ബെംഗളൂരുവില്‍ ഭാര്യയെ അനസ്തീസിയ കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഭാര്യയെ ഇല്ലാതാക്കി ആഴ്ചകൾക്ക് ശേഷം ‘നിനക്കു വേണ്ടിയാണ് ഞാൻ എന്റെ ഭാര്യയെ കൊന്നത്’ എന്ന് പ്രതിയായ ഭര്‍ത്താവ് ഡോ. മഹേന്ദ്ര അഞ്ചോളം സ്ത്രീകള്‍ക്ക് സന്ദേശമയച്ചതായി പൊലീസ്. ഡോക്ടറുടെ വിവാഹാഭ്യാര്‍ഥന നിരസിച്ച മെഡിക്കല്‍ പ്രൊഫഷണലായ യുവതിക്കയച്ച മെസേജ് ആണ് ഇതില്‍ നിര്‍ണായകം. 

യുവതി സമൂഹമാധ്യമങ്ങളില്‍ ഇയാളെ ആദ്യമേ ബ്ലോക്ക് ചെയ്തിരുന്നു. അതിനാല്‍ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഫോണ്‍ പേ വഴിയാണ് ഡോ. മഹേന്ദ്ര സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തന്നോട് എങ്ങനെയെങ്കിലും സംസാരിക്കാന്‍ അയാള്‍ കണ്ടെത്തിയ ഒരു വിഷയം മാത്രമാണെന്നാണ് യുവതി കരുതിയത്. എന്നാല്‍ കേസില്‍ മഹേന്ദ്ര അറസ്റ്റിലായതോടെയാണ് യുവതിക്കും കാര്യം വ്യക്തമായത്. അതേസമയം, കുറ്റകൃത്യത്തിൽ യുവതിക്ക് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, 2023 വരെ മഹേന്ദ്ര മുംബൈയിലെ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഇയാള്‍ യുവതിയെ പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് സ്വന്തം പിതാവിനെക്കൊണ്ട് യുവതിയെ വിളിപ്പിച്ച ഇയാള്‍ താന്‍ മരിച്ചുപോയെന്ന് പിതാവിനെക്കൊണ്ട് പറയിക്കുകയായിരുന്നു. എന്നാല്‍ കൃതികയുടെ മരണശേഷം സെപ്റ്റംബറിൽ മഹേന്ദ്ര വീണ്ടും യുവതിയെ വിളിക്കുകയും താൻ മരിച്ചിട്ടില്ലെന്ന് പറയുകയും ചെയ്തു. ഭാര്യ മരിച്ചുപോയതിനാൽ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയാള്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് മഹേന്ദ്രയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ സന്ദേശമയച്ച മെഡിക്കല്‍ പ്രൊഫഷണലായ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാമതും വിവാഹം കഴിക്കാന്‍ വേണ്ടിയായിരിക്കാം മുമ്പ് തന്നെ ഉപേക്ഷിച്ച സ്ത്രീകളുമായി ബന്ധപ്പെടുകയും വീണ്ടും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. 

ADVERTISEMENT

കഴിഞ്ഞ ഏപ്രിൽ 24നാണ് അമിതമായ അളവില്‍ അനസ്തീസിയ മരുന്നുകള്‍ കുത്തിവച്ച് ഡോ. മഹേന്ദ്ര റെഡ്ഡി ഭാര്യ ഡോ. കൃതിക റെഡ്ഡിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കൃതികയുടെ മരണത്തില്‍ ഒക്ടോബർ 14 ന് ഉഡുപ്പിയിലെ മണിപ്പാലിൽ നിന്ന് മഹേന്ദ്രയെ അറസ്റ്റ് ചെയ്തു. മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി തന്റെ മെഡിക്കൽ വൈദഗ്ദ്ധ്യം ഉപയോഗിച്ചതായാണ് പൊലീസ് കരുതുന്നത്. കൃതികയ്ക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവാഹത്തിന് മുന്‍പ് ഇവ വെളിപ്പെടുത്തിയിരുന്നില്ല അതില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

Doctor Admits to Killing Wife for Another Woman:

Bangalore murder case reveals shocking details: Dr. Mahendra confessed to killing his wife to several women. The accused husband, Dr. Mahendra, sent messages to about five women saying 'I killed my wife for you' weeks after eliminating his wife.

ADVERTISEMENT