‘പ്രായം കൂടുന്നതനുസരിച്ചു ശരീരം വളരില്ല; ഡോക്ടർ പറഞ്ഞതുകേട്ട് ഞങ്ങൾ ഉലഞ്ഞുപോയി’; എസ്തേർമരിയ ടോമിയുടെ അതിശയകഥ The Remarkable Story of Esther Maria Tomy
കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട എസ്തേർമരിയ ടോമി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മാതൃകയായി. വളർച്ചയെ ബാധിക്കുന്ന ഹോർമോൺ തകരാർ മൂലം ശാരീരികമായി വെല്ലുവിളികൾ നേരിട്ടിട്ടും, കട്ടപ്പന മാർ ബസേലിയസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് വിത് എഐ വിഭാഗത്തിൽ ഒന്നാം വർഷം പഠനം തുടരുന്ന എസ്തേറിന്റെ ജീവിതം പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും കഥയാണ്. സഹോദരങ്ങളുടെയും കുടുംബത്തിന്റെയും പിന്തുണയോടെ, ഉന്നത ലക്ഷ്യങ്ങളോടെ മുന്നേറുന്ന ഈ മിടുക്കി, ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളാണ് കാണുന്നത്.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട എസ്തേർമരിയ ടോമി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മാതൃകയായി. വളർച്ചയെ ബാധിക്കുന്ന ഹോർമോൺ തകരാർ മൂലം ശാരീരികമായി വെല്ലുവിളികൾ നേരിട്ടിട്ടും, കട്ടപ്പന മാർ ബസേലിയസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് വിത് എഐ വിഭാഗത്തിൽ ഒന്നാം വർഷം പഠനം തുടരുന്ന എസ്തേറിന്റെ ജീവിതം പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും കഥയാണ്. സഹോദരങ്ങളുടെയും കുടുംബത്തിന്റെയും പിന്തുണയോടെ, ഉന്നത ലക്ഷ്യങ്ങളോടെ മുന്നേറുന്ന ഈ മിടുക്കി, ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളാണ് കാണുന്നത്.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട എസ്തേർമരിയ ടോമി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മാതൃകയായി. വളർച്ചയെ ബാധിക്കുന്ന ഹോർമോൺ തകരാർ മൂലം ശാരീരികമായി വെല്ലുവിളികൾ നേരിട്ടിട്ടും, കട്ടപ്പന മാർ ബസേലിയസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് വിത് എഐ വിഭാഗത്തിൽ ഒന്നാം വർഷം പഠനം തുടരുന്ന എസ്തേറിന്റെ ജീവിതം പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും കഥയാണ്. സഹോദരങ്ങളുടെയും കുടുംബത്തിന്റെയും പിന്തുണയോടെ, ഉന്നത ലക്ഷ്യങ്ങളോടെ മുന്നേറുന്ന ഈ മിടുക്കി, ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളാണ് കാണുന്നത്.
പ്ലസ്‌ടുവിനു ഫുൾ എ പ്ലസ് നേടി കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡറായ എസ്തേർമരിയ ടോമിക്കു പറയാൻ ഒരു അതിശയകഥ കൂടിയുണ്ട്..
കുട്ടിക്കാനം മാർ ബസേലിയസ് എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് വിത് എഐ ഒന്നാംവർഷ ക്ലാസാണു രംഗം. മുൻനിരയിലെ സ്പെഷൽ കസേരയിൽ ഒരു കൊച്ചുകുട്ടിയിരിക്കുന്നു. അവിടെ നടക്കുന്നതു സിനിമാ ഷൂട്ടിങ്ങാണോ എന്നു സംശയം തോന്നുക സ്വാഭാവികം. പക്ഷേ, കഷ്ടിച്ച് 80 സെന്റീമീറ്റർ ഉയരവും 10 കിലോഗ്രാം മാത്രം തൂക്കവുമുള്ള എസ്തേർമരിയ ആ ക്ലാസിലെ വിദ്യാർഥി തന്നെയാണ്.
ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഈ ‘കൊച്ചുമിടുക്കി’യെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡറായി പ്രഖ്യാപിച്ചിരിക്കുകയാണ്. വളർച്ചയെ ബാധിക്കുന്ന ഹോർമോൺ തകരാർ മൂലം, നാലുവയസ്സുകാരിയുടെ വലുപ്പം മാത്രമുള്ള എസ്തേറിന്റെ വിജയത്തിനു തിളക്കം കൂട്ടുന്ന കഥ കേൾക്കാം.
മൂന്നാമത്തെ കൺമണി
ഇടുക്കിയിലെ കമ്പിളികണ്ടമാണ് എസ്തേറിന്റെ അച്ഛൻ ടോമി ജോസ് ഇടയനാലിന്റെ സ്വദേശം. പിഡബ്ല്യൂഡി ഉദ്യോഗസ്ഥനായിരുന്ന ടോമിയെ വിവാഹം ചെയ്താണ് തൊടുപുഴക്കാരിയായ ഫിലോമിന െസബാസ്റ്റ്യൻ ഇവിടേക്കെത്തിയത്. വെള്ളിയാംകുടി സെന്റ്ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു അധ്യാപികയായ ഫിലോമിനയ്ക്കും ടോമിക്കും മൂത്തതു രണ്ടും പെൺമക്കളാണ്, അലീന മരിയ ടോമിയും മോനി മരിയ ടോമിയും.
രണ്ടാമത്തെയാൾക്കു മൂന്നു വയസ്സുള്ളപ്പോഴാണ് എസ്തേർ ജനിച്ചത്. ഗർഭകാലത്തു യാതൊരു പ്രശ്നവുമില്ലായിരുന്നു. ജനനസമയത്തെ തൂക്കവും നോർമൽ. പക്ഷേ, ആറു മാസമായപ്പോൾ കുഞ്ഞിനു ചില പ്രശ്നങ്ങളുണ്ടെന്നു തോന്നിയെന്ന് എസ്തേറിന്റെ അച്ഛന്‍ ടോമി പറയുന്നു.
‘‘ആറുമാസമായിട്ടും കുഞ്ഞിനു തീരെ വളർച്ചയില്ല. ജനിച്ച സമയത്തെ തൂക്കത്തെക്കാൾ ഗ്രാമുകളേ കൂടിയിട്ടുള്ളൂ. ഡോക്ടറുടെ നിർദേശപ്രകാരം ചില പരിശോധനകൾ നടത്തി. ഫലം കണ്ട ഡോക്ടർ തിരുവനന്തപുരം പിവിഎസ് ഹോസ്പിറ്റലിലെ ഡോ. ആനന്ദത്തെ കാണാൻ നിർദേശിച്ചു.
മെഡിക്കൽ കോളജിൽ നിന്ന് എൻഡോക്രൈനോളജി വിഭാഗം പ്രഫസറായി റിട്ടയർ ചെയ്ത ഡോ. ആനന്ദമാണു രോഗാവസ്ഥയെക്കുറിച്ചു വ്യക്തത നൽകിയത്.
കണ്ണേ നീ വളര്
ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളുടെ കേന്ദ്രമായ പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തന തകരാർ കൊണ്ടു വളർച്ചാ ഹോർമോണുകളുടെ ഉത്പാദനം തടസ്സപ്പെടുന്ന അവസ്ഥയാണു മോൾക്ക്. അതുകൊണ്ടുതന്നെ പ്രായം കൂടുന്നതനുസരിച്ചു ശരീരം വളരില്ല. ഇതിനു പ്രത്യേകിച്ചു ചികിത്സയൊന്നുമില്ലെന്നും, ഈ അവസ്ഥ പരിഹരിക്കുന്നതിനായുള്ള മരുന്നുകളെല്ലാം പരീക്ഷണ ഘട്ടത്തിലാണെന്നും ഡോക്ടർ പറഞ്ഞതുകേട്ട് ഞങ്ങൾ ഉലഞ്ഞുപോയി.
തൃശൂരിലെ മറ്റൊരു ഡോക്ടറെ കണ്ടപ്പോഴും ഇതുതന്നെയായിരുന്നു മറുപടി. 18 വയസ്സുവരെ എടുക്കാവുന്ന ഒരു ഇൻജെക്‌ഷനുണ്ടെന്നും വേണമെങ്കിൽ അതു നൽകാമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, മാറ്റമുണ്ടാകുമെന്ന ഉറപ്പ് പറയാനാകില്ല. ആ പരീക്ഷണത്തിനു മോളെ വിട്ടുകൊടുക്കാൻ തയാറല്ല എന്നുപറഞ്ഞു തിരികെപോന്നു.
പ്രാർഥനയോടെ ദിവസങ്ങള്‍ നീങ്ങുന്നതിനിടെയാണ് ഉൾവിളി പോലെ ഒരു കാര്യം മനസ്സിൽ തെളിഞ്ഞത്, എല്ലാമറിയുന്ന ദൈവം ഇതിനുള്ള ഉത്തരവും എവിടെയെങ്കിലും കരുതി വച്ചിട്ടുണ്ടാകും. അവനറിയാതെ ഒരു പുൽക്കൊടി പോലും പിറക്കുന്നില്ലല്ലോ. ആ വിശ്വാസത്തിൽ മോളെ ഒരു കുറവുമില്ലാതെ വളർത്താൻ തയാറെടുത്തു.
നേരിടാം കരുത്തോടെ
അംഗൻവാടിയിൽ വച്ചു പേനയും പെൻസിലും പിടിക്കാൻ പഠിച്ചപ്പോൾ മുതൽ മോൾ നന്നായി വരയ്ക്കാൻ തുടങ്ങി. വീടിനടുത്തുള്ള വെള്ളിയാംകുടി സെന്റ് ജെറോംസ് സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തെങ്കിലും എന്നും സ്കൂളിൽ പോകാനായില്ല. ബാലപാഠം നോക്കി അക്ഷരങ്ങൾ എഴുതിപ്പഠിച്ചു. മൂന്നാം ക്ലാസുവരെയുള്ള പരീക്ഷകൾ വീട്ടിലിരുന്നു പഠിച്ചെഴുതി പാസ്സായി.
നാലാം ക്ലാസിൽ വച്ച് സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴും ഒരു വയസ്സിന്റെ വളർച്ചയേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിൽ അവൾക്കൊരു കുഞ്ഞനിയനുണ്ടായി, അവന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
സ്കൂളിലെ ലിറ്റിൽ സ്റ്റാർ
റഗുലറായി സ്കൂളിലേക്കു പോകുമ്പോൾ കാണുന്നവരാരെങ്കിലും മോളെ കളിയാക്കുമോ എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ, കൂട്ടുകാരെയെല്ലാം മോൾ കയ്യിലെടുത്തു. റൂബിക്സ് ക്യൂബ് ആണു മറ്റൊരു ചങ്ങാതി, ആറു കളങ്ങളുള്ളതു വരെ വളരെ വേഗത്തിൽ സോൾവ് ചെയ്യും.
പരീക്ഷയിൽ ചിലപ്പോൾ നല്ല മാർക്കുണ്ടാകും, ചിലപ്പോൾ കഷ്ടിച്ചു പാസ്സാകും. അങ്ങനെ തന്നെയാണ് ഒൻപതാം ക്ലാസ് വരെ മുന്നോട്ടു പോയത്. പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷയ്ക്കു മുൻപ് ഒരു ദിവസം. ഞാനൊരു ആഗ്രഹം പറഞ്ഞു, ചേച്ചിമാർക്ക് രണ്ടുപേർക്കും ഫുൾ എ പ്ലസ് കിട്ടിയില്ല. മോൾക്ക് കിട്ടിയാൽ വലിയ സന്തോഷമാകും...
ആ വാക്കുകൾ മോൾ ഏറ്റെടുത്തു. പാഠപുസ്തകത്തിനൊപ്പം അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും കണ്ടെത്താൻ തുടങ്ങി. ക്രിസ്മസ് പരീക്ഷയ്ക്കു ശേഷമാണു പഠനം സീരിയസായത്. റിസൽറ്റ് വന്ന ദിവസം വലിയ സന്തോഷമായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. അന്നു മോ ൾ ഒരാഗ്രഹം കൂടി പറഞ്ഞു, എൻജിനീയറാകണം, എഐ പഠിക്കണം,’’ ബാക്കി പറഞ്ഞത് എസ്തേറാണ്.
‘‘പ്ലസ്ടുവിന് കംപ്യൂട്ടർ സയൻസ് എടുത്തു. കെമിസ്ട്രിയായിരുന്നു ഇഷ്ടവിഷയം, കണക്ക് പേടിയും. ഫുൾ എ പ്ലസ് വാങ്ങാനുറച്ചാണു പഠിച്ചത്. അതതു ദിവസത്തെ പാഠഭാഗങ്ങൾ അന്നന്നു പഠിക്കും. ബ്രേക് സമയത്തു റീൽസ് കാണും. പക്ഷേ, അത് അഞ്ചു മിനിറ്റിലധികം നീളില്ല. പരീക്ഷാ ടെൻഷൻ മാറാൻ പ്രാർഥിച്ച് മനസ്സ് ശാന്തമാക്കും.
ഫുൾ എ പ്ലസ് കിട്ടിയവരെ സ്കൂളിലെ മെരിറ്റ് ഡേയ്ക്ക് അഭിനന്ദിച്ച വിഡിയോ വൈറലായി. പിന്നെ, പത്രങ്ങളിലൊക്കെ വാർത്ത വന്നു. അതിനു പിന്നാലെയാണ് ഇടുക്കി എംഎൽഎ റോയ് കെ. പൗലോസും കട്ടപ്പന ഡിഇഒ ആൻസൻ കെ.ജോസഫും അഭിനന്ദിക്കാനായി വീട്ടിലെത്തിയതും, കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡറായി പ്രഖ്യാപിച്ചതും.
ഉയരെ ലക്ഷ്യം
വാർത്ത കണ്ട് ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാ സനാധിപൻ സഖറിയ മാർ സേവേറിയോസ് തിരുമേനി അഭിനന്ദിക്കാൻ വീട്ടിലെത്തി. അദ്ദേഹമാണ് കുട്ടിക്കാനം മാർ ബസേലിയസ് കോളജിൽ സ്കോളർഷിപ്പോടെ പഠനത്തിന് അവസരമൊരുക്കിയത്. കസേരകൾ അടുക്കിയിട്ടും സീറ്റിൽ കുഷ്യൻ വച്ചുമൊക്കെ ഉയരം എത്തിച്ചിരുന്ന പ്രയാസം മാറ്റാൻ പ്രത്യേകം കസേരയും സെറ്റ് ചെയ്തുതന്നു.
കുറവോർത്തു വിഷമിക്കാനല്ല, കഴിവുകളെ കുറിച്ച് അ ഭിമാനിക്കാനാണിഷ്ടം. അതാണു പോസിറ്റീവാകാൻ കരുത്തേകുന്നതും. പൊക്കം കുറവുള്ളതുകൊണ്ട് ബുദ്ധിമുട്ടുള്ള ചില കാര്യങ്ങളുണ്ട്. ഉയരത്തിലുള്ള വസ്തുക്കളൊന്നും എടുക്കാനാകില്ല. ബാത്റൂമിലെ യൂറോപ്യൻ ക്ലോസറ്റിലേക്ക് തനിയേ കയറാനാകില്ല. ചേച്ചി അലീന മരിയ ടോമി ഹോമിയോ ഡോക്ടറാണ്, രണ്ടാമത്തെ ചേച്ചി മോനി മരിയ ടോമി ബിഎഎംഎസിനു പഠിക്കുന്നു. അനിയൻ ഡാനിയൽ ജോസ് ടോമി എട്ടാം ക്ലാസ്സിലാണ്. അവരെല്ലാം ഫുൾ സപ്പോർട്ടായി കൂടെയുള്ളപ്പോൾ പ്രയാസങ്ങളോർക്കാൻ സമയമില്ല എന്നതാണു സത്യം.
ഇതിനിടെ അമേരിക്കയിൽ ജോലി ചെയ്യുന്ന ഡോ. ജിനോയെ പരിചയപ്പെട്ടു. ഓട്ടിസം പോലുള്ള രോഗങ്ങളുള്ളവർക്ക് പഠനസഹായവും തെറപിയും ലഭ്യമാക്കുന്ന Exceptional Learning എന്ന കമ്പനി ഉടമയാണദ്ദേഹം. അവിടെ ഐടി സപ്പോർടറായി എനിക്കു ജോലി നൽകി. പഠനത്തിനൊപ്പം ശനിയും ഞായറും ജോലിയും ചെയ്യുന്നു.
നന്നായി പഠനം പൂർത്തിയാക്കണമെന്നാണു സ്വപ്നം. പിന്നെയൊരു ആഗ്രഹമുണ്ട്, സിവിൽ സർവീസ്. എല്ലാം സാധ്യമാക്കുന്ന ദൈവം അവിടെയും കൈപിടിക്കുമെന്നാണു വിശ്വാസം...’’ ആത്മവിശ്വാസത്തോടെ എസ്തേർ ഉയരങ്ങൾ സ്വപ്നം കാണുന്നു.