‘അർധരാത്രി വന്ന ഫോൺകോൾ മരണത്തിലേക്കുള്ള വിളിയാകുമെന്ന് കരുതിയില്ല’; തീരാനോവായി സോണി, വേദന ഉള്ളിലൊതുക്കി സഹപ്രവര്ത്തകര്
മഴയത്തു പുലമൺ തോട്ടിൽ നിന്നു വീടുകളിലേക്കു കയറിയ വെള്ളം ഒഴുക്കിവിട്ട ശേഷം സഹപ്രവർത്തകരുമായി മടങ്ങവേ അർധരാത്രി പിന്നിട്ടപ്പോൾ എത്തിയ ഫോൺകോൾ മരണത്തിലേക്കുള്ള വിളിയാകുമെന്ന് സോണി എസ്.കുമാർ എന്ന അഗ്നിരക്ഷാസേനാംഗം ഒരിക്കലും കരുതിയില്ല. ദൗത്യത്തിന് ശേഷം സുഹൃത്തില്ലാതെ മടങ്ങുമെന്ന് ഒപ്പമുള്ളവരും കരുതിയില്ല. കിണറ്റിൽച്ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആൾമറയും തൂണുകളും ഇടിഞ്ഞുവീണാണ് സോണി മരിച്ചത്. സഹപ്രവർത്തകൻ ആശുപത്രിയിൽ മരിച്ചു എന്നറിഞ്ഞിട്ടും വേദന ഉള്ളിലൊതുക്കി ജീവനുകൾ രക്ഷിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അഗ്നിരക്ഷാസേന.
കിണറ്റിൽച്ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആൾമറയും തൂണുകളും ഇടിഞ്ഞുവീണ് കൊട്ടാരക്കര അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ആറ്റിങ്ങൽ ഇളമ്പ എച്ച്എസിനു സമീപം ‘ഹൃദ്യ’ത്തിൽ സോണി എസ്. കുമാർ (36), നെടുവത്തൂർ ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറ മുകളുവിള ഭാഗം സ്വപ്ന വിലാസ (വിഷ്ണു വിലാസം) ത്തിൽ അർച്ചന (33), അർച്ചനയുടെ സുഹൃത്ത് കൊടുങ്ങല്ലൂർ അഴീക്കോട് മാങ്ങാംപറമ്പിൽ ശിവകൃഷ്ണ (23) എന്നിവരാണു മരിച്ചത്.
കിണറ്റിലേക്കിറങ്ങിയ സോണി, മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കിടന്ന അർച്ചനയെ വലയിലാക്കി മുകളിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ ആൾമറയുടെ ഭാഗവും തൂണുകളും തകർന്നു താഴേക്കു പതിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു തൂണിൽ പിടിച്ച് കിണറിനുള്ളിലേക്കു ടോർച്ച് തെളിച്ചു നിൽക്കുകയായിരുന്ന ശിവകൃഷ്ണയും കിണറ്റിലേക്കു വീണു. സുഹൃത്ത് ശിവകൃഷ്ണയുമായുള്ള തർക്കത്തെ തുടർന്നാണ് അർച്ചന കിണറ്റിൽ ചാടിയത്.
സൺഡേ സ്ക്വാഡിലെ അംഗമായിരുന്ന സോണിക്കും സംഘത്തിനും എത്തിയ നാലാമത്തെ ഫോൺ കോളായിരുന്നു അത്. കിണറ്റിൽ ഒരു യുവതി വീണു, വേഗം എത്തണം. ആദ്യത്തെ രക്ഷാപ്രവർത്തനം ആയൂരിലെ തീപിടിത്തം ആയിരുന്നു. വൈകിട്ട് 5.54ന് ആയൂരിലേക്ക് പോയി തീ കെടുത്തി രാത്രി 8.50ന് തിരികെ എത്തി. 10.15ന് രണ്ടാമത്തെ വിളിയെത്തി. എംസി റോഡിൽ കരിക്കത്ത് മരം വീണ് ബൈക്ക് അടിയിൽപെട്ടു എന്നായിരുന്നു വിളി. സഹപ്രവർത്തകരായ ജയകൃഷ്ണനും സുഹൈലിനും ഒപ്പം മരം മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കി. മഴയിൽ ഇഞ്ചക്കാട് വീട്ടിൽ വെള്ളം കയറുന്നത് തടഞ്ഞ് അവിടെ നിന്നു മടങ്ങി.
‘യുവതി കിണറ്റിൽ വീണു കിടക്കുന്നു’– എന്ന വിളിയെത്തിയപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ സംഘം പുറപ്പെടുകയായിരുന്നു. സീനിയർ സ്റ്റേഷൻ ഓഫിസർ എം.വേണു, ഓഫിസർമാരായ സോണി, കെ.ആർ.ഹരിരാജ്, ജയകൃഷ്ണൻ എന്നിവരും ഹോംഗാർഡുകളായ ദിനുലാലും രാധാകൃഷ്ണപിള്ളയും ഡ്രൈവർ അജീഷും അടങ്ങുന്നതായിരുന്നു സംഘം. ചെറിയൊരു കുന്നിന് മുകളിലേക്ക് 200 മീറ്ററോളം ദൂരം ഭാരമേറിയ രക്ഷാ ഉപകരണങ്ങളുമായി അർധരാത്രിയോടെ സംഘം എത്തി. 80 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നു യുവതിയുടെ രക്ഷാഭ്യർഥന കേട്ടു. സാഹസിക പ്രവർത്തനങ്ങൾക്ക് ഒട്ടും മടിയില്ലാത്ത സോണി തന്നെ കിണറ്റിൽ ഇറങ്ങാൻ മുൻകൈ എടുക്കുകയായിരുന്നു.