‘മികച്ച ഭർത്താവ് എങ്ങനെയൊക്കെ പെരുമാറണം?’; പുരുഷസമൂഹം കെ സരസ്വതിയമ്മയെ അറിഞ്ഞെങ്കിൽ!
ആദ്യകാല എഴുത്തുകാരികളിൽ പ്രമുഖയും ശക്തയുമാണ് കെ സരസ്വതി അമ്മ.. പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന എഴുത്തുമേഖലയിൽ ലളിതാംബിക അന്തർജ്ജനത്തിനുശേഷം ധൈര്യപൂർവം കടന്നുവന്ന ആളാണ് അവർ.. വിപ്ലവകരമായ എഴുത്തിന്റെ ഉടമയായ കെ.സരസ്വതി അമ്മ ആയിരത്തിത്തൊള്ളായിരത്തിയമ്പതിൽ 'ഞാനൊരു ഭർത്താവായിരുന്നെങ്കിൽ' എന്ന
ആദ്യകാല എഴുത്തുകാരികളിൽ പ്രമുഖയും ശക്തയുമാണ് കെ സരസ്വതി അമ്മ.. പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന എഴുത്തുമേഖലയിൽ ലളിതാംബിക അന്തർജ്ജനത്തിനുശേഷം ധൈര്യപൂർവം കടന്നുവന്ന ആളാണ് അവർ.. വിപ്ലവകരമായ എഴുത്തിന്റെ ഉടമയായ കെ.സരസ്വതി അമ്മ ആയിരത്തിത്തൊള്ളായിരത്തിയമ്പതിൽ 'ഞാനൊരു ഭർത്താവായിരുന്നെങ്കിൽ' എന്ന
ആദ്യകാല എഴുത്തുകാരികളിൽ പ്രമുഖയും ശക്തയുമാണ് കെ സരസ്വതി അമ്മ.. പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന എഴുത്തുമേഖലയിൽ ലളിതാംബിക അന്തർജ്ജനത്തിനുശേഷം ധൈര്യപൂർവം കടന്നുവന്ന ആളാണ് അവർ.. വിപ്ലവകരമായ എഴുത്തിന്റെ ഉടമയായ കെ.സരസ്വതി അമ്മ ആയിരത്തിത്തൊള്ളായിരത്തിയമ്പതിൽ 'ഞാനൊരു ഭർത്താവായിരുന്നെങ്കിൽ' എന്ന
ആദ്യകാല എഴുത്തുകാരികളിൽ പ്രമുഖയും ശക്തയുമാണ് കെ സരസ്വതി അമ്മ.. പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന എഴുത്തുമേഖലയിൽ ലളിതാംബിക അന്തർജ്ജനത്തിനുശേഷം ധൈര്യപൂർവം കടന്നുവന്ന ആളാണ് അവർ..
വിപ്ലവകരമായ എഴുത്തിന്റെ ഉടമയായ കെ.സരസ്വതി അമ്മ ആയിരത്തിത്തൊള്ളായിരത്തിയമ്പതിൽ 'ഞാനൊരു ഭർത്താവായിരുന്നെങ്കിൽ' എന്ന വിഷയത്തിൽ നടത്തിയ ഒരു പ്രഭാഷണം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്... ഇതിൽ എസ് പി സി എച്ച് (സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ഹസ്ബൻഡ്സ് ) എന്ന സംഘടനയെ കുറിച്ച് അവർ പറഞ്ഞിട്ടുണ്ട്. പുരുഷ കമ്മീഷനെ കുറിച്ചുള്ള വിവരങ്ങൾ കാണുമ്പോൾ ഇത് വീണ്ടും ഓർമ്മയിൽ എത്തുന്നു.
പ്രിവിലേജുകളുള്ള സ്ത്രീകൾ ഇല്ല എന്ന് പറയാൻ പറ്റില്ല. എന്നാൽ നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും പുരുഷാധിപത്യത്തിൽ നിന്നും (പുരുഷന്മാരിൽ നിന്നും എന്നല്ല വായിക്കേണ്ടത് ) അനുഭവിക്കേണ്ടിവരുന്ന ദുഷ്ടതകളും കഷ്ടതകളും എന്തൊക്കെയാണെന്ന് പലരുടെയും അനുഭവങ്ങളിൽ കൂടി നമ്മളൊക്കെ മനസ്സിലാക്കിയിട്ടുണ്ട്..
ആയിരത്തിൽ ഒരു പുരുഷനെങ്കിലും അത്തരം ക്രൂരതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകുമോ?
എന്തായാലും,ആ കാലത്ത് കെ സരസ്വതി അമ്മ അത്തരം ഒരു സംഘടനയുടെ കാര്യം പറയാനുണ്ടായ സാഹചര്യം എന്തെന്ന് നോക്കാം.
കൂടാതെ സരസ്വതി അമ്മയുടെ അമ്പതാം ചരമവാർഷികമാണ് 2026. സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ പ്രതിരൂപമായിരുന്നല്ലോ സരസ്വതി അമ്മയുടെ രചനകൾ.
'ഞാനൊരു ഭർത്താവായിരുന്നെങ്കിൽ' എന്നതായിരുന്നു പ്രഭാഷണ വിഷയം.. എഴുത്തുകാരി അപ്പോൾ തന്റെ മുപ്പതുകളിലാണ്. വിവാഹം കഴിച്ചിട്ടില്ലാത്ത ആളാണ് സരസ്വതിയമ്മ. വളരെ ചെറുപ്പത്തിൽ തന്നെ അവർ അവിവാഹിതയായി തുടരാനുള്ള തീരുമാനമെടുത്തിരുന്നു. അങ്ങനെയുള്ള ഈ എഴുത്തുകാരി പറയുന്നു. 'ഞാനൊരു ഭർത്താവായിരുന്നെങ്കിൽ' എന്ന ഒരു പ്രഭാഷണം ഞാൻ നടത്തുന്നത് വിരോധാഭാസമായി നിങ്ങൾക്ക് തോന്നാം. ഒരു ഭാര്യക്കല്ലേ ഭർത്താവായിരുന്നെങ്കിൽ എങ്ങനെ ആയിരിക്കും ജീവിതം എന്ന് പറയാൻ പറ്റുകയുള്ളൂ "
എന്നാൽ അവർ തന്നെ അതിന് മറ്റൊരു വശവും തുറന്നു കാണിക്കുന്നു..
"പക്ഷെ, ഇവിടെയുള്ള ഒരു ഭാര്യക്കും പരസ്യമായി സത്യസന്ധമായി ഞാനൊരു ഭർത്താവായിരുന്നെങ്കിൽ എന്നതിനെക്കുറിച്ച് സംസാരിക്കാൻ സാധിക്കുകയില്ല.. ഉറപ്പായും പ്രഭാഷണം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തുമ്പോൾ വലിയ കലാപം പൊട്ടിപ്പുറപ്പെടും. എന്നാൽ വിവാഹമേ കഴിച്ചിട്ടില്ലാത്ത ഭർത്താവില്ലാത്ത സ്ത്രീക്ക് സത്യസന്ധമായി ഒരു ഭർത്താവ് എന്ന പദവിയുടെ ഗുണദോഷങ്ങൾ വിളിച്ചു പറയാം."
അന്ന് സ്ത്രീകൾ എഴുതുമ്പോൾ പരക്കെ പറയപ്പെടുന്ന ഒരു കാര്യമാണ്, ഭർത്താവാണ് ഭാര്യമാരുടെ പേരുകളിൽ എഴുതുന്നത് എന്ന്..
ലളിതാംബിക അന്തർജ്ജനം ഉൾപ്പെടെ ആ കാലത്ത് മിക്ക എഴുത്തുകാരികളും ഈ ഒരു പ്രശ്നം നേരിടുകയും അതിനെ അഭിമുഖീകരിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട് . സ്ത്രീകൾക്ക് ഗൗരവമായ വിഷയങ്ങൾ എഴുതാം എന്ന് അന്ന് സമ്മതിച്ചു കൊടുക്കാൻ പലർക്കും ഇഷ്ടമില്ലായിരുന്നു.
ഭർത്താവില്ലാത്തതുകൊണ്ട് ആ പ്രശ്നം നേരിടേണ്ടി വന്നില്ല സരസ്വതിയമ്മക്ക് . എന്ത് വേണമെങ്കിലും സംസാരിക്കാം. ആരെയും ഒന്നും ബോധിപ്പിക്കാൻ ഇല്ല. സരസ്വതി അമ്മയുടെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നായിരുന്നു അത്... എന്നുമാത്രമല്ല സരസ്വതിയമ്മയുടെ വീട്ടിൽ വരണമെന്ന് ലളിതാംബിക അന്തർജനം ആഗ്രഹം പറഞ്ഞപ്പോൾ 'എന്തിനാണ് എന്റെ വീട്ടിൽ വരുന്നത് എന്നെ കാണാനാണെങ്കിൽ ഞാൻ അവിടെ ഉണ്ടാവില്ല" എന്നാണ് അവർ മറുപടി പറഞ്ഞത്. "പിന്നെ എവിടെ ഉണ്ടാകും?" എന്ന അന്തർജ്ജനത്തിന്റെ ചോദ്യത്തിന് "ഞാൻ നടുറോഡിൽ ഉണ്ടാകും. എന്നെ കാണണമെങ്കിൽ അങ്ങോട്ടാണ് വരേണ്ടത്' എന്ന ഉത്തരം പറയാൻ നമുക്ക് ഒരേയൊരു സരസ്വതിയമ്മയേയുള്ളൂ.. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു സരസ്വതിയമ്മയും ലളിതാംബിക അന്തർജ്ജനവും ( അവരുടെ ബന്ധത്തെക്കുറിച്ച് മറ്റൊരു ലേഖനം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് )
'ഞാനൊരു ഭർത്താവായിരുന്നെങ്കിൽ' ആ വിഷയമോർത്ത്, അങ്ങനെ അവിവാഹിതയായ സരസ്വതി അമ്മ പറയുന്നു "നമുക്കോ ചേതമില്ല പലർക്കും ഒരു രസവുമാകും" ചിരിയോടെ അവർ ഓർമ്മിപ്പിക്കുന്നു. "വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത് പോലെ, ഒരു ഘോഷയാത്ര കൂടുതൽ ആസ്വദിക്കുന്നത് അതിൽ പങ്കെടുക്കുന്നവരല്ല, നോക്കി നിൽക്കുന്നവരാണ്"
സരസ്വതിയമ്മയുടെ കഥകളിൽ പുരുഷ വിദ്വേഷം ആരോപിക്കപ്പെടാറുണ്ട്.. രചനകളിലല്ലാതെ മറ്റൊരിടത്തും പുരുഷ വിദ്വേഷം സരസ്വതി അമ്മ പ്രകടിപ്പിച്ചതായി ആർക്കും എത്ര ശ്രമിച്ചിട്ടും കണ്ടുപിടിക്കാനും സാധിച്ചിട്ടില്ല.
"കഥകളിൽ കൂടി അല്ലാതെ മറ്റൊരു വഴിയിൽ കൂടി പുരുഷ വിദ്വേഷം ഞാൻ പുറത്തേക്ക് വിടുന്നത് കാണാനാണ് മനപ്പൂർവമായി ഈ വിഷയം എന്നെ ഏൽപ്പിച്ചതെന്നു കരുതുന്നു" എന്ന് തമാശയായിട്ടാണെങ്കിലും സരസ്വതിയമ്മ പ്രഭാഷണ തുടക്കത്തിൽത്തന്നെ പറഞ്ഞു, എത്ര പോയിന്റുകളിൽ ടിക്ക് വന്നാലാണ് ഒരു മികച്ച ഭർത്താവ് ആകുന്നത് എന്ന് നമുക്ക് പറയാൻ സാധ്യമല്ല. നല്ലത്, ചീത്ത, എന്നൊക്കെ പറയാൻ നിശ്ചിതരേഖകൾ ഒന്നുമില്ലല്ലോ.
സരസ്വതി അമ്മ പറയുന്നു " മികച്ച ഭർത്താവ് എങ്ങിനെയൊക്കെ പെരുമാറണമെന്ന് ഒരു ചെറിയ പ്രഭാഷണത്തിൽ കൂടി പറഞ്ഞ് ഒരു ഭർത്താക്കന്മാരെയും മാനസാന്തരപ്പെടുത്താൻ സാധിക്കുകയില്ല. ഇത്രയും കാലം കഴിഞ്ഞിട്ടും ഭൂമിക്ക് ഏകപത്നീവ്രതക്കാരനായ ഒരു ശ്രീരാമൻ അല്ലേ ഉണ്ടായുള്ളൂ?"
ഏകപത്നീവ്രതത്തെ തന്റെ കുശാഗ്രമായ ബുദ്ധികൊണ്ട് സരസ്വതി അമ്മ നേരിടുന്നുണ്ട്. തീർച്ചയായും ബഹുഭാര്യത്വം നിലവിലിരുന്ന കാലത്ത് ഏകപത്നീവ്രതം അനുഷ്ഠിച്ച ശ്രീരാമൻ അന്ന് വളരെ വ്യത്യസ്തനായിരുന്നു. സരസ്വതി അമ്മയുടെ വാക്കുകൾ. "ഏകപത്നീവ്രതം എന്നുള്ള വാക്ക് നിങ്ങൾ ശ്രദ്ധിക്കൂ.. അതൊരു വ്രതമാണ് ഒരനുഷ്ഠാനം. ബ്രഹ്മചര്യം പോലെ ഒരു തപസ്ചര്യ. അതല്ലാതെ ലൗകികാനന്ദത്തിന്, ദാമ്പത്യ സുഖത്തിനു വേണ്ടി ഏക പത്നി എന്ന തീരുമാനമായിരുന്നില്ല അത്." ഏകപത്നീവ്രതം എന്ന ആശയത്തിലെ 'വ്രത'ത്തെ അങ്ങനെ സരസ്വതി അമ്മ തള്ളിപ്പറയുന്നു.
ഒരു സ്ത്രീയെ ഭാര്യയാക്കി അവൾ മാത്രം ജീവിതത്തിൽ മതിയെന്നും അവളോടൊപ്പമുള്ള പ്രേമ ജീവിതമാണ് വേണ്ടതെന്നും സ്നേഹപൂർവ്വം എടുക്കുന്ന ഒരു തീരുമാനം അല്ല വ്രതത്തിൽ കൂടി സംഭവിക്കുന്നത് എന്നാണ് സരസ്വതി അമ്മ നിരീക്ഷിക്കുന്നത്.
സീത എന്ന ഒരു സ്ത്രീയെ മാത്രം സ്നേഹിച്ച ശ്രീരാമൻ വനവാസം കഴിഞ്ഞ് രാജാവായപ്പോൾ അവളെ ഉപേക്ഷിക്കുകയാണ് ചെയ്തത്. നിസ്സാരമായ ഒരു ആഗ്രഹം സാധിപ്പിച്ച് കൊടുക്കാം എന്നു പറഞ്ഞുകൊണ്ടാണ് കൊടുംകാട്ടിൽ ഗർഭിണിയായ അവളെ ഉപേക്ഷിക്കുന്നത്.
ഉത്തമ പുരുഷനായ, ഒരു ഭർത്താവായ ശ്രീരാമന്റെ സ്വഭാവം പോലും ഇങ്ങനെയിരിക്കെ സാധാരണ പുരുഷന്മാരെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് സരസ്വതി അമ്മ വ്യാകുലപ്പെട്ടു.
സത്യം പാലിക്കാനായി ഹരിശ്ചന്ദ്രൻ സഹധർമ്മിണിയെ വിറ്റു കാശാക്കുന്നതും യുധിഷ്ഠിരൻ ചൂതിൽ ഏർപ്പെട്ട് ഭാര്യയെ പണയം വച്ചതും ചേർത്തു വായിക്കപ്പെടേണ്ടതാണ്.
സ്ത്രീക്ക് അംഗീകാരം നൽകുന്ന ഇടങ്ങളിൽ പോലും എല്ലാ കാലത്തും, ഭാര്യ എന്നുവച്ചാൽ സ്വന്തമായ ഒരു അഭിപ്രായമോ വികാരമോ ഒന്നുമില്ലാത്ത ഒരു വസ്തുവാണെന്നാണ് ഇതൊക്കെ പറഞ്ഞുവെക്കുന്നത്.
ചുരുക്കത്തിൽ ഈശ്വരന്മാരെ സൃഷ്ടിക്കുകയും, പുരാണങ്ങൾ എഴുതുകയും ചെയ്യുന്ന മനുഷ്യരുടെ ഉള്ളിലുള്ള കാര്യങ്ങൾ തന്നെയാണ് എഴുത്തുകളിലും സംഭവിക്കുന്നത്.. അതിന്റെ പ്രതിഫലനമാണ് ഈ സ്വഭാവങ്ങളെല്ലാം.
ഈശ്വരന്മാർക്കെല്ലാം ഭാര്യമാരെ കൽപ്പിച്ചു കൊടുത്ത മനുഷ്യരുടെ ചരിത്രം പരിശോധിച്ചാൽ പലർക്കും ബഹുഭാര്യത്വം ഉണ്ടായിരുന്നതായി കണ്ടിട്ടുണ്ട്. ഭാര്യയുടെ അംഗസംഖ്യ കൂടുന്നതനുസരിച്ച് സമൂഹത്തിൽ ബഹുമാനം കൂടും എന്ന് പലരും കരുതിയ ഒരു കാലം ഇവിടെ ഉണ്ടായിരുന്നു. വളർത്തുമൃഗങ്ങളും അടിമകളും വസ്തുക്കളും ഒക്കെപ്പോലെ ഭാര്യമാരും!
ആ കാലമൊക്കെ മാറി എന്ന് നമുക്ക് ആശ്വസിക്കാം.. ഇന്ന് ഏകപത്നീ'വ്രതം' ഇല്ലെങ്കിലും ഒറ്റ ഭാര്യ മാത്രം ഉള്ളവരാണ് ഭൂരിപക്ഷവും. സരസ്വതിയമ്മ പറയുന്ന പോലെ "ശ്രീരാമനെപ്പോലെ മറ്റൊരു സ്ത്രീയെ തൊടാത്ത കൈകൾ എന്ന് സ്വന്തം കൈകൾ നോക്കി പറയാൻ പലർക്കും കഴിയുകയില്ല എന്ന് മാത്രം."
ഞാനൊരു പുരുഷൻ ആയിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കാൻ എളുപ്പമാണെന്ന് സരസ്വതി അമ്മ പറയുന്നു. 'ഭർത്താവാകുമ്പോൾ' എന്ന് ആലോചിക്കാനാണ് ബുദ്ധിമുട്ട്. പലതരം നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായ ഒരു ജീവിതമാണ് പൊതുവേ സ്ത്രീകൾക്ക് ലഭിക്കുന്നത് .
ത്യാഗത്തിന്റെ സഹനശക്തിയുടെ ഒക്കെ പര്യായമായാണ് സ്ത്രീയെ ഇന്നും വാഴ്ത്തുന്നത്. ദേവിയാണെന്നൊക്കെ വരെ പറയുകയും ചെയ്യും. അത്തരം വലിയ കിരീടങ്ങൾ ഒക്കെ ഏൽപ്പിക്കുമ്പോൾ അതൊക്കെ ഭാരം മാത്രമായി തീരുന്നു.. ഒരു പുരുഷനാണ് എന്ന് സ്വയം തോന്നിയാൽ തന്നെ വളരെ അധികം ലഘുത്വം മനസ്സിന് തോന്നും.
ഒരു പുരുഷനായിരുന്നു കൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെയും സമത്വത്തെയും നീതിബോധത്തെയും കുറിച്ചൊക്കെ പറയാൻ വളരെ എളുപ്പമാണ്. പക്ഷേ ഭർത്താവായി ജീവിക്കുന്ന കാര്യം പറയാൻ അല്പം പ്രയാസമാണ്..
ദാമ്പത്യത്തിൽ ഭാര്യയായി ജീവിക്കുമ്പോൾ ഇത്രയധികം വിട്ടുവീഴ്ച വേണ്ട ഒരു ബന്ധം മറ്റൊന്നില്ല. ദാമ്പത്യം എന്നത് വിട്ടുവീഴ്ച തന്നെയാണ്. ഭാര്യ എന്ന വാക്കിനർത്ഥം ഭരിക്കപ്പെടുന്നവൾ എന്നാണ്. അപ്പോൾ ഒരു ഭർത്താവിന് ഈ ഭാര്യക്ക് എത്രത്തോളം സ്വാതന്ത്ര്യം കൊടുക്കാനാകും?
തലമുറകളായി, ഓരോ സമൂഹവും ഓരോ കുലവും ഗൃഹവും മാറാതെ കൊണ്ട്നടക്കുന്ന ഐതിഹ്യങ്ങൾ, ആചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, മഹത് വാക്യങ്ങൾ ഇവയൊക്കെ അതേപോലെ അടുത്ത തലമുറയിലേക്ക് പകരാൻ ഭാര്യക്കും ഭർത്താവിനും അധികാരമുണ്ട് അവകാശമുണ്ട് ചുമതലയുണ്ട് എന്നാണ് പൊതുവെയുള്ള വിശ്വാസം..
പഴയതുപോലെയൊന്നും നടന്നില്ല എങ്കിലും, കാലത്തിനനുസരിച്ച് അവയെല്ലാം അൽപ്പമെങ്കിലും പിടിച്ചുനിർത്തേണ്ടത് ഈ അസ്വതന്ത്രകളായ സ്ത്രീജനങ്ങൾ തന്നെയാണ് എന്നതാണ് അലിഖിത നിയമം.
ആലോചിച്ചുനോക്കൂ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കളിയാക്കപ്പെടുന്നത് സ്ത്രീകളാണ്.. അമ്മമാരെ കുറിച്ചും ഭാര്യമാരെ കുറിച്ചും സഹോദരിമാരെ കുറിച്ചും പെൺമക്കളെ കുറിച്ചും എന്തൊക്കെ തമാശകളാണ് പൊതുവേ സമൂഹത്തിൽ ഉടലെടുക്കുന്നത്.. പലപ്പോഴുമത് സ്വന്തം വീട്ടിലെ സ്ത്രീകളെ മാറ്റി നിർത്തിയും ആയിരിക്കും. യാതൊരുവിധ രാഷ്ട്രീയ ശരിയുമില്ലാതെയാണ് ഇത്തരം തമാശ പറച്ചിലുകൾ..
കണ്ണീരൊഴുക്കി കാര്യം കാണുന്നു. അസൂയ കൊണ്ട് ആരെയും ഉപദ്രവിക്കുന്നു. പ്രതികാര ബുദ്ധ്യാപ്രവർത്തിക്കുന്നു മൃദുല വികാരങ്ങൾ കാരണം സ്വയം നശിക്കുന്നു.സ്ത്രീകളെ വിശ്വസിക്കരുത്.. അവർ പറയുന്നതനുസരിച്ചാൽ പടുകുഴിയിലാകും ഈ മട്ടിലും പല കാര്യങ്ങളും പറഞ്ഞു സമൂഹം സ്ത്രീകൾക്കെതിരെ മുന്നോട്ടു പോകുന്നു.
സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ മുന്നോട്ടു വരാൻ പറ്റിയ ഒരു സാഹചര്യം ഒരുകാലത്തും ഉണ്ടായിരുന്നില്ല എന്ന് സരസ്വതി അമ്മ പറയുന്നു. സത്യം പറഞ്ഞാൽ സ്ത്രീകളുടെ ബുദ്ധിയെ കൂടി ഹൃദയമാക്കി മാറ്റാനാണ് എല്ലാവരും എന്നും ശ്രമിച്ചിട്ടുള്ളത്.. വികാരങ്ങൾ മതി വിചാരങ്ങളോ ബുദ്ധിപരമായ തീരുമാനങ്ങളോ സ്ത്രീകൾക്ക് വേണ്ട എന്നൊരു തീരുമാനവും സമൂഹത്തിനുണ്ട് .. ഇതൊന്നുമില്ലാത്ത പാവംപിടിച്ച സ്ത്രീകളെയാണ് ഇന്നും സമൂഹം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്..
കുലസ്ത്രീ എന്ന വാക്കിൽ അവൾ ഇന്നറിയപ്പെടുന്നു.. വളരെ നിശ്ചയദാർഢ്യത്തോടെയാണ് ഭർത്താക്കന്മാരും വീട്ടിലുള്ളവരും സമൂഹവും ചേർന്ന പുരുഷാധിപത്യ ബോധം ഇന്നും ഇതിന് ശ്രമിച്ചുകൊണ്ടിരുന്നത്.
ഒരു കാമുകിയിൽ പല കുഴപ്പങ്ങളും ഗുണങ്ങളായി തോന്നും അത്യാകർഷകമായും തോന്നും. കുട്ടിയായിരുന്നപ്പോൾ കൊഞ്ചാനും കുഴയാനും മാത്രമേ അവൾക്കറിയൂ എന്ന് പറയുമ്പോൾ അത് അവൾക്ക് നൽകുന്ന സ്നേഹമായിട്ടാണ് കണക്കാക്കുന്നത്. നവവധുവിലും ചിലപ്പോൾ ഈ കൊഞ്ചലും കുഴയലും അനുവദനീയമായിരിക്കും.. എന്നാൽ കാര്യമായ ദാമ്പത്യ ജീവിതവും കുടുംബജീവിതവും തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഇതൊന്നും എത്ര സ്നേഹവാനായ ഭർത്താവാണെങ്കിലും സഹിക്കാൻ ഇഷ്ടപ്പെടുന്നില്ല.
ഇവിടെ സരസ്വതി അമ്മ പറയുന്നു "ഞാൻ ഒരു ഭർത്താവാണെങ്കിൽ ഭാര്യയുടെ കാണപ്പെട്ട ദൈവമായി എനിക്ക് മാറണ്ട.മനപ്പൂർവ്വം തെറ്റ് ചെയ്യാതിരിക്കാനും ചെയ്തു പോകുന്ന തെറ്റുകൾ ഏറ്റു പറയാനും സാധിക്കുന്ന ഒരു മനുഷ്യനായാൽ മാത്രം മതി എനിക്ക്.
ഒരു മഹായുദ്ധത്തെക്കുറിച്ച് വായിച്ച് അതേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യ അയൽക്കാരിയുടെ പോലെയുള്ള ഒരു നെക്ലസ്സിനെ കുറിച്ച് സംസാരിച്ചാൽ തമ്മിൽ ഏറ്റുമുട്ടാതിരിക്കാൻ സാധിക്കുകയില്ല എന്ന് ഭർത്താവായ സരസ്വതിയമ്മ പറയുന്നുണ്ട്
സ്വന്തം അഭിരുചിക്കനുസരിച്ച് ഒരു ഭാര്യയെ കിട്ടുക, കണ്ടെത്തുക എന്നതാണ് ഒരു ഭർത്താവിന് ചെയ്യാൻ പറ്റുന്ന ആദ്യ കാര്യം. അത് അത്ര എളുപ്പമല്ല.അടുത്തറിയാതെ എങ്ങനെയാണ് അറിയുന്നത്? അങ്ങനെ അറിയാൻ നിന്നാൽ അവിടെ പ്രേമം ആരംഭിക്കുകയായി.അതിന് സമൂഹമോ കുടുംബമോ സമ്മതിക്കുന്നില്ല. പ്രേമത്തിന് വൈകാരികതയാണ് കൂടുതൽ. കുറച്ചു കാലം കഴിയുമ്പോൾ ആകർഷണം മാറുമ്പോൾ ആകെ പ്രശ്നമാകും.
ഇനി ഭാഗ്യം കൊണ്ട് ചേരുന്ന ഒരു ഭാര്യയെ കിട്ടിയാൽത്തന്നെ ബുദ്ധിയെ പട്ടിണിക്കിട്ട് ഹൃദയം മാത്രം നിറച്ചു കൊണ്ടിരുന്നാൽ മനുഷ്യന് അധികനാൾ തൃപ്തിയോടെ ജീവിക്കാൻ ആകുകയില്ല. കാര്യഗൗരവം വേണം എന്നാൽ വിനോദവും പൊട്ടിച്ചിരികളും നർമ്മഭാഷണങ്ങളും ഒക്കെ വേണം. ഇതെല്ലാം ഉണ്ടായാൽ തന്നെ സംതൃപ്തി മനുഷ്യർക്ക് ലഭിക്കണമെന്നില്ല
ഭാര്യയെ ഓമനിപ്പിക്കാൻ സാധിക്കാത്ത ഇഷ്ടപ്പെടാത്ത ഒരു മുരടൻ ഭർത്താവായിരിക്കുമോ താൻ എന്ന് സരസ്വതി അമ്മ സംശയിക്കുന്നുണ്ട്.
ആ വിചാരം അവൾക്ക് തോന്നാതിരിക്കാൻ ഓമനേ.. തങ്കമേ .. എന്നൊക്കെ ഇടയ്ക്കിടയ്ക്ക് വിളിച്ചു കളയാം എന്നും ആലോചിക്കുന്നുണ്ട്.
സരസ്വതി അമ്മ പറയുന്ന ചില വരികൾ ഞാൻ ഉദ്ധരിക്കട്ടെ "എന്റെ കഥയിൽ പറയുന്നതുപോലെ ഞാനൊരു യന്ത്രമല്ല.ചൂടുള്ള മാംസവും തുടിക്കുന്ന ഹൃദയവും തിളക്കുന്ന രക്തവും ഉള്ള ഒരു മനുഷ്യസ്ത്രീയാണ് ഞാൻ എന്ന് എഴുതി വെച്ചിട്ട് അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വല്ലവന്റെയും കൂടെ എന്റെ ഭാര്യ ചാടി പോകാൻ ഞാൻ ഇടയാക്കുകയില്ല. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ അവളെ പല സ്ഥലങ്ങളിലും കൊണ്ടുപോകും നല്ല സിനിമകൾ നല്ല പുസ്തകങ്ങൾ നല്ല കലാപ്രദർശനങ്ങൾ ഇങ്ങനെ സന്തോഷത്തിനും വിജ്ഞാനത്തിനും പറ്റുന്ന പല കാര്യങ്ങൾക്കും അവളെ പുറത്തുകൊണ്ടുപോയി ശീലിപ്പിക്കും. എന്നാൽ ആൾക്കൂട്ടത്തിന്റെ ഇടയിൽ പോകുന്ന വിധത്തിൽ അമ്പലങ്ങളിലെ ഉത്സവം ആറാട്ട് ഇവയ്ക്കൊന്നും ഞാൻ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല.
ആഭരണക്കടയിലും തുണിക്കടയിലും ചിലവാക്കുന്നതിനേക്കാൾ ഇരട്ടിപ്പണം ഭർത്താവ് എന്ന നിലയിൽ ഞാൻ പുസ്തകങ്ങൾക്കായി ചെലവാക്കി ഒരു നല്ല ലൈബ്രറി ഉണ്ടാക്കിക്കൊടുക്കും. ആ സാംസ്കാരിക അന്തരീക്ഷത്തിൽ കുട്ടികൾ വളരുമ്പോൾ അത് മികച്ച ഒരു സമൂഹമായി മാറും എന്ന് തന്നെ വിശ്വസിക്കുന്നു. എന്തായാലും ലൈബ്രറി ഉണ്ടാക്കുമ്പോൾ അവിടെ കുടുംബാസൂത്രണം സംബന്ധിച്ച പുസ്തകങ്ങളും ഉൾപ്പെടുത്തിയിരിക്കും. ശാസ്ത്രീയ വിജ്ഞാനം എല്ലാത്തിലും എന്റെ ഭാര്യക്ക് വേണം. എനിക്കും ഉപകാരപ്രദം ആകുന്ന രീതിയിലാണ് ആ വിജ്ഞാനം ഉപയോഗിക്കുക. ഇങ്ങനെ വിദുഷിയും പ്രഗൽഭമതിയുമായ ഭാര്യ ഉള്ള ഭർത്താവായ ഞാൻ ശ്രീരാമനിൽ കവിഞ്ഞ ഏകപത്നീവ്രതക്കാരനായിരിക്കും. സ്നേഹം വിഭജിക്കപ്പെടുന്നത് ഒരു സ്ത്രീയും ഇഷ്ടപ്പെടുകയില്ല.
ദാമ്പത്യത്തെ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത് കൊള്ളിവാക്കുകൾ പറയുന്നതാണ്. എല്ലാ മൃദുലതകളെയും കരിച്ചു കളയുന്നതാണ് കൊള്ളിവാക്കുകൾ. ഇല്ലായ്മ ദാരിദ്ര്യം ഇവയും ദാമ്പത്യത്തെ പ്രശ്നത്തിലാക്കുന്നു. സാമ്പത്തിക മേന്മ ഇല്ലെങ്കിൽ അവ ജീവിതത്തിലെ എല്ലാത്തരം മൃദുലതകളെയും നശിപ്പിക്കുന്നു. ആരോഗ്യം ഉണ്ടെങ്കിൽ പണിയെടുത്ത് ജീവിക്കാൻ സാധിക്കും. നല്ല കഷ്ടപ്പെട്ട പണിയുണ്ടെങ്കിൽ പരസ്ത്രീഗമനത്തിന് ഒന്നും സമയം കിട്ടില്ല എന്നൊരു ഗുണവും ഉണ്ടായിരിക്കും"
ദാരിദ്ര്യം കാരണമല്ല ഭാര്യയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത്. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ സമത്വം ഉണ്ടാവാൻ അത് ആവശ്യമാണ്. സ്വാശ്രയ ശീലം എല്ലാ മനുഷ്യർക്കും ആവശ്യമാണ്. പരസ്പരം പ്രശ്നങ്ങളുണ്ടാകുമ്പോൾ വിഷമങ്ങൾ പ്രസന്നതയോടെ പരിഹരിക്കാൻ രണ്ടുപേർക്കും അപ്പോൾ സാധിക്കും എന്നതാണ് കണ്ടുവരുന്നത്.
ഭർത്താവായാൽ എങ്ങനെ പെരുമാറും എന്ന് വിചാരിക്കുന്നത് പോലെ ഭാര്യക്കും പല വിചാരങ്ങളും ഉണ്ടാവുമല്ലോ . സങ്കല്പത്തിലെ ഭാര്യ എവിടെയെങ്കിലും ഉണ്ടോ എന്ന് അറിയില്ല. പക്ഷേ ഭർത്താവ് ഭർത്താവിന്റെ പങ്ക് കൃത്യമായി ചെയ്താൽ അതിനനുസരിച്ച് ഒരു ഭാര്യ വരും എന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം..
ഇനിയാണ് സരസ്വതി അമ്മ പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധയോടെ നമ്മൾ വായിക്കേണ്ടത്. മനുഷ്യർ നല്ല മനുഷ്യരാകാൻ ശ്രമിക്കാതെ മറ്റ് തന്ത്രങ്ങൾക്ക്പോകുന്നതിനെ ക്കുറിച്ചു ശരിക്കും കളിയാക്കിയിട്ടുണ്ട് ഇവിടെ.
സരസ്വതിയമ്മ പറയുന്നു, " ഭർത്താക്കന്മാർ ഭാര്യമാരെ മനസ്സിലാക്കാൻ ഒരു ശ്രമവും നടത്താതെ എസ് പി സി എച്ച് എന്ന സംഘടന ഉണ്ടാക്കുകയല്ല വേണ്ടത്. അത്തരം സംഘടനകൾ ഉണ്ടാക്കുന്നത് വളരെ മോശപ്പെട്ട കാര്യമാണ്."
എസ് പി സി എച്ച് എന്ന് പറയുമ്പോൾ എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?
സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ഹസ്ബൻഡ്സ്.. ഇത്തരമൊരു സംഘടന ഉണ്ടാക്കി ചില നാട്ടുകാർ അധപതിച്ചിട്ടുള്ളത് നമ്മൾ കണ്ടതാണ്.. അതൊരിക്കലും നമ്മളുടെ ഇടയിൽ സംഭവിക്കരുത്. "
സമൂഹത്തിന്റെ മിക്ക വശങ്ങളും പുരുഷാധിപത്യം കൊണ്ട് സ്ത്രീകളെയും ഭാര്യമാരെയും ഒരു വസ്തുവായി കാണുമ്പോൾ, ആകെ സംഭവിച്ചിട്ടുള്ള ഒന്നോ രണ്ടോ ഉദാഹരണം എടുത്താണ് ഭർത്താവിനെതിരെയുള്ള ക്രൂരതകൾക്കെതിരെ പ്രവർത്തിക്കാനുള്ള സംഘടന ഉണ്ടാക്കുന്നത്. അതെത്ര മാത്രം ആക്ഷേപകാരമാണെന്ന് ചിന്തിക്കുന്നവർക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഇന്ന് പുരുഷ കമ്മീഷൻ ഉണ്ടാക്കുന്നവർ സരസ്വതിയമ്മയുടെ വാക്കുകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ!