തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിലൂടെ അമയ പ്രസാദ് ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉറച്ച ശബ്ദമാകുകയാണ്. യുഡിഎഫിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ‌ നിന്നുമാണ് അമയ ജനവിധി തേടുന്നത്. ട്രാൻസ്ജെൻഡർ അവകാശ പോരാട്ടങ്ങളിലൂടെയും എഴുത്തുകാരിയായും ചിരപരിചിതയായ അമയയുടെ ജീവിതം കനൽവഴികൾ നിറഞ്ഞതാണ്. സ്വന്തം സ്വത്വത്തിനു വേണ്ടിയും കുടുംബത്തിനു വേണ്ടിയും ഒട്ടേറെ സഹിച്ച അമയയുടെ ജീവിതത്തിലൂടെ. വനിത ഓൺലൈൻ 2023ൽ പ്രസിദ്ധീകരിച്ച ലേഖനം...

–––

ADVERTISEMENT

ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നു മലയാളത്തിന്റെ മുഖ്യധാരാ കലാലോകത്തേക്കു കടന്നു വന്ന പ്രതിഭാധനരായ കലാകാരികളിൽ ഒരാളാണ് അമയ പ്രസാദ്. മോഡലിങ്ങിലും റാംപിലും അഭിനയരംഗത്തുമൊക്കെയായി തന്റ സാന്നിധ്യം ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞു അമയ. പ്രസാദ് എന്ന യുവാവിൽ നിന്നു അമയ എന്ന സ്ത്രീയിലേക്കുള്ള അവരുടെ യാത്ര സങ്കീർണതകളും സംഘർഷങ്ങളുമുള്ള ഒരു കഥ പോലെ വിചിത്രം. ആ ജീവിതമാണ് ‘പെണ്ണായ ഞാൻ’ എന്ന ആത്മകഥയിൽ അമയ പകർത്തിയിരിക്കുന്നത്.

‘പെണ്ണായ ഞാൻ’ മുൻനിർത്തി, തന്റെ ജീവിതവും അതിജീവനവും അമയ പറയുന്നു, ‘വനിത ഓൺലൈൻ–ആർട്ട് ടോക്ക്’ൽ.

ADVERTISEMENT

‘‘എന്റെ സ്വന്തം നാട് തിരുവനന്തപുരത്ത് നേമത്താണ്. ഇപ്പോൾ കരമനയാണ് താമസിക്കുന്നത്. അഞ്ച് വർഷം മുമ്പാണ് ഇങ്ങോട്ടു വന്നത്. ഞാൻ ലിംഗമാറ്റ സർജറി കഴിഞ്ഞു പൂർണമായും പെണ്ണായി മാറിയിട്ട് ഇപ്പോൾ ഒന്നര വർഷം. അതിനുള്ള ചികിത്സകൾ തുടങ്ങിയിട്ട് 4 വർഷം കഴിഞ്ഞു.

ഇരുപത്തിയഞ്ചു വയസ്സിലായിരുന്നു കല്യാണം. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ഭാര്യ മരിച്ചു. അപ്പോൾ ഞങ്ങളുടെ മകൾക്ക് 6 മാസമായിരുന്നു പ്രായം. ഭാര്യ പോയതോടെ, ഞാൻ 27 വയസ്സിൽ വീടു വിട്ടു’’. – അമയ തന്റെ ജീവിത കഥ ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.

ADVERTISEMENT

‘‘ഒരു പ്രത്യേക ഘട്ടത്തിൽ വീട്ടിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. കൗമാര കാലം മുതൽ എന്റെ ഉള്ളിലുള്ള പെൺകുട്ടിയെ മനസ്സിലൊതുക്കി ജീവിക്കുകയായിരുന്നു. ഭാര്യ എന്നെ മനസ്സിലാക്കുന്ന ആളായിരുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ, സന്തോഷത്തോടെ മുന്നോട്ടു പോകുന്നതിനിടെയാണ് അവർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. അതോടെ ഞാൻ എന്നിലെ സ്ത്രീത്വത്തിലേക്ക് തിരികെപ്പോകാൻ തീരുമാനിക്കുകയായിരുന്നു’’. – അമേയ പറയുന്നു.

മകളാണ് എന്റെ പ്രാണൻ

ഭാര്യ മരിച്ചതോടെ, കുഞ്ഞിനു വേണ്ടി അവരുടെ വീട്ടുകാർ വന്നു. ഞാനും എന്റെ മോളെ വിട്ടുകൊടുക്കാൻ തയാറായില്ല. കേസായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ പൂർണമായും ഞങ്ങളുടെ കമ്യൂണിറ്റിയുടെ ഭാഗമാകുകയും മോളെ കാണാനുള്ള അവകാശം നേടി കേസ് പിൻവലിക്കുകയുമായിരുന്നു. എനിക്കെന്റെ മോള് പ്രാണനാണ്. അവളെ കാണാനും അവൾക്കൊപ്പം സമയം ചെലവഴിക്കാനുമുള്ള അനുമതി കോടതി തന്നിട്ടുണ്ട്. ഒരുകാലത്ത് അവള്‍ എന്റെ അടുത്തേക്ക് വരും എന്ന് ഞാൻ വിശ്വസിക്കുന്നു.

ആ തിരിച്ചറിവ്

എന്റെ ഉള്ളിൽ ഒരു സ്ത്രീയുണ്ടെന്ന് കൗമാരം മുതൽ തിരിച്ചറിഞ്ഞിരുന്നു. പ്ലസ് ടൂ കഴിഞ്ഞപ്പോഴേക്കും കളിയാക്കൽ തുടങ്ങി. ബന്ധുക്കളും നാട്ടുകാരുമൊക്കെ പരിഹസിച്ചു. ഡിഗ്രിയൊക്കെ കഴിഞ്ഞപ്പോഴേക്കും അതു കൂടി. ഇങ്ങനെയെങ്കിൽ നീ എന്തിനാ കല്യാണം കഴിച്ചത് എന്നു പലരും ചോദിക്കുന്നുണ്ട്. അപ്പോൾ എന്റെ സാഹചര്യം അങ്ങനെയായിരുന്നു. മറ്റൊരു വഴി കണ്ടില്ല. ഇപ്പോൾ എനിക്കു തോന്നുന്നത് അതു പാടില്ല എന്നാണ്. ഉള്ളിൽ ഒരു പെണ്ണുണ്ടെന്നു തിരിച്ചറിഞ്ഞാൽ ഒരു പെൺകുട്ടിയെക്കൂടി ജീവിതത്തിലേക്കു ക്ഷണിക്കരുത്. സെക്സിൽ ഉൾപ്പടെ അവരെ ഒരു കാര്യത്തിലും നമുക്ക് തൃപ്തിപ്പെടുത്താനാകില്ല.

പ്രണയം

സെക്സ് വർക്കിലൂടെയാണ് സർജറിക്കുള്ള പണം കണ്ടെത്തിയത്. ജീവിക്കാൻ അക്കാലത്ത് മറ്റു വഴികളുണ്ടായിരുന്നില്ല. മൂന്നു വർഷത്തോളം അതായിരുന്നു ഉപജീവന മാർഗം. മുൻപ് എനിക്കൊരു പ്രണയമുണ്ടായിരുന്നു. അതു ബ്രേക്ക് അപ്പ് ആയി. ഇപ്പോൾ പ്രണയത്തേക്കാൾ പ്രണയം സിനിമയോടാണ്.

ആത്മകഥ

ജീവിതത്തിൽ നേരിട്ട അനുഭവങ്ങളൊക്കെ മനസ്സില്‍ ഉണങ്ങാത്ത മുറിവുകൾ പോലെ വിങ്ങിയപ്പോഴാണ് ആത്മകഥ എഴുതാൻ തീരുമാനിച്ചത്. പ്രശസ്ത നിരൂപകൻ സുനിൽ സി.ഇ, പേപ്പർ പബ്ലിക്കയുടെ അൻസാർ വർണന എന്നിവർ എല്ലാ പിന്തുണയു നൽകി ഒപ്പം നിന്നു.

രണ്ടു തവണ പ്രൈഡ് ഓഫ് കേരള മിസ് കേരളയായിരുന്നു അമേയ. ഹ്രസ്വ ചിത്രങ്ങളിലും സിനിമയിലും അഭിനയിച്ചു. ഒപ്പം സംഘടനാ ചുമതലകളും.

English Summary:

Ameya Prasad, a transgender candidate, is a strong voice for the transgender community. Focusing on Ameya Prasad's inspiring journey, this article explores her life, activism, and aspirations as a candidate in the local elections.