കൂൺ വിറ്റ് ഷൈജി മാസം സമ്പാദിക്കുന്നത് ഒന്നര ലക്ഷം രൂപ! ഹൗസ് വൈഫിനെ ബിസിനസുകാരിയാക്കിയ വിജയമന്ത്രം Shaiji's Mushroom Farming Journey
‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവളാടാ...’ ഒന്നുമാകാതെ നാലു ചുമുകൾക്കുള്ളിൽ ഒതുങ്ങിപോകുമെന്ന് പലരും കരുതിയവർക്ക് പിൽക്കാലത്ത് ഇങ്ങനെയൊരു പഞ്ച് ഡയലോഗ് കാലം കാത്തുവച്ചിട്ടുണ്ടാകും. ‘ഹൗസ് വൈഫ്...’ ആലപ്പുഴ എരമല്ലൂർ എഴുപുന്നക്കാരി ഷൈജിക്കും അങ്ങനെയൊരു മേൽവിലാസം മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. പക്ഷേ 41–ാം
‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവളാടാ...’ ഒന്നുമാകാതെ നാലു ചുമുകൾക്കുള്ളിൽ ഒതുങ്ങിപോകുമെന്ന് പലരും കരുതിയവർക്ക് പിൽക്കാലത്ത് ഇങ്ങനെയൊരു പഞ്ച് ഡയലോഗ് കാലം കാത്തുവച്ചിട്ടുണ്ടാകും. ‘ഹൗസ് വൈഫ്...’ ആലപ്പുഴ എരമല്ലൂർ എഴുപുന്നക്കാരി ഷൈജിക്കും അങ്ങനെയൊരു മേൽവിലാസം മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. പക്ഷേ 41–ാം
‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവളാടാ...’ ഒന്നുമാകാതെ നാലു ചുമുകൾക്കുള്ളിൽ ഒതുങ്ങിപോകുമെന്ന് പലരും കരുതിയവർക്ക് പിൽക്കാലത്ത് ഇങ്ങനെയൊരു പഞ്ച് ഡയലോഗ് കാലം കാത്തുവച്ചിട്ടുണ്ടാകും. ‘ഹൗസ് വൈഫ്...’ ആലപ്പുഴ എരമല്ലൂർ എഴുപുന്നക്കാരി ഷൈജിക്കും അങ്ങനെയൊരു മേൽവിലാസം മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. പക്ഷേ 41–ാം
‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവളാടാ...’
ഒന്നുമാകാതെ നാലു ചുമുകൾക്കുള്ളിൽ ഒതുങ്ങിപോകുമെന്ന് പലരും കരുതിയവർക്ക് പിൽക്കാലത്ത് ഇങ്ങനെയൊരു പഞ്ച് ഡയലോഗ് കാലം കാത്തുവച്ചിട്ടുണ്ടാകും. ‘ഹൗസ് വൈഫ്...’ ആലപ്പുഴ എരമല്ലൂർ എഴുപുന്നക്കാരി ഷൈജിക്കും അങ്ങനെയൊരു മേൽവിലാസം മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. പക്ഷേ 41–ാം വയസിൽ തലയിൽ ബൾബ് മിന്നിച്ചൊരു ഐഡിയ ഷൈജിയെ ഒറ്റയ്ക്ക് വഴിവെട്ടി സ്വന്തം കാലിൽ നിൽക്കാൻ കരുത്തുള്ളൊരു പെണ്ണൊരുത്തിയാക്കി.
പലരും ഹോബിക്കു തുടങ്ങിവയ്ക്കുന്നൊരു വീട്ടുകൃഷി. കൂൺ കൃഷിയെക്കുറിച്ച് 2007ൽ കേൾക്കുമ്പോൾ ഷൈജിയും അത്രയേ കരുതിയിരുന്നുള്ളൂ. നാട്ടിൽ കേട്ടു കേൾവിയില്ലാത്ത കൂൺകൃഷിയുമായി പരീക്ഷണപ്പുറപ്പാടിനിറങ്ങിയപ്പോൾ പരാജയമായിരുന്നു ആദ്യ വിളവെടുപ്പ്. 12000 രൂപ ഒറ്റയടിക്കങ്ങ് പോയി. പക്ഷേ തോറ്റുപോകരുതെന്ന ഭർത്താവ് തങ്കച്ചന്റെ വാക്കുകൾ വെള്ളവും വളവുമായെടുത്ത് ഷൈജി രണ്ടും കൽപിച്ച് ഒന്നുകൂടിയിറങ്ങി. ആ നിശ്ചയദാർഢ്യം ഇന്ന് ഷൈജിക്ക് നൽകുന്നത് പ്രതിമാസം ഒന്നരലക്ഷം രൂപയുടെ വരുമാനമാണ്. ജീവിതം പച്ചപിടിപ്പിച്ച കൂൺകൃഷിയുടെ നൂറുമേനി വിളവെടുപ്പും ആ വിജയഗാഥയും ഷൈജി വനിത ഓൺലൈനോടു പറഞ്ഞു തുടങ്ങുകയാണ്.
ഹൗസ് വൈഫ് ടു ബിസിനസ് വുമൺ
ബിഎസ്‍സി കെമിസ്ട്രി പഠിച്ച വീട്ടമ്മയ്ക്ക് ഹൗസ് വൈഫെന്ന മേൽവിലാസം ഒരു ഭാരമാകും. എപ്പോഴെന്നോ, ഭർത്താവ് ജോലിക്കു പോയി. മക്കളൊക്കെ ഒരു നിലയിലായി, നമ്മൾ മാത്രം വീട്ടിൽ ഒറ്റയ്ക്കാകുമ്പോൾ. അവർ ഓരോരുത്തരും അവരവരുടെ വഴിക്കു പോകുമ്പോൾ വീട്ടിൽ ഞാനും നാലും ചുവരുകളും മാത്രം. എന്തെങ്കിലും ചെയ്യണമെന്ന് ആരോ മനസിലിരുന്ന് പറയുംപോലെ തോന്നും. ആ ചിന്തയാണ് കൂൺ കൃഷിയിലേക്കെത്തിച്ചത്.
എഴുപുന്നയിലെ വീട്ടിലേക്ക് വരും മുമ്പ് ഇതൊന്നും എന്റെ ചിന്തയിലേ ഇല്ലായിരുന്നു. വിവാഹത്തിനു മുമ്പ് കൂട്ടുകുടുംബ പശ്ചാത്തലത്തിലൂടെയായിരുന്നു ഞാൻ കടന്നു പോയത്. ഭർത്താവ് തങ്കച്ചൻ മഴവിൽ മനോരമയിലെ ജനറൽ മാനേജറായിരുന്നു. കൊച്ചിയിലെ വീർപ്പുമുട്ടിച്ച ഫ്ലാറ്റ് ജീവിതത്തിൽ കൃഷി പച്ചപിടിക്കുന്നത് നന്നേ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഏഴുപുന്നയുടെ പ്രശാന്തതയിലേക്ക് വന്ന സമയം മുതൽ ആ ചിന്ത തലപൊക്കി. ‘ഒറ്റയ്ക്കിരുന്നു വേരിറങ്ങുന്നു. എന്തെങ്കിലും ചെയ്യണം.’ പ്ലേ സ്കൂൾ കുട്ടികളെ പഠിപ്പിക്കാം എന്നായിരുന്നു ആദ്യം മനസിലുദിച്ച ആശയം. അതിനു വേണ്ടി പിപിടിസി കോഴ്സും ചെയ്തു. പക്ഷേ ഒരു ഘട്ടത്തിൽ എന്നെക്കൊണ്ട് ഇതിനു കഴിയില്ല എന്ന തോന്നലുണ്ടായി. പക്ഷേ അവിടെ പാളിപ്പോയ ‘എബിസിഡി’ കൃഷിയിൽ പരീക്ഷിക്കാനുറപ്പിച്ചു. ഭർത്താവായിരുന്നു ആ ചിന്തയ്ക്ക് വെള്ളവും വളവും നൽകിയത്.
കുമരകം കാർഷിക കോളജ് ഡയറക്ടറായ എവി മാത്യു സാർ നയിക്കുന്ന കൂൺകൃഷി ട്രെയിനിങ്ങിന്റെ അറിയിപ്പ് കേട്ടത് ഒരു നിമിത്തമായിരുന്നു. ഏക്കറു കണക്കിന് കൃഷിയിടം വേണ്ടാത്ത, ഒരു ഒഴിഞ്ഞ മുറിയിലോ ടെറസിലോ പോലും കാർഷിക സാധ്യത ഒളിഞ്ഞിരിക്കുന്ന കൂൺ കൃഷിയെന്ന ഐഡിയ ശരിക്കും പറഞ്ഞാൽ ഒരു വേക്കപ്പ് കോളായിരുന്നു. അരൂർ റൂറൽ ടെക്നോളജി ട്രെയിനിങ് സെന്റർ വേദിയായ കൂൺകൃഷിയുടെ പഠന ക്ലാസ് എന്നാലാകും വിധം പ്രയോജനപ്പെടുത്തി. അവിടുന്ന് കിട്ടിയ നാലോ അഞ്ചോ പായ്ക്കറ്റ്, വിത്തുകൾ. അതിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം.
തോറ്റ് തോറ്റ് ജയിച്ച ഷൈജി
കായികാധ്വാനമല്ല കണ്ണിമ ചിമ്മാതെയുള്ള സൂക്ഷ്മതയും ശ്രദ്ധയുമാണ് കൂൺകൃഷിയുടെ ആദ്യ സിലബസ്. സൂര്യ പ്രകാശം അധികം പാടില്ല. ഈർപ്പവും തണുപ്പുമുള്ള അന്തരീക്ഷമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കൃഷിയൊരുക്കുന്ന പ്രതലത്തെ ബെഡ് എന്നാണ് പറയുന്നത്. ആ പ്രതലത്തിൽ ഈർപ്പാംശം അധികമായാൽ അധ്വാനം വെറുതെയാകും. വിളവ് കുറയുക മാത്രമല്ല, കൃഷി തന്നെ പരാജയപ്പടും. വയ്ക്കോൽ അതുമല്ലെങ്കിൽ റബർ തടിയുടെ അറക്കപ്പൊടി എന്നിവയാണ് ബെഡ് ഒരുക്കാനുള്ള പ്രതലത്തിനായി വേണ്ടത്. ഇവ രണ്ടിൽ നിന്നും വലിച്ചെടുക്കുന്ന പോഷകങ്ങളാണ് കൂണിന് വളരാനുള്ള ഊർജം.
150 ഗ്രാം വിത്തുകൾ വരെ ഒരു ബെഡിൽ നിക്ഷേപിക്കാം. വിത്തിനും പ്രതലമൊരുക്കാനും (ബെഡ്) ലേബര്‍ ചാർജിനും എല്ലാത്തിനും കൂടി ഏകദേശം നാൽപതോ അമ്പതോ രൂപയാണ് ചിലവു വരുന്നത്. വിത്തിന് മാത്രം ഇന്നത്തെ വിപണി അനുസരിച്ച് 22 രൂപ വരെ ചിലവു വരും.
എല്ലാ സാഹചര്യങ്ങളും ഒത്തു വരികയാണെങ്കില്‍ 15 ദിവസം കൊണ്ട് ആദ്യവിളവെടുക്കാം. കാലവസ്ഥയും സാഹചര്യങ്ങളും അനുകൂലമായാൽ ഒരു ബെഡിൽ നിന്നും 700 ഗ്രാം വരെ വളർച്ചയെത്തിയ കൂൺ ലഭിക്കും. ഒറ്റത്തവണ നിക്ഷേപിക്കുന്ന വിത്ത് ഉൾക്കൊള്ളുന്ന ബെഡിൽ നിന്നും മൂന്നു മാസം വരെ വിളവെടുക്കാവുന്നതാണ്.
ഈ പാഠങ്ങളെല്ലാം മനസിൽ വച്ചുകൊണ്ട് ആറ് ബെഡ് എന്ന ക്രമത്തിൽ കൃഷിയിറക്കി. ആദ്യത്തെ കൺമണിയെ പോലെ അവയെ പരിപാലിച്ചു. ഈർപ്പത്തിന് ഇടകൊടുക്കാതെ കൃത്യമായി നിരീക്ഷിച്ചു. അതില്‍ നിന്നും ആദ്യ വിളവു കിട്ടുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. വീട്ടിലും പ്രിയപ്പെട്ടവർക്കുമായി വിളവെടുപ്പ് കൂൺ നൽകിയപ്പോൾ തന്നെ സംഭവം കാലിയായി. പക്ഷേ ആദ്യ വിളവെടുപ്പിന്റെ വിജയം നൽകിയ ആത്മവിശ്വാസം ഏറെ വലുതായിരുന്നു. ഭർത്താവിന്റെ പിന്തുണയോടെ 650 ചതുരശ്രയടിയിൽ 700 ബെഡുകൾ വരെ കൃഷി ചെയ്യാവുന്ന ഒരു ഷെഡ് വീട്ടിലൊരുക്കി. തുടക്ക ഘട്ടത്തില്‍ 12000 രൂപ മുടക്കി 300 ബെഡുകൾ ക്രമീകരിച്ചു. പക്ഷേ എവിടെയോ ശ്രദ്ധപാളി. കൃഷിക്കൊരുക്കിയ പ്രതലമായ വയ്ക്കോലിൽ ഈർപ്പാംശം കടന്നുകയറി കൃഷിയെല്ലാം നശിച്ചു. അതൊരു ഷോക്കായിരുന്നു. ഇനി കാശ് കളയാൻ ഞാനില്ലെന്ന് വീട്ടുകാരോട് പറഞ്ഞു. പക്ഷേ ഭർത്താവും മക്കളായ ആന്റോയും മരിയയും തറപ്പിച്ചു പറഞ്ഞു. മമ്മി തോൽക്കരുത്, തോറ്റു പിൻമാറരുത്. ഇതൊരു പാഠമായെടുത്ത് മുന്നോട്ടു പോകണം. ആ വാക്കുകൾ ഉൾക്കരുത്തായി...
ഷൈജി റിട്ടേൺസ്...
രണ്ടാം വരവ് രണ്ടും കൽപ്പിച്ചായിരുന്നു. ആദ്യ കൃഷിയിൽ സംഭവിച്ച പിഴവുകളും തെറ്റുകളും തിരിച്ചറിഞ്ഞു. കൃഷിക്ക് പ്രതലമൊരുക്കുമ്പോൾ ഈർപ്പം കടന്നുവരരുതെന്ന് പ്രത്യേകം ഓർമിച്ചു. ജനുവരിക്ക് ശേഷമുള്ള ഉഷ്ണകാലം കണക്കിലെടുത്ത് കൃഷിക്കുള്ള ചൂടുകുറഞ്ഞ അന്തരീക്ഷമൊരുക്കി. രണ്ടാം വട്ട കൃഷിക്കിറങ്ങും മുമ്പ് എവി മാത്യു സാറിനെ കണ്ട് ഉപദേശങ്ങൾ തേടി. ഷെഡിനു കീഴെയുള്ള 650 സ്വക്വയർ ഫീറ്റിലും വിവിധ ഘട്ടങ്ങളിലായി നൂറും നൂറ്റമ്പതും വീതം ബെഡുകളിറക്കി. ഒരു ചെറിയ പിഴവു പോലും സംഭവിക്കാതെ കൃഷിക്ക് കാവലിരുന്നു. ആ കഠിനാധ്വാനമെല്ലാം ക്രമേണ ഫലം കണ്ടു തുടങ്ങുകയായിരുന്നു.
പ്രതീക്ഷിച്ചതിലും അപ്പുറം വിളവെടുപ്പ് വന്നു തുടങ്ങി. കിലോയ്ക്ക് 250 രൂപ എന്ന കണക്കിന് വിൽപന ആരംഭിച്ചു. വിൽപന ട്രാക്കിലായതോടെ ആവശ്യക്കാരേറി. ഇടതടവില്ലാതെ കൃഷിയും സജീവമായി. കൂൺഫ്രഷ് എന്ന പേരിലുള്ള ഞങ്ങളുടെ സംരംഭം അങ്ങനെയാണ് വിപണിയിൽ അവതരിക്കുന്നത്.
ഡിമാന്റ് ഏറിയപ്പോൾ കൂണിന് വിപണിയിൽ വിലയുമേറി. ഇന്ന് വീടുകളിൽ നേരിട്ടുള്ള വിൽപന കിലോയ്ക്ക് 400 രൂപ എന്ന കണക്കിനാണ് നടക്കുന്നത്. കൊച്ചിയിൽ തന്നെ ലുലുമാൾ, ഫോറം മാൾ, കൊച്ചിന്‍ ഷിപ്പ് യാഡിലെ ഔട്ട്ലെറ്റ് എന്നിവിടങ്ങളിൽ 350 രൂപ മൊത്തവില ക്രമത്തിലാണ് കൂൺ ഫ്രഷ് വിൽപന നടത്തുന്നത്. ഒരു മാസം ശരാശരി 1200 കിലോ വരെ ഞങ്ങൾ വിളവെടുക്കുന്നുണ്ട്.
ഒരിക്കൽ നഷ്ടപ്പെട്ട ആയിരങ്ങളുടെ സ്ഥാനത്ത് ഇന്ന് ഒരു മാസം ഒന്നര ലക്ഷം രൂപ വരെ ഞങ്ങൾ സമ്പാദിക്കുന്നു. കാലാവസ്ഥയും സാഹചര്യങ്ങളും ഇണങ്ങി വന്നപ്പോഴൊക്കെ ഒരു ബെഡിൽ നിന്നും 1 കിലോ അടുത്തു വരെ ഞങ്ങൾ വിളവെടുത്തിട്ടുണ്ട്.
ഒന്നോർക്കുമ്പോൾ ഏറെ ചാരിതാർഥ്യമുണ്ട്. ഈയൊരു വഴി തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ഞാനിന്നും വെറുമൊരു ഹൗസ് വൈഫ് മാത്രമായി ചുരുങ്ങുമായിരുന്നു. 58–ാം വയസിലും വിരമിക്കാതെ എന്നെ വിജയിച്ച വനിതയാക്കി നിലനർത്തുന്നതിനു പിന്നില്‍ കടന്നുപോയ നാളുകളിലെ കഠിനാധ്വാനങ്ങളുണ്ട്. കൂൺ കൃഷിയുടെ വഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങൾ ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ നൽകുന്നുണ്ട്. വിത്തുകളുടെ വിതരണവും തകൃതിയായി നടക്കുന്നു. പുതുതായി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപകരിക്കുന്ന ഒരു ഹാൻഡ്ബുക്കും പുറത്തിറക്കിയിട്ടുണ്ട്.
വൈറ്റമിൻ ഡിയുടെ പോഷകമൂല്യങ്ങൾ ഉറപ്പാക്കുന്ന കൂൺവിറ്റ എന്ന പേരിലുള്ള പുതിയൊരു പ്രോഡക്ട് കൂടി ഉടൻ വിപണിയിൽ എത്തും. ബംഗളൂരുവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർച്ചിന്റെ സഹായത്തോടെ കൂൺവിറ്റയ്ക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സബ്സിഡിയോടെ കൂൺവിറ്റ ഉടൻ തന്നെ വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ. ഇതൊന്നും നേട്ടങ്ങൾ മാത്രമല്ല, മറിച്ച് ജീവിതം പച്ചപിടിപ്പിക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ള സ്ത്രീകൾക്കുള്ള വഴിവിളക്കു കൂടിയാണ്. അതിനു തോൽക്കാത്തൊരു മനസു മാത്രം മതി.– ഷൈജി പറഞ്ഞു നിർത്തി.