പത്തനംതിട്ട തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന്  (24) ജീനപര്യന്തം ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. പഴുതടച്ചുള്ള തെളിവ് ശേഖരണമാണ് കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ആത്മാർഥതയും അർപ്പണ ബോധവും ജാഗ്രതയും അഭിനന്ദനം അർഹിക്കുന്നതായി കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. തിരുവല്ല സിഐയായിരുന്ന പി.ആർ.സന്തോഷാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഇപ്പോൾ എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടറായ സന്തോഷ്, കേസിലെ വിധിയറിയാനായി കോടതിയിൽ എത്തിയിരുന്നു. കോടതിയുടെ അഭിനന്ദനം ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണ നാളുകളിലെ അനുഭവങ്ങളും മറക്കാനാകില്ലെന്ന് സന്തോഷ് വ്യക്തമാക്കി. അന്നത്തെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗോപകുമാർ എന്നിവരും പിന്തുണ നൽകി. കവിതയെ കൊലപ്പെടുത്താനുറപ്പിച്ച് അജിൻ റജി മാത്യു ആക്രമിച്ചത് പട്ടാപ്പകലായിരുന്നെങ്കിലും സാക്ഷികളെ കണ്ടെത്തൽ എളുപ്പമായിരുന്നില്ല. സംഭവസമയത്ത് സ്ഥലത്തെ കടകൾ പലതും രാവിലെ തുറന്ന് വരുന്നതേയുണ്ടായിരുന്നുള്ളു. 3 കടകളിൽ ഒരു ടയർ കട മാത്രമാണ് തുറന്നിരുന്നത്. എതിർവശത്തെ കടകളും തുറന്നിരുന്നില്ല. സാക്ഷികളെ കണ്ടെത്തിയത് നിർണായകമായി.

ADVERTISEMENT

സിസിടിവി ദൃശ്യങ്ങളും പരമാവധി ശേഖരിച്ചു. കവിത ആക്രമിക്കപ്പെട്ട ദിനത്തിൽ പ്രതി വീട്ടിൽ നിന്നിറങ്ങിയ സമയം മുതലുള്ള വിവരങ്ങൾ പൂർണമായും കണ്ടെത്തി. സംഭവം നടന്ന റെയിൽവേ സ്റ്റേഷൻ റോഡിലെ കടയിലെ സിസിടിവിയിൽ ആക്രമദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 40 സെക്കൻഡുള്ള ദൃശ്യങ്ങൾ പൊലീസ് അന്ന് തന്നെ പരിശോധിച്ചിരുന്നു. പെട്രോൾ വാങ്ങുന്നതിനാവശ്യമായ പണം പിൻവലിക്കാനായി അജിൻ എടിഎമ്മിൽ കയറിയതും തുടർന്ന് പമ്പിലെത്തിയതിന്റെയും ദൃശ്യങ്ങളും കണ്ടെത്തി. കത്തിയിലെ ചോരപ്പാടും തെളിവായി.

പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചതും വീഡിയോയിൽ പകർത്തി ഫൊറൻസിക് വിഭാഗത്തിന് കൈമാറിയതായി സന്തോഷ് പറഞ്ഞു. അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളാണ് കേസിൽ നിർണായകമായതെന്ന് പ്രൊസികൃൂട്ടർ ഹരിശങ്കർ പ്രസാദും വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ചുള്ള വിധിപകർപ്പ് കോടതി നേരിട്ട് എറണാകുളം, പത്തനംതിട്ട എസ്പിമാർക്ക് അയക്കും. പി.ആർ.സന്തോഷിന് പ്രശംസാപത്രം നൽകണമെന്നാണ് നിർദേശം.

ADVERTISEMENT

കുറ്റബോധം അന്നുമില്ല

പ്രതി അജിൻ 18 വയസിലാണ് കൊലപാതകം നടത്തുന്നത്. 6 വർഷങ്ങൾക്കുശേഷമാണ് വിധിയെത്തുന്നത്. കവിതയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രതി, തീ പടരുന്നത് കണ്ട് സംഭവസ്ഥലത്ത് അക്ഷോഭ്യനായി നോക്കിനിന്നു. കേസിലെ വിധിപ്രഖ്യാപന ദിനത്തിൽ ജയിലിൽ നിന്നും കോടതിയിലെത്തിയപ്പോഴും പ്രതിക്ക് ഭാവഭേദമുണ്ടായില്ല. പെൺകുട്ടി കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോഴും കുറ്റബോധത്തിന്റെ കണിക പോലും പ്രതിക്ക് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ  പറഞ്ഞു.

ADVERTISEMENT

3 കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ കൈവശം അജിൻ കരുതിയത് ഏതുവിധേനയും കൊലപാതകം നടത്താനുറപ്പിച്ചായിരുന്നുവെന്നും ഇവർ പറഞ്ഞു. വിചാരണ കാലയളവിൽ ഏറെ നാൾ ജയിലിൽ കഴിഞ്ഞ അജിന് ഒരു തവണ ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ ഒരു ദിവസം തിരികെ കുമ്പനാട്ടുള്ള വീട്ടിലെത്തിയപ്പോൾ കോയിപ്രം പൊലീസ് പിടികൂടി.

English Summary:

Pathanamthitta murder case: Ajin Reji Mathew received a life sentence for the K কবিতা murder case in Thiruvalla. The investigation officer's sincerity and dedication were praised by the court, and crucial evidence led to the conviction.

ADVERTISEMENT