ഞായറാഴ്ച രാത്രി പാൽച്ചുരം ആശ്രമം കവലയ്ക്കു സമീപം ലോറി അപകടത്തിൽപ്പെട്ടത് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന്. കണ്ണൂർ ജില്ലയിലെ കൊളക്കാടുള്ള മാർഷൽ ഇൻഡസ്ട്രീസിലേക്ക് ഛത്തീസ്ഗഡിലെ റായ്പുരിൽനിന്നു കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിൽ‍പെട്ടത്. അപകടത്തിൽ ഡ്രൈവർ മരിക്കുകയും ക്ലീനർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 

ഗൂഗിൾ മാപ്പിൽ കണ്ണൂരിലേക്കുള്ള മാർഗം കൊട്ടിയൂർ ബോയ്സ് ടൗൺ റോഡാണ് കാണിച്ചത്. ഈ വഴി അപകടകരമാണ് എന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ട ക്ലീനർ സെന്തിൽ കുമാർ രാമസ്വാമിയും മാർഷൽ ഇൻഡസ്ട്രീസ് ഉടമ ജയിംസ് കുര്യാക്കോസും മരിച്ച ഡ്രൈവർ എൽ. സെന്തിൽകുമാറി (54) നോട് പറഞ്ഞിരുന്നു. എന്നാൽ വേഗത്തിൽ സ്ഥലത്ത് എത്താൻ കഴിയുമെന്ന് പറഞ്ഞാണ് ഡ്രൈവർ ‌ഈ വഴി തിരഞ്ഞെടുത്തത്.

ADVERTISEMENT

കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിന്റെ അവസാനഭാഗത്താണ് ലോറി അപകടത്തിൽപെട്ടത്. വാഹനത്തെ മൺതിട്ടയിൽ ഇടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും മറുവശത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലാണ് ചെന്നിടിച്ചത്. ഇവ നിർമിക്കാൻ കമ്പി ഉപയോഗിച്ചിട്ടില്ല. പകരം പ്ലാസ്റ്റിക് ചാക്കുകളാണ് കോൺക്രീറ്റിനുള്ളിൽ ഉണ്ടായിരുന്നത്. ഇവിടെയുള്ള വൈദ്യുതത്തൂണിലും ഇടിച്ച് ലോറി 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. 

നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയും തകർത്ത് കൊക്കയിലേക്ക് വീണ ലോറി ഒരു മരത്തിൽ തടഞ്ഞു നിൽക്കുകയായിരുന്നു. ഇതിനു തൊട്ടു താഴെ ആൾത്താമസമില്ലാത്ത ഒരു വീടാണ് ഉണ്ടായിരുന്നത്. റോഡിൽ നിന്ന് 100 അടിയോളം താഴെയാണ് വാഹനം മരത്തിൽ തങ്ങി നിൽക്കുന്നത്.

ADVERTISEMENT

ഇവിടെ ലോറി തടഞ്ഞു നിന്നിരുന്നില്ല എങ്കിൽ വീടും തകർത്ത് വീണ്ടും 100 അടിയോളം താഴെ പാൽച്ചുരം വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിൽ പതിക്കുമായിരുന്നു. ലോറി പൂർണമായി തകർന്ന നിലയിലാണ്. ആശ്രമം കവലയ്ക്ക് താഴെ അഞ്ച് ഹെയർപിൻ വളവുകളാണ് ഉള്ളത്. ആശ്രമം കവലയിൽ നിന്ന് 100 മീറ്ററോളം അകലെ കൃഷിഭൂമിയിലാണ് ലോറി ഉള്ളത്.

ഇതിനിടയിൽ ക്ലീനർ പുറത്തേക്ക് ചാടിയെങ്കിലും ഡ്രൈവർക്ക് രക്ഷപ്പെടാനായില്ല. തൊട്ടുപിന്നാലെ വാഹനത്തിൽ എത്തിയവർ വിളിച്ചറിയിച്ചതിനെ തുടർന്ന് മാനന്തവാടിയിൽ നിന്നും പേരാവൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. മാനന്തവാടിയിലെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി ഡ്രൈവർ മരിച്ചു. 

ADVERTISEMENT

പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. തമിഴ്നാട് നാമക്കൽ തിരുച്ചെങ്ങോട് പുതുപ്പാളയം സ്വദേശിയാണ് മരിച്ച എൽ.സെന്തിൽകുമാർ. രക്ഷപ്പെട്ട ക്ലീനർ സെന്തിൽകുമാർ രാമസ്വാമി (43) തിരുച്ചിറപ്പള്ളി സ്വദേശിയാണ്.

ഇപ്പോൾ അപകടം ഉണ്ടായ സ്ഥലത്തിനടുത്താണ് രണ്ട് വർഷം മുൻപ് മറ്റൊരു ലോറി അപകടത്തിൽപെട്ടത്. ആ സംഭവത്തിലും ഒരാൾ മരിച്ചിരുന്നു. കൊട്ടിയൂരിലെ ഒരു പെട്രോൾ പമ്പ് നിർമിക്കുന്നതിനുള്ള ഉപകരണങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ 15 വർഷത്തിന് ഇടയിൽ മാത്രം ആറ് ലോറി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ നാല് അപകടങ്ങളിൽ ഡ്രൈവർമാർ മരിച്ചു. 

English Summary:

Lorry accident in Palchuram, Kannur. The accident occurred due to the driver losing control, resulting in one death and one injury. The incident highlights the dangerous nature of the Kottiyoor Boys Town road and the substandard construction of safety barriers.

ADVERTISEMENT