‘നെഞ്ചിൽ വെള്ളം കെട്ടിക്കിടക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു; നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ അദ്ദേഹം ജീവിച്ചേനെ’ Venu's Last Words: A Heartbreaking Farewell to His Family
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഓട്ടോ ഡ്രൈവർ പന്മന സ്വദേശി വേണു മരിച്ചത് പ്രിയപ്പട്ടവർക്കൊന്നാകെ വേദനയാകുകയാണ്. മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിച്ചെടുക്കാമായിരുന്നു. പക്ഷേ എന്നിട്ടും അതിന് അധികൃതർ ശ്രമിച്ചില്ലെന്നാണ് കുടുംബം വേദനയോടെ പറയുന്നത്. കൺമുന്നിൽ ഭർത്താവിന്റെ മരണം കാണേണ്ടിവന്ന സിന്ധുവിന്റെ വിലാപവും കരളലിയിക്കുന്നതാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ഐസിയുവിലേക്കു മാറ്റുമ്പോൾ ‘മക്കളെ നോക്കിയേക്കണേ’ എന്നാണ് വേണുച്ചേട്ടൻ അവസാനമായി പറഞ്ഞത്. ‘അതിന് വേണുവേട്ടൻ ഇതുപോലെ തിരിച്ചുവരണേ’ എന്നു ഞാനും പറഞ്ഞു. വേണുച്ചേട്ടന്റെ നെഞ്ചിൽ വെള്ളംകെട്ടിക്കിടക്കുകയാണെന്നും ഇത്തിരി സീരിയസാണെന്നും 5 മിനിറ്റു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു. ഇതു നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ ചേട്ടൻ ഇന്നും ജീവിക്കുമായിരുന്നു. – അന്തരിച്ച വേണുവിന്റെ ഭാര്യ സിന്ധു പറയുന്നു. സംഭവത്തെക്കുറിച്ച് സിന്ധുവിന്റെ വാക്കുകൾ ഇങ്ങനെ:
പന്മന മനയിൽ പൂജാ ഭവനത്തിൽ കെ. വേണുവിന്റെ മൃതദേഹം ഒരുനോക്കു കാണാനെത്തിയ ബന്ധുക്കളും സുഹൃത്തുകളും വിങ്ങിപ്പൊട്ടി. എല്ലാവർക്കും ഇഷ്ടമായിരുന്ന വേണുവിനെ അവസാനമായി ഒന്നു കാണാതിരിക്കാൻ ആർക്കുമായില്ല.
കുട്ടി–സരസമ്മ ദമ്പതികളുടെ ആറു മക്കളുള്ള കുടുംബത്തിലെ അഞ്ചാമനാണ് വേണു. സിന്ധുവും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി. വേണുവിന്റെ ജ്യേഷ്ഠ സഹോദരങ്ങളിലൊരാള്‍ നേരത്തേ മരിച്ചു. പിതാവ് കുട്ടി കഴിഞ്ഞ ജനുവരിയിലും. പത്തു മാസത്തെ ഇടവേളയിലുണ്ടായ രണ്ടു മരണങ്ങൾ കുടുംബത്തിന് താങ്ങാനാവാത്ത ആഘാതമായി. വേണുവിന്റെ മാതാവ് സരസമ്മയുടെ കണ്ണീരും തോർന്നതേയില്ല.
വേണു–സിന്ധു ദമ്പതികളുടെ മക്കളിൽ മൂത്തയാൾ വിദ്യ എസ്. വേണു ഡിഗ്രിക്കു ശേഷം ജോലിക്കു ശ്രമിക്കുകയാണ്. ഇളയ മകൾ വർഷ എസ്. വേണു പ്ലസ് ടു കഴിഞ്ഞു നീറ്റ് പരീക്ഷയ്ക്കായി ഒരുങ്ങുകയാണ്. മക്കളെ കൂടുതൽ പഠിപ്പിക്കണമെന്ന ആഗ്രഹം സഫലമാകുന്നതു കാണാതെയാണു വേണുവിന്റെ വേർപാട്. നേരത്തെ പഴയ ഓട്ടോറിക്ഷയാണ് വേണു ഓടിച്ചിരുന്നത്. ഈയിടെ വായ്പയെടുത്ത് സിഎന്‍ജി ഓട്ടോ വാങ്ങി.
റോഡിൽ നിന്നു രണ്ടടി വീതിയിലുള്ള വഴിയിലൂടെ വേണം വേണുവിന്റെ വീട്ടിലെത്താൻ. അതിനാൽ ഓട്ടോറിക്ഷ റോഡരികിലുള്ള വീടിനു മുന്നിലാണു പാർക്ക് ചെയ്യുന്നത്. ചവറ ഇടപ്പള്ളിക്കോട്ടയിലെ സ്റ്റാൻഡിലാണ് വേണു ഓട്ടോ ഓടിക്കുന്നത്. ദേശീയപാത വികസിപ്പിക്കുമ്പോൾ ഇടപ്പള്ളിക്കോട്ടയിൽ അടിപ്പാത ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവരെകാണാനും നിവേദനം നൽകാനുമുള്ള സംഘത്തിലും വേണുവുണ്ടായിരുന്നു.
വേണുവിന്റെ ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കടുത്ത നടപടിയെടുക്കണം: പ്രേമചന്ദ്രൻ
ഓട്ടോറിക്ഷാ തൊഴിലാളിയായ വേണു ചികിത്സ കിട്ടാതെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ മരിക്കുന്നതിനു മുൻപായി നൽകിയ ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി ഭരണനേതൃത്വം ഉൾപ്പെടെയുള്ളരുടെ പേരിൽ നരഹത്യയ്ക്ക് കേസ് റജിസ്റ്റർ ചെയ്യണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം വേണം. സർക്കാർ പണം നൽകാത്തതു കൊണ്ട് ഹൃദ്രോഗ ചികിത്സ ഉൾപ്പെടെയുളള അടിയന്തര ചികിത്സകൾക്ക് ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നത് കമ്പനികൾ നിർത്തിവച്ചിരുന്നു.
വിതരണം ചെയ്തവ തിരികെ കൊണ്ടു പോയി. ആഘോഷങ്ങൾക്കു കോടികൾ ചെലവിടുന്ന സർക്കാർ അടിയന്തര ചികിത്സയ്ക്കുളള ഉപകരണങ്ങൾക്കും ചികിത്സാ സാമഗ്രികൾക്കും പണം നൽകാത്തത് എന്തുകൊണ്ടാണ്. വേണുവിന് യഥാസമയം ചികിത്സ നൽകാത്തതിനു കാരണം ഉപകരണങ്ങളുടെയോ അനുബന്ധ സാധനങ്ങളുടെയോ കുറവാണോ എന്നതു കണ്ടെത്തണം. സർക്കാർ തലത്തിൽ നടക്കുന്ന കുറ്റകൃത്യം പുറത്തു കൊണ്ടുവരാൻ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.