ദീപാവലി ആളുകൾ ഒത്തു ചേരുന്നതിന്റേയും ആഘോഷത്തിന്റേയും സമയമാണ്. ഈ സമയത്ത് വലിയ കൊട്ടും മേളവും പടക്കം പൊട്ടിക്കലും സ്പീക്കറിലൂടെ ഉറക്കെയുള്ള പാട്ടും ഒക്കെ പതിവാകും. ഇത്തരം ശബ്ദകോലാഹലങ്ങൾക്കിടയിൽ പരിഭ്രമിച്ചു പോകുന്ന കുറച്ചുപേരുണ്ട്– വീട്ടില്‍ വളർത്തുന്നതും പരിസരത്തുള്ളതുമായ അരുമ മൃഗങ്ങളും പക്ഷിക്കൂട്ടങ്ങളും. കഴിവതും ശബ്ദമില്ലാത്ത തരം പടക്കങ്ങൾ പൊട്ടിച്ചും പാട്ടിന്റെ ശബ്ദം കുറച്ചു വച്ചുമൊക്കെ നമുക്ക് ആഘോഷങ്ങൾ ആശങ്കയില്ലാത്തവയാക്കി മാറ്റാൻ ശ്രമിക്കാം. എന്നിരുന്നാലും ചുറ്റുമുള്ള ആഘോഷാരവങ്ങളിൽ നിന്ന് അരുമ മൃഗങ്ങളെ സംരക്ഷിക്കാനുള്ള ചില വഴികളും നോക്കാം:

കഴിവതും വളർത്തു മൃഗങ്ങളെ വീട്ടിനകത്തു തന്നെ നിർത്താം. പടക്കത്തിന്റേയും മറ്റും ഘോര ശബ്ദങ്ങൾ അവർക്ക് ഉത്‌കണ്‌ഠയും വെപ്രാളവുമൊക്കെ കൂട്ടും. നായ്ക്കളുടെ കാര്യം വരുമ്പോൾ അവർക്ക് കേൾവി ശക്തി കൂടുതലായതു കൊണ്ട് നമ്മൾ കേൾക്കുന്നതിലും വളരെയധികം ഉച്ചത്തിലാണ് അവർ ഓരോ ശബ്ദവും കേൾക്കുക. അരുമ മൃഗങ്ങൾ ഒളിച്ചിരിക്കാനുള്ള ഇടം തേടി അലയുക, വായിൽ നിന്നും വെള്ളമൊലിക്കുക, ഉറക്കെ കരയുക, ഓരിയിടുക, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങി പല ലക്ഷണങ്ങളും ആശങ്ക മൂലം കാണിക്കാം. ഈ സമത്ത് പുറത്തിട്ടാൽ അവർ പേടിച്ചോടാനും അതുവഴി മറ്റ് അപകടങ്ങൾ വരാനുമുള്ള സാധ്യതയുണ്ട്. പടക്കം പൊട്ടുന്ന സമയത്ത് കഴിവതും ജനാലകൾ അടച്ചിടാം. വെളിച്ചം അധികം വരുന്നെങ്കിൽ കർട്ടനുകളും വലിച്ചിടാം.

  • ADVERTISEMENT

    അവർക്കൊരു വിശ്രമയിടം ഒരുക്കാം. മൃഗങ്ങൾ സമാധാനത്തിനായുള്ള പരക്കം പാച്ചിലിലായിരിക്കും. ആ സമയത്ത് അവർക്കായി അവരുടെ കുഞ്ഞു ബെഡോ, ഷീറ്റോ ഒക്കെ വിരിച്ചിടാം. കിടക്ക ജനലിനും വാതിലിനും അടുത്താവാതെ ശ്രദ്ധിക്കാം. അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും ഒപ്പം വയ്ക്കാം.

  • മൃഗഡോക്ടറെ മുൻകൂട്ടി കണ്ട് മൃഗങ്ങൾക്ക് ആശ്വാസം പകരാനുള്ള ഉപാദികൾ ചോദിക്കുക. അവരെ ശാന്തമാക്കാൻ സഹായിക്കുന്ന തരം ചില മണങ്ങൾ സ്പ്രേ ചെയ്യുന്ന ഡിഫ്യൂസറുകൾ, ചില മരുന്നുകൾ ഒക്കെയുണ്ട്. ആവശ്യമെങ്കിൽ നിർദേശമനുസരിച്ച് ഇവ നൽകാം.

  • ADVERTISEMENT

    മൃഗങ്ങളെ തിരിച്ചറിയാൻ സാഹായിക്കുന്ന വിവരങ്ങൾ ബെൽറ്റിലോ, കോളറിലോ എഴുതി വയ്ക്കാം. അബദ്ധവശാൽ എങ്ങാനും അരുമ മൃഗങ്ങൾ ഓടിപ്പോയാൽ അവരെ തിരികെ എത്തിക്കാൻ സഹായിക്കുന്ന തരത്തിൽ അവരുടെ പേരും, മേൽവിലാസവും, ഫോൺ നമ്പറും എഴുതി കോളറിലോ മറ്റോ ഒട്ടിക്കുന്നത് നല്ലതാണ്. മൃഗങ്ങളുടെ ചർമത്തിനുള്ളിലേക്ക് ഒരു തിരിച്ചറിയൽ നമ്പർ വയ്ക്കാവുന്ന മൈക്രോചിപ്പിങ്ങും പരിഗണിക്കാവുന്നതാണ്.

  • അവരുടെ പതിവ് ദിനചര്യ അതേപോലെ പാലിക്കാം. സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ അതേപടി തുടർന്നാൽ വളർത്തു മൃഗങ്ങൾക്ക് അതൊരൽപ്പം ആശ്വാസവും കാര്യങ്ങൾ കുറച്ചൊക്കെ നിയന്ത്രണ പരിധിയിലാണെന്ന ബോധ്യവും നൽകും.

  • ADVERTISEMENT

    പടക്കവും മറ്റും മൃഗങ്ങൾക്ക് എടുക്കാൻ പറ്റാത്ത അകലത്തിൽ വയ്ക്കുക. വീട്ടിലുള്ളവർ പടക്കം പൊട്ടിക്കുകയാണെങ്കിൽ തന്നെ വളർത്തു മൃഗങ്ങളെ കൂടെ കൂട്ടുന്നത് തീർത്തും ഒഴിവാക്കുക. പടക്കമൊക്കെ അവർ കടിക്കാനും അതിനു പിറകെ ഓടാനും അവരുടെ രോമത്തിലും മറ്റും തീപ്പോരി എളുപ്പം വീഴാനുമുള്ള അപകടസാധ്യതകൾ ഏറെയാണ്.

  • ശ്രദ്ധ തിരിക്കാം. പുറത്ത് വലിയ ശബ്ദകോലാഹലങ്ങള്‍ ഉള്ളപ്പോൾ അരുമമൃഗങ്ങളുടെ ശ്രദ്ധ അതിൽ നിന്നൊക്കെ മാറ്റാൻ അവരുമായി ചെറിയ കളികൾ കളിക്കാം. അവരെ അരികിലിരുത്തി തഴുകിയും വർത്തമാനം പറഞ്ഞും ആശ്വസിപ്പിക്കാം. അവർക്കിഷ്ടമുള്ള ചെറിയ ട്രീറ്റുകളും നൽകാം.

  • വീട്ടിനകത്തെ ലൈറ്റുകൾ ഡിം ചെയ്യാം. പുറത്ത് അമിതമായ വെളച്ചവും ശബ്ദവുമുള്ളപ്പോൾ വീട്ടിനകത്തെ സമാധാനപരമായ അന്തരീക്ഷം മൃഗങ്ങളെ അൽപം ശാന്തരാക്കും. അയ്ക്ക് ഇഷ്ടമാണെങ്കിൽ സാന്ത്വനിപ്പിക്കുന്ന തരത്തിലുള്ള സംഗീതവും വയ്ക്കാം.

  • പുറത്തെ ബഹളത്തിനൊപ്പം നിങ്ങളും കൂടി ഒച്ചവയ്ക്കുകയും പരിഭ്രാന്തരാവുകയും ചെയ്യരുത്. മൃഗങ്ങൾ നിങ്ങളുടെ മുഖഭാവങ്ങൾ നിരീക്ഷിക്കും. കഴിവതും ശാന്തരായിരിക്കുക. ഒപ്പം മൃഗങ്ങളെ അമിതമായി എടുത്തു നടക്കുകയും ഉറക്കെയുള്ള ആശ്വാസവാക്കുകൾ ആവർത്തിക്കുന്നതും ഒഴിവാക്കാം.

  • പടക്കം പൊട്ടുന്ന സമയത്തിന് മുൻപേ തന്നെ അരുമ മൃഗത്തെ നടത്തുകയോ കളിപ്പിക്കുകയോ ഒക്കെ ചെയ്ത് ആവശ്യത്തിന് വ്യായാമം നൽകാം. ഇത് അവരെ ശാന്തരായിരിക്കാൻ സഹായിക്കും.

    അരുമ മൃഗങ്ങൾ തീർത്തും പരിഭ്രാന്തരായി ഏറെ നേരം പെരുമാറുന്നുവെങ്കിൽ മടിക്കാതെ മൃഗഡോക്ടറുടെ അടുത്തെത്തിക്കുക.

    ADVERTISEMENT