പിള്ളേരായാൽ ഇങ്ങനെ വേണം: മുറ്റമടിച്ച് അമ്മയെ സഹായിച്ച് കണ്മണിക്കുട്ടി: മകളുടെ ക്യൂട്ട് വിഡിയോയുമായി മുക്ത Sunday Chores: Kiara's Helping Hand for Muktha
സോഷ്യൽ മീഡിയയിലെ സൂപ്പര്‍ ഡ്യൂപ്പർ കോംബോയാണ് മുക്തയും മകൾ കിയാരയും. പാട്ടും പാചകവും വീട്ടുജോലി വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയുടെ ഹൃദയം കവരാറുണ്ട്. ഇവിടെയിതാ അമ്മയുടെ ജോലിത്തിരക്കിൽ തന്നാലാകും വിധം സഹായിക്കാൻ കിയാരക്കുട്ടി എത്തിയതാണ് പുതിയ ക്യൂട്ട് വിശേഷം. അമ്മയ്ക്കൊപ്പം മുറ്റമടിച്ചും മുറ്റത്തെ കാടുപറിച്ചുമാണ് കണ്മണി എന്ന കിയാര ഞായറാഴ്ച അമ്മയ്ക്ക് കൈസഹായത്തിനെത്തിയത്. മുക്ത തന്നെയാണ് മകൾ മുറ്റമടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
'അവളുടെ കുഞ്ഞു കൈകൾ അമ്മയ്ക്ക് സഹായമായി മാറി. കൺമണി അവളുടെ ഞായറാഴ്ച അമ്മയെ സഹായിക്കാനായി മാറ്റിവച്ചിരിക്കുന്നു. മറ്റുള്ളവരെ ആശ്രയിക്കാതെ അടിസ്ഥാന ശുചിത്വം പഠിച്ചു. കുടുംബത്തെ സഹായിച്ചു. സ്ക്രീൻ സമയം കുറച്ച് സന്തോഷകരമായ ഞായറാഴ്ച ജോലികളിൽ മുഴുകി' - എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് മുക്ത കുറിച്ചത്. ഈർക്കിലി ചൂലു കൊണ്ടാണ് കണ്മണിക്കുട്ടി മുറ്റം അടിച്ച് വൃത്തിയാക്കുന്നത്.
മുറ്റം വൃത്തിയാക്കുന്നതിനിടയിൽ പുല്ലുകളും മറ്റും കൺമണി പറിച്ചു കളയുന്നുണ്ട്. കൺമണിയുടെ അധ്വാനത്തിനു സാക്ഷിയായി അമ്മ മുക്തയും അരികിൽ തന്നെയുണ്ട്. മുറ്റമടിക്കാൻ അറിയാവോയെന്ന് വിഡിയോയിൽ മുക്ത മകളോട് ചോദിക്കുന്നുണ്ട്. രണ്ടുകൈകൊണ്ട് വേണം മുറ്റമടിക്കാനെന്നും മുക്ത മകളെ ഓർമിപ്പിക്കുന്നുമുണ്ട്. പുല്ല് പറിക്കുന്നത് ഇഷ്ടമാണോ എന്ന് അമ്മ ചോദിക്കുമ്പോൾ അതെയെന്നും മറുപടി നൽകുന്നുണ്ട് കണ്മണി. സഹായത്തിനായി വീട്ടിലെ നായക്കുട്ടിയും ഒപ്പം തന്നെയുണ്ട്. മകളെ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്ന മുക്തയ്ക്ക് പൂർണപിന്തുണയാണ് കമന്റ് ബോക്സ് നിറയെ.
എന്തായാലും ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന ഒഴിവു ദിവസത്തിൽ ടിവിക്കു മുന്നിലോ മൊബൈൽ ഫോണിലോ കുത്തിയിരിക്കുന്ന പുതുതലമുറയ്ക്ക് മാതൃകയാണ് കൺമണി. ഞായറാഴ്ചയെന്ന ഒഴിവുദിവസത്തെ അമ്മയ്ക്ക് ഒരു കൈസഹായമാക്കി മാറ്റിയ കൺമണിയുടെ വിഡിയോയും വൈറലാണ്.