വയർപൊത്തി വേദനയോടെ നിന്ന പെൺകുട്ടിയുടെ തലയിൽ പെട്രോളൊഴിച്ചു തീകൊളുത്തി: പ്രണയപ്പകയിൽ അരുംകൊല: ശിക്ഷ 6ന് Accused Found Guilty in Thiruvalla Murder Case.
പത്തനംതിട്ട തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യു (24) കുറ്റക്കാരനെന്നു കണ്ടെത്തി. അഡിഷനൽ ജില്ലാ കോടതി –1 നാളെ ശിക്ഷ വിധിക്കും. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണു കൊല്ലപ്പെട്ടത്. 2019 മാർച്ച് 12നു രാവിലെ 9.11നു ചിലങ്ക ജംക്‌ഷനിലെ റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണു അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണു പ്രതി നൽകിയ മൊഴി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായി. കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
നഗരം നടുങ്ങിയ ദിനം
3 കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ കരുതിയാണു രാവിലെ ചിലങ്ക ജംക്‌ഷനിൽ പ്രതി അജിൻ കാത്തുനിന്നത്. ബസിറങ്ങി നടന്നുവന്ന കവിതയുടെ പിന്നാലെയെത്തിയ അജിൻ, സംഭവ സ്ഥലത്തെത്തിയപ്പോൾ മുന്നിലേക്കു കയറി വഴി തടസ്സപ്പെടുത്തി. കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ടാണ് ആദ്യം ആക്രമിച്ചത്. വയർ പൊത്തി വേദനയോടെ നിന്ന പെൺകുട്ടിയുടെ തലയിലൂടെ പെട്രോളൊഴിച്ചു തീ കൊളുത്തി. മുഖത്തും കഴുത്തിനും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി പിന്നിലേക്ക് വീണു.
ഓടിക്കൂടിയ നാട്ടുകാർ ഫ്ലെക്സ് ബോർഡും മറ്റും ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. തടഞ്ഞുവയ്ക്കപ്പെട്ട അജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമെത്തിച്ച കവിതയെ പിന്നീടു എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി. 9 ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കവിത മാർച്ച് 20നു സന്ധ്യയോടെ മരിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാനാണു കൈവശം കൂടുതൽ പെട്രോൾ കരുതിയതെന്നു പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഹരിശങ്കർ പ്രസാദാണ് പ്രോസിക്യൂട്ടർ.
നിർണായകമായത് സിസിടിവി
ദൃശ്യങ്ങൾവിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചത് അതിവേഗം. സംഭവം നടന്ന റെയിൽവേ സ്റ്റേഷൻ റോഡിലെ കടയിലെ സിസിടിവിയിൽ അക്രമദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 40 സെക്കൻഡുള്ള ദൃശ്യങ്ങൾ പൊലീസ് അന്നു തന്നെ പലതവണ പരിശോധിച്ചിരുന്നു.
പെട്രോൾ വാങ്ങുന്നതിനാവശ്യമായ പണം പിൻവലിക്കാനായി അജിൻ എടിഎമ്മിൽ കയറുന്നതിന്റെയും തുടർന്നു പമ്പിലെത്തിയതിന്റെയും ദൃശ്യങ്ങളും കണ്ടെത്തി. കത്തിയിലെ ചോരപ്പാടും പെൺകുട്ടിയുടെ മരണമൊഴിയും പ്രധാന തെളിവുകളായി. പട്ടാപ്പകൽ അരങ്ങേറിയ സംഭവമായതിൽ ദൃക്സാക്ഷികളും ഏറെയായിരുന്നു. തിരുവല്ല പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
‘പ്രതിക്ക് വധശിക്ഷ നൽകണം’‘ ഞങ്ങൾക്ക് നഷ്ടമായത് ഇളയമകളെയാണ്. ഈ ക്രൂരത ചെയ്തവനു തൂക്കുകയർ വിധിക്കണം’– കവിതയുടെ അമ്മ ഉഷയുടെ വാക്കുകളിലും കണ്ണീർ നനവ്. കേസിലെ വിധിയറിയാൻ കവിതയുടെ മാതാപിതാക്കളായ വിജയകുമാറും ഉഷയും കോടതിയുടെ വളപ്പിലെത്തിയിരുന്നു. പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നും വിജയകുമാർ പറഞ്ഞു. പ്രായം പരിഗണിച്ചു ശിക്ഷ കുറയ്ക്കരുത്. വിജയകുമാറിന് ആരോഗ്യപ്രശ്നങ്ങൾ കാരണം ഇപ്പോൾ ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണെന്നും ഉഷ പറഞ്ഞു.
ഭാവഭേദമില്ലാതെകോടതിയിൽ ഹാജരാക്കാനായി പൊലീസ് എത്തിച്ചപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ പ്രതി അജിൻ. പെൺകുട്ടിയെ ആക്രമിച്ച ദിവസവും പ്രതി നിലകൊണ്ടത് അക്ഷോഭ്യനായാണെന്നു പൊലീസ് പറഞ്ഞു. കവിതയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമം നടത്തുമ്പോഴും ഭാവഭേദമില്ലാതെ ഇയാൾ നിന്നത് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. കോളജ് വിദ്യാർഥിയായിരിക്കവേയാണു കൊലപാതകം നടത്തുന്നത്. ഇടയ്ക്കു ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോകുകയും പിന്നീട് തനിയെ മടങ്ങിയെത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.