ചരിത്ര വിജയം നേടി ന്യൂയോർക്ക് മേയറായ ഇന്ത്യൻ– ആഫ്രിക്കൻ വേരുകളുള്ള സൊഹ്റാൻ മംദാനി: അറിയാം നടന്നു വന്ന വഴികൾ From Uganda to New York: The Journey of Zohran Mamdani
‘‘ന്യൂയോർക്ക് കുടിയേറ്റക്കാരുടെ കൂടി നഗരമായി നിലനിൽക്കും. കുടിയേറ്റക്കാരാൽ പടുത്തുയർത്തപ്പെട്ട, കുടിയേറ്റക്കാരാൽ മുന്നോട്ട് പോകുന്ന... ഇന്നു രാത്രി മുതൽ ഒരു കുടിയേറ്റക്കാരനാൽ നയിക്കപ്പെടുന്ന നഗരം.’’ ലോകം കാത്തിരുന്ന ന്യൂയോർക്ക് സിറ്റി മെയർ ഇലക്ഷനിൽ വിജയിച്ച ശേഷം സോഹ്റാൻ മംദാനി പറഞ്ഞ വാക്കുകളാണിത്. ന്യൂയോർക്കിലെ ഇന്ത്യൻ വംശജനായ ആദ്യ മുസ്ലിം മേയർ എന്ന ചരിത്ര നേട്ടമാണ് മംദാനി സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പിനു മുൻപ് നടന്ന ആദ്യകാല പ്രവചനങ്ങളിലും മറ്റും സൊഹ്റാന് വെറും ഒരു ശതമാനം മാത്രമാണ് വിജയ സാധ്യത കൽപ്പിച്ചിരുന്നത് എന്നതു കൂടിയാണ് ഈ വിജയത്തെ വിസ്മയകരമാക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ പ്രസംഖത്തിൽ നെഹ്റുവിനെ ഉദ്ധരിച്ചതും ഒടുക്കം ‘ധൂം മചാലേ’ പാട്ട് ബാക്ഗ്രൗണ്ട് ഇട്ടതുമൊക്കെ ആഘോഷിക്കപ്പെടുമ്പോൾ അധികമാർക്കും അറിയാത്ത മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്...
സൊഹ്റാന്റെ ജനനം ഉഗാണ്ടയിലായിരുന്നു.
പഞ്ചാബ് സ്വദേശിയായ പ്രശസ്ത സിനിമാ പ്രവർത്തക മീര നായരാണ് അമ്മ.
ഗുജറാത്ത് സ്വദേശിയും അക്കാഡമീഷ്യനുമായ പ്രഫസർ മഹ്മൂദ് മംദാനി പിതാവ്.
മുഴുവൻ പേര് സൊഹ്റാൻ ക്വാമെ മംദാനി. ഘാനയുടെ ആദ്യ രാഷ്ട്രപതി ക്വാമെ എൻക്രുമയോടുള്ള ബഹുമാനാർത്ഥമാണ് പിതാവ് സൊഹ്റാന് ഈ പേരിട്ടത്.
2021 മുതൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ അംഗമാകുന്ന ആദ്യ ദക്ഷിണേന്ത്യൻ പുരുഷൻ, ആദ്യ ഉഗാണ്ടക്കാരൻ എന്നീ നേട്ടങ്ങൾ സ്വന്തം.
ഏഴാം വയസിൽ അമേരിക്കയിലെത്തി.
എൻ.വൈ.സി. പൊതു വിദ്യാഭ്യാസ സ്കൂളിൽ സംവിധാനത്തിൽ പഠനം. ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസിലും പഠിച്ചു. ശേഷം ബൗഡോയിൻ കോളജിൽ നിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി.
2018 ൽ അമേരിക്കൻ പൗരത്വം ലഭിച്ചു.
ഹൈസ്കൂൾ പഠനകാലഘട്ടത്തിൽ സ്കൂളിലെ ആദ്യത്തെ ക്രിക്കറ്റ് ടീമിന്റെ സഹസ്ഥാപകൻ.
വെസറ്റ് സൈഡ് സോക്കർ ലീഡിനൊപ്പം ഫുട്ബോൾ കളിച്ചിരുന്നു.
കോളജ് കാലഘട്ടത്തിൽ സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ ചാപ്റ്ററിന്റെ സഹസ്ഥാപകനായി.
കാമ്പസ് പത്രം ദി ബൗഡോയിന്‍ ഓറിയന്റിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതിയ ആളാണ്.
ജപ്തി പ്രതിരോധ, ഭവന കൗൺസിലറായി ജോലി ചെയ്തിരുന്നു.
ഹിപ് ഹോപ് ആരാധകനായ സൊഹ്റാൻ ഒരു റാപ്പർ കൂടിയാണ്. മിസ്റ്റർ കാർഡമം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഹിഞ്ച് ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട ആനിമേറ്ററും ചിത്രകാരിയും സെറാമിസ്റ്റുമായ റാമ ദുവാജിയാണ് പങ്കാളി.
ഇംഗ്ലിഷിന് പുറമേ ഹിന്ദി, ഉറുദു, ബംഗാളി, സ്പാനിഷ്, ലുഗാണ്ട, അറബിക് തുടങ്ങിയ ഭാഷകളും വശമുണ്ട്.