ഫോർവേഡ് മുതൽ ലൈവ് ഗോസിപ് വരെ: വാട്സാപ് ഗ്രൂപ്പുകളിലെ ചൂടൻ ചർച്ചകളിൽ ജെൻ സീ ഇടപെടുന്നതെങ്ങനെ The Rise of WhatsApp University: A Modern Learning Phenomenon
ഒരിക്കലേ ആന്റി ഗ്രൂപ്പിൽ പ്രതികരിച്ചിട്ടുള്ളൂ. ‘ഈ മണ്ടത്തരമൊക്കെ ഇങ്ങനെ ഫോർവേഡ് ചെയ്യുന്നത് ശരിയാണോ?’ അതോടെ കമന്റുകളുടെ കടന്നൽ കൂടിളകി.
ഒരിക്കലേ ആന്റി ഗ്രൂപ്പിൽ പ്രതികരിച്ചിട്ടുള്ളൂ. ‘ഈ മണ്ടത്തരമൊക്കെ ഇങ്ങനെ ഫോർവേഡ് ചെയ്യുന്നത് ശരിയാണോ?’ അതോടെ കമന്റുകളുടെ കടന്നൽ കൂടിളകി.
ഒരിക്കലേ ആന്റി ഗ്രൂപ്പിൽ പ്രതികരിച്ചിട്ടുള്ളൂ. ‘ഈ മണ്ടത്തരമൊക്കെ ഇങ്ങനെ ഫോർവേഡ് ചെയ്യുന്നത് ശരിയാണോ?’ അതോടെ കമന്റുകളുടെ കടന്നൽ കൂടിളകി.
എല്ലാവർക്കും ഡോക്ടറേറ്റ് കിട്ടുന്ന വിശ്വോത്തര യൂണിവേഴ്സിറ്റി– നമ്മുടെ സ്വന്തം വാട്സാപ്. പൂവൻകോഴിയെക്കാൾ മുൻപ് ഓൺലൈനിലാകുന്നവരും പാതിരാകൊക്കിനെ പോലെ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരുമായ പ്രഫസർമാർ ധാരാളം. ജെൻ സീക്കൊപ്പം പിടിച്ചു നിൽക്കാനും അവരുടെ ചിന്തകൾ അറിയാനുമാണു മോളിയാന്റി സോഷ്യൽമീഡിയയിൽ അടുത്തിടെ ലൈവ് ആയത്. ടെക്നോളജിയുടെ പകപ്പിനെ നേരിടാൻ ഡു ഓർ ഡൈ പറഞ്ഞ് തുടങ്ങിയ ആന്റി ജെൻ സീക്കൊപ്പം കട്ടക്കു പിടിച്ചു നിന്നു.
പിളേളരൊക്കെ ബിടിഎസ് പാട്ട് മൂളി നടക്കുമ്പോൾ കഷ്ടപ്പെട്ട് ലിറിക്സ് നോക്കി പാട്ട് കേൾക്കുന്നതൊക്കെ അതിന്റെ ഭാഗം തന്നെ. ‘ആന്റി, ഈസ് നോട് ഒൗട്ഡേറ്റഡ്, വെരി അപ് ടു ഡേറ്റ്’ എന്ന് റോസാകൊച്ച് പറഞ്ഞത് ഇപ്പോളും കാതില് കുളിര് കോരി നിൽക്കുന്നു. പ്രേമത്തിനു മാത്രമല്ല, അഭിനനന്ദനം കേൾക്കാനുള്ള പൂതിക്കുമില്ല പ്രായമെന്ന് തോന്നും ആന്റിയുടെ ഉൾപ്പുളകം കണ്ടാൽ.
വാട്സാപ്പിലെ സുപ്രഭാതം
അതിപുലർകാലേ സോഫയിൽ ചാരിയിരിക്കുകയാണ് ആന്റി. എന്നിട്ടു വാട്സാപ്പിലെന്താണു തളിർത്തതെന്നു നോക്കാനുള്ള ഒരുക്കത്തിലാണ്. കപ്പിലെ ചായയിൽ നിന്നു മന്ദഗതിയിൽ ഉയരുന്നുണ്ട് ആവിയുടെ പതാകകൾ.
വാട്സാപ് തുറന്നതും രാജസ്ഥാനിലെ ഹവാ മഹലിന്റെ 953 വിൻഡോസ് ഒന്നിച്ച് തുറക്കുന്ന ഫീലാണ് ആ ന്റിക്കു തോന്നിയത്. എല്ലായിടത്തു നിന്നും ചുറ്റിയടിച്ചു വ രുന്നു നോട്ടിഫിക്കേഷൻസ്. ഫാമിലി ഗ്രൂപ്പ്, റസിഡൻസ് ഗ്രൂപ്പ്, ഒന്നാം ക്ലാസ് മുതൽ കോളജ് വരെയുള്ള ക്ലാസ്‌മേറ്റ്സ് ഗ്രൂപ്പ് അങ്ങനെ നീളും ആ ലിസ്റ്റ്.
ഭയം പ്രീലോഡഡ്
നല്ല ഹെൽത്തിയായ വ്യക്തിക്കു പോലും പേടി തോന്നും ചില ഫോർവേഡ് ഉപദേശ മെസേജുകൾ കണ്ടാൽ. ചെറിയ അസുഖമുള്ളവരെ ഐസിയുവിൽ ആക്കാൻ പോന്ന പച്ചമരുന്നുകളുടെ വ്യാജ ഉപദേശികൾ വേറെ. മിക്ക ഫോർവേഡ് മെസേജിന്റെയും അവസാനം ഇങ്ങനെയൊരു വരി കാണും.
‘ഇതു വായിച്ചിട്ടു ഡിലീറ്റ് ചെയ്യരുത്. ഫോർവേഡ് ചെയ്യുക. മാക്സിമം ആളുകളിലേക്ക് എത്തിക്കുക.’ ഹെൽത്ത് മെസേജുകളിൽ നിന്നൊരു മോചനം എന്നോർത്താണു മോളിയാന്റി ആ സാമ്പത്തിക സന്ദേശം വായിച്ചു തുടങ്ങിയത്. എവിടെയോ ഒരു സാമ്പത്തിക ശാസ്ത്രജ്ഞ കേരളത്തിലെ സ്വർണ വില 2050 ൽ എത്രയാകും എന്ന വിശകലനം അവതരിപ്പിക്കുന്നു. അതു തെറ്റാണെന്ന് പറയണേല്‍ പോലും അത്രേം വർഷം കാത്തിരിക്കണം. ‘എന്നാ, ബുദ്ധിയാ, അല്ലേ.’
യൂറോപ്പിൽ പഠിക്കേണ്ട കോഴ്സുകൾ, ദൈവം നേരിട്ട് പ്രസാദിക്കാനുള്ള രഹസ്യങ്ങൾ, കാലിൽ പ്രഷർ കൊടുത്ത് രോഗശാന്തി... അങ്ങനെ നീളുന്ന വിഷയസമൃദ്ധി.
ഒരിക്കലേ ആന്റി ഗ്രൂപ്പിൽ പ്രതികരിച്ചിട്ടുള്ളൂ. ‘ഈ മണ്ടത്തരമൊക്കെ ഇങ്ങനെ ഫോർവേഡ് ചെയ്യുന്നത് ശരിയാണോ?’ അതോടെ കമന്റുകളുടെ കടന്നൽ കൂടിളകി. ‘ഒരാൾക്കെങ്കിലും ഉപകാരപ്പെടുന്നതിൽ നിങ്ങൾക്കെന്താണു കുഴപ്പം? ‘ഈ പ്രായത്തിൽ ഇത്ര നെഗറ്റീവാകാമോ?’
കൂടുതൽ എന്തൊക്കെ വരുമെന്ന പേടിയോടെ പണ്ട് നടത്തിയ ബഞ്ചീ ജംപ് പോലെ ആന്റി ഗ്രൂപ്പിൽ നിന്നു പുറത്തേക്കു ചാടി. മനസ്സൊരു തൂവലാകുന്ന തോന്നൽ കൃത്യം ഒന്നരമിനിറ്റേ നീണ്ടുനിന്നുള്ളൂ. അതിനിടയിൽ വേറെ ആരോ ആന്റിയെ പുതിയൊരു ഗ്രൂപ്പിലേക്കു പിടിച്ചിട്ടു.
അവിടെയും വന്നു പല ഫോർവേഡുകൾ. പക്ഷേ, ചൂടുഗ്രൂപ്പിൽ വീണ ആന്റി അന്നു നിർത്തി ലോജിക്കൽ തിങ്കിങ്. അത് കൊണ്ട് പച്ചവെള്ളം പോലെ തോന്നിയെങ്കിലും പുതിയ ഗ്രൂപ്പിലും തുടരാൻ തോന്നിയില്ല. അവിടെ ഫോർവേഡുകളേക്കാൾ പ്രധാനം ലൈവ് ഗോസിപ് ആണ്. കഥാപാത്രങ്ങൾ നാട്ടിലുള്ളവർ തന്നെ. പ്രത്യേകിച്ചു കാര്യമൊന്നുമില്ല, എങ്കിലും വെറുതേ ഒരു കുന്നായ്മ പറഞ്ഞതിന്റെ മനഃസുഖം.
വാട്സാപ് സെറ്റിങ്സിൽ പോയി, ഗ്രൂപ്പിലേക്ക് ആർക്കൊക്കെ ആഡ് ചെയ്യാം എന്ന സ്ഥലത്തു നൺ എന്നു കൊടുത്താൽ മതി തീരും ശല്യം എന്ന അറിവ് പറഞ്ഞുതന്നതു സാറകൊച്ചാണ്. അതോടെ മോളിയാന്റിയുടെ അന്തരംഗത്തിലെ ഗവേഷണകൗതുകം ഉണർന്നു.
വാട്സാപ് ബുദ്ധിപരമായി ഉപയോഗിക്കാൻ പവർപോയിന്റ് പ്രസന്റേഷൻ ഉണ്ടാക്കാൻ മോളിയാന്റി തീരുമാനിച്ചു. അതിനായി കുറിച്ച നോട്സ് ആണ് ഇനി പറയുന്നത്.
മോളി ആന്റിയുടെ അടവുനയങ്ങൾ
- മനസ്സ് മടുത്തു എന്നതു കൊണ്ടു പെട്ടെന്നു ഗ്രൂപ്പ് വിടേണ്ടതില്ല. മുങ്ങണമെങ്കിൽ മെസേജുകളുടെ കുത്തൊഴുക്കുള്ള ഒരു ദിവസം നൈസ് ആയി എക്സിറ്റ് ആകാം.
- വാട്സാപ് തുറക്കുക, മെസേജ് നോക്കുക. പല കാരണങ്ങളാൽ ഇഷ്ടമില്ലാതെ തുടരേണ്ടി വരുന്ന ഗ്രൂപ്പുകളുടെ നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്തിടുക.
- എല്ലാ ഫോർവേഡിനും പ്രതികരണവും ഇമോജിയും വേണ്ട. ഇവിടെയുണ്ടു ഞാൻ എന്നറിയിക്കുവാൻ ആഴ്ചയിൽ വെറുമൊരു ഇമോജി മാത്രം പൊഴിച്ചിട്ടാൽ മതി.
- നിറയെ വിദ്വാൻമാർ ഉള്ള ഈ യുണിവേഴ്സിറ്റിയിൽ സാമാന്യബുദ്ധി എന്നത് അപൂർവബിരുദം തന്നെയാണെന്ന് ആത്മഗതം നടത്താം.
പവർ പോയിന്റ് പ്രസന്റേഷനുള്ള നോട്സ് എഴുതുന്ന തിരക്കിൽ ചായ തണുത്തു പോയത് മോളിയാന്റിയെ അസ്വസ്ഥയാക്കി. ഉയരം പോലെ തന്നെ ചായയ്ക്ക് ചൂടും പ്രധാനമാണ് എന്നാണ് മോളി ആന്റിയുടെ രുചിസിദ്ധാന്തം. അടുക്കളയിലേക്കു പോയ മോളി ആന്റി അടുത്ത ചായയ്ക്കു ‘തീകൊളുത്തി.’
മോളിയാന്റി കണ്ട സോഷ്യൽ മീഡിയ
- ബന്ധങ്ങളുടെ ഡിജിറ്റൽ അളവുകോൽ: നേരിട്ട് കാണുമ്പോഴുള്ള സ്നേഹത്തേക്കാൾ, ഗ്രൂപ്പിൽ ഇടുന്ന ഒരു 'ലൈക്കോ' 'ഇമോജിയോ' ആണ് ഇന്ന് പലർക്കും ബന്ധങ്ങളുടെ ആഴം അളക്കാനുള്ള അളവുകോലായി മാറുന്നത്.
- യന്ത്രമായി മാറുന്ന മനുഷ്യൻ: മറ്റൊരാൾ അയച്ചുതരുന്നത് ചിന്തിക്കാതെ ഫോർവേഡ് ചെയ്യുന്നതിലൂടെ, സ്വന്തം ബുദ്ധിയുള്ള മനുഷ്യരെന്ന നിലയിൽ നിന്ന് നമ്മൾ വെറും 'റിമോട്ട് സ്വിച്ചുകളായി' പരിണമിക്കുന്നു.
- ബഹളങ്ങളിലും ഏകാന്തത: ആയിരക്കണക്കിനു മെസേജുകൾക്കിടയിലും നമ്മൾ കൂടുതൽ ഒറ്റപ്പെടുന്നു; ഒരു വോയിസ് നോട്ടിനേക്കാൾ ആശ്വാസം നൽകുന്ന ഒരു വിളിപ്പുറത്തെ സാമീപ്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
- തിരുത്തപ്പെടാത്ത അബദ്ധങ്ങൾ: ഡിജിറ്റൽ ലോകത്ത് തെറ്റുകൾ മാഞ്ഞുപോയേക്കാം, പക്ഷേ അവ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളും ഭീതിയും ആളുകളുടെ മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മായുന്നില്ല. വിവരങ്ങൾക്കായി ആധികാരികതയുള്ള പ്രസിദ്ധീകരണങ്ങളെയോ പത്രമാധ്യമങ്ങളെയോ ആശ്രയിക്കുന്നതാണു ബുദ്ധി.