‘പണം പാഴാക്കാതെ നല്ല വീട്’: സ്വപ്നം കണ്ട വീടിനായി വേണ്ടതെല്ലാം ഒരുക്കി വനിത വീട് പ്രദർശനം കൊച്ചിയിൽ Your Gateway to a Perfect Home: Vanitha Veedu Exhibition
മനസ് ആഗ്രഹിച്ച സ്വപ്നഭവനത്തിന് പൂർണതയേകാൻ പ്രദർശനവുമായി വനിത വീട് പ്രദർശനം ഇതാ നിങ്ങൾക്കു മുന്നില്‍ മിഴിതുറന്നിരിക്കുന്നു. വീടു പണിയുടെ അടിസ്ഥാനം മുതൽ പൂർത്തീകരണം വരെയുള്ള
മികച്ചതും അത്യാധുനികവുമായ നിർമാണവസ്തുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള പ്രദർശനത്തിന് കൊച്ചി മറൈമൻ ഡ്രൈവിൽ പ്രൗഢഗംഭീര തുടക്കം. നിറഞ്ഞ സദസിനെ സാക്ഷിയാക്കി സിനിമാതാരവും ആർക്കിടെക്ടുമായ ശ്രുതി രാമചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്്തു.
വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡെൻവുഡ് ആണ് സഹപ്രായോജകർ. ‘പണം പാഴാക്കാതെ നല്ല വീട്’ എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാൻ കഴിയുന്ന അറിവുകളും കാഴ്ചകളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. നവംബർ 10 വരെയാണ് പ്രദർശനം.
നിർമാണരംഗത്തെ മുൻനിര കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ട് . ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിദഗ്ധരായ ആർക്കിടെക്ടുമാരുടെ മാർഗനിർദേശവും ലഭിക്കും. സോഹാ വുഡ് പാനൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചുകൊണ്ടാണ് സോഹാലാന്റ് പ്രദർശനത്തിനെത്തുന്നത്. 2000 ചതുരശ്രയടി വിസ്തീർണമുള്ള സോഹാലാന്റ് സ്റ്റാളിൽ ഇതിന്റെ ഉപയോഗങ്ങൾ നേരിട്ടുകണ്ടു മനസ്സിലാക്കാം. സോഹാ വുഡ് കൊണ്ട് നിർമിച്ച കിച്ചൺ കാബിനറ്റ്, കബോർഡ് തുടങ്ങിയവയൊക്കെ ഇവിടെ കാണാം.
വീടിന് ആധുനിക മുഖച്ഛായ നൽകുന്ന ഡബ്ല്യൂപിസി–പിവിസി ബോർഡ്, ലാമിനേറ്റ്, വെനീർ എന്നിവയുടെ നീണ്ടനിരയാണ് ഡെൻവുഡ് സ്റ്റാളിലുള്ളത്. ഇന്റീരിയർ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ഉൽപന്നങ്ങളും ഇവിടെ പരിചയപ്പെടാം.
വളരെക്കുറച്ച് വൈദ്യുതി ഉപയോഗിക്കുന്ന എൽഇഡി ലൈറ്റുകളുടെ വൈവിധ്യമാർന്ന മോഡലുകളാണ് ഫിലിപ്സ്, ഡ്യൂട്ടൺ സ്റ്റാളുകളിലുള്ളത്. ഏത് ശൈലിയിലുള്ള ഇന്റീരിയറിനും വേണ്ട സ്വിച്ചുകളുടെ നീണ്ടനിര നോറിസിസ് സ്റ്റാളിൽ പരിചയപ്പെടാം.
സാനിറ്ററിവെയർ, ഫർണിച്ചർ, ഫ്ലോറിങ് മെറ്റീരിയൽ എന്നിങ്ങനെ വീടൊരുക്കാൻ വേണ്ട മുഴുവൻ നിർമാണസാമഗ്രികളുടെയെല്ലാം സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ വിലക്കിഴിവും ലഭിക്കും.
വീടിന്റെ പ്ലാൻ തയാറാക്കൽ, അറ്റകുറ്റപ്പണി തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടെങ്കിലും പ്രദർശനത്തിനെത്താം. ആർക്കിടെക്ട് പവലിയനിലുള്ള കൺസൽറ്റേഷൻ ഡെസ്കിലെത്തിയാൽ ഐഐഎ കൊച്ചി സെന്ററിലെ വിദഗ്ധർ സംശയങ്ങൾക്ക് ഉത്തരം നൽകും.
ആർക്കിടെക്ചർ വിദ്യാർഥികൾക്കായുള്ള ‘കഥ’ (കേരള അവാർഡ്സ് ഫോർ തീസിസ് ഇൻ ആർക്കിടെക്ചർ) മത്സരത്തിന്റെ ഫൈനൽ പ്രദർശനത്തോടനുബന്ധിച്ച് നടക്കും. അന്തിമ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 വിദ്യാർഥികളാണ് ഫൈനലിൽ മാറ്റുരയ്ക്കുക. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ ആറ് വരെയാണ് മൽസരം.
വീടുപണിയിലെ സാങ്കേതിക വിവരങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന ക്ലാസുകളും പ്രദർശനത്തിലുണ്ട്. ടൈൽ വിരിക്കേണ്ടതെങ്ങനെ, ചോർച്ച മാറ്റാൻ വാട്ടർപ്രൂഫിങ് എങ്ങനെ ചെയ്യാം, ത്രീഡി പ്രിന്റിങ്ങിന്റെ സാധ്യതകൾ തുടങ്ങിയവ വിശദീകരിക്കുന്ന ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 12 ന് ആരംഭിക്കും
രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. കാർപാർക്കിങ് സൗകര്യവും ഫൂഡ് കോർട്ടും ക്രമീകരിച്ചിട്ടുണ്ട്.