ആഡംബരത്തിന്റെ പര്യായമായ വിവാഹം, പപ്പടത്തിന് അടികൂടുന്ന കൂട്ടം: മോളി ആന്റി കണ്ട കാഴ്ചകൾ തുടരുന്നു Molly Aunty's Wedding Woes
‘ഇതൊരു സിനിമാറ്റിക് എൻട്രി ആണ് മോളീ’ കൂടെയിരുന്ന ശാന്തി രഹസ്യമായി പറഞ്ഞു. ‘‘ഒരു കടുവ റിങ്ങിലൂടെ ചാടുകയും ചെയ്താൽ മതി. കുറച്ചു കൂടി ഗ്രാൻഡ് ആകും.” ആന്റി പരിഹസിച്ചു.
‘ഇതൊരു സിനിമാറ്റിക് എൻട്രി ആണ് മോളീ’ കൂടെയിരുന്ന ശാന്തി രഹസ്യമായി പറഞ്ഞു. ‘‘ഒരു കടുവ റിങ്ങിലൂടെ ചാടുകയും ചെയ്താൽ മതി. കുറച്ചു കൂടി ഗ്രാൻഡ് ആകും.” ആന്റി പരിഹസിച്ചു.
‘ഇതൊരു സിനിമാറ്റിക് എൻട്രി ആണ് മോളീ’ കൂടെയിരുന്ന ശാന്തി രഹസ്യമായി പറഞ്ഞു. ‘‘ഒരു കടുവ റിങ്ങിലൂടെ ചാടുകയും ചെയ്താൽ മതി. കുറച്ചു കൂടി ഗ്രാൻഡ് ആകും.” ആന്റി പരിഹസിച്ചു.
ഉളുക്കിയ കണങ്കാലിലെ ക്രേപ്പ് ബാൻഡേജ് ഒന്ന് മുറുക്കി ചുറ്റി മോളി ആന്റി ഒന്നു നിവർന്നിരുന്നു.
കസേരയിൽ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതു പോലെയാണു തന്റെ അവസ്ഥയെന്നു മോളി ആന്റിക്കറിയാം. അതു മറച്ചു വയ്ക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് മോളി ആന്റി കസേരയിലിരുന്നു കല്യാണക്കാഴ്ചകൾ കാണുകയാണ്.
ആഡംബരത്തിന്റെ പര്യായമായ ആ റോസ്-ഗോൾഡ് എംബോസ്ഡ് അക്രിലിക് വിവാഹക്ഷണക്കത്തിൽ എഴുതിയിരുന്നത്: “The Union of Advait and Shanaya: A Week of Eternal Magic.”
പക്ഷേ, മാജിക് എന്നല്ല മഹാഅലമ്പ് എന്നാണ് മോളി ആന്റിക്കു തോന്നിയത്. സ്പീക്കറിൽ നിന്നുള്ള പാട്ടിനെ ശബ്ദബോംബ് എന്നു വിളിക്കാനാണു തോന്നിയത്. അതിന്റെ പ്രകമ്പനത്തിൽ കുടൽ പോലും പുറത്തു ചാടുമോയെന്നു തോന്നിപ്പോയി ആന്റിക്ക്.
ഈ ആഴ്ച തുടങ്ങിയത് തന്നെ ‘കളർ കോ ഓർഡിനേഷൻ പ്രോട്ടോക്കോൾ’ എന്ന പേരിലുള്ള പിഡിഎഫ് (PDF) ബ്രോഷറുമായാണ്. ഹൽദിക്ക് ‘സൺസെറ്റ് ഓക്ര’ (മഞ്ഞയുടെ വകഭേദം), മെഹന്തിക്ക് ‘മിന്റ് മൊജിറ്റോ’, സംഗീതിന് ‘സെലസ്റ്റിയൽ മിഡ്‌നൈറ്റ്’ എന്നിങ്ങനെ ഓരോ വേഷങ്ങൾ ധരിക്കണമത്രേ.
മനസ്സിനുള്ളിലെ നർത്തകി
സംഗീത് ചടങ്ങിൽ വിക്കി എന്ന കൊറിയോഗ്രഫറെ കണ്ടപ്പോൾ തന്നെ ആന്റിക്ക് കലിയിളകി. അറുപതുകഴിഞ്ഞവരുടെ വരെ ഉള്ളിലെ ഡാൻസറെ പുറത്തിറക്കാനുള്ള പുറപ്പാടിലാണ് വിക്കി.
പലരും ഒഴിഞ്ഞുമാറി. അതിനിടയിൽ ആരോ പറഞ്ഞു. മോളി ആന്റി പഴയ സ്കൂൾ കലാതിലകമാണെന്ന്. വിക്കി ആന്റിയുടെ നേരെ മുന്നിൽ വന്നു നിന്നു. ‘ആന്റി സംസാരിക്കുമ്പോൾ ചലനങ്ങളിൽ പോലുമുണ്ടു നൃത്തത്തിന്റെ ടച്ച്.’ പിന്നെയും പലതും പറഞ്ഞ് അവൻ ആന്റിയെ പുകഴ്ത്തിക്കൊണ്ടേയിരുന്നു.
പ്രശംസ ആർക്കാണിഷ്ടമല്ലാത്തത്? എന്നിട്ടും അതങ്ങ് അംഗീകരിക്കാൻ ആന്റിക്ക് മടി. ‘നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട്.’ എന്നു സന്തോഷം പുറത്തു കാണിക്കാതെ ആന്റി പ്രതികരിച്ചു.
എങ്കിലും അവൻ പറഞ്ഞതനുസരിച്ച് ഫാസ്റ്റ് നമ്പറിനൊപ്പം ചുവടു വച്ചു. അതോടെ ആന്റിയുടെ ഉള്ളിലെ കല ഉണർന്നു. തിലകം ഇളകി.
ഇടുപ്പു വെട്ടിച്ച് അൽപം ഉയർന്നു ചാടി ലാൻഡ് ചെയ്യുന്നതിനിടയിലാണ് ആ സംഭവം. ആന്റിയുടെ കാൽക്കുഴ ഇടറി. അപ്പോൾ മുതൽ കസേരയിൽ ബന്ധനസ്ഥയായ നിലയിലായി മോളി ആന്റിയുടെ കല്യാണക്കാഴ്ചകൾ.
വധുവിന്റെ വരവ്
ബ്രൈഡ്-ടു-ബി, ഗ്രൂം-ടു-ബി പാർട്ടികളിൽ മദ്യവും ബഹളവും ഒഴിച്ചാൽ വേറെ ഒന്നുമുണ്ടായിരുന്നില്ല. യഥാർഥ ‘സംഭവം’ നടന്നത് കല്യാണത്തിന്റെ തലേന്നാണ്. വധു ഷനായയും കൂട്ടുകാരുടെ സംഘവും കല്യാണതലേന്നെ ചെറുക്കന്റെ വീട്ടിലേക്കെത്തി.
‘താലികെട്ടിന് മുൻപേ ഇവളിവിടെ താമസം തുടങ്ങുകയാണോ?’ ആന്റി ചോദിച്ചത് അൽപം ഉറക്കെയായിപ്പോയി.
‘അയ്യോ ആന്റി, ഇതൊരു ‘പ്രീ-വൈബ് ഇന്റഗ്രേഷൻ സെഷൻ’ ആണ്!’ വരൻ അദ്വൈതിന്റെ അനിയത്തി മറുപടി നൽകി. ഈ ‘ഇന്റഗ്രേഷൻ’ പരിപാടിയിൽ ഡ്രോൺ ക്യാമറകൾ തലയ്ക്ക് മുകളിൽ മൂളിപ്പറക്കുമ്പോൾ ദമ്പതികൾ അവരുടെ ആദ്യ പ്രണയത്തെക്കുറിച്ചും പിണക്കങ്ങളെക്കുറിച്ചും പരസ്യമായി പറയണം.
വിവാഹദിവസം. മുഹൂർത്തം രാവിലെ 9 മണിക്ക്. എന്നാൽ ‘താരജോഡികൾ’ എത്തിയത് 10:30-ന്. സ്മോക്ക് മെഷീനുകൾ പുക തുപ്പുമ്പോൾ, പൂക്കൾ പീരങ്കിയിൽ നിന്ന് വെടിയുണ്ടകളെ പോലെ പറന്നിറങ്ങി. അതിനിടയിൽ, ചെക്കൻ ഇലക്ട്രിക് സ്കൂട്ടറിൽ എത്തി, ഹെവി മെറ്റൽ പാട്ടിനു ചുവടു വച്ചു പെണ്ണും. ഒരു ‘ഗ്രാൻഡ് എൻട്രി’ ആയി ഫ്ലയിങ് കിസ്സും കൊടുത്തു മണ്ഡപത്തിലേക്കു കടന്നു.
‘ഇതൊരു സിനിമാറ്റിക് എൻട്രി ആണ് മോളീ’ കൂടെയിരുന്ന ശാന്തി രഹസ്യമായി പറഞ്ഞു. ‘‘ഒരു കടുവ റിങ്ങിലൂടെ ചാടുകയും ചെയ്താൽ മതി. കുറച്ചു കൂടി ഗ്രാൻഡ് ആകും.” ആന്റി പരിഹസിച്ചു.
താലികെട്ടായിരുന്നു എല്ലാത്തിന്റെയും ക്ലൈമാക്സ്. അതിനു ശേഷം വിനയത്തോടെ തല കുനിക്കുന്നതിന് പകരം ഷനായ അദ്വൈതിന്റെ കുപ്പായത്തിനു കുത്തിപ്പിടിച്ച് ആഞ്ഞൊരു ചുംബനം. ഫൊട്ടോഗ്രഫർ ആവേശത്തോടെ നിലവിളിച്ചു: ‘സൂപ്പർ! ആ ലിപ്-ലോക്ക് ഒന്ന് കൂടി പിടിച്ചേ! ലൈറ്റിങ് പെർഫെക്റ്റ് ആണ്!’
മോളി ആന്റി കണ്ണുകൾ ഇറുക്കി അടച്ചു. സ്വന്തം കല്യാണത്തെക്കുറിച്ച് ഓർത്തു. പെട്ടെന്നൊരു അലർച്ച കേട്ട് ആന്റി തിരിഞ്ഞുനോക്കി. സ്വന്തം കല്യാണദിന ചിന്തകൾ അവിടെ കളഞ്ഞിട്ട് ആന്റി ലൈവ് അലമ്പിലേക്ക് ഫോക്കസ് ചെയ്തു. ഒരു കൂട്ടം ‘ഫ്രീക്കന്മാർ’ കേറ്ററിങ് സ്റ്റാഫുമായി ഗുസ്തി പിടിക്കുകയാണ്. കാരണം മറ്റൊന്നുമല്ല—പപ്പടം! ‘‘ഒരു പപ്പടത്തിനു വേണ്ടിയാണല്ലോ, ഈ ചെക്കന്മാർ വഴക്കുണ്ടാക്കുന്നത്.’’ തൊട്ടടുത്തു നിന്ന ശാന്തിയോട് ആന്റി പറഞ്ഞു. പക്ഷേ, അവരതു കേട്ടില്ല.
ഇൻസ്റ്റഗ്രാമിൽ തല്ലിന്റെ ലൈവ് ഇടുന്ന തിരക്കിലായിരുന്നു ശാന്തി.
‘ഞങ്ങളുടെ കാലത്തൊക്കെ പപ്പടം വേണമെന്നുണ്ടെങ്കിൽ വിളമ്പുന്നവനെ ഒന്ന് കണ്ണിറുക്കി കാണിച്ചാൽ മതിയായിരുന്നു. അല്ലാതെ സദ്യപ്പന്തലിൽ WWE കളിക്കുകയല്ല വേണ്ടത്.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടെ ആന്റിയുടെ ഇലയിൽ പപ്പടം വിളമ്പി മധ്യവയസ്കനായ കേറ്ററിങ് സ്റ്റാഫ് മുന്നോട്ട് നീങ്ങി. ചുറ്റും നടക്കുന്ന ബഹളങ്ങളിലൊന്നും ഉലയാതെ പ്രസന്നമുഖഭാവത്തോടെയാണു വിളമ്പൽ. ആ പൊസിറ്റിവിറ്റി ആന്റിക്ക് ഇഷ്ടമായി.
പപ്പടം നേടിയ പുഞ്ചിരി
പന്തിയുടെ അങ്ങേയറ്റം വരെ വിളമ്പി തിരികെ വരുന്ന അയാളെ ആന്റി ശ്രദ്ധിച്ചു. വെറുതേ പുഞ്ചിരിച്ചു. അയാളും ആന്റിയെ ശ്രദ്ധിച്ചു. ചെറുചിരിയോടെ അനുവാദം ചോദിക്കാതെ ആന്റിയുടെ ഇലയിലേക്ക് ഒരു പപ്പടം കൂടി വിളമ്പി. ‘അയ്യോ.. വേണ്ടായിരുന്നു’ എന്ന് പറഞ്ഞെങ്കിലും അയാളതു കേൾക്കാത്ത മട്ടിൽ മുന്നോട്ട് നീങ്ങി.
‘ഓ, യുവർ സ്മൈൽ സ്റ്റിൽ ബ്രിങ്സ് ഗുഡ് വൈബ്സ്’ രണ്ടാമത്തെ പപ്പടം ചൂണ്ടി ശാന്തിയുടെ കമന്റ്. ആന്റി അതിനു മറുപടിയൊന്നും പറഞ്ഞില്ല. പിന്നെയും മധുരമായി പുഞ്ചിരിച്ചു. അപ്പോൾ ആന്റിയുടെ മനസ്സിൽ കാലം പിന്നോട്ടോടി. പട്ടുപാവാടയിട്ടൊരു പെൺകുട്ടി ഒാർമപ്പടവുകളിറങ്ങി വന്നു. അന്നൊക്കെ കല്യാണ സദ്യ കഴിഞ്ഞ് കൈ കഴുകാനുള്ള ക്യൂവിൽ നിൽക്കുന്നതു പോലും ചെറുസംഭാഷണങ്ങൾക്കുള്ള അവസരമായിരുന്നു. അതെല്ലാം ഓർത്തപ്പോൾ ആന്റിയുടെ മനസ്സു സങ്കടത്തിന്റെ പൊട്ട് തൊട്ട പോലെ ഇരുണ്ടു.
പക്ഷേ, അതൊരു നെഗറ്റിവിറ്റിയായി വളരാൻ അനുവദിച്ചില്ല. ‘ഓർക്കാൻ ഒന്നുമില്ലാത്തവരേക്കാൾ എത്ര സമ്പന്നരാണ് നഷ്ടമായ ഓർമകളെങ്കിലും സ്വന്തമായുള്ളവർ.’ ആ പൊസിറ്റീവ് തൂവാല കൊണ്ട് ആന്റി ആ സങ്കടപ്പൊട്ട് മായ്ച്ചു കളഞ്ഞു.
ആ തിരക്കിനിടയിലും വരന്റെ അനിയത്തി വീൽചെയറുമായി ഒരാളെ ആന്റിയെ സഹായിക്കാൻ വിട്ടിരുന്നു. ചക്രങ്ങളുരുണ്ടു, ഒപ്പം ആന്റിയുടെ ചിന്തകളും. കാലം മാറി. ജീവിതം ഒരു പെർഫോമൻസ് ആയി മാറിയോ? ഇതെന്താ ഇന്ന് ഇങ്ങനെയൊക്കെ തോന്നാൻ.
പാലട പ്രഥമനിൽ തത്വചിന്തയുടെ ക്യാപ്സൂൾ വല്ലതും ചേർത്തിട്ടുണ്ടാകുമോ? അങ്ങനെ സ്വയം പുച്ഛിച്ച് ഉള്ളാലെ ചിരി നുണഞ്ഞ്, മോളി ആന്റി ഒറ്റക്കാലിൽ ചാടിച്ചാടി കാറിലേക്കു കയറി.