ബന്ധുക്കൾ കൗൺസിലർമാരാകുമ്പോൾ... ആൻസി ഏതു കരിയർ തിരഞ്ഞെടുക്കും എന്നോർത്ത് മോളിയാന്റിയുടെ ഉറക്കം കെടുമോ When Relatives Become Unofficial Career Counselors
മലയാളി യുവതലമുറ കരിയർ തിരഞ്ഞെടുപ്പിൽ നേരിടുന്ന ആശയക്കുഴപ്പങ്ങളും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും നിരന്തരമായ ഉപദേശങ്ങളും ഈ ലേഖനത്തിൽ വിഷയമാകുന്നു. വിവാഹ വീടുകളിലും മറ്റു കുടുംബസംഗമങ്ങളിലും വെച്ച് യുവജനങ്ങൾക്ക് ലഭിക്കുന്ന വ്യത്യസ്തമായ കരിയർ നിർദ്ദേശങ്ങൾ പലപ്പോഴും അവരിൽ സമ്മർദ്ദവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു. സർക്കാർ ജോലികൾ, ഐടി, വിദേശജോലി, സംരംഭകത്വം എന്നിങ്ങനെ പല വഴികളിലേക്ക് അവരെ നയിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, കാലത്തിനനുസരിച്ചുള്ള പുതിയ തൊഴിൽ സാധ്യതകളെ ഇവർ പലപ്പോഴും അവഗണിക്കുന്നു. യഥാർത്ഥത്തിൽ യുവജനങ്ങൾക്ക് ആവശ്യമുള്ളത് അവരുടെ ഇഷ്ടങ്ങളെ മാനിക്കുകയും ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്ന ഒരു സമീപനമാണ്, അല്ലാതെ മറ്റു വഴികൾ നിർദ്ദേശിക്കുന്നതല്ല.

‘‘മോളേ, ഇനി എന്താണ് പ്ലാൻ?"
ഈ ഒരൊറ്റ ചോദ്യത്തിനു മലയാളി യുവതലമുറയുടെ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്നു പഠിക്കാൻ ഒരു ഗവേഷണ വിഷയം തന്നെ തുടങ്ങിയേക്കാം. കഴിഞ്ഞ ദിവസം മോളി ആന്റി ഒരു സുഹൃത്തിന്റെ സഹോദരിയുടെ മകന്റെ വിവാഹത്തിനു പോയതായിരുന്നു. വിവാഹവീട്ടിൽ ചായയും നല്ല ചൂടുള്ള ഉണ്ണിയപ്പവും കഴിച്ചു സമാധാനമായി ഇരിക്കുമ്പോഴാണു സംഭവം.
ആ വീട്ടിലെ ആൻസി—എംബിഎ കഴിഞ്ഞ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മിടുക്കിപ്പെൺകുട്ടി—ക്ഷീണം മാറ്റാൻ ഒരു കപ്പ് കാപ്പിയുമായി അങ്ങോട്ട് വന്നു. അവൾക്കൊപ്പം മോളി ആന്റിയും കൂടി.
‘‘ആൻസി, ജോലി എങ്ങനെയുണ്ട് മോളേ?’’എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട അമ്മായി ചോദിച്ചു.
‘‘നന്നായി പോകുന്നുണ്ട് അമ്മായി’’ ആൻസി ചിരിച്ചു. അതോടെ അമ്മായിയുടെ ഉള്ളിലെ ‘കരിയർ കൗൺസിലർ’ പെട്ടെന്ന് ഉണർന്നു!
‘‘അല്ല മോളേ, ഈ സ്വകാര്യ കമ്പനിയിലൊന്നും അധികകാലം നിൽക്കരുത്. വേഗം പിഎസ്‌സി കോച്ചിങ്ങിനു ചേരണം. സർക്കാർ ജോലിയാണു സുരക്ഷ.’’ ആൻസി ഭവ്യതയോടെ തലയാട്ടി.
അപ്പോഴേക്കും ദാ വരുന്നു മറ്റൊരു അമ്മാവൻ. ‘‘സർക്കാർ ജോലിയോ? അതൊക്കെ പഴയ കഥ സാറാമ്മേ! ഐടിയാണ് ഭാവി. ആർട്ടിഫിഷ്യൽ ഇന്റലിജൻസും കോഡിങ്ങുമൊക്കെ പഠിച്ച് അമേരിക്കയ്ക്കു വണ്ടി വിട്ടാൽ ജീവിതം അങ്ങട് സെറ്റാകും!’’
ആൻസിയുടെ മുഖത്ത് ചെറിയൊരു ആശയക്കുഴപ്പം. അതിനിടയിലേക്കാണു ഗൾഫിൽ നിന്നു ലീവിനു വന്ന ഒരു ചേട്ടൻ ചാടിവീണത്. ‘‘അമേരിക്കയിൽ പോയി ടാക്സ് അടച്ച് മുടിയണോ? ദുബായിലൊക്കെ ഇപ്പോൾ എന്തോരം അവസരങ്ങളാണ്! നീ സ്വന്തമായി ഒരു ബിസിനസ് ഐഡിയ ആലോചിക്ക്.’’
മാറിമറിയുന്ന കരിയർഗ്രാഫ്
അവിടെ നിന്നു വെറും അഞ്ചു മിനിറ്റിനുള്ളിൽ ആൻസിയുടെ കരിയർ ഗ്രാഫ് മൂന്നു തവണയാണ് മാറിമറിഞ്ഞത്!
മോളി ആന്റി ആൻസിയെ നോക്കി. അവൾ കാപ്പിക്കപ്പ് മുറുകെ പിടിച്ചു ശ്വാസമടക്കി നിൽക്കുകയാണ്. ഇനിയൊരു ബന്ധു കൂടി അങ്ങോട്ട് വന്നാൽ താൻ ബഹിരാകാശ ഗവേഷകയാകാനോ അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം റീൽസ് ചെയ്യുന്ന ഇൻഫ്ലുവൻസറാകാനോ ഉള്ള നിർദേശം കിട്ടുമെന്ന ഭാവം അവൾക്കുണ്ടായിരുന്നു.
മലയാളി കുടുംബങ്ങളിലൊരു വിചിത്ര പ്രതിഭാസമുണ്ട്. നിങ്ങൾ പത്തു വർഷം കഷ്ടപ്പെട്ട് പഠിച്ച്, സ്വന്തം ഇഷ്ടപ്രകാരം ഒരു മേഖല തിരഞ്ഞെടുക്കും. പക്ഷേ, വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ദൂരത്തുള്ളൊരു ബന്ധുവിന് അതിലും നല്ല കരിയർ ഓപ്ഷൻ കൃത്യമായി അറിയാം!
നിങ്ങൾ ഡോക്ടറാണെങ്കിൽ: ‘‘എന്തിനാ കൊച്ചേ മറ്റുള്ളവരുടെ ആശുപത്രിയിൽ നിൽക്കുന്നത്, സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങിക്കൂടേ?’’
അധ്യാപികയാണെങ്കിൽ: ‘‘ഈ സ്കൂൾ ശമ്പളം കൊണ്ട് എന്തു തികയാൻ? ഓൺലൈൻ കോച്ചിങ് ക്ലാസ് തുടങ്ങിയാൽ ലക്ഷങ്ങൾ കൊയ്യാം.’’
ഐടി ജോലിയാണെങ്കിൽ: "അയ്യോ! ഈ എഐ (AI) ഒക്കെ വന്ന സ്ഥിതിക്ക് ഇനി ഐടി ജോലികളൊക്കെ പോകുമെന്നാണല്ലോ ചാനലിൽ പറഞ്ഞത്."
സ്വന്തമായി ബിസിനസ് ആണെങ്കിൽ: ‘‘റിസ്ക് എടുക്കണോ? വല്ല ബാങ്ക് ടെസ്റ്റും എഴുതിക്കൂടെ?’’
ചുരുക്കത്തിൽ എന്ത് ചെയ്താലും, അതിനൊരു ‘പകരം നിർദേശം’ അമ്മാവന്മാരുടെയും അമ്മായിമാരുടെയും പോക്കറ്റിൽ റെഡിയാണ്!
മോളി ആന്റിക്കു തന്റെ അയൽവാസിയുടെ മകൾ എലീനക്കൊച്ചിന്റെ കാര്യം ഓർമ വന്നു.
അവൾ അടുത്തിടെ മൾട്ടിനാഷനൽ കമ്പനിയിൽ UX/UI ഡിസൈനറായി ജോലിക്ക് കയറി. അവളുടെ അമ്മ വലിയ സന്തോഷത്തോടെ എല്ലാവരോടും വിവരം പറഞ്ഞു.
അപ്പോൾ കൂട്ടത്തിലൊരു കാരണവർ ചോദിക്കുകയാണ്: ‘‘ഡിസൈനറോ? അതൊക്കെ ശരി... പക്ഷേ, മോളുടെ യഥാർഥ ജോലി എന്താണ്? ഈ കംപ്യൂട്ടറിൽ പടം വരയ്ക്കുന്നതാണോ ജോലി?"
പാവം ആ അമ്മയ്ക്കു മറുപടി പറയാൻ പോലും പറ്റിയില്ല. കാരണം, ചിലരുടെ മനസ്സിൽ ഇന്നും യഥാർഥജോലി എന്നാൽ ഡോക്ടർ, എൻജിനീയർ, അധ്യാപകൻ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥൻ എന്ന നാലു പെട്ടികൾ മാത്രമാണ്. ബാക്കിയുള്ളവയെല്ലാം വെറും ഹോബികളുടെ വകഭേദങ്ങൾ!
കുട്ടികൾ നേരിടുന്ന വലിയ വെല്ലുവിളി
ഇന്നത്തെ കുട്ടികൾ നേരിടുന്ന വലിയ വെല്ലുവിളിയും ഇതാണ്. അവർക്ക് സ്വന്തം കരിയറിനെക്കുറിച്ചു സംശയമുണ്ടാകും മുൻപു ചുറ്റുമുള്ളവർക്കു സംശയം തുടങ്ങും.
‘നിനക്ക് ഇതിൽ ഭാവിയുണ്ടോ?’, ‘ശമ്പളം എത്ര കിട്ടും?’, ‘അടുത്ത അഞ്ചുവർഷം കഴിഞ്ഞാൽ എന്ത് ചെയ്യും?’ ഇതിനെല്ലാം പുറമേയാണ് ആ മാരകമായ ചോദ്യം: ‘ഞങ്ങളുടെ സുരേഷിന്റെ മകനെ കണ്ടോ? അവൻ ഇപ്പോൾ...’ അതിനുശേഷം വരുന്നത് താരതമ്യങ്ങളുടെ പെരുമഴയായിരിക്കും.
പ്രോത്സാഹിപ്പിക്കുന്ന പോലെ സംസാരിച്ച് അവസാനം നിരാശയുടെ അടിയൊഴുക്കു നൽകാൻ ചില ബന്ധുക്കൾക്കു പ്രത്യേക കഴിവുണ്ട്. ‘നല്ല ജോലി തന്നെയാ... പക്ഷേ...’ ആ ‘പക്ഷേ’ കേൾക്കുമ്പോൾ തന്നെ നമ്മുടെ കുട്ടികളുടെ പകുതി സന്തോഷം ചോർന്നുപോകും.
മോളി ആന്റി ആലോചിക്കാറുണ്ട്, ഈ ബന്ധുക്കളെല്ലാം കൂടി ഔദ്യോഗികമായി ഒരു ‘ഫാമിലി കരിയർ കൗൺസിലിങ് സെന്റർ’ തുടങ്ങിയാൽ എങ്ങനെയിരിക്കും?
രാവിലത്തെ ചായ കുടി മുതൽ വൈകിട്ടത്തെ സീരിയൽ സമയം വരെ നോൺ-സ്റ്റോപ് ഉപദേശം. പക്ഷേ, സ്വന്തം മകൻ ജോലി മാറണമെന്നു പറയുമ്പോൾ നെഞ്ചിടിപ്പു കൂടുന്നവരാണു മറ്റുള്ളവരുടെ മക്കൾക്കു ജീവിതപാത മാറ്റാനുള്ള ഗംഭീര നിർദേശങ്ങൾ അനായാസം വച്ചുനീട്ടുന്നത്.
സത്യത്തിൽ അവരുടെ ഉദ്ദേശ്യം മോശമല്ല, സ്നേഹക്കൂടുതൽ കൊണ്ടാണ്. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നു കിട്ടിയ അറിവു പങ്കുവയ്ക്കാനുള്ള ഒരു ആവേശം. പക്ഷേ, കാലം മാറിയത് അവർ അറിയുന്നില്ലെന്നു മാത്രം.
ഇന്ന് യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ലക്ഷങ്ങൾ സമ്പാദിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാരുണ്ട്. ഗെയിം ഡിസൈനർമാരും, ഡാറ്റാ സയന്റിസ്റ്റുകളും, സുസ്ഥിര കൃഷിയിലൂടെ വിജയം കൊയ്യുന്ന യുവസംരംഭകരുമുണ്ട്. അവരുടെ പുതുവഴികൾ ഒരുപക്ഷേ, പഴയ തലമുറയ്ക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ, അതുകൊണ്ടു മാത്രം ആ വഴികൾ തെറ്റാകുന്നില്ലല്ലോ.
വിവാഹസൽക്കാരം കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് ആൻസിയെ വീണ്ടും കണ്ടു. ഒന്നു കണ്ണു ചിമ്മി മോളി ആന്റി ചോദിച്ചു:‘എന്താ ആൻസി, മോളി ആന്റിയോട് പറ... ഒടുവിൽ ഏത് കരിയറാണ് ഫൈനൽ ചെയ്തത്?’ അതുകേട്ട് അവൾ പൊട്ടിച്ചിരിച്ചു. ‘‘മോളി ആന്റി, ഇന്നത്തെ ബന്ധുക്കളുടെ കണക്കുവെച്ച് നോക്കിയാൽ ഞാൻ ഒരേസമയം സർക്കാർ ഉദ്യോഗസ്ഥയും, ഐടി പ്രഫഷനലും, ദുബായിലെ ബിസിനസുകാരിയും, പോരാത്തതിന് ഒരു സ്റ്റാർട്ടപ്പ് സ്ഥാപകയുമാണ്!’’
വീട്ടിലേക്കു മടങ്ങുമ്പോൾ മോളി ആന്റി ചിന്തിച്ചത് മറ്റൊന്നാണ്. ജീവിതത്തിൽ വഴി കാട്ടാൻ ആളുകൾ ആവശ്യമാണ്, സംശയമില്ല. പക്ഷേ, എല്ലാ വഴിത്തിരിവിലും നമ്മുടെ വണ്ടിയുടെ സ്റ്റിയറിങ്ങിൽ കയറിപ്പിടിക്കാൻ നോക്കുന്നവരെ എന്തുചെയ്യും?
ചിലപ്പോൾ നമ്മുടെ കുട്ടികൾക്ക് ആവശ്യം വലിയ ഉപദേശങ്ങളോ കരിയർ ക്ലാസുകളോ അല്ല. അവർ ചെയ്യുന്നത് എന്താണെന്ന് ശ്രദ്ധയോടെ കേൾക്കാൻ തയാറുള്ള രണ്ടു ചെവികളാണ്.
അല്ലെങ്കിൽ സ്നേഹത്തോടെയുള്ള ഒരു ചോദ്യം: ‘‘മോളേ/മോനേ... നിനക്ക് ശരിക്കും ഇഷ്ടം എന്താണ്?’’ അതിനുള്ള മറുപടിയിലുണ്ടാകും അവരുടെ യഥാർഥ വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്.