മദ്യക്കുപ്പി ഒളിപ്പിച്ചു വച്ചതിൽ തുടങ്ങിയ കലഹമാണ് പുത്തൂർ ആനക്കോട്ടൂരിൽ ഇന്നലെ മൂന്നുപേരുടെ മരണത്തിലേക്കെത്തിച്ച സംഭവങ്ങൾക്ക് തുടക്കമായത്. ശിവകൃഷ്ണയും വിരുന്നിനെത്തിയ ബന്ധു അക്ഷയും ചേർന്നു വീട്ടിലിരുന്നു മദ്യപിച്ചിരുന്നു. മദ്യലഹരി മൂത്തതോടെ ശിവകൃഷ്ണയുടെ സ്വഭാവം മാറി. വീണ്ടും കുടിക്കാതിരിക്കാനായി അർച്ചന അവശേഷിച്ച മദ്യം ഒളിച്ചുവച്ചു. രാത്രി പതിനൊന്നരയോടെ വീണ്ടും മദ്യപിക്കാൻ ശ്രമിച്ച ശിവകൃഷ്ണയ്ക്കു കുപ്പി കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതാണ് അർച്ചനയെ മർദിക്കാൻ കാരണം. തടസ്സം പിടിക്കാൻ ചെന്ന കുട്ടികളെയും ഉപദ്രവിക്കാൻ ശ്രമിച്ചു. അർച്ചനയുടെ മുഖത്തും ശരീരത്തും പുറത്തും എല്ലാം മുഷ്ടി ചുരുട്ടി ഇടിച്ചെന്നു കുട്ടികൾ പറഞ്ഞു. മർദനമേറ്റു ചുണ്ട് പൊട്ടി. കവിളിലും മുറിവുണ്ടായി. ഇടയ്ക്കു മർദനത്തിനു ശമനമുണ്ടായപ്പോൾ അർച്ചന തന്റെ പരുക്കുകൾ ചൂണ്ടിക്കാട്ടി ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്തു. അതിനുശേഷം ഫോൺ ഒളിപ്പിച്ചു വച്ചു. 

ADVERTISEMENT

വീണ്ടും മർദനം തുടങ്ങിയതോടെയാണു അടുക്കള ഭാഗത്തു കൂടി പുറത്തേക്കിറങ്ങിയ അർച്ചന വീട്ടുമുറ്റത്തെ കിണറ്റിൽച്ചാടിയത്. പിന്നാലെയെത്തിയ ശിവകൃഷ്ണ കിണറിനു സമീപം തല തല്ലി വീഴുകയും ചെയ്തു. ഇയാൾ തിരികെയെത്തിയാണ് അർച്ചന കിണറ്റിൽച്ചാടിയെന്നു പറഞ്ഞതും അക്ഷയ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതും. 

74 അടി ആഴമുണ്ട് അർച്ചന ചാടിയ കിണറിന്. 7 അടിയോളം മാത്രമായിരുന്നു വെള്ളം. ഇത്രയേറെ ആഴത്തിലേക്കു തൊടികളിൽ തട്ടി വീണിട്ടും അർച്ചനയ്ക്കു ജീവൻ നഷ്ടമായില്ല. പക്ഷേ, വിധി വില്ലനായതോടെ ആൾമറയും തൂണും ഇടിഞ്ഞുവീണു മരണം മറ്റൊരു രൂപത്തിലെത്തി. രക്ഷിക്കാൻ കിണറ്റിലേക്കിറങ്ങിയ ഫയർ ഓഫിസർ സോണി എസ്. കുമാറുമായി അർച്ചന സംസാരിക്കുന്നതു പുറത്തു നിന്നവർ കേട്ടിരുന്നു. അർച്ചനയെ വലയിലേക്കു മാറ്റി മുകളിലേക്ക് ഉയർത്തിത്തുടങ്ങിയപ്പോഴാണ് ആൾമറ ഇടിഞ്ഞു വീണത്. 

ADVERTISEMENT

പിന്നാലെ ശിവകൃഷ്ണയും കിണറ്റിൽ വീണു. സേഫ്റ്റി കൊളുത്തും കയറും ബന്ധിച്ചിരുന്നതിനാൽ സോണി എസ്.കുമാറിനെ ഉടൻ പുറത്തെടുക്കാൻ സാധിച്ചു. പക്ഷേ, അർച്ചനയുടെയും ശിവകൃഷ്ണയുടെയും രക്ഷാപ്രവർത്തനം ദുഷ്കരമായി. കിണറിന്റെ പാലവും തൂണുകളും തകർന്നതോടെ കപ്പി കെട്ടിയുറപ്പിക്കാൻ മാർഗമില്ലാതായി. കൊല്ലത്തു നിന്നു മുക്കാലി സംവിധാനം എത്തിച്ചാണു കിണറ്റിലേക്കു കയറും വലയും ഇറക്കിയത്. 

അതിനിടയിൽ ആദ്യമിറക്കിയ കയറുകളും വലയും കുരുങ്ങിയത് അഴിച്ചെടുക്കാനും ബുദ്ധിമുട്ടായി.  ഇരുവരുടെയും പുറത്തേക്കു വീണു ചിതറിയ കട്ടകളും സിമന്റ് പാളികളും നീക്കം ചെയ്യാനും പണിപ്പെടേണ്ടി വന്നു. നാട്ടുകാരുടെ സഹായത്തോടെ 2 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് 3 മണിയോടെ ശിവകൃഷ്ണയെയും വീണ്ടും അര മണിക്കൂർ കഴിഞ്ഞ് അർച്ചനയെയും പുറത്തെടുക്കാൻ സാധിച്ചത്. 

ADVERTISEMENT
ADVERTISEMENT