‘ട്രാക്കുകൾക്ക് മധ്യേ കമിഴ്ന്നു കിടക്കുന്ന നിലയിൽ പെൺകുട്ടി, ഞെരക്കം കേട്ടു’; രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് ഷീജയും അപ്പുവും
വർക്കല അയന്തിയിൽ ശ്രീക്കുട്ടിയെ ചവിട്ടി ട്രാക്കിലേക്കിട്ട സ്ഥലത്ത് ആദ്യമെത്തിയത് പരിസരവാസികളായ ദമ്പതിമാരാണ്. മേൽവെട്ടൂർ അയന്തി പുണർതത്തിൽ ഷീജയും(47) ഭർത്താവ് അപ്പുവുമാണ് ട്രെയിനിൽനിന്നു ഒരു കുട്ടി ട്രാക്കിൽ വീണതായി വിവരം അറിഞ്ഞ് ഓടിയെത്തിയത്. ട്രെയിനിലുണ്ടായിരുന്ന സുഹൃത്താണ് ഷീജയെ വിവരം അറിയിച്ചത്. ട്രാക്കിനു സമീപത്തെ വീട്ടിൽ നിന്നു ഇരുവരും ടോർച്ചുമായി ഇറങ്ങി കുട്ടി തെറിച്ചുവീണ ഭാഗത്ത് തിരഞ്ഞു.
ഇതിനിടെ കൊല്ലം ഭാഗത്തേക്കുള്ള മെമു അയന്തിയിൽ എത്തി. അപകടവിവരം അറിഞ്ഞതിനാൽ വേഗം കുറച്ചാണ് മെമു നീങ്ങിയത്. ഇരുവരെയും ട്രാക്ക് പരിസരത്ത് കണ്ടയുടൻ ട്രെയിനിലേക്കു കയറാൻ ലോക്കോ പൈലറ്റ് ആവശ്യപ്പെട്ടു. ഷീജയും അപ്പുവും ട്രെയിനിന്റെ രണ്ടു ഭാഗത്തായിനിന്നു ട്രാക്കിന്റെ ഇരുഭാഗത്തേക്കും ടോർച്ച് അടിച്ചു. പാലത്തിൽനിന്ന് ഏകദേശം 250 മീറ്റർ ദൂരം മാറി ഇരു ട്രാക്കുകൾക്കു മധ്യേ കമിഴ്ന്നു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ ആദ്യം ലോക്കോപൈലറ്റാണ് കണ്ടത്.
ഉടൻ തന്നെ ഷീജയും ഭർത്താവും കുട്ടിയുടെ അടുത്തെത്തിയെങ്കിലും ഞെരക്കം മാത്രമാണ് കേട്ടത്. ഇതിനിടെ, സ്ഥലത്തെ ചില വീട്ടുകാരും വർക്കല സ്റ്റേഷനിൽനിന്നുള്ള പൊലീസുകാരും എത്തി. കൃത്യമായ വഴി ഇല്ലാത്ത സ്ഥലമായതിനാൽ പരിസരത്തേക്കു ആംബുലൻസ് വരുന്നതുവരെ കാത്തുനിന്നാൽ പെൺകുട്ടിയുടെ ജീവനു ആപത്താകുമെന്നു കണക്കാക്കിയാണ് മെമുവിലേക്കു മാറ്റി വർക്കല സ്റ്റേഷനിൽ എത്തിച്ചത്.
ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് പുത്തൻചന്ത മിഷൻ ആശുപത്രിയിലും എത്തിച്ച ശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ശ്രീക്കുട്ടി ട്രാക്കിൽ വീണതിനു പിന്നാലെ കേരള എക്സ്പ്രസ് അയന്തി വലിയ മേലതിൽ ക്ഷേത്രപരിസരത്ത് അൽപസമയം നിർത്തിയിട്ടു. യാത്രക്കാരി ട്രാക്കിൽ വീണ വിവരം പിന്നീട് അറിഞ്ഞ നാട്ടുകാരിൽ ചിലരും ട്രാക്ക് പരിസരത്ത് തിരച്ചിലിനു ഇറങ്ങിയെങ്കിലും ഇരുട്ടിൽ ഒന്നും കണ്ടെത്താനായില്ല.
വർക്കല റെയിൽവേ സ്റ്റേഷനും അകത്തുമുറിയ്ക്കും ഇടയിലെ ഏകദേശം 8 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിന്റെ ഇരുവശത്തെ മിക്കഭാഗവും വിജനവും കാടുകയറിയ നിലയുമാണ്. റെയിൽവേ ട്രാക്കിലേക്കു കടന്നുവരാൻ കൃത്യമായ വഴികളില്ല. നിരന്തരം ട്രെയിനുകൾ കടന്നുപോകുന്നതിനാൽ അപകടം സംഭവിച്ചാലും ഏറെ വൈകിയാണ് വിവരം പുറത്തറിയുക. പുത്തൻചന്തയിലേയും അയന്തിയിലെയും റെയിൽവേ മേൽപാലത്തിനും ഇടയിലെ ട്രാക്കിൽ ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ ഏറുന്നത്.