‘കണ്ണിറുക്കി ചിരിച്ച് വേഗത്തിൽ നടന്നു പോകുന്ന ഉരുളികുന്നത്തുകാരൻ കറിയാച്ചന്’: ജയറാം സ്വാമി എഴുതുന്നു Documentary 'Zacharia' Explores the Life and Works of Malayalam Author
പ്രമുഖ മലയാള എഴുത്തുകാരൻ സക്കറിയയുടെ ജീവിതയാത്രയും സംഭാവനകളും ആസ്പദമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത 'സക്കറിയ' എന്ന ഡോക്യുമെന്ററി അദ്ദേഹത്തിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, പ്രകൃതിയോടുള്ള സ്നേഹം, സാഹിത്യപരമായ പരിണാമം എന്നിവയെക്കുറിച്ചും സംസാരിക്കുന്നു. ഉരുളികുന്നം എന്ന തൻ്റെ ജന്മനാടിനോടുള്ള അഭേദ്യമായ ബന്ധം, വിവിധ നഗരങ്ങളിലൂടെയുള്ള അദ്ദേഹത്തിൻ്റെ സഞ്ചാരം, ഒ.വി. വിജയൻ, എം. മുകുന്ദൻ തുടങ്ങിയ പ്രമുഖരുമായുള്ള ബന്ധം എന്നിവയെല്ലാം ഈ ഡോക്യുമെന്ററിയിൽ വിഷയമാകുന്നു. ഇതിലൂടെ സക്കറിയയുടെ ഡിജിറ്റൽ ബയോഗ്രഫി പ്രേക്ഷകരിലേക്ക് എത്തുന്നു.
പ്രമുഖ മലയാള എഴുത്തുകാരൻ സക്കറിയയുടെ ജീവിതയാത്രയും സംഭാവനകളും ആസ്പദമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത 'സക്കറിയ' എന്ന ഡോക്യുമെന്ററി അദ്ദേഹത്തിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, പ്രകൃതിയോടുള്ള സ്നേഹം, സാഹിത്യപരമായ പരിണാമം എന്നിവയെക്കുറിച്ചും സംസാരിക്കുന്നു. ഉരുളികുന്നം എന്ന തൻ്റെ ജന്മനാടിനോടുള്ള അഭേദ്യമായ ബന്ധം, വിവിധ നഗരങ്ങളിലൂടെയുള്ള അദ്ദേഹത്തിൻ്റെ സഞ്ചാരം, ഒ.വി. വിജയൻ, എം. മുകുന്ദൻ തുടങ്ങിയ പ്രമുഖരുമായുള്ള ബന്ധം എന്നിവയെല്ലാം ഈ ഡോക്യുമെന്ററിയിൽ വിഷയമാകുന്നു. ഇതിലൂടെ സക്കറിയയുടെ ഡിജിറ്റൽ ബയോഗ്രഫി പ്രേക്ഷകരിലേക്ക് എത്തുന്നു.
പ്രമുഖ മലയാള എഴുത്തുകാരൻ സക്കറിയയുടെ ജീവിതയാത്രയും സംഭാവനകളും ആസ്പദമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത 'സക്കറിയ' എന്ന ഡോക്യുമെന്ററി അദ്ദേഹത്തിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, പ്രകൃതിയോടുള്ള സ്നേഹം, സാഹിത്യപരമായ പരിണാമം എന്നിവയെക്കുറിച്ചും സംസാരിക്കുന്നു. ഉരുളികുന്നം എന്ന തൻ്റെ ജന്മനാടിനോടുള്ള അഭേദ്യമായ ബന്ധം, വിവിധ നഗരങ്ങളിലൂടെയുള്ള അദ്ദേഹത്തിൻ്റെ സഞ്ചാരം, ഒ.വി. വിജയൻ, എം. മുകുന്ദൻ തുടങ്ങിയ പ്രമുഖരുമായുള്ള ബന്ധം എന്നിവയെല്ലാം ഈ ഡോക്യുമെന്ററിയിൽ വിഷയമാകുന്നു. ഇതിലൂടെ സക്കറിയയുടെ ഡിജിറ്റൽ ബയോഗ്രഫി പ്രേക്ഷകരിലേക്ക് എത്തുന്നു.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുടെ എഴുത്തും ജീവിതവും ആസ്പദമാക്കി ഷൈനി ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘സക്കറിയ’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് ‘ഉരുളികുന്നത്തിന്റെ ബയോപിക്’ എന്ന പേരിൽ പ്രശസ്ത കഥാകൃത്തും മാധ്യപ്രവർത്തകനുമായ ജയറാം സ്വാമി ‘വനിത ഓൺലൈനിൽ’ എഴുതിയ ലേഖനം വായിക്കാം:
ഏത് വിശുദ്ധ ഗ്രന്ഥത്തെക്കാളും വിശുദ്ധമായ ഗ്രന്ഥമായി സക്കറിയ കാണുന്നത് ‘സെൽബോണിന്റെ പ്രകൃതി ചരിത്രം’ എന്ന പുസ്തകമാണ്. ഇംഗ്ലണ്ടിലെ സെൽബോൺ എന്ന കുഗ്രാമത്തിലേക്ക് നടത്തിയ യാത്ര ഹൃദയത്തിൽ നിന്നുയർന്ന തീർത്ഥയാത്രയാണ് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
230 വർഷങ്ങൾക്ക് മുൻപ് 73 ആം വയസിൽ മരിച്ചു പോയ ഗിൽബർട്ട് വൈറ്റ് എന്നയാൾ എഴുതിയ കുറിപ്പുകളാണ് ‘സെൽബോണിന്റെ പ്രകൃതി ചരിത്രം’ എന്ന പുസ്തകമായത്. തന്റെ ഗ്രാമത്തിൽ പൂക്കൾ വിരിയുന്ന സമയം, പക്ഷികൾ സംഘം ചേരുന്നത്, മഞ്ഞു കാലത്തിനു ശേഷം അവ പാടിത്തുടങ്ങുന്നത്, പൂമ്പാറ്റകളുടെയും മണ്ണിരകളുടെയും ചിലന്തിയുടെയും രീതികൾ, മേഘങ്ങളുടെ നീക്കങ്ങൾ, മഴ വരുന്ന വഴി എന്നിങ്ങനെ പ്രകൃതിയുടെ ചെറിയ ചെറിയ ഇലയനക്കങ്ങളെയാണ് ഗിൽബർട്ട് വൈറ്റ് ആ പുസ്തകത്തിൽ രേഖപ്പെടുത്തിവച്ചിരിക്കുന്നത്.
മനസ് വിഷമിക്കുമ്പോൾ മാത്രമല്ല, ആനന്ദം കൊണ്ടു നിറയുമ്പോഴും അതെടുത്ത് ഏതെങ്കിലുമൊരു താൾ തുറന്ന് കുറച്ചു നേരം വായിക്കും എന്ന് സക്കറിയ പറഞ്ഞിട്ടുണ്ട്. കാതങ്ങൾക്കിപ്പുറം കാലങ്ങൾക്കുമിപ്പുറം മറ്റൊരു കുഗ്രാമത്തിൽ വളർന്നതു കൊണ്ടായിരിക്കണം തനിക്ക് അത്തരമൊരു താദാത്മ്യം ഉണ്ടാകുന്നതെന്ന് സക്കറിയ കരുതുന്നു. അതുകൊണ്ടാണല്ലോ തന്റെ ജന്മദേശമായ ഉരുളികുന്നം തന്റെ ഉൾഭൂമിശാത്രമാണെന്ന് അദ്ദേഹം പറയുന്നത്.
സക്കറിയ ഉരുളികുന്നംകാരനല്ലാതായിട്ട് വർഷങ്ങളായി. ആ കുഗ്രാമത്തിൽ നിന്ന് മൈസൂർ, ബാംഗ്ലൂർ, കോയമ്പത്തൂർ, ഡൽഹി വഴി തിരുവനന്തപുരത്ത് എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിത യാത്രയാണ് ‘സക്കറിയ’ എന്ന പേരിൽ ഡോക്യുമെന്ററി ആയിരിക്കുന്നത്. ‘എന്നെ ഈ ലോകത്തേക്ക് ഒരുക്കിവിട്ട ഉരുളികുന്നം എന്റെയൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞതിന്റെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചലച്ചിത്രം. ഏറ്റവും പുതിയതിന് ഒരു ചുവട് മുന്നേ സഞ്ചരിക്കുന്ന സക്കറിയയുടെ എഴുത്തും രാഷ്ട്രീയവും ജീവിതവും ചേർന്ന ഈ ഡോക്യുമെന്ററി അദ്ദേഹത്തിന്റെ ഡിജിറ്റൽ ബയോഗ്രഫിയാണ്. ഡോക്യുമെന്ററി മേഖലയിൽ അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങളും ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഷൈനി ബഞ്ചമിനാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. അച്ചു ഉള്ളാട്ടിൽ, കെ. എം.ഗഫൂർ എന്നിവരാണ് നിർമ്മാതാക്കൾ.
പതിനാറാം വയസിൽ, 1961 ലാണ് സക്കറിയ ഉരുളികുന്നത്ത് നിന്ന് പോകുന്നത്. തകരപ്പെട്ടിയും കിടക്കയുമായി അതിരാവിലെ കെ.എം.എസ് ബസിൽ പാലായിലെത്തി, അവിടുന്ന് അടുത്ത ബസിൽ ഏറ്റുമാന്നൂരെത്തി, ബസ് മാറിക്കയറി എറണാകുളത്തെത്തി. പിന്നൊരു ബസിൽ കൊച്ചിൻ ഹാർബർ ടെർമിനലിലെത്തി, ട്രെയിനിൽ ജോലാർപ്പേട്ടയിലെത്തി. ആ കമ്പാർട്ട്മെൻറ് വേറൊരു ട്രെയിനിൽ കെട്ടിവലിച്ച് ബാംഗ്ലൂരെത്തി, അടുത്ത വണ്ടിയിൽ, കണ്ണിലും മൂക്കിലും മുടിയിലും ഉടുപ്പിലും കരി നിറഞ്ഞ് മൈസൂർ എത്തുമ്പോൾ പിറ്റേന്ന് വൈകുന്നേരമായി. ഡോക്യുമെന്ററിയിൽ സക്കറിയ ഇക്കാര്യം ഓർത്തെടുക്കുമ്പോൾ പശ്ചാത്തലമാകുന്നത് ഒരു നരുന്ത് പയ്യന്റെ പെടാപ്പാടിന്റെ ഡിജിറ്റൽ സ്‌കെച്ചുകളാണ്.
എഴുത്തുകാരനായ പ്രദീപ് പനങ്ങാടുമായി നടത്തിയ സംഭാഷങ്ങളിലൂടെയാണ് സക്കറിയ ഭൂതകാലം വിവരിക്കുന്നത്. അതിന് പശ്ചാത്തലമാകുന്നത് ഡിജിറ്റൽ ഇമേജുകളും. വിഷ്വൽ ക്രിയേറ്റിവ് ഡയറക്റ്ററായ റാസി മുഹമ്മദ്, അനിമേഷൻ ചെയ്ത് സുനിൽ രാജ്, ഡിഐ അജയ് ആർട്ട് വൺ എന്നിവരുടെ സാങ്കേതിക മികവ് ഡോക്യുമെന്ററിയുടെ മുതൽക്കൂട്ടാണ്.
ബിരുദപഠനത്തിനായി മൈസൂരിൽ എത്തിയ താൻ സ്വതന്ത്രനായ ലോകപൗരനായി എന്നാണ് സക്കറിയ പറയുന്നത്. ഇംഗ്ലീഷ് ഭാഷ വശമാക്കിയതും ഹിന്ദി സിനിമാ സംഗീതത്തിന് അടിമപ്പെട്ടതും കാമുകനായതും കാമമോഹിതനായതും കഥയെഴുത്തുകാരനായതും മൈസൂർ കാലത്താണ്. കോഫീ ഹൗസിൽ ചെന്നിരുന്ന് കാപ്പിയും കുടിച്ച് ജൂക്ക് ബ്ലോക്സിൽ ഹിന്ദി പാട്ട് ആസ്വദിച്ചിരുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ‘‘ഞാൻ സ്നേഹിച്ച പാട്ടുകളുടെ അർത്ഥം എനിക്ക് മനസ്സിലായിരുന്നില്ല; ആവശ്യവുമില്ലായിരുന്നു. ശബ്ദത്തിന്റെയും ഈണത്തിന്റെയും താളത്തിന്റെയും മാന്ത്രിക ശക്തിയായിരുന്നു എനിക്ക് അതിൽ നിന്ന് കിട്ടിയ അർത്ഥം’’.
അന്ന് പഠിച്ച സെയ്‌ന്‍റ് ഫിലോമിനാസ് കോളജിലും പള്ളിമുറ്റത്തും ചെന്നു നിന്ന് സക്കറിയ പഴയ കാലം ഓർത്തെടുത്തു; അന്നത്തെ ഓർമ്മയിൽ വീണ്ടും ക്യാമറയ്ക്കു മുന്നിൽ സൈക്കിൾ ചവിട്ടി. ജേഷ്ഠൻ എം.പി. ജോസഫ് ബാംഗ്ലൂരിലേക്ക് സ്ഥലം മാറിപ്പോയപ്പോൾ കൊടുത്തിട്ട് പോയ ഗിയറുള്ള ഹെർക്കുലീസ് സൈക്കിൾ അന്ന് തനിക്ക് കോളജിൽ താരപദവി നൽകിയിരുന്നതായി അദ്ദേഹം പറയുന്നു.
മഹാനായ കന്നട കവി ഗോപാലകൃഷണ അഡിഗയായിരുന്നു കോളജിലെ പ്രധാന അധ്യാപകൻ. അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കാതെ താറാവുകുഞ്ഞ് അമ്മയ്ക്ക് പിന്നാലെ പോകുന്നത് പോലെ അദ്ദേഹത്തിന്റെ ശിഷ്യനായി ജീവിച്ചതിനെ കുറിച്ച് സക്കറിയ ഓർമ്മിക്കുന്നു. വഴിയോര പലഹാരങ്ങൾ വാങ്ങിത്തിന്ന് വയറിളക്കം ശീലമായതു പോലെ തെരുവോരങ്ങളിൽ നിന്ന് പഴയ പുസ്തകങ്ങൾ ചില്ലറ വിലയ്ക്ക് വാങ്ങി വായിച്ച് അദ്ദേഹം വിശ്വസാഹിത്യത്തിന്റെ രുചി അറിഞ്ഞു.
ഡിഗ്രി മൂന്നാം വർഷം താമസം മാറി കാൾട്ടൻ ഹോട്ടലിന്റെ ഇടിഞ്ഞു വീഴാറായ ഔട്ട് ഹൗസിലേക്ക് കുടിയേറി. പത്തൊൻപതാം നൂറ്റാണ്ടിലെപ്പോഴോ സായിപ്പ് സമ്പന്നർക്ക് വേണ്ടി പണികഴിപ്പിച്ച ആ കെട്ടിടത്തിലെ മുറിയിൽ ഇരുന്നാണ് എലിയറ്റിന്റെ ‘പ്രെല്യൂഡ്സ്’ എന്ന കവിത മലയാളത്തിലാക്കാൻ ശ്രമിച്ചത്. മറ്റൊന്നിനും വേണ്ടിയല്ല, എലിയറ്റിനോടുള്ള അഭിനിവേശം കൊണ്ട് മാത്രം. ഇടയ്ക്ക് അതു മാറ്റി വച്ച് സ്വന്തമായി കുറച്ച് എന്തോ എഴുതി. ഉരുളികുന്നത്തെ വീടിനെയും പറമ്പിനെയും തോടിനെയും ബാല്യത്തെയും പറ്റിയുള്ള ഓർമ്മയായിരുന്നു അത്. അതിൽ ഒരു കഥ ഉണ്ടായിരുന്നു. അതാണ് സക്കറിയ ആദ്യമെഴുതിയ കഥ; 1964 ൽ പ്രസിദ്ധീകരിച്ച ‘ഉണ്ണി എന്ന കുട്ടി.’ അങ്ങനെ ഉരുളികുന്നത്തെ അന്തർമുഖനായ പുസ്തകപ്പുഴുവിന് മൈസൂരിൽ എത്തി എഴുത്തുകാരനായി ചിറക് മുളച്ചു.
എം.എ പഠനത്തിനായി ബാംഗ്ലൂരിൽ എത്തിയ സക്കറിയ വായനയുടെ പുതുലോകത്തിലേക്കാണ് പ്രവേശിച്ചത്. സെന്‍റ് മാർക്ക്സ് റോഡിലെ ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറി, കബ്ബൺ പാർക്കിലെ പബ്ലിക്ക് ലൈബ്രറി എന്നിവിടങ്ങളിലെ പുസ്തകശേഖരം ഇംഗ്ലീഷ് സാഹിത്യത്തിന്റെ മറുകരയാണ് സക്കറിയയ്ക്ക് കാണിച്ചു കൊടുത്തത്.
ബാംഗ്ലൂരിലെ എംഎ പഠനശേഷം എം.ഇ.എസ് കോളജിൽ അദ്ധ്യാപകനായ സക്കറിയ 1967 ൽ ജോലി രാജി വച്ച് നാട്ടിൽ തിരിച്ചെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിൽ നാലു വർഷം പഠിപ്പിച്ചു. അക്കാലത്താണ് ജി.അരവിന്ദനുമായി പരിചപ്പെടുന്നത്. ‘എന്റെ ജീവിത പരിണാമങ്ങളുടെ ആണിക്കല്ലായി മാറിയ ഒരു ബന്ധം അങ്ങനെ ആരംഭിച്ചു’ എന്നാണ് സക്കറിയ അതേ കുറിച്ചു പറയുന്നത്. അരുവിത്തുറ സെന്‍റ് ജോർജ്‌സ് കോളജിലെ ഗണിതശാത്ര അധ്യാപകനായിരുന്ന പ്രൊഫ. കെ.ജെ. എബ്രഹാം വഴിയാണ് അരവിന്ദൻ ചങ്ങാത്തത്തിലായത്. എഴുത്തുകാരന്റെ ലോകം കഥയും കവിതയുമാണ് എന്നു വിശ്വസിച്ചിരുന്ന തനിക്ക് ചരിത്രം അടക്കമുള്ള വായനയുടെ വിശാലലോകം കാണിച്ചു തന്നയാളാണ് അവറാച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം എന്ന് സക്കറിയ പറയുന്നു. അക്കാലത്ത് കോളജിലേക്ക് അന്വേഷിച്ചു വന്ന് കൂട്ടുകൂടിയ ആളാണ് ജോൺ എബ്രഹാം. അങ്ങനെയാണ് സിനിമയാക്കാൻ ആക്കാതെ പോയ തിരക്കഥ ‘ജോസഫ് എന്ന പുരോഹിതൻ’ ഒരുപാട് കാലങ്ങൾ കൊണ്ട് സക്കറിയ എഴുതിയത്.
സെൻറ് ഡൊമനിക്കിൽ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി പണിമുടക്കു നടത്തിയ സഹപ്രവർത്തകരായ മൂന്നു പേര് തിരുവനന്തപുരത്തേക്ക് പോകുംവഴി വാഹനാപകടത്തിൽ മരണമടഞ്ഞു. സക്കറിയ ആയിരുന്നു സമരത്തിന്റെ ആസൂത്രികൻ. ആ അധ്യയന വർഷത്തിന്റെ അവസാനം അദ്ദേഹം ജോലിവിട്ട് കോയമ്പത്തൂരിലേക്ക് പോയി. അവിടെ ഒരു കൊല്ലം. പിന്നീട് ഡൽഹിയിലേക്ക്.
ഒ.വി.വിജയനാണ് ഡൽഹിയിൽ സക്കറിയയെ വരവേറ്റത്. കൊണാട്ട് പ്ലെയിസിൽ സ്റ്റേറ്റ്സ്മാന്റെ എതിർവശത്ത് രണ്ടാം നിലയിലെ സ്റ്റുഡിയോയിൽ ഇരുന്നാണ് വിജയൻ കാർട്ടൂൺ വരയ്ക്കുന്നത്. ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്ന വാരികയിൽ ലേഖനം എഴുതുന്ന സിംഗപ്പൂർ ഗോപൻ എന്ന ഗോപകുമാറും അവിടെയുണ്ട്. അധികാരത്തിന്റെ അൾത്താരയാണ് അന്ന് ഡൽഹി. അധികാരത്തിന്റെ തേരോട്ടങ്ങൾ കണ്ട് നാം മയങ്ങി വീഴരുത് എന്ന് പഠിപ്പച്ചത് ഒ.വി.വിജയനാണ്. എം.മുകുന്ദനും വി.കെ. മാധവൻ കുട്ടിയും അടങ്ങുന്നതായിരുന്നു അന്നത്തെ ഡൽഹി ജീവിതം. ടി.എൻ.ഗോപകുമാർ പിന്നീട് അതിലേക്ക് വന്നു കൂടി.
‘എന്തിനാണെന്ന് അറിയില്ല, അക്കാലത്ത് സക്കറിയ തന്റെ തോൾ സഞ്ചിയിൽ എല്ലായെപ്പോഴും ഒരു ഗ്ലാസ് കൊണ്ട് നടക്കുമായിരുന്നു’ എന്ന് മുകുന്ദൻ ആ കാലത്തെ രസങ്ങളെ ഓർത്തെടുക്കുമ്പോൾ സക്കറിയ കണ്ണിറുക്കി ചിരിച്ചുകൊണ്ട് കൂട്ടുകെട്ടിന്റെ വീര്യം നുണയുന്നു. ഇത്തരത്തിൽ ഡോക്യുമെന്ററികളുടെ പതിവ് വിരസത മറികടക്കുന്ന രീതിയിലാണ് ‘സക്കറിയ’ കാഴ്ച്ചക്കാർക്ക് മുന്നിലെത്തുന്നത്.
ഇരുപത് വർഷത്തെ കുടിയേറ്റം അവസാനിപ്പിച്ച് 1992 ൽ സക്കറിയ ഡൽഹി വിട്ടു. തിരുവനന്തപുരത്ത് എത്തി താമസമുറപ്പിച്ചു. പിന്നീട് ഇന്ത്യയ്ക്ക് പുറത്തേക്ക് നിരവധി യാത്രകൾ ചെയ്ത് അനവധി യാത്രാവിവരണങ്ങൾ എഴുതി.
ഈ ഡോക്യൂമെന്ററിയുടെ തുടക്കത്തിൽ ഉരുളികുന്നിലെ ഇടവഴിയിലൂടെ സക്കറിയ നടന്നു പോകുന്ന ഒരു ദൃശ്യമുണ്ട്. സാമാന്യത്തിലും വേഗതയിലാണ് നടപ്പ്. പണ്ട്, ആ നാട്ടിൽ പ്രധാനമായും മൂന്നു തരം ആൾക്കാരാണ് ഉണ്ടായിരുന്നത് എന്ന സക്കറിയ പറഞ്ഞിട്ടുണ്ട്. നടക്കുന്നവർ, പണിചെയ്യുന്നവർ, കുളിക്കുന്നവർ. ഉരുളികുന്നത്തെ കൂടുതൽ മനുഷ്യരും എപ്പോഴും എങ്ങോട്ടെങ്കിലും നടന്നു പൊയ്ക്കൊണ്ടിരിക്കുന്നവരാണത്രേ. ആ നടത്തക്കാരിലൊരാളാണ് സക്കറിയ. മൈസൂരിലും ബാംഗ്ലൂരിലും കോയമ്പത്തൂരിലും ഡൽഹിയിലും തിരുവനന്തപുരത്തും നഗരനടുവിലൂടെ അദ്ദേഹം കൈവീശി അതിവേഗം നടന്നു പോകുന്ന ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ആവർത്തിക്കുന്നുണ്ട്. പല നാടുകളിലൂടെ ലോകസഞ്ചാരം നടത്തുന്ന, മലയാളിയുടെ ഇപ്പോഴും ബാക്കി നിൽക്കുന്ന അതിജീവനശേഷികളിൽ ഒന്നാണ് കുടിയേറാനുള്ള ശേഷി എന്ന് നിരീക്ഷിച്ച സക്കറിയയെ ഇത്തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത് സംവിധായികയുടെ മികവ് തന്നെയാണ്. ജബിൻ ജേക്കബിന്റെ ഛായാഗ്രഹണവും ഡോൺ മാക്സിന്റെ എഡിറ്റിങ്ങും ശരത്തിന്റെ സംഗീതവും ചിത്രത്തിനു മുതൽക്കൂട്ടാണ്.
മതത്തെ ജീവിതത്തിൽ നിന്ന് തിരസ്ക്കരിച്ച സക്കറിയയെ ഒരിന്ത്യക്കാരൻ, ഒരു മലയാളി എന്ന നിലയിൽ മനസിലാക്കി തരുന്നതാണ് ബയോപിക് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഡോക്യുമെന്ററി. അപ്പോൾ സ്‌ക്രീനിന്റെ ഒരു മൂലയ്ക്ക് കണ്ണിറുക്കി ചിരിച്ചു കാട്ടി വേഗത്തിൽ നടന്നു പോകുന്ന ഉരുളികുന്നത്തുകാരൻ പാലത്തുങ്കലെ കറിയാച്ചനെയും നമുക്ക് കാണാം.