മകളുടെ വിവാഹത്തിനു ഒരുതരി സ്വർണം പോലും വാങ്ങിയില്ല; കൈമലര്ത്തി സഹകരണ ബാങ്ക്! ആ പണം കിട്ടിയില്ലെങ്കിൽ...
സ്വർണം പണയം വച്ച് പണം കടമായി നൽകാമെന്നു പറഞ്ഞ സുഹൃത്തിന്റെ വാക്കിലാണ് ജ്യോതിയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അടുത്ത തിങ്കളാഴ്ച എന്തു ചെയ്യണമെന്ന് ജ്യോതിക്ക് അറിയില്ല. തിരുവനന്തപുരം പൂജപ്പുര തമലം ലക്ഷ്മി വിളാകത്ത് ജ്യോതിയുടെ മകളുടെ വിവാഹം അന്നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള പണം തിരികെ കിട്ടില്ലെന്ന് ഉറപ്പായതോടെ സ്വർണം വാങ്ങാനും മറ്റ് വിവാഹ ചെലവുകൾക്കുമുള്ള പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് ജ്യോതി.
നേമം സർവീസ് സഹകരണ ബാങ്കിൽ ജ്യോതിക്ക് 2.93 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഈ പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജ്യോതിയും കുടുംബവും മകളുടെ വിവാഹം ഉറപ്പിച്ചത്. വിവാഹ തിയതി നിശ്ചയിക്കുന്നതിന് തൊട്ടു മുൻപ് ബാങ്ക്, അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി. ആദ്യ ഘട്ടത്തിൽ വിവാഹ ആവശ്യങ്ങൾക്ക് അരലക്ഷം രൂപ നൽകാൻ ധാരണയുണ്ടായിരുന്നു.
എന്നാൽ വിവാഹം ഉറപ്പിച്ച സമയം മാത്രമായതിനാൽ കല്യാണക്കുറി ഹാജരാക്കാൻ കഴിഞ്ഞില്ല. ബന്ധുക്കളെയും നാട്ടുകാരെയും വിവാഹത്തിന് ക്ഷണിച്ച്, താലിമാല ഉൾപ്പെടെ സ്വർണം വാങ്ങാൻ നിക്ഷേപത്തുക ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചപ്പോഴാണ് കുടുംബം ശരിക്കും തകർന്നു പോയത്. വായ്പ തുക പിരിഞ്ഞു കിട്ടാത്തതിനാൽ 20,000 രൂപയെ നൽകാൻ കഴിയൂ എന്നായിരുന്നു ബാങ്ക് അധികൃതരുടെ നിലപാട്.
നിക്ഷേപ തുക മുഴുവൻ തിരികെ കിട്ടാനായി ബാങ്ക് ഭരിച്ചിരുന്ന പാർട്ടി സെക്രട്ടറിയെയും സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും പലതവണ കണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. 4 ദിവസങ്ങൾക്കു ശേഷം നടത്താനിരിക്കുന്ന വിവാഹത്തിന് ഒരു തരി സ്വർണം വാങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കൂലിപ്പണിക്കാരനായ ജ്യോതി പറഞ്ഞു.
കാതിലും കഴുത്തിലും ഇപ്പോഴുള്ള സ്വർണം മാത്രമാണ് ആകെയുള്ളത്. മറ്റ് ഒരുക്കങ്ങളും നടത്തിയിട്ടില്ല. തിങ്കളാഴ്ച വിവാഹ മണ്ഡപത്തിൽ എത്തുന്ന വരനോടും മറ്റു ബന്ധുക്കളോടും എന്തു പറയണമെന്ന് ആലോചിച്ച് മനസ്സ് തകർന്നിരിക്കുകയാണ് ജ്യോതിയും കുടുംബവും.ഇതിനിടെ, തന്റെ സങ്കടം കണ്ട് ഒരു സുഹൃത്ത് കുറച്ചു തുക കടം നൽകാമെന്ന് ഏറ്റിരിക്കുകയാണെന്ന് ജ്യോതി പറഞ്ഞു. ആ പണം കിട്ടിയില്ലെങ്കിൽ...