ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അതുല്യയുടെ സഹോദരി. അതുല്യയെ കൊല്ലുമെന്ന് സതീഷ് പറഞ്ഞിരുന്നു. സതീഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് ചോദ്യം ചെയ്തതിന് മര്‍ദിച്ചിരുന്നുവെന്നും  അഖില മാധ്യമങ്ങളോട് പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്കു പോലും സതീഷ് ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും അഖില വ്യക്തമാക്കി. 

അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അഖില പറഞ്ഞു. തലേദിവസവും വീട്ടിൽ വന്നിരുന്നു. വളരെ സന്തോഷത്തോടെയാണ് പോയത്. എന്തു കാര്യം ഉണ്ടെങ്കിലും തന്നെ വിളിച്ചാണ് പറഞ്ഞിരുന്നത്. അന്ന് തന്നെ ചേച്ചി വിളിച്ചില്ല. ഇവർ തമ്മിൽ ഇത്രയും പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. മുൻപ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ചേച്ചിയെ അയാൾ അടിച്ചതിന്റെ പാട് കാണിച്ചിട്ടുണ്ടായിരുന്നു. ചേച്ചി ഇത്രയും സഹിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നു. 

ADVERTISEMENT

അച്ഛൻ ജോലി കഴിഞ്ഞുവരുമ്പോഴേ കുപ്പിയെടുത്ത് വച്ച് കഴിക്കുമെന്ന് കുഞ്ഞും പറയുന്നുണ്ട്. ടച്ചിങ്സൊക്കെ പുള്ളി ഓർഡർ ചെയ്ത് കഴിക്കും. ചേച്ചിയോടും കുഞ്ഞിനോടും എന്ത് ആഹാരം വേണമെന്നു പോലും ചോദിക്കില്ല. അച്ഛനു തന്നോട് സനേഹമുണ്ടായിരുന്നില്ലെന്ന് മകൾ തന്നെ പറഞ്ഞിട്ടുണ്ട്. മകളോട് ഇല്ലാത്ത എന്തു സ്നേഹമാണ് ഭാര്യയോട് കാണിക്കുന്നതെന്നും അഖില കൂട്ടിച്ചേര്‍ത്തു. 

മകളെ ഇല്ലാതാക്കിയ സതീഷിനു കടുത്ത ശിക്ഷ നൽകണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയണം. ജാമ്യം റദ്ദാക്കി സതീഷിനെ കസ്റ്റഡിയിൽ എടുക്കണം. ചിരിച്ചു കളിച്ച് ഫോട്ടോ സ്റ്റാറ്റസിട്ട അതുല്യ സ്വയം ജീവനൊടുക്കില്ല. അന്ന് മകളുടെ ജന്മദിനമായിരുന്നു. അനിയത്തിയുടെ വീട്ടിൽ നിന്ന് ബിരിയാണി കഴിച്ച് വളരെ സന്തോഷത്തോടെയാണ് അവൾ പോയത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.

ADVERTISEMENT

അതേസമയം അതുല്യയെ സതീഷ് മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മരണത്തിനു ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തു വന്നത്. അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് പറയുന്നത് ദൃശ്യങ്ങളിൽ കാണാം. പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയും അതുല്യയ്ക്ക് മര്‍ദനമേറ്റു. മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുന്നതും അടിക്കുന്നതും മര്‍ദനമേറ്റ് അതുല്യ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. 

പത്തു വർഷം പീഡനം സഹിച്ചെന്ന് അതുല്യ വിഡിയോയിൽ പറയുന്നത് കേൾക്കാം.‘‘നീയെങ്ങോട്ട് പോകാനാടീ, നിന്നെ ഞാന്‍ കുത്തിമലര്‍ത്തി ജയിലില്‍ പോകും, നിന്നെ ഞാന്‍ എവിടെയും വിടില്ല. കുത്തി മലര്‍ത്തി സതീഷ് ജയിലില്‍ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാന്‍ സമ്മതിക്കില്ല. ക്വട്ടേഷന്‍ നല്‍കിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട,' എന്ന് അതുല്യയോട് വിഡിയോയിൽ സതീഷ് പറയുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT