‘അതിരാവിലെ ഈച്ചകൾക്കും ഉറുമ്പുകൾക്കും ഓണസദ്യ വിളമ്പും, ഇത് വെറുമൊരു ഭക്ഷണം മാത്രമല്ല’: ഡോ.സി.ഗണേഷ് എഴുതുന്നു The Rich History and Traditions of Onam Sadhya
ഓണസദ്യ എന്നത് കേരളത്തിൻ്റെ സാംസ്കാരിക ജീവിതത്തിലെ ഒരു പ്രധാന ആഘോഷമാണ്. ഇതിൻ്റെ ചരിത്രപരവും സാമൂഹികവും ആത്മീയവുമായ തലങ്ങൾ ലേഖനം വിശദീകരിക്കുന്നു. പുരാതന കാലം മുതൽക്കേ ഓണത്തോടൊപ്പം സദ്യയുണ്ടായിരുന്നതായും, വിവിധ പ്രദേശങ്ങളിൽ ഇതിന് പ്രാദേശിക വ്യത്യാസങ്ങൾ നിലവിലുണ്ടെന്നും പ്രതിപാദിക്കുന്നു. വിളമ്പുന്നതിലും കഴിക്കുന്നതിലുമുള്ള ചിട്ടയായ ക്രമങ്ങളും, പ്രകൃതിയോടും ദേവതകളോടുമുള്ള നന്ദിപ്രകടനമായി കണക്കാക്കുന്ന അനുബന്ധ ആചാരങ്ങളും വിവരിക്കുന്നു. കാലത്തിനനുസരിച്ച് ഓണസദ്യയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, അതിൻ്റെ പാരമ്പര്യവും പ്രാധാന്യവും ഇന്നും നിലനിൽക്കുന്നു.
ഓണസദ്യ എന്നത് കേരളത്തിൻ്റെ സാംസ്കാരിക ജീവിതത്തിലെ ഒരു പ്രധാന ആഘോഷമാണ്. ഇതിൻ്റെ ചരിത്രപരവും സാമൂഹികവും ആത്മീയവുമായ തലങ്ങൾ ലേഖനം വിശദീകരിക്കുന്നു. പുരാതന കാലം മുതൽക്കേ ഓണത്തോടൊപ്പം സദ്യയുണ്ടായിരുന്നതായും, വിവിധ പ്രദേശങ്ങളിൽ ഇതിന് പ്രാദേശിക വ്യത്യാസങ്ങൾ നിലവിലുണ്ടെന്നും പ്രതിപാദിക്കുന്നു. വിളമ്പുന്നതിലും കഴിക്കുന്നതിലുമുള്ള ചിട്ടയായ ക്രമങ്ങളും, പ്രകൃതിയോടും ദേവതകളോടുമുള്ള നന്ദിപ്രകടനമായി കണക്കാക്കുന്ന അനുബന്ധ ആചാരങ്ങളും വിവരിക്കുന്നു. കാലത്തിനനുസരിച്ച് ഓണസദ്യയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, അതിൻ്റെ പാരമ്പര്യവും പ്രാധാന്യവും ഇന്നും നിലനിൽക്കുന്നു.
ഓണസദ്യ എന്നത് കേരളത്തിൻ്റെ സാംസ്കാരിക ജീവിതത്തിലെ ഒരു പ്രധാന ആഘോഷമാണ്. ഇതിൻ്റെ ചരിത്രപരവും സാമൂഹികവും ആത്മീയവുമായ തലങ്ങൾ ലേഖനം വിശദീകരിക്കുന്നു. പുരാതന കാലം മുതൽക്കേ ഓണത്തോടൊപ്പം സദ്യയുണ്ടായിരുന്നതായും, വിവിധ പ്രദേശങ്ങളിൽ ഇതിന് പ്രാദേശിക വ്യത്യാസങ്ങൾ നിലവിലുണ്ടെന്നും പ്രതിപാദിക്കുന്നു. വിളമ്പുന്നതിലും കഴിക്കുന്നതിലുമുള്ള ചിട്ടയായ ക്രമങ്ങളും, പ്രകൃതിയോടും ദേവതകളോടുമുള്ള നന്ദിപ്രകടനമായി കണക്കാക്കുന്ന അനുബന്ധ ആചാരങ്ങളും വിവരിക്കുന്നു. കാലത്തിനനുസരിച്ച് ഓണസദ്യയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, അതിൻ്റെ പാരമ്പര്യവും പ്രാധാന്യവും ഇന്നും നിലനിൽക്കുന്നു.
ഓണമെന്നാൽ ഓണസദ്യയുടെ രുചിയനുഭവങ്ങൾ കൂടിയാണ്. എന്നാൽ ഓണസദ്യയുടെ ചരിത്രത്തെക്കുറിച്ചും വ്യത്യസ്ത രീതികളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൂടിയൊന്നു മനസ്സിലാക്കിയാലോ... മലയാളസർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറും എഴുത്തുകാരനുമായ ഡോ.സി.ഗണേഷ് ‘ഓണസദ്യ: രുചിയുടെ പൂർണ്ണാനുഭവത്തിലേക്ക്’ എന്ന പേരിൽ ‘വനിത ഓൺലൈനു’ വേണ്ടി സദ്യവിശേഷങ്ങൾ എഴുതിയതു വായിക്കാം. ലേഖകൻ ഓണത്തെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
ഓണാഘോഷമെന്നാൽ ആചാരവും ചടങ്ങുകളും മറ്റുമായി പലതും ചേർന്നതാണ്, എന്നാൽ അതിന്റെ കേന്ദ്രബിന്ദു ഓണസദ്യയല്ലാതെ മറ്റെന്താണ് ? തിരുവോണത്തിന് ഉച്ചയ്ക്ക് നടക്കുന്ന ഈ സദ്യ മലയാളികളുടെ സാംസ്കാരിക ജീവിതത്തിലെ ഏറ്റവും വലിയ ഒത്തുചേരലാണ്. ഇത് വെറുമൊരു ഭക്ഷണമല്ല, കേരളത്തിന്റെ പാരമ്പര്യത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സമഗ്രമായ പ്രതിഫലനമാണ്.
‘സദ്യ’ എന്ന പദത്തിന്റെ അർത്ഥം കാലത്തിനനുസരിച്ച് മാറിയിട്ടുണ്ട്. പ്രസിദ്ധ ജർമൻഭാഷാപണ്ഡിതൻ ഹെർമൻ ഗുണർട്ട് തന്റെ നിഘണ്ടുവിൽ (1872) സദ്യയെ ‘ഒരു ബ്രാഹ്മണന്റെ ദൈനംദിന ഭക്ഷണം’ എന്നാണ് നിർവചിച്ചിരിക്കുന്നത്. അതായത്, അക്കാലത്ത് സാധാരണ ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായും ബ്രാഹ്മണർക്ക് മാത്രം ലഭ്യമായതുമായ ആഹാരത്തെയാണ് സദ്യ എന്ന് വിളിച്ചിരുന്നത്. എന്നാൽ 1997-ലെ കേരളഭാഷാ നിഘണ്ടു ഈ നിർവചനത്തിന് വ്യാപകമായ അർത്ഥം നൽകുന്നു: ‘പലയാളുകൾ ഒന്നിച്ചിരുന്ന് കഴിക്കുന്ന വിരുന്ന്’. ഇംഗ്ലീഷിലെ ‘ഫീസ്റ്റ്’ (Feast) എന്ന പദം സദ്യയുടെ പൂർണ്ണാർത്ഥത്തെ പ്രതിനിധീകരിക്കുന്നില്ല. സദ്യ എന്നത് കേവലം സമൃദ്ധമായ ഭക്ഷണം മാത്രമല്ല; അതിൽ സാംസ്കാരികവും ആത്മീയവുമായ തലം കൂടിയുണ്ട്.
ഓണം കേരളത്തിനു മാത്രം പരിമിതമായിരുന്നില്ല, പുരാതന തമിഴ്നാട്ടിലും (ഇന്നത്തെ തമിഴ്നാട്, ആന്ധ്രാപ്രദേശിലെ തിരുപ്പതി പോലുള്ള ചില പ്രദേശങ്ങൾ ഉൾപ്പെടെ) വ്യാപകമായി ആഘോഷിക്കപ്പെട്ടിരുന്ന ഒരു സാംസ്കാരിക ഉത്സവമായിരുന്നുവെന്ന് സംഘകാലകൃതിയായ മധുരൈകാഞ്ചി വ്യക്തമാക്കുന്നുണ്ട്. ഏതാണ്ട് രണ്ടായിരംവർഷം മുൻപെഴുതിയ ഈ കൃതിയിൽ എണ്ണിയാൽ തീരാത്ത വിഭവങ്ങൾകൊണ്ട് ഓണസദ്യ നടത്തുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നു. മാത്രമല്ല, അതൊരു സാമൂഹികസദ്യയായിരുന്നു എന്നാണ് പറയുന്നത്. ഇത് ദ്രാവിഡ സംസ്കാരത്തിന്റെ പങ്കുവയ്ക്കപ്പെട്ട പൈതൃകത്തിന്റെ തെളിവായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.
സാധാരണ സദ്യകളിൽ നിന്ന് ഓണസദ്യയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ഏറെയുണ്ട്. ഒന്നാമത്തേത്, വിഭവങ്ങളുടെ എണ്ണമാണ്. കേരളത്തിന്റെ പാരമ്പര്യ ഓണസദ്യയിൽ 64 കൂട്ടം വിഭവങ്ങളായിരുന്നുവെന്നാണ് ഇളംകുളം കുഞ്ഞൻപിള്ളയെപ്പോലുള്ളവർ പറയുന്നത്. ഇന്നത്തെ ഒരു ഓണസദ്യയിൽ ഇരുപതിലേറെ വിഭവങ്ങൾ ഉണ്ടാകും. പപ്പടം, ഉപ്പേരികൾ (ശർക്കര ഉപ്പേരി, വെള്ള ഉപ്പേരി, ചേന, ചേമ്പ്), പഴം നുറുക്ക്, ഇഞ്ചിക്കറി, ഉപ്പിലിട്ടത് (പാവക്ക, നാരങ്ങ, മാങ്ങ), കിച്ചടി, പച്ചടി, തോരൻ, അവിയൽ, സാമ്പാർ, ഓലൻ, കാളൻ, പുളിശ്ശേരി, രസം, മോർ, കൂട്ടുകറി, പരിപ്പ്, നെയ്യ്, പായസം (പലതരം) എന്നിവയാണ് പ്രധാന വിഭവങ്ങൾ.
രണ്ടാമത്തെ പ്രത്യേകത ആചാരപരമായ ക്രമമാണ്. തിരുവോണം നാളിൽ, ഉച്ചയ്ക്ക് മുമ്പ് ആദ്യം ഓണത്തപ്പന് (മാവേലി) സദ്യ നിവേദിച്ചശേഷമാണ് വീട്ടുകാർ ഭക്ഷണം കഴിക്കുന്നത്. വീടിന്റെ കന്നിമൂലയിൽ നിലവിളക്ക് കൊളുത്തി എല്ലാ വിഭവങ്ങളും കുറച്ചുവീതം നാക്കിലയിൽ നിരത്തുന്നത് പിതൃക്കൾക്ക് വേണ്ടിയാണ്. തുടർന്നാണ് കുടുംബാംഗങ്ങൾക്കുള്ള വിളമ്പൽ.
വിളമ്പൽ രീതിയും ക്രമവും
ഓണസദ്യയുടെ വിളമ്പൽ രീതി വളരെ ചിട്ടയോടെയാണ്. വാഴയില തറയിൽ വിരിച്ച്, തുമ്പ് (ഇലയുടെ ചെറിയ അറ്റം) ഇരിക്കുന്നയാളുടെ ഇടതുഭാഗത്ത് വരത്തക്കവിധം വെക്കണം. ഇടത്തുനിന്ന് വലത്തോട്ടാണ് വിളമ്പുന്നത്. ഇലയുടെ ആദ്യ പകുതിയിൽ തൊടുകറികളും രണ്ടാം പകുതിയിൽ ചോറും വിളമ്പും. വിളമ്പുന്നതിന്റെ ക്രമം ഇപ്രകാരമാണ്: ആദ്യം, ശർക്കര ഉപ്പേരി, ഏത്തക്കായ ഉപ്പേരി, പപ്പടം, പഴം എന്നിവ ഇലയുടെ തുമ്പത്ത് താഴെ രണ്ടാം പകുതിയിൽ വിളമ്പും.പിന്നീടാണ് കറികൾ വിളമ്പുക. അതിൽ ആദ്യം ഇഞ്ചിക്കറി, പിന്നീട് ഉപ്പിലിട്ടത്, പലതരം കിച്ചടികൾ, മധുരക്കറി, തോരൻ, അവിയൽ എന്നിങ്ങനെ. ചോറിന് മുകളിൽ ഒഴിക്കുന്ന കറികളാണ് സാമ്പാർ, പുളിശ്ശേരി, രസം, മോർ എന്നിവ. സാമ്പാർ സാധാരണയായി ചോറിന് നടുവിലാണ് ഒഴിക്കുന്നത്.
സദ്യ കഴിക്കുന്നതിനും ഒരു ക്രമമുണ്ട്. ആദ്യം നെയ്യും പരിപ്പും കൂട്ടി ചോറ് കഴിക്കണം. ഇത് ദഹനത്തിന് നല്ലതായി കരുതുന്നു. ഇതിനൊപ്പം പപ്പടവും കഴിക്കാം. പിന്നീട് സാമ്പാർ ചേർത്ത് കഴിക്കാം. തുടർന്ന് പുളിശ്ശേരി, ഓലൻ, കാളൻ, ഒടുവിൽ പായസം.
അവസാനം ഊണു കഴിഞ്ഞ് ഇല മടക്കുന്നതിനും രീതിയുണ്ട്. സദ്യ ഇഷ്ടപ്പെട്ടു എന്ന് സൂചിപ്പിക്കാൻ ഇല മുകളിൽ നിന്നും താഴേക്കായി മടക്കുന്നു. പായസം കഴിച്ച ശേഷം കുറച്ച് ചോറ് തൈരോ മോരോ കൂട്ടി കഴിക്കുന്നത് ആയുർവേദപ്രകാരമാണെന്ന് പറയുന്നു.
തിരുവോണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ അതിരാവിലെ തന്നെ തുടങ്ങും. തീക്കുറ്റിയിൽ അരി കലത്തിലിടും മുമ്പ് ഒരു നുള്ള് അരി അഗ്നിദേവനും, മറ്റൊരു നുള്ള് അന്നപൂർണേശ്വരിക്കും സമർപ്പിക്കും. പിന്നീട് കാക്കയ്ക്കും ഉറുമ്പിനുമുള്ള വിഭവമായി അരിപ്പൊടി കോലങ്ങൾ വീടിന്റെ പലഭാഗങ്ങളിലും പതിപ്പിക്കും - ഇത് ഐശ്വര്യത്തിന്റെ പ്രതീകമായി കരുതുന്നു. ഈ പ്രവൃത്തി പ്രകൃതിയോടും ദേവതകളോടുമുള്ള കൃതജ്ഞതാപ്രകടനമാണ്.
പ്രാദേശിക വ്യത്യാസങ്ങൾ
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓണസദ്യയ്ക്ക് പ്രാദേശിക വ്യത്യാസങ്ങളുണ്ട്. തിരുവിതാംകൂർ രീതിയിൽ സാധാരണയായി 15 കൂട്ടം കറികളാണ് ഉണ്ടാകുക. ഇവിടെ തൊടുകറികൾ ഒരു തവണ മാത്രമേ വിളമ്പൂ. എന്നാൽ തിരുവനന്തപുരം ജില്ല വിട്ടാൽ മറ്റു പ്രദേശങ്ങളിൽ ഇടക്കിടെ വിളമ്പും. കൂടാതെ, ചേരുവകളിലും വ്യത്യാസമുണ്ട്. ഉത്തര കേരളത്തിൽ പുളിശ്ശേരിക്ക് പകരം കാളനാണ് പ്രധാനം. ചിലപ്പോൾ കാളനെ കുറുക്കുകാളനാക്കി തൊടുകറിയായും വിളമ്പാറുണ്ട്. മധുരക്കറി, രസം തുടങ്ങിയ വിഭവങ്ങൾ പിന്നീട് കടന്നുവന്നതാണ്.
തൃക്കാക്കര ക്ഷേത്രത്തിലെ ഓണസദ്യ പ്രത്യേക പരാമർശമർഹിക്കുന്നു. ഇവിടെ ചിങ്ങമാസത്തിലെ അത്തം മുതൽ തുടങ്ങുന്ന പത്തുദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി ഉത്രാടത്തിനും തിരുവോണത്തിനും വൻ സദ്യ നൽകുന്നു. തൊണ്ണൂറുകളിൽ ക്ഷേത്ര വനക്കാർക്കും കച്ചവടക്കാർക്കും ആനക്കാർക്കും വേണ്ടി ആരംഭിച്ച ഈ സദ്യ ഇപ്പോൾ 20,000-ത്തിലധികം ആളുകൾക്ക് വിളമ്പുന്ന ഒരു വലിയ പരിപാടിയായി മാറിയിരിക്കുന്നു.
ഓണസദ്യയുടെ കാര്യത്തിൽ കേരളത്തിന്റെ വിവിധഭാഗങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. തെക്കൻ കേരളത്തിൽ ഓണസദ്യക്ക് സസ്യഭക്ഷണമേ ഉപയോഗിക്കാറുള്ളൂ.എന്നാൽ വടക്കൻ കേരളത്തിൽ ചില വിഭാഗക്കാർക്ക് സദ്യയിൽ സസ്യേതരഭക്ഷണം നിർബന്ധം!
അനുബന്ധ ആചാരങ്ങൾ
ഓണസദ്യയുമായി ബന്ധപ്പെട്ട് രസകരമായ ആചാരമാണ് അന്തർജനസദ്യ. തിരുവോണത്തിന് ശേഷമുള്ള ദിവസം നമ്പൂതിരിസ്ത്രീകൾക്ക് പ്രത്യേക സദ്യ നൽകുന്ന പതിവുണ്ട്. ഇതിൽ പഴം നുറുക്ക്, ഉരുളിയിൽ വെന്തുതുടങ്ങിയ ഉണക്കലരി, ശർക്കര, നെയ്യ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു പ്രത്യേക വിഭവം പ്രധാനമാണ്.
അതിരാവിലെ ഈച്ചകൾക്കും ഉറുമ്പുകൾക്കും സദ്യ നൽകുന്ന ചടങ്ങുണ്ട്. വറുത്ത അരി, തേങ്ങ, ശർക്കര എന്നിവ കൂട്ടിക്കുഴച്ച് വാഴയിലക്കീറിൽ വിഷ്ണുവിനെ മനസ്സിൽ ധ്യാനിച്ച് വെക്കുന്നു. ഇത് പറമ്പിന്റെയും വീടിന്റെയും നാലു മൂലകളിലും സ്ഥാപിക്കും. ഇത് സർവ്വജീവകരുണയുടെ പ്രതീകമാണ്.
കാലം മാറിയതോടെ ഓണസദ്യയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പല വീടുകളിലും ഇപ്പോൾ ഹോട്ടലുകളിൽ നിന്ന് സദ്യ ഓർഡർ ചെയ്യുന്നു. എന്നിരുന്നാലും, പരമ്പരാഗതമായ രീതിയിൽ വീടുകളിൽ തന്നെ സദ്യ ഒരുക്കുന്നവരും കുറവല്ല. ചില കുടുംബങ്ങൾ തൃക്കാക്കര പോലുള്ള ക്ഷേത്രങ്ങളിലെ കൂട്ടസദ്യയിൽ പങ്കെടുക്കുന്നു. പാചകത്തിന്റെ കാര്യത്തിലും ലഘുവായ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, 20-ലേറെ വിഭവങ്ങളുള്ള പരമ്പരാഗത സദ്യയുടെ പ്രാധാന്യവും ആഘോഷമനസ്സും ഇന്നും നിലനിൽക്കുന്നു.
പാരമ്പര്യത്തിന്റെ പ്രാധാന്യം
ഓണസദ്യ കേരളത്തിന്റെ സാംസ്കാരിക ഐക്യത്തിന്റെ ചിഹ്നമാണ്. വ്യത്യസ്ത ജാതി-മത വിശ്വാസികൾ ഒരുമിച്ച് ആസ്വദിക്കുന്ന ഈ വിരുന്നിന് സാമൂഹികസമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശമുണ്ട്. ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളും വിളമ്പൽ രീതികളും നമ്മുടെ പൂർവ്വികരുടെ ജീവിതശൈലിയും ആരോഗ്യശാസ്ത്രവും വെളിവാക്കുന്നു. വാഴയില, ഇരിപ്പിടം, വിഭവങ്ങളുടെ ക്രമം - എല്ലാത്തിനും ശാസ്ത്രീയവും ആത്മീയവുമായ അടിത്തറയുണ്ട്.
എല്ലാ വർഷവും ചിങ്ങത്തിൽ ആവർത്തിക്കുന്ന ഈ അനുഭവം, മലയാളിയുടെ മനസ്സിൽ ‘വീട്ടിലേക്കുള്ള തിരിച്ചുവരവി’ന്റെ ഓർമ്മ പുതുക്കുന്നു. ജോലിയുടെ തിരക്കുകൾക്കിടയിലും ഓണസദ്യയ്ക്ക് മിക്കവാറും എല്ലാ കുടുംബങ്ങളും ഒത്തുചേരും. ഇതാണ് ഓണസദ്യയുടെ പ്രസക്തി - അത് കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്, ഇന്നും മലയാളിയുടെ സ്വത്വത്തിന്റെ ഭാഗമായി നിലകൊള്ളുന്നു. ഓണസദ്യയുടെ ഈ പാരമ്പര്യം വരും തലമുറകൾക്കും കൈമാറപ്പെടണമെന്നാണ് ആഗ്രഹം.