സൂപ്പർ കോയിൻ, കാർഡ് ഓഫർ, ക്യാഷ്ബാക്ക്: ഓൺലൈൻ ഷോപ്പിങ്ങിൽ ഒളിഞ്ഞിരിക്കും രഹസ്യങ്ങൾ അറിയാം Things to know, before Online shopping
∙ വിലകൾ താരതമ്യം ചെയ്യുക– ഗൂഗിൾ ഷോപ്പിങ് പോലുള്ള സൈറ്റുകളിൽ കയറി ഉൽപ്പന്നത്തിന്റെ പേര് ടൈപ്പ് ചെയ്താൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ എല്ലാ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും ഓഫറുകൾ കാണാം. വിവിധ തരം ഫിൽറ്ററുകൾ ഉപയോഗിച്ചു വില, ബ്രാൻഡ്, നിറം തുടങ്ങിയവയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്തു വാങ്ങാം. ഏറ്റവും ആദായ വിലയിൽ ഏറ്റവും മികച്ചതു വാങ്ങാൻ ഈ താരതമ്യം സഹായിക്കും.
∙ കൂപ്പണുകളും ക്യാഷ് ബാക്ക് ഒാഫറുകളും– കൂപ്പൺ, ക്യാഷ് ബാക്ക് സൈറ്റുകളുടെ സഹായം തേടുക. കൂപ്പൺ ദുനിയ, ഗ്രാബ് ഓൺ തുടങ്ങിയ സൈറ്റുകളിൽ നൂറുകണക്കിന് ഓഫറുകൾ ലഭ്യമാണ്. ലോയൽറ്റി പോയിന്റുകളും ഉപയോഗിക്കുക. ആമസോൺ പേ, ഫ്ളിപ്കാർട്ട് സൂപ്പർ കോയ്ൻ, മിന്ത്ര ഇൻസൈഡർ തുടങ്ങിയ റിവാർഡ് പോയിന്റുകൾ നിങ്ങൾക്കു കൂടുതൽ ഡിസ്കൗണ്ട് നൽകും.
∙ ഒാഫറുകൾ മുൻകൂട്ടി തിരിച്ചറിയുക– എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും വിശേഷ അവസരങ്ങളോടനുബന്ധിച്ച് ഫെസ്റ്റിവൽ ഫ്ലാഷ് സെയിൽ മേളകൾ നടത്താറുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തുക. ഒാണക്കാലത്തേക്കും വിവാഹ സീസണിലേക്കും വേണ്ടി വന്നേക്കാവുന്ന സാധനങ്ങൾ മുൻകൂട്ടി വാങ്ങാൻ ഫ്ളാഷ് സെയിലുക ൾ ഉപയോഗപ്പെടുത്തുക.
∙ കാർഡ് ഓഫറുകൾ പാഴാക്കേണ്ട– മിക്ക ബാങ്കുകളും അവരുടെ ഡെബിറ്റ്, െക്രഡിറ്റ് കാർഡുകൾക്ക് 10-15 ശതമാനം വരെ ഡിസ്കൗണ്ട് നൽകാറുണ്ട്. ഏതു കാർഡിനാണ് ഒാഫർ എന്നു നോക്കി ഉപയോഗിക്കുക. യുപിഐ, വാലറ്റ് പേയ്മെന്റിനാണോ കാർഡ് പേയ്മെന്റിനാണോ കൂടുതൽ ഓഫർ എന്നു നോക്കി മനസ്സിലാക്കിയശേഷം പർച്ചേസ് ചെയ്യുക. ഫ്രീ കോയിനുകൾ, ക്യാഷ് ബാക്ക് ഓഫറുക ൾ, ഫ്രീ ഡെലിവറി ഓഫറുകൾ തുടങ്ങിയവ ഇത്തരം പേയ്മെന്റുകളിൽ നിന്നു ലഭിക്കും.
∙ഡിസ്കൗണ്ട് ഓഫർ തട്ടിപ്പാണോ എന്ന് പരിശോധിക്കാം– വിലകൂട്ടിയിട്ടു വലിയ ഡിസ്കൗണ്ട് തരുന്ന ഏർപ്പാട് ചില ഒാൺലൈൻ സൈറ്റുകളിലുണ്ട്. ഇതു ട്രാക്ക് ചെയ്യാൻ BuyHatke പോലുള്ള സൈറ്റുകളില്‍ ലിങ്ക് പേസ്റ്റ് ചെയ്താൽ പ്രൈസ് ഹിസ്റ്ററി അറിയാം.
വിവരങ്ങൾക്ക് കടപ്പാട്
കെ. കെ. ജയകുമാർ, പഴ്സനൽ ഫിനാൻസ് അനലിസ്റ്റ്,
ഒൺട്രപ്രണർഷിപ് മെന്റർ, കൊച്ചി.