്ല. ഈ ക്രൂരത ചെയ്തവന് വധശിക്ഷയായിരുന്നു ലഭിക്കേണ്ടിയിരുന്നത്’– ഉഷ പറഞ്ഞു. വീട്ടിലെ മൂന്ന് പെൺകുട്ടികളിൽ ഇളയതാണ് കവിത. ഇപ്പോൾ പൊൻകുന്നത്താണ് കുടുംബം താമസിക്കുന്നത്.
കത്തിക്കരിഞ്ഞ് ബാഗ്
ആക്രമത്തിനു ശേഷം സംഭവസ്ഥലത്ത് റോഡരികിലായി അവശേഷിച്ചത് പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ ബാഗ്. സമീപത്തായി അരലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പി, ലൈറ്റർ എന്നിവയുമുണ്ടായിരുന്നു. പെൺകുട്ടിയെ വകവരുത്തിയ ശേഷം സ്വയം ജീവനൊടുക്കാൻ അജിൻ കരുതിയിട്ടുണ്ടാകുമെന്ന നിഗമനവും അന്ന് പൊലീസിനുണ്ടായിരുന്നു. കൈവശം കൂടുതൽ പെട്രോൾ കരുതിയതാണ് ഈ സംശയത്തിന് കാരണം. ഈ സംഭവത്തിന് 2 വർഷം മുൻപ് കോട്ടയം ഗാന്ധി നഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ക്ലാസ് മുറിയിൽ വച്ച് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ശേഷം പൂർവ വിദ്യാർഥിയായ യുവാവ് സ്വയം തീ കൊളുത്തി മരിച്ചിരുന്നു. 2017 ഫെബ്രുവരി 1നായിരുന്നു ഇത്.
ജാമ്യത്തിലെ നിയമ പോരാട്ടം
അറസ്റ്റ് ചെയ്യപ്പെടുന്ന ദിനവും റിമാൻഡ് ചെയ്യാനായി കോടതിയിൽ ഹാജരാക്കിയ ദിവസവും ഒഴിവാക്കി വേണം കുറ്റപത്രത്തിന്റെ സമയപരിധി നിശ്ചയിക്കേണ്ടതെന്ന് കോടതി അംഗീകരിച്ചത് ഈ കേസിൽ.
കേസ് റജിസ്റ്റർ ചെയ്തതിന്റെ 89–ാം ദിനം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, കുറ്റപത്രം സമർപ്പിച്ചത് 90 ദിനം കഴിഞ്ഞാണെന്ന വാദം പ്രതിഭാഗം ഉന്നയിച്ചു. ഇതിനാൽ, പ്രതിക്ക് നിയമാനുസൃത ജാമ്യം അനുവദിക്കണമെന്ന ആവശ്യം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. സെഷൻസ് കോടതിയിൽ ഇതിനെതിരെ അപ്പീൽ പോയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്യപ്പെടുന്ന ദിനവും റിമാൻഡ് ചെയ്യാനായി കോടതിയിൽ ഹാജരാക്കിയ ദിവസവും ഒഴിവാക്കി വേണം സമയപരിധി നിശ്ചയിക്കേണ്ടതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി പ്രതി അജിന് അന്ന് ജാമ്യം നിഷേധിച്ചു. അജിൻ റജി മാത്യു വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന വിധിന്യായത്തിൽ ഇക്കാര്യം രേഖപ്പെടുത്തി.