പച്ചയുടെ പൂന്തണലിൽ അറിവിന്റെ വെളിച്ചം പരത്തുന്ന റെവ സർവകലാശാല Discovering REVA University
സർവകലാശാലയുടെ ഹരിതാഭയിലേക്ക് കാലെടുത്തുവെച്ച
ആ ദിവസം ഞാനെങ്ങനെ മറക്കാൻ.....
കമ്പ്യൂട്ടറുകളുടെയും കോൺക്രീറ്റിന്റെയും നഗരമായ ബാംഗ്ലൂരിലെ തിരക്കിട്ട ഐ.ടി. ഹബ്ബിന്റെ നടുവിലേക്കാണ് ഞാൻ റെവ സർവകലാശാല ലക്ഷ്യമാക്കി യാത്ര തിരിച്ചത്. യെലഹങ്കയിലെ കട്ടിഗേനഹള്ളിയിൽ, ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ച ആ ആദ്യ നിമിഷം എന്റെ മനസ്സിലെ എല്ലാ ചിത്രങ്ങളെയും മാറ്റി മറിച്ചു.
ഞാൻ പ്രതീക്ഷിച്ച യാന്ത്രികമായ അന്തരീക്ഷം അവിടെയെങ്ങും കണ്ടില്ല. പകരം, നഗരത്തിന്റെ ശബ്ദകോലാഹളങ്ങളെ അരിച്ചകറ്റി, ഇലകളിലൂടെ ഊർന്നിറങ്ങുന്ന ഇളംകാറ്റിന്റെ മർമ്മരം! കാഴ്ചയെ കവർന്നെടുക്കുന്ന, വാത്സല്യം നിറഞ്ഞ ഒരു പച്ചപ്പാണ് റെവയുടെ ഓരോ കോണിലും. കടുംനിറമുള്ള പൂക്കൾ, ശാന്തമായ നടപ്പാതകൾ, തണൽ വിരിച്ച് നിൽക്കുന്ന മരങ്ങൾ... ഞാൻ ഒരു വലിയ വനത്തിന്റെ ഹൃദയത്തിലേക്കാണ് കാലെടുത്തുവെച്ചതെന്ന് തോന്നി.
ആ കാഴ്ചയിൽ ഞാൻ അറിയാതെ നിന്നുപോയി. അവിടെ ബഞ്ചിലിരുന്ന് ചിരിച്ചും സംസാരിച്ചും പഠിച്ചുമിരുന്ന വിദ്യാർത്ഥികളെ കണ്ടപ്പോൾ, എനിക്ക് അവരോട് അസൂയ തോന്നിപ്പോയി. എത്ര ഭാഗ്യമുള്ളവരാണവർ! ഈ ശാന്തമായ ഹരിതാഭയുടെ തണലിലിരുന്ന് പഠിക്കാനും, പ്രകൃതിയുടെ ഈ ഊഷ്മളമായ സ്വാഗതത്തിന്റെ ഭാഗമാകാനും കഴിഞ്ഞ അവരുടെ ഭാഗ്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു.
ഈ പ്രകൃതി സൗഹൃദമായ ലാവണ്യത്തിൽ അറിവ് നേടുന്നതിനേക്കാൾ വലിയ അനുഭവം മറ്റെന്തുണ്ട്? റെവ ഒരു സ്ഥാപനമായിരുന്നില്ല; അത് മനസ്സിന് സുഖം നൽകുന്ന, പഠനത്തെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന ഒരനുഭൂതിയായിരുന്നു. എന്റെ ഹൃദയം ആ ഹരിതഗീതത്തോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായി.
കർണാടക സർക്കാരിന്റെ 2012-ലെ നിയമപ്രകാരം സ്ഥാപിതമായ ഈ സർവകലാശാല, കേവലം ഒരു അക്കാദമിക് കേന്ദ്രം മാത്രമല്ല. ഡോ. പി. ശ്യാമ രാജുവിന്റെ നേതൃത്വത്തിലുള്ള രുക്മിണി എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്. ഈ വളപ്പിൽ പ്രകൃതി സൗഹൃദപരമായ ഒരു സംസ്കാരം വളർത്തിയെടുത്തിരിക്കുന്നു. ഓരോ കെട്ടിടവും രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രകൃതിയുടെ വെളിച്ചവും വായുവും പരമാവധി ഉപയോഗിക്കുന്ന രീതിയിലാണ്.
വെയിലിൽ തിളങ്ങുന്ന കൃത്രിമനിറങ്ങളോ ഇരുണ്ട ഇടനാഴികളോ അവിടെയില്ല. പകരം, മരത്തണലിൽ വിശ്രമിക്കുന്ന വിദ്യാർത്ഥികളെയും, പൂക്കളുടെ മണമുള്ള ഇടങ്ങളെയും കാണാം. കമ്പ്യൂട്ടറുകളുടെ ഭാവിയെക്കുറിച്ച് പഠിക്കുന്ന അതേ വളപ്പിൽ തന്നെ, പ്രകൃതിയുടെ നാളെയെക്കുറിച്ചും റെവ ഓർമ്മിപ്പിക്കുന്നു. പഠനം ഒരു യാന്ത്രിക പ്രക്രിയയല്ല, മറിച്ച് പ്രകൃതിയുടെ ശാന്തതയിൽ ആസ്വദിക്കേണ്ട ഒരു അനുഭവമാണെന്ന് ഓരോ കാഴ്ചയും നമ്മെ പഠിപ്പിക്കും.
അറിവിന്റെയും കലയുടെയും സംഗമം 🎶
റെവയുടെ ആത്മാവ് അതിന്റെ ബഹുമുഖമായ പാഠ്യപദ്ധതിയിലാണ് കുടികൊള്ളുന്നത്. എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, മാനേജ്മെന്റ്, നിയമം, കലകൾ... തുടങ്ങി യു.ജി., പി.ജി. തലങ്ങളിലും ഡോക്ടറൽ ബിരുദങ്ങൾ വരെ ഇവിടെയുണ്ട്. തിരക്കേറിയ ഐ.ടി. ലോകത്തേക്ക് ആവശ്യമായ പ്രൊഫഷണൽ വൈദഗ്ദ്ധ്യം കൈമുതലാക്കാൻ ഈ സർവകലാശാല വിദ്യാർത്ഥികളെ സഹായിക്കുന്നു.
എന്നാൽ, റെവയെ സവിശേഷമാക്കുന്നത് അതിന്റെ പെർഫോമിംഗ് ആർട്‌സ് ഡിപ്പാർട്ട്‌മെന്റാണ്. തിരക്കിട്ട കോഡിംഗിനും കണക്കുകൾക്കുമിടയിൽ, സംഗീതം, നൃത്തം, അഭിനയം തുടങ്ങിയ കലകളിൽ ബിരുദധാരിയാകാൻ ഇവിടെ അവസരമുണ്ട്!
പുസ്തകത്താളുകളിൽ നിന്നും കമ്പ്യൂട്ടർ സ്ക്രീനുകളിൽ നിന്നും തലയുയർത്തി നോക്കുമ്പോൾ, കണ്ണിൽ കുളിർമ്മയേകുന്ന പച്ചപ്പും, കാതിൽ മധുരം പകരുന്ന ഒരു സംഗീത ക്ലാസ്സിലെ ഈണവും കേൾക്കുന്നത് റെവയിലെ മാത്രം അനുഭവമാണ്.
ഈ ക്യാമ്പസിലെ പഠനാന്തരീക്ഷത്തിന് മിഴിവേകുന്നത് അതിന്റെ ലോകോത്തര സൗകര്യങ്ങളാണ്. ശാന്തമായ വായനയ്ക്ക് വേണ്ടി ഇവിടെ ഒരു അത്യാധുനിക കേന്ദ്ര ലൈബ്രറിയുണ്ട്. വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ നിറഞ്ഞ ഈ അറിവിൻ കൂടാരത്തിൽ, വിദ്യാർത്ഥികൾക്ക് ഏത് സമയത്തും വന്നിരുന്ന് സുഖമായി പഠിക്കാം. കൂടാതെ, വിശാലമായ ഫുഡ് കോർട്ട്, വിവിധതരം രുചികരമായ വിഭവങ്ങൾ ഒരുക്കി വിശപ്പിന് വിരുന്നൊരുക്കുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നവർക്കായി സുസജ്ജമായ ഹോസ്റ്റൽ സൗകര്യവും ഇവിടെയുണ്ട്. ഇത്തരത്തിലുള്ള എല്ലാ സംവിധാനങ്ങളും, തിരക്കുകളില്ലാതെ സമാധാനപരമായി അറിവുനേടാൻ വിദ്യാർത്ഥികൾക്ക് ഒരു വിശ്രമ അന്തരീക്ഷം ഒരുക്കുന്നു.
ഇന്ത്യൻ വിദ്യാർത്ഥികളെ കൂടാതെ കോംഗോ, കൊറിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നുമുള്ളതുമായ നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഇവിടെ കാണാം. അവർ ഇന്ത്യൻ സംസ്കാരവും ഇംഗ്ലീഷ് ഭാഷയും അഭ്യസിക്കാനായി ഇവിടെ എത്തിയവരാണ്.
സൗഹൃദത്തിന്റെ മരത്തണൽ
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടത് അവിടുത്തെ സൗഹൃദപരമായ അന്തരീക്ഷമാണ്. പുതിയൊരാൾക്ക് പോലും ഒറ്റപ്പെടൽ തോന്നാത്ത ഒരു വാത്സല്യം അവിടെയുണ്ട്. സീനിയർ-ജൂനിയർ ബന്ധങ്ങൾ പരസ്പര ബഹുമാനത്തോടെ നിലനിൽക്കുന്നു. ഓരോ വിദ്യാർത്ഥിയും അടുത്ത സഹപാഠിയുടെ വളർച്ചയെ സഹായിക്കാൻ തയ്യാറുള്ളവരാണ്.
ഈ സൗഹൃദത്തിന്റെ മരത്തണലിലാണ് ഞങ്ങൾ പ്രൊഫഷണലുകളായി വളരുന്നത്. ബാംഗ്ലൂരിന്റെ തിരക്കിട്ട ജോലി സാധ്യതകളെക്കുറിച്ച് സ്വപ്നം കാണുമ്പോൾ പോലും, മനസ്സിന്റെ ഒരു കോണിൽ ഈ ശാന്തമായ ഹരിതാഭമായ വളപ്പിന്റെ ഓർമ്മകളാണ് നിറഞ്ഞു നിൽക്കുക.
ഐ.ടി.യുടെ ഭാവിയിലേക്കുള്ള വാതിൽ തുറന്ന്, പ്രകൃതിയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന റെവ സർവകലാശാല, വിദ്യാർത്ഥികൾക്ക് പഠനത്തെ ഒരു മനോഹര യാത്രയാക്കി മാറ്റുന്നു. നിങ്ങൾ പ്രൊഫഷണൽ മികവിനും ആത്മീയ ശാന്തതയ്ക്കും വേണ്ടി ദാഹിക്കുന്ന ഒരാളാണെങ്കിൽ, റെവ നിങ്ങളെ കാത്തിരിക്കുന്നു.