എടുത്തു ചാടി നിക്ഷേപിച്ചാൽ അബദ്ധം സംഭവിക്കാം: മൂച്വൽ ഫണ്ട്... ഓർക്കാം ഈ 7 കാര്യങ്ങൾ Know Mutual fund investments
മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണി അപകട സാധ്യതകൾക്കു വിധേയമാണ്. സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക. ’ ഈ വാചകം കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ ചുരുക്കമായിരിക്കും. അതുകൊണ്ടുതന്നെ മ്യൂച്വൽ ഫണ്ട് എന്ന് കേൾക്കുമ്പോഴേ നിക്ഷേപകരുടെ ഉള്ളിൽ പെട്ടെന്നൊരു പേടി കടന്നുകൂടിയേക്കാം. ശരിയാണ് ആവശ്യങ്ങൾ മനസ്സിലാക്കാതെ എടുത്തു ചാടി നിക്ഷേപിച്ചാൽ അബദ്ധം സംഭവിക്കാം.
എന്താണ് മ്യൂച്വൽ ഫണ്ട്?
ഏതൊരു നിക്ഷേപത്തിലും വാങ്ങുന്ന മുതലിനെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരിക്കുക എന്നതു പ്രധാനമാണ്. പണം നൽകി നമ്മൾ നടത്തുന്ന നിക്ഷേപങ്ങളാണു ഭൂമി, ചിട്ടി, സ്വർണം തുടങ്ങിയവ. മ്യൂച്വൽ ഫണ്ടുകളിലേക്കു വരുമ്പോൾ ഷെയറുകളെക്കുറിച്ചു ധാരണയുള്ള ഫണ്ട് മാനേജർ നമ്മുടെ ആവശ്യമറിഞ്ഞു കൃത്യമായ നിക്ഷേപങ്ങളിലേക്കു പണമിടുന്നു.
ഓരോ മ്യൂച്വൽ ഫണ്ടിനും വ്യത്യസ്ത സ്വഭാവമായിരിക്കും. ഉദാഹരണത്തിനു സ്വർണത്തിൽ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് ആണെങ്കിൽ ഫണ്ട് മാനേജർ ലഭിക്കുന്ന പണം മുഴുവൻ സ്വർണത്തിലാകും നിക്ഷേപിക്കുക. സ്വർണത്തിന്റെ വില ഉയരുന്നതിനനുസരിച്ചു നമ്മുടെ ലാഭം കൂടും. സ്വർണത്തിൽ മാത്രമല്ല, വെള്ളി, കടപ്പത്രം, ഷെയർ തുടങ്ങി നിരവധി മേഖലകളിലേക്കു നിക്ഷേപിക്കും. മ്യൂചൽ ഫണ്ട് ഏജൻസികൾ, ബാങ്കുകൾ, സ്‌റ്റോക്ക് ബ്രോക്കേഴ്സ്, മൊബൈൽ ആപ്പുകൾ, കമ്പനികളിൽ നിന്നു നേരിട്ട് തുടങ്ങിയ രീതികളിൽ നിക്ഷേപം നടത്താൻ സാധിക്കും. പാൻ കാർഡ്, തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, ബാങ്ക് പ്രൂഫ് എന്നിവയാണ് ആവശ്യമായ രേഖകൾ.
ലക്ഷ്യം നിശ്ചയിക്കുക പ്രധാനം
എന്തിനു വേണ്ടിയാണു മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നത് എന്നതിനെക്കുറിച്ചു വ്യക്തമായ ധാര ണ നിക്ഷേപകനുണ്ടായിരിക്കണം. അതുവഴി മാത്രമേ ലോങ് ടേം, ഷോർട് ടേം എന്നിങ്ങനെ നിക്ഷേപത്തെ തരംതിരിക്കാനാകൂ. ലക്ഷ്യം ഉറപ്പിക്കുന്നത് ഉത്തമമായ ഫണ്ട് തീരുമാനിക്കുന്നതിലും സഹായിക്കും. ഉദാഹരണത്തിനു കുട്ടികളുടെ ഉപരിപഠനമാണു ലക്ഷ്യമെന്നു കരുതാം. കുട്ടിയുടെ പ്രായം നാലു വയസ്സാണെങ്കിൽ 13 വർഷത്തേക്കു നിക്ഷേപിക്കാം. ഗോൾഡ് സിൽവർ ഫണ്ട്, ഇക്വിറ്റി ഫണ്ട്, ഡെബ്റ്റ് ഫണ്ട് തുടങ്ങി പലതരം മ്യൂച്വൽ ഫണ്ടുകളുണ്ട്. ഇതിനു പുറമേ പല ഫണ്ടുകൾ ചേർന്നു വരുന്ന ഹൈബ്രിഡ് ഫണ്ടുകളും ലഭ്യമാണ്.
പെട്ടെന്നു പണം പിൻവലിക്കാവുന്ന ഡെബ്റ്റ് ഫണ്ടുകൾ എപ്പോഴും സുരക്ഷിതമാണ്. അതേസമയം ഇക്വിറ്റി ഫണ്ടുകളിൽ ലാഭവും റിസ്കും കൂടുതലാണ്. ഇവയുടെ രണ്ടിന്റെയും സമ്മിശ്ര ഫലം നൽകുന്ന ഫണ്ടുകളാണ് ഹൈബ്രിഡ് ഫണ്ടുകൾ.
നിക്ഷേപത്തിന്റെ ഇടവേളകൾ നിശ്ചയിക്കാനും അതിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം നിക്ഷേപകനുണ്ട്. എല്ലാ മാസവും എന്ന നിലയ്ക്കോ, ഒറ്റത്തവണയായോ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ഇടയ്ക്കിടയ്ക്കു മാത്രമേ കയ്യിൽ പണം വരുകയുള്ളൂ എ ങ്കിൽ ലംപ്സം മോഡിൽ തിരഞ്ഞെടുക്കാം.
സഹായം ചോദിക്കുന്നതിൽ മടി വേണ്ട
ഡയറക്ട്, റെഗുലർ എന്നിങ്ങനെ രണ്ടു തരത്തിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. ഇവിടെ ഏജന്റ് ഫീസിലാണ് കാര്യം. മ്യൂച്വൽ ഫണ്ട് വാങ്ങുമ്പോൾ ഫണ്ട് മാനേജർക്ക് ഏജന്റ് കമ്മീഷനുൾപ്പെടെ ഒരുപാടു ചെലവുകൾ വരും. ഇതിനെ എക്സ്പെൻസ് റേഷ്യോ എന്നു പറയും.
കൃത്യമായ മാർഗ നിർദേശങ്ങൾ നൽകാൻ ഒരാൾ ആവശ്യമാണെങ്കിൽ റെഗുലർ ഫണ്ട് തിരഞ്ഞെടുക്കുന്നതാണുത്തമം. റെഗുലർ ഫണ്ടിൽ നമ്മളെ സഹായിക്കാൻ ഫണ്ട് മാനേജരുണ്ടാകും.
ഡയറക്ട് ഫണ്ടിൽ ഏജന്റില്ലാത്തതിനാൽ എക്സ്പെൻസ് റേഷ്യോ കുറവായിരിക്കും. എന്നാൽ, ഫണ്ട് തിരഞ്ഞെടുക്കുന്നതു മുതൽ എല്ലാ കാര്യങ്ങളും നമ്മൾ തന്നെ ചെയ്യണം. ഡയറക്ട് ഫണ്ടുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ആപ്പുകൾ വഴി ഡയറക്ടായി ഫണ്ടിൽ നിക്ഷേപിക്കാം.
വിവരങ്ങൾക്ക് കടപ്പാട്: നിഖിൽ ഗോപാലകൃഷ്ണൻ (പെന്റാഡ് സെക്യൂരിറ്റീസ്)∙