‘വേർപിരിഞ്ഞിട്ടും പ്രിയപ്പെട്ടവൾ കൈവിട്ടില്ല’: ഭാര്യയുമായി വേർപിരിഞ്ഞു കഴിയവേ മരണം: കണ്ണുനനയിച്ച് കുറിപ്പ് The Silent Grief of Expatriate Life
സാധാരണക്കാരന്റെ സ്വപ്നഭൂമിയും സ്വർഗവുമാണ് പ്രവാസംലോകം. ജീവിതം കരുപ്പിടിപ്പിക്കാന്‍ കടൽ കടന്നിട്ടൊടുവിൽ എല്ലാം പാതിവഴിക്കാക്കി മറഞ്ഞു പോകുന്നവർ നിരവധി. ബാധ്യതകളുടെയും ഭാണ്ഡക്കെട്ടുകളും പേറി മണലാരാണ്യത്തിൽ വന്നിട്ടൊടുവിൽ വിധിയുടെ വിളികേട്ട് മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയ പ്രവാസി സഹോദരങ്ങൾ എന്നും തീരാനോവാണ്. അത്തരമൊരു വേർപാടിന്റെ കഥ ഹൃദയവേദനയോടെ പങ്കുവയ്ക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരി.
ഭാര്യയുമായി വേർപിരിഞ്ഞു കഴിയവേ മരണം സംഭവിച്ച പ്രവാസിയുടെ അവസ്ഥയാണ് അഷ്റഫ് താമരശേരി പങ്കുവയ്ക്കുന്നത്. മരണവാർത്ത അറിഞ്ഞയുടനെ അദ്ദേഹത്തോട് യാതൊരു വെറുപ്പോ വിദ്വേഷമോ ഒന്നും കാണിക്കാതെ ആ മയ്യിത്ത് നാട്ടിലെത്തിക്കുവാനുള്ള എല്ലാ ഏർപ്പാടുകളും ഭാര്യയെന്ന നിലയിൽ അവർ ചെയ്തുവെന്ന് അഷ്റഫ് കുറിക്കുന്നു. ഭർത്താവിൽ നിന്നും വേർപിരിഞ്ഞു നിന്നതാണെങ്കിൽകൂടി ഭർത്താവിനോടുള്ള കടമകൾ ആ സ്ത്രീ നിർവഹിച്ചുവെന്നും കുറിപ്പിലുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട ഒരു മൃതദേഹത്തിന്റെ അവസ്ഥ ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇദ്ദേഹം ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു, വേറെ വിവാഹം കഴിച്ചതുമില്ല. ഇതുപോലെതന്നെ ഇദ്ദേഹത്തിൽനിന്നും വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയും വേറെ വിവാഹം കഴിച്ചതുമില്ല. ഇദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞയുടനെ അദ്ദേഹത്തോട് യാതൊരു വെറുപ്പോ വിദ്വേഷമോ ഒന്നും കാണിക്കാതെ ആ മയ്യിത്ത് നാട്ടിലെത്തിക്കുവാനുള്ള എല്ലാ ഏർപ്പാടുകളും ആ സ്ത്രീ ചെയ്തു.
ഭർത്താവിൽ നിന്നും വേർപിരിഞ്ഞു നിന്നതാണെങ്കിൽകൂടി ഭർത്താവിനോടുള്ള കടമകൾ ആ സ്ത്രീ നിർവഹിച്ചു. അതാണ് ഒരു പെണ്ണിന്റ മനസ്സ്.
എല്ലാ ഭർത്താക്കന്മാരും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുയുണ്ട്, ഭാര്യ ഭർതൃ ബന്ധങ്ങൾക്കിടയിൽ കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടാവാം എങ്കിലും അതൊന്നും ഒരു ബന്ധം വേർപിരിയാനായി എടുത്തുചാടരുത്. ഭാര്യ എന്ന സ്ത്രീയെക്കൂടി ഭർത്താവായ പുരുഷൻ മനസ്സിലാക്കേണ്ടതുണ്ട്.
ഒരുപാട് മോഹങ്ങളും സ്വാപ്നങ്ങളും കണ്ടുനടന്നവൾ ഒരുനാൾ തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞ്, നാടും വീടും ഉപേക്ഷിച്ചു ഹൃദയം മുറിയുന്ന വേദനയുമായി കളിച്ചു വളർന്ന സ്വന്തം വീട്ടിൽനിന്നും പടിയിറങ്ങുമ്പോൾ തന്റെ രക്ഷിതാവിനെ പിരിഞ്ഞ് വന്നപ്പോ അവൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഭർത്താവ് അവൾക്ക് ഒരു രക്ഷിതാവാകുമെന്ന്?
ഭർത്താവിന്റെ കൈ പിടിച്ചപ്പോ ഒരു സുരക്ഷിതത്വം നീ അവൾക്ക് എന്നും ഒരു താങ്ങാകും എന്നൊക്കെ അവൾ പ്രതീക്ഷിക്കും. അതുവരെ സ്വരുകൂട്ടി വച്ച മുഴുവൻ സ്നേഹവും പ്രണയവുമെല്ലാം ഒരു കളങ്കവുമില്ലാതെ നിനക്ക് തരുന്നവളാണ് ഭാര്യ.പരിഭവങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടാവാം, ഇഷ്ടമുള്ളിടത്തെ ഈ വികാരങ്ങളൊക്കെ ഉണ്ടാവൂ. ഒരായുസ്സ് മുഴുവനും നിനക്കായ് നൽകേണ്ടവളാണ് ഭാര്യ. കണ്ണിലെ കൃഷ്ണമണിപോലെ നീ അവളെ കാത്തുസൂക്ഷിക്കണം, അവിടെയെ ജഗന്നിയന്തവായ റബ്ബിന്റെ തിരുനോട്ടം ഉണ്ടാവൂ.