കെട്ടുകലക്കല്‍ എന്നു കേട്ടിട്ടുണ്ടോ? കൊച്ചിക്കു വാ.. ആസ്വദിക്കാം തീരദേശ ക്രിസ്ത്യന്‍ രുചിമേളം
അറബിക്കടലിന്റെ തലോടലേറ്റ് ഉറങ്ങിയുണരുന്ന കൊച്ചി. അനുദിനം മുഖം മിനുക്കുന്ന കൊച്ചിയുടെ തീരദേശ ക്രിസ്ത്യന്‍ രുചി വിരുന്നുകളുടെ ഗൃഹാതുരത്വം നിറയുന്ന കഥകള്‍ വായിക്കാം. ‘‘കെട്ടുകലക്കല്‍ എന്നു കേട്ടിട്ടുണ്ടോ?’’ കായലിലെ തുള്ളിക്കളിക്കുന്ന ഓളങ്ങളെ നോക്കി വൈപ്പിന്‍കാരന്‍ ആന്റപ്പന്‍ ചേട്ടന്‍ ചോദിച്ചപ്പോള്‍
അറബിക്കടലിന്റെ തലോടലേറ്റ് ഉറങ്ങിയുണരുന്ന കൊച്ചി. അനുദിനം മുഖം മിനുക്കുന്ന കൊച്ചിയുടെ തീരദേശ ക്രിസ്ത്യന്‍ രുചി വിരുന്നുകളുടെ ഗൃഹാതുരത്വം നിറയുന്ന കഥകള്‍ വായിക്കാം. ‘‘കെട്ടുകലക്കല്‍ എന്നു കേട്ടിട്ടുണ്ടോ?’’ കായലിലെ തുള്ളിക്കളിക്കുന്ന ഓളങ്ങളെ നോക്കി വൈപ്പിന്‍കാരന്‍ ആന്റപ്പന്‍ ചേട്ടന്‍ ചോദിച്ചപ്പോള്‍
അറബിക്കടലിന്റെ തലോടലേറ്റ് ഉറങ്ങിയുണരുന്ന കൊച്ചി. അനുദിനം മുഖം മിനുക്കുന്ന കൊച്ചിയുടെ തീരദേശ ക്രിസ്ത്യന്‍ രുചി വിരുന്നുകളുടെ ഗൃഹാതുരത്വം നിറയുന്ന കഥകള്‍ വായിക്കാം. ‘‘കെട്ടുകലക്കല്‍ എന്നു കേട്ടിട്ടുണ്ടോ?’’ കായലിലെ തുള്ളിക്കളിക്കുന്ന ഓളങ്ങളെ നോക്കി വൈപ്പിന്‍കാരന്‍ ആന്റപ്പന്‍ ചേട്ടന്‍ ചോദിച്ചപ്പോള്‍
അറബിക്കടലിന്റെ തലോടലേറ്റ് ഉറങ്ങിയുണരുന്ന കൊച്ചി. അനുദിനം മുഖം മിനുക്കുന്ന കൊച്ചിയുടെ തീരദേശ ക്രിസ്ത്യന്‍ രുചി വിരുന്നുകളുടെ ഗൃഹാതുരത്വം നിറയുന്ന കഥകള്‍ വായിക്കാം.
‘‘കെട്ടുകലക്കല്‍ എന്നു കേട്ടിട്ടുണ്ടോ?’’ കായലിലെ തുള്ളിക്കളിക്കുന്ന ഓളങ്ങളെ നോക്കി വൈപ്പിന്‍കാരന്‍ ആന്റപ്പന്‍ ചേട്ടന്‍ ചോദിച്ചപ്പോള്‍ ആരുടെയോ വിവാഹം കുളമാക്കിയ കഥയാകും പറയാന്‍ പോകുന്നത് എന്നോര്‍ത്തു കാതു കൂര്‍പ്പിച്ചു. പക്ഷേ, ഇതു സംഭവം വേറെയാണ്. കൊച്ചിക്കാരുടെ സ്വന്തം മത്സ്യോത്സവം എന്നു വിളിക്കാവുന്ന രുചിമേളമാണ്.
ഇവിടെ കെട്ടെന്നാല്‍ വിവാഹമല്ല. നല്ലൊന്നാന്തരം ചെമ്മീന്‍കെട്ടാണ്. ചെമ്മീന്‍ മാത്രമല്ല, ദീര്‍ഘായുഷ്മാനായ കാളാഞ്ചിയും വായുവില്‍ കുതിച്ചുതുള്ളി, മുന്നില്‍ നില്‍ക്കുന്ന ഘടാഘടിയന്റെ വരെ നെഞ്ചിടിച്ചു കലക്കാന്‍ കെല്‍പുള്ള തിരുതയും അടക്കി വാഴുന്ന കെട്ട്. വേനല്‍ ചൂടുപിടിച്ചു തുടങ്ങുന്ന കാലത്താണ് കെട്ടില്‍ നിന്നു മീന്‍ പിടിക്കുന്നത്. അഥവാ കെട്ടുകലക്കല്‍ നടക്കുന്നത്.
‘‘അങ്ങനെ ആര്‍ക്കും എപ്പോളും നടത്താവുന്ന ഒന്നല്ല, ഈ കെട്ടുകലക്കല്‍. അതിന് കാലവും കണക്കും ഒക്കെയുണ്ട്.’’ ആന്റപ്പന്‍ ചേട്ടന്‍ പറയുന്നു.
ഓരോ വർഷവും കെട്ടില്‍നിന്നു മീന്‍ പിടിക്കാന്‍ ഗ്രാമപഞ്ചായത്തുകൾ ഒരു തീയതി തീരുമാനിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ പഞ്ചായത്തിൽ നിന്നു തീയതി നിശ്‌ചയിക്കുന്ന രീതി മാറി. ഏപ്രിൽ രണ്ടാംപകുതിയോടെ കെട്ടുകളിൽനിന്നു മീൻപിടിത്തം തുടങ്ങും. ചിലേടത്തു 15നു തുടങ്ങുമെങ്കിൽ മറ്റു ചില കരകളിൽ ഏപ്രിൽ 30ന് ആവുമെന്നു മാത്രം. തിലോപ്പിയയും കരിമീനും കട്‌ലയും കാളാഞ്ചിയും തിരുതയുമൊക്കെ തിമിര്‍ത്തു മറിയുന്ന കെട്ടിന്റെ മുതലാളി അന്ന് ഒരു നാട്ടുരാജാവിന്റെ ഗമയോടെ തന്റെ പണിക്കാരുമായി വന്നു പറ്റാവുന്നത്ര മീനുകളെ പിടിച്ചു കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ ജീൻസും ടീഷർട്ടുമിട്ടു വരുന്ന യുവാക്കളാണു കെട്ടുമുതലാളിമാരിൽ പലരും. അതിനു ശേഷമുള്ള ദിവസമാണ് കെട്ടുകലക്കല്‍ മഹാമഹം. അന്നു നാട്ടുകാര്‍ക്കെല്ലാം കെട്ടില്‍ നിന്ന് ഇഷ്ടം പോലെ മീന്‍ പിടിക്കാം. കുട്ടികള്‍ വരെ ആ ദിവസം മൊന്ത, ചെറിയ കുടം ഒക്കെയായി വന്നു മീന്‍പിടിത്തത്തിലുള്ള വിരുതു കാട്ടും
‘‘വേലിയിറക്കത്തിന്റെ സമയത്തു തൂമ്പു വഴി കായലിലേക്കും പുഴയിലേക്കും വെള്ളം ഇറങ്ങി കണ്ടം വറ്റും. വെള്ളം കുറയുമ്പോള്‍ മീനുകള്‍ പെടാ.. പെടാ പിടച്ചു തുള്ളുന്നതു കാണാം. കണമ്പ് അഞ്ചു കിലോ തൂക്കം വരെ വയ്ക്കാറുണ്ട്. കാളാഞ്ചിക്ക് 12–15 വര്‍ഷം വരെ ആയുസ്സുണ്ടെന്നാണ് വിശ്വാസം. ഓരോ കെട്ടുകലക്കലിനെയും അവര്‍ അതിജീവിക്കും. അത്രയും വലിയ കാളാഞ്ചിയെ പിടികൂടുക എളുപ്പമല്ല. അതിനു ദേ ഈ കൈപ്പത്തിയുടെ അത്ര വലുപ്പമുള്ള ഉളി, ചെറിയ കോടാലി, അമ്പും വില്ലും തുടങ്ങിയ മാരകായുധ പ്രയോഗങ്ങള്‍ വേണ്ടി വരും.’’ കെട്ടുകലക്കി മീന്‍ പിടിക്കുന്നതിലെ പൊടിക്കൈകള്‍...
മീന്‍ വയ്ക്കുന്നതിങ്ങനെ
പിടിച്ചെടുത്ത മീനിനെ പ്രധാനമായും തിളപ്പിക്കുകയാണ് ചെയ്യാറ്. വെളിച്ചെണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചുവന്നുള്ളി, തക്കാളി എന്നിവ വഴറ്റിയ ശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും അത്യാവശ്യത്തിനുമാത്രം വെള്ളവും ചേര്‍ത്തു തിളപ്പിക്കുന്നു. അതു തിളച്ചു മറിഞ്ഞു തുടങ്ങുമ്പോള്‍ മീനിട്ട് എട്ട്–പത്തു മിനിറ്റ് അടച്ചു വച്ചു വീണ്ടും തിളപ്പിക്കും. ചിലര്‍ പച്ചവെളിച്ചെണ്ണ മുകളില്‍ ചുറ്റിച്ചൊഴിക്കുമ്പോള്‍ ചിലര്‍ വിനാഗിരിയാണ് ഒഴിക്കുക. എന്നാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്തു പാലുകറി കറി വയ്ക്കാനാണ് കണമ്പു ബെസ്റ്റെന്ന് പഴമക്കാർ.
കറിക്കാര്യം കരിമീനിലെത്തുമ്പോള്‍ കളി മാറും. വാഴയിലയില്‍ വച്ചു കരിമീന്‍ പൊള്ളിച്ചെടുക്കുന്നതിനാണ് കൊച്ചിയില്‍ കൂടുതല്‍ ഡിമാന്‍ഡ്.
‘‘കരിമീന്‍ വറുത്തെടുത്ത ശേഷം പൊള്ളിക്കുന്ന രീതിയല്ല ഇവിടത്തേത്. മസാല മീനില്‍ നന്നായി പുരട്ടിയ ശേഷം ഇലയില്‍ വച്ചു പൊള്ളിക്കും. ചെതുമ്പല്‍ കളയുന്നതിനു പകരം കരിമീന്‍ ഉരച്ചെടുക്കുകയാണ് പതിവ്. കഴിക്കുന്നതിനു മുന്‍പായി ബാക്കിയുള്ള ചെതുമ്പല്‍ വിരല്‍ കൊണ്ടങ്ങ് വടിച്ചു കളയും. കെട്ടുകലക്കല്‍ കഴിഞ്ഞു പിടിക്കുന്ന മീനുകളെ വീടിനടുത്തുള്ള ടാങ്കുകളിലിട്ടു തീറ്റ കൊടുത്തു വളര്‍ത്തും. ഈസ്റ്ററിന്റെ സമയം ആകുമ്പോളേക്കും ചിലരത് വില്‍ക്കും. ചിലര്‍ ബന്ധുവീടുകളിലേക്കു കൊടുത്തയയ്ക്കും.’’
ചോരത്തോരന്‍ മുതല്‍ മപ്പാസ് വരെ
കൊച്ചിക്കാര്‍ക്ക് ഈസ്റ്റര്‍ എന്നാല്‍ പെരുന്നാളാണ്. അപ്പവും താറാവുകറിയും വിട്ടൊരു പെരുന്നാള്‍ അവര്‍ക്കില്ലതാനും.
‘‘എന്റെയൊക്കെ ചെറുപ്പത്തില്‍ പെരുന്നാളിനു വേണ്ട താറാവു വാങ്ങാന്‍ പോകുന്നത് വീട്ടിലെ കാര്‍ന്നോരാണ്. അന്നൊന്നും കിലോ കണക്കല്ല. ഒരു താറാവിനാണ് വില. തിളങ്ങുന്ന കരിംപച്ച പൂവുള്ള (നെറുക) താറാവിന്റെ കഴുത്തില്‍ പിടിച്ച് കാര്‍ന്നോന്മാര്‍ തൂക്കി നോക്കും. വിരുന്നൊരുക്കാന്‍ ആവശ്യമുള്ളത്ര താറാവുകളെ വാങ്ങി തിരികെ വരും.
താറാവെത്തിക്കഴിഞ്ഞാല്‍ വീടിന്റെ പിന്നാമ്പുറത്ത് അടുപ്പു കൂട്ടി വലിയ അലുമിനിയം ചരുവത്തില്‍ വെള്ളം ചൂടാക്കുന്നതാണ് ആദ്യ പരിപാടി. വക്കു ചളുങ്ങി കരിപിടിച്ച അത്തരമൊരു പാത്രം എല്ലാ വീട്ടിലും കാണും. ഈ പാത്രത്തിന്റെ ജീവിതദൗത്യം തന്നെ താറാവിനെ വൃത്തിയാക്കുന്ന യത്നത്തിൽ പങ്കുചേരുക എന്നതാണ്. താറാവിന്റെ കഴുത്തു മുറിച്ച് ചിരട്ടയില്‍ ചോര ഇറ്റിച്ചെടുക്കും. എന്നിട്ട് ചോര ഉറയ്ക്കാനായി മാറ്റി വയ്ക്കും. ഉറച്ചു വന്ന ചോര പിന്നീട് ചെറിയ കഷണങ്ങളായി മുറിക്കുന്നു. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചുവന്നുള്ളി, സവാള എന്നിവ പൊടിയായി അരിഞ്ഞതു ചേര്‍ത്ത് അങ്ങു വഴറ്റും. സ്വയമ്പനായി വഴറ്റണം.
ഇതിലേക്കു മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഏറെ കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കിയ ശേഷം തേങ്ങയും ചോരയും ചേര്‍ത്തു നന്നായി വേവിച്ചു ചിക്കിത്തോര്‍ത്തിയെടുക്കുന്നു. ചിലർ ഇതിലേക്കു മുട്ടപൊട്ടിച്ചൊഴിച്ചു ചിക്കിയെടുക്കാനും ശ്രദ്ധിക്കാറുണ്ട്. കാര്‍ന്നോന്മാര്‍ക്കു ലഹരിക്കൊപ്പമുള്ള ടച്ചിങ്ങായും വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും ചോറിനു രുചിയുള്ള കറിയായും ചോരത്തോരന്‍ രൂപം മാറും. പുട്ടുണ്ടാക്കുമ്പോൾ പീരയ്ക്കു പകരം ചോരത്തോരൻ ചേർക്കുന്ന രസികൻമാരുമുണ്ട്. വറുത്തരച്ച താറാവല്ല, തേങ്ങാപ്പാലില്‍ വെന്തു ചാറു കുറുകിയ താറാവുകറിയാണ് കൊച്ചിക്കാരുടെ തീന്‍മേശയിലെ പ്രധാനി.’’
പച്ചറൊട്ടിക്കു കൂട്ട് ബീഫ് സ്റ്റ്യൂ
പച്ചറൊട്ടി ഒറ്റയ്ക്കു നിന്നാല്‍ ദുര്‍ബലനാണെങ്കിലും കൂട്ടിനു ബീഫോ താറാവോ ഫിഷ് മോലിയോ ഉണ്ടെങ്കില്‍ വേറെ ലെവലാണ്. അതുകൊണ്ടാകും ചിലര്‍ക്ക് ഈസ്റ്റര്‍ പ്രാതലിന് അപ്പവും താറാവിനെയുംകാള്‍ പ്രിയം റൊട്ടിയും ബീഫ് സ്റ്റ്യൂവും ആയത്. എത്ര വിദ്യാഭ്യാസം നേടിയാലും ശരാശരി കൊച്ചിക്കാരൻ ക്രിസ്ത്യാനിയോട് ഈസ്റ്ററിനും ക്രിസ്മസിനും ‘സ്റ്റ്യൂ’ ഇല്ലേ എന്നൊന്നു ചോദിച്ചുനോക്ക്... ‘‘ഒന്നു പോടാപ്പാ.... വീട്ടിലേക്കു വന്നാൽ ഇഷ്ടു തരാം...’’ ഇഷ്ടത്തോടെയാകും മറുപടി.
ലോകത്ത് ഏതെല്ലാം രാജ്യങ്ങളിൽ സ്റ്റ്യൂ ഉണ്ടെങ്കിലും പോർചുഗലിൽ നിന്നു കടമെടുത്ത ‘ഇഷ്ടു’ മലയാളികൾ സ്വന്തം ഭേദഗതികളോടെ മാറ്റിയെടുത്തതാണു കൊച്ചിയിലെ വീടുകളിൽ ഇപ്പോഴുള്ളത്. ഇതിൽനിന്നു വ്യത്യസ്തമാണു ഗോവക്കാരുടെ സ്റ്റ്യൂ. പോർചുഗീസ് ഭാഷയിൽ എൻസൊപാദോ, എൻസുപാദു എന്നിങ്ങനെ പുല്ലിംഗവും സ്ത്രീലിംഗവുമായി സ്റ്റ്യൂ എന്നതിനു രണ്ടു പദങ്ങളുണ്ട്. ഇസ്തുഫാദു എന്നും പറയും. ഇതിലെ ‘ഇസ്തു’വാണ് കൊച്ചിക്കാർ ഇഷ്ടം മേമ്പൊടി ചേർത്ത് ‘ഇഷ്ടു’വാക്കിയിരിക്കുന്നത്.
ബോര്‍മയില്‍ മൊരിച്ചെടുത്ത ഒറ്റ റൊട്ടിയെ പത്തു കഷണങ്ങളായി മുറിക്കാം. പച്ചറൊട്ടി മുറിക്കാൻ മാത്രമായി വീട്ടിൽ പ്രത്യേകം കത്തി സൂക്ഷിക്കുന്നവരുണ്ട്. കത്തി ചെറുതായൊന്നു ചൂടാക്കി മുറിച്ചാൽ കഷണങ്ങൾ പട്ടാളച്ചിട്ടയിൽ നിരന്നു നിൽക്കും. അല്ലെങ്കിൽ ചിലപ്പോൾ ലാത്തിയടിയേറ്റ സമരക്കാരെപ്പോലെ കുഴഞ്ഞുവീഴും. സ്റ്റ്യൂവിനു വേണ്ട ബീഫിനു സമൃദ്ധമായി നെയ്മയമുണ്ടാകണമെന്നു ചില വീട്ടമ്മമാർക്കു (അച്ഛൻമാർക്കും പിള്ളേർക്കും) നിര്‍ബന്ധമാണ്. ഉരുളിയില്‍ നാടന്‍ നെയ്യ് ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക ഇവ പൊട്ടിച്ചു തയാറാക്കുന്ന സ്റ്റ്യൂവില്‍ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഉണ്ടാകും. ഓരോ വീട്ടുകാരുടെയും സാമ്പത്തികസ്ഥിതിയനുസരിച്ച് സ്റ്റ്യൂവിലെ കശുവണ്ടിപ്പരിപ്പിന്റെ ധാരാളിത്തത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും.
ഉച്ചയ്ക്കാണ് ഗംഭീരരുചിവിരുന്ന്. പോര്‍ക്ക് സ്ലൈസും മുസാഡ്തും കോമ്പോയും കണമ്പുപാലുകറിയും കരിമീന്‍ തിളപ്പിച്ചതും അപ്പവും റൊട്ടിയും കട്‌ലറ്റും വെണ്ടയ്ക്ക മുഴുവനോടെ നെയ്യില്‍ വഴറ്റിയതും കാബേജു തോരനും താറാവുകറിയും വലിയ കഷണങ്ങളുള്ള എരിവുള്ള ബീഫ് വിന്താലുവും ഈസ്റ്റര്‍ സദ്യയില്‍ ഒഴിവാക്കാന്‍ കഴിയില്ല. എല്ലാംകൂടി ഒരുമിച്ചല്ല വിളമ്പുന്നത്. നോട്ട് ദ് പോയിന്റേ.... കോഴ്സ് ബൈ കോഴ്സ്.... പണക്കാരന്റെ വീട്ടിലായാലും പാവപ്പെട്ടവന്റെ വീട്ടിലായാലും തീരദേശത്ത് ഇക്കാര്യത്തിൽ ഒരേ നിർബന്ധം.
ചെത്തിപ്പൂനിറമുള്ള കല്യാണ ഓര്‍മകള്‍
‘‘പണ്ടു..പണ്ട്.. ഔസേപ്പ് പിതാവ് കന്യാമറിയത്തെ പെണ്ണുകാണാന്‍ പോയി. കന്യാമറിയത്തെ കണ്ട സമയം ഔസേപ്പ് പിതാവിന്റെ കൈയിലിരുന്ന തേഞ്ഞു തീരാറായ വടിയുടെ അറ്റം പൂവിട്ടു. ആ ഓര്‍മയ്ക്കായാണ് കല്യാണപ്പന്തലിടുമ്പോൾ നാട്ടുന്ന ആദ്യത്തെ തൂണില്‍ ചെത്തിപ്പൂങ്കുല കെട്ടിവച്ച് ആകാശത്തേക്ക് തലയുയർത്തി നിർത്തുന്നത്.’’ ആന്റപ്പന്‍ ചേട്ടന്‍ കഥ തുടര്‍ന്നു.
‘‘മുന്‍പൊക്കെ കല്യാണത്തിന്റെ ആഘോഷങ്ങള്‍ ഒരാഴ്ച നേരത്തേ തുടങ്ങും. കല്യാണപ്പണ്ണിനെയോ ചെക്കനെയോ തല തൊട്ട ആളുടെ സാന്നിധ്യത്തിലാണ് പന്തലിനു കാല്‍നാട്ടുന്നത്. ലാറ്റിന്‍ സമുദായത്തില്‍ ഇതു ചെക്കന്റെയോ പെണ്ണിന്റെയോ അച്ഛന്റെ അടുത്ത സുഹൃത്താകും. പരിഞ്ഞപ്പന്‍ (ഗോഡ്ഫാദർ) എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. പന്തലിന്റെ ആദ്യ തൂണ്‍ നാട്ടുന്നത് പരിഞ്ഞപ്പൻ എന്ന ഈ തലതൊട്ടപ്പനാണ്.
കല്യാണവിരുന്നുകള്‍ ഒരുക്കാനായി എത്തുന്ന കോക്കികള്‍ എന്നു വിളിപ്പേരുള്ള കുക്കുകള്‍ വീടിനു പുറത്തുള്ള പന്തലില്‍ കല്യാണക്കലവറ ഒരുക്കും. അവിടെത്തന്നെയാകും കോക്കികളുടെ താമസവും. കോസിഞ്ഞേറോ എന്ന പോർചുഗീസ് വാക്കു ലോപിച്ചാണു കോക്കി എന്ന തീരദേശ മലയാളത്തിലേക്ക് എത്തിയത്.
കല്യാണത്തലേന്ന് ഏഴുമണിക്കാണ് മധുരം നുള്ളുന്ന ചടങ്ങുള്ളത്. മൂന്നു തവണ അനുവാദം ചോദിച്ച ശേഷമാണ് വിവാ ഹിതരാകാന്‍ പോകുന്ന ചെക്കനോ പെണ്ണിനോ മധുരം നുള്ളി നല്‍കുന്നത്.’’
പോട്ടിക്കറിയും മുട്ടിച്ചാറും
കല്യാണത്തലേന്നത്തെ സദ്യയ്ക്കു പാളയംകോടന്റെയോ പൂവന്റെയോ മൂത്ത ചെറിയ പച്ചക്കായയും പോട്ടിയും ചേര്‍ത്തു വറുത്തരച്ചു തയാറാക്കുന്ന കറിയാണ് പ്രധാനം. പണ്ടത്തെ ശീലമിതാണ്: പോട്ടിക്കറിക്കുള്ള തേങ്ങ അയൽവീട്ടിലെ സ്ത്രീകള്‍ കൊണ്ടുപോയി ചുരണ്ടിക്കൊണ്ടു വരുന്നു. ഒന്നും രണ്ടും വീട്ടിലല്ല, പത്തോ പന്ത്രണ്ടോ വീടുകളിലേക്കാണതു കൊണ്ടുപോകുക. പിന്നീട് ചുരണ്ടിയ തേങ്ങ കല്യാണവീട്ടിലേക്കു തിരികെ കൊണ്ടുവന്നു വലിയ ഉരുളിയിലിട്ടിളക്കി വറുക്കും.
വറുത്ത തേങ്ങയുമായി വീണ്ടും സ്ത്രീകള്‍ വീടുകളിലേക്കു തിരികെപ്പോകും. അവര്‍ മടങ്ങി വരുന്നത് മയത്തില്‍ അരച്ച അരപ്പുമായാണ്. അതാണ് പോട്ടിയില്‍ ചേര്‍ത്തു കറിയുണ്ടാക്കുന്നത്. ഇത്തരം കറികള്‍ക്ക് അസാധ്യരുചിയായിരുന്നു. തേങ്ങ വറുത്തരച്ച കല്ലു വടിച്ചു നക്കാനും ആ കല്ലില്‍ ഒരുപിടി ചൂടുചോറിട്ട് ഇളക്കി വാരിക്കഴിക്കാനും കുട്ടികളുടെ ഒരു തിക്കിത്തിരക്കുണ്ടാകും.
പോത്തിന്റെ കാലിലെ മുട്ടികൊണ്ടു തയാറാക്കുന്ന മുട്ടിച്ചാറാണ് കല്യാണത്തലേന്നത്തെ മറ്റൊരു ഐറ്റം. ചൂടുചോറില്‍ മുട്ടിച്ചാറൊഴിച്ചതും ഒരു തോരനും അച്ചാറും കൂടിയുണ്ടെങ്കില്‍ സംഭവം കുശാല്‍. മുട്ടിച്ചാറിലെ മുട്ടി കാരണവന്മാര്‍ക്കുള്ളതാണ്. മുട്ടി കിട്ടാത്തതിനെ ചൊല്ലി കാരണവന്മാര്‍ക്കിടയില്‍ അല്ലറ ചില്ലറ തട്ടും മുട്ടും ഉണ്ടാകാറുണ്ടായിരുന്നുവെന്ന് ആന്റപ്പന്‍ ചേട്ടന്‍ ചിരിയോടെ പറയുന്നു.
രുചിസമൃദ്ധിയില്‍ കല്യാണസദ്യ
പഴമയിലേക്കു വീണ്ടും : കല്യാണദിവസം പല കോഴ്സുകളായുള്ള സദ്യയാണ് വിളമ്പുന്നത്. ആദ്യം കേക്കും വൈനും. കല്ലുകുപ്പി സോഡയും മദ്യവും മേശയുടെ ഒരറ്റത്തായി ആരാധകരെ കാത്തിരിപ്പുണ്ടാകും. പാത്രത്തില്‍ ആദ്യം എത്തുന്നത് കട്‌ലറ്റും പോര്‍ക്കും മുസാഡ്തും അറ്റം കളയാതെ വെളിച്ചെണ്ണയില്‍ വാട്ടിയെടുത്ത വെണ്ടയ്ക്കയും വട്ടത്തിലരിഞ്ഞു വിനാഗിരിയിലിട്ടു വച്ച ബീറ്റ്റൂട്ടുമാണ്. അതുകഴിഞ്ഞ് ബ്രെഡ്, താറാവുകറി, കോ ഴി റോസ്റ്റ്. വീണ്ടും ബീഫ് സ്റ്റ്യൂവിന്റെ അകമ്പടിയോടെ ബ്രെഡ് എത്തും. അതു കഴിഞ്ഞാണ് ചോറിന്റെ വരവ്. കരള്‍പാല്‍ക റി, വിന്താലു, മീന്‍–ചെമ്മീന്‍ വിഭവങ്ങള്‍, കാബേജ് തോരന്‍, മെഴുക്കുപുരട്ടി, ബീഫ് റോസ്റ്റ്, ബീഫ് കായയിട്ടു വച്ചത്, ഒഴിച്ചുകൂട്ടാൻ തക്കാളിച്ചാറ് ഇങ്ങനെ മെനു നീളും.
പഴവും പാനിയുമാണ് ഡിസേര്‍ട്ടായി വിളമ്പുന്നത്. തേങ്ങ ചുരണ്ടിയതില്‍ ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്തിളക്കിയത് ഉള്ളില്‍ നിറച്ച മുട്ടക്കുഴലപ്പമാണ് മറ്റൊരു മധുരവിഭവം. കാലം മാറിയതോടെ ഊണിനു പകരം നിറങ്ങള്‍ ചേര്‍ത്ത ബിരിയാണിയും സാലഡും പപ്പടവുമൊക്കെയായി താരങ്ങള്‍.
പള്ളിപ്പെരുന്നാളുകളെപ്പറ്റി പറയാതെ തീരദേശത്തെ ക്രിസ്ത്യന്‍രുചിയാഘോഷത്തിന്റെ കഥ പൂര്‍ണമാകില്ല. ഇതുവരെ പറഞ്ഞുതന്ന രുചിയാഘോഷങ്ങളുടെ ആകെത്തുകയാണ് പള്ളിപ്പെരുന്നാള്‍. പെരുന്നാളിനുള്ള പോര്‍ക്ക് വിന്താലു ദിവസങ്ങള്‍ക്കു മുന്‍പു തന്നെ തയാറാക്കി ഭരണിയിലോ മൺചട്ടിയിലോ സൂക്ഷിക്കും. ഉണക്കച്ചെമ്മീന്റെ തല കൊണ്ടുള്ള ചമ്മന്തിയാണ് മറ്റൊരു വിഭവം. നുള്ളിയെടുത്ത തലയുടെ ബാക്കി ഭാഗം മദ്യസല്‍ക്കാരത്തിനുള്ള തൊട്ടുകൂട്ടാനായി മാറും.
‘‘ഇന്ന് കല്യാണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പലതരം വിഭവങ്ങള്‍ കേറ്ററിങ്‌കാര്‍ വിളമ്പാറുണ്ട്. എന്നാല്‍ െപട്രോമാക്സിന്റെ വെളിച്ചത്തില്‍ കറിക്കു നുറുക്കി, വറുത്തരച്ച് എല്ലാവരും കൂട്ടായ്മയോടെ അന്നൊരുക്കിയ വിഭവങ്ങളുണ്ടല്ലോ.. അതിന്റെ രുചിക്കൊപ്പം ഒരിക്കലും ഒന്നും എത്തില്ല.’’ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളില്‍ നിന്നു തിരികെ വരാന്‍ മടിച്ചിട്ടെന്ന പോലെ ആന്റപ്പന്‍ ചേട്ടന്‍ പറഞ്ഞുകൊണ്ടേയിരുന്നു.