ഫണ്ടുകളെക്കുറിച്ചറിയാതെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കൈ പൊള്ളുമേ... ഭാവി സുരക്ഷിതമാക്കാൻ ഈ ഫണ്ടുകൾ
പനിയുമായി ഒരാൾ മെഡിക്കൽ സ്‌റ്റോറിലേക്ക് പോകുന്നുവെന്നു കരുതുക. സ്‌റ്റോറിലെ സ്റ്റാഫ് എല്ലാ മരുന്നുകളും മുന്നിൽവച്ചിട്ട് ഏതു വേണമെങ്കിലും എടുത്തോളൂ എന്നു പറയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. രോഗമെന്താണെന്നും അതിനാവശ്യമുള്ള മരുന്നേതാണെന്നും അറിയാമെങ്കിൽ പകുതി രക്ഷയായി. ഇതൊന്നും അറിയില്ലെങ്കിലോ? ഡോക്ടറെ കണ്ട് ചികിത്സതേടിയശേഷം അദ്ദേഹമെഴുതുന്ന മരുന്നു കഴിക്കുന്നതല്ലേ ബുദ്ധി? ഒന്നുമറിയാതെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ പോകുന്നത് രോഗവും മരുന്നും അറിയാതെ മെഡിക്കൽ സ്‌റ്റോറിലേക്ക് പോകുന്നതിനു തുല്യമാണ്. എന്നാൽ, മ്യൂച്വൽഫണ്ട് അഡ്വൈസറുടെ സഹായം തേടുന്നതിലൂടെ ഫണ്ട് മനസ്സിലാക്കി നിക്ഷേപിക്കാം. മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ട്. എന്നാൽ, ഏത് ഫണ്ടാണ് നമുക്ക് ഉപകാരപ്പെടുക എന്നു മനസ്സിലാക്കുന്നിടത്താണ് നമ്മുടെ വിജയം.
ഇന്ത്യയ്ക്കുള്ളിൽ അൻപതോളം മ്യൂച്വൽ ഫണ്ട് കമ്പനികളാണുള്ളത്, ഈ 50 കമ്പനികളിലായി നാലായിരത്തോളം മ്യൂച്വൽ ഫണ്ട് സ്കീമുകളുണ്ട്. ഇവയിൽ ഏതു സ്കീമിലാണ് പണം നിക്ഷേപിക്കേണ്ടതെന്നു തീരുമാനിക്കണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി, എത്രനാളത്തേക്കു നിക്ഷേപിക്കാം, ലക്ഷ്യം, റിസ്ക് എടുക്കാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങൾ മനസ്സിലാക്കിയ ശേഷംമാത്രം ഫണ്ട് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. സെബി മ്യൂച്വൽ ഫണ്ടുകളെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.
ഇക്വിറ്റി ഓറിയന്റഡ് ഫണ്ട്
ഇന്ത്യയിലെ സ്റ്റോക്ക് മാർക്കറ്റുകളിൽ നിക്ഷേപം നടത്തുന്ന സ്കീമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട്. പുതിയതായി ജോലിയിൽ പ്രവേശിച്ച യുവാക്കൾക്ക് അനുയോജ്യമായ ഫണ്ടാണ് ഇക്വിറ്റി. സമ്പത്ത് വർധിക്കണമെന്ന് ആഗ്രഹമുള്ളവർക്കും, റിസ്ക് എടുക്കാൻ തയാറുള്ളവർക്കും ഉചിതം. മികച്ച റിട്ടേണിനായി കുറഞ്ഞത് ഏഴു വർഷമെങ്കിലും നിക്ഷേപിക്കുക.
ഡെബ്റ്റ് ഓറിയന്റഡ് മ്യൂച്വൽ ഫണ്ട്
കടപ്പത്രങ്ങളിൽ പണം നിക്ഷേപിക്കുന്നവയാണ് ഡെബ്റ്റ് ഓറിയന്റഡ് സ്കീമുകൾ. സർക്കാരോ സ്വകാര്യ കമ്പനികളോ കടപ്പത്രങ്ങൾ ഇറക്കാറുണ്ട്. ഒരു ദിവസം മുതൽ പത്തുവർഷത്തിനു മുകളിലേക്കുള്ള കടപ്പത്രങ്ങളും കാലാകാലം നിലനിൽക്കുന്ന കടപ്പത്രങ്ങളും വിപണിയിലുണ്ട്. ഫിക്സഡ് ഡെപോസിറ്റിന് സമാനമായി പ്രവർത്തിക്കുന്ന ഡെബ്റ്റ് ഓറിയന്റഡ് ഫണ്ടുകളെ വരുമാനമാർഗമായും കാണാം. ജോലിയിൽ നിന്നു വിരമിച്ചവർക്കും സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവർക്കും ഉചിതം.
ഹൈബ്രിഡ് മ്യൂച്വൽ ഫണ്ട്
പല ഫണ്ടുകൾ ചേരുന്നതാണ് ഹൈബ്രിഡ് ഫണ്ടുകൾ. ഉദാഹരണത്തിന് പെട്ടെന്നു പണം പിൻവലിക്കാവുന്ന ഡെബ്റ്റ് ഫണ്ടുകൾ എപ്പോഴും സുരക്ഷിതമാണ്. അതേസമയം ഇക്വിറ്റി ഫണ്ടുകളിൽ ലാഭവും റിസ്കും കൂടുതലാണ്. ഇവയുടെ രണ്ടിന്റെയും സമ്മിശ്ര ഫലം നൽകുന്ന ഫണ്ടുകളാണ് ഹൈബ്രിഡ് ഫണ്ടുകൾ. മൂന്നോ നാലോ വർഷത്തേക്കുള്ള നിക്ഷേപം. സുരക്ഷയും വളർച്ചയും ഉറപ്പുനൽകുന്നതിനാൽ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ചുമതലകളുമുള്ളവർക്ക് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം.
ഇൻഡക്സ് ഫണ്ട് അഥവാ ഇടിഎഫ്
നിഫ്റ്റിയിലെ സ്‌റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇൻഡക്സ് ഫണ്ടുകൾ. തുടക്കക്കാർക്കും ഫണ്ടുകൾ നിരീക്ഷിക്കാൻ സമയമില്ലാത്തവർക്കും ദീർഘകാല സമ്പാദ്യം ആഗ്രഹിക്കുന്നവർക്കും ഇൻഡക്സ് ഫണ്ടിൽ നിക്ഷേപിക്കാം. ഇതിന് ഒരു ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ് രാവിലെ 9.15 മുതൽ വൈകുന്നേരം 3.30വരെ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും സാധിക്കും.
ഭാവി സുരക്ഷിതമാക്കുന്ന ഫണ്ടുകൾ
മക്കൾ ഉപരിപഠനത്തിനായി ചേരുമ്പോൾ സമ്പാദ്യം കയ്യിലുണ്ടാകേണ്ടേ? കുട്ടികളുടെ വിദ്യാഭ്യാസ ഭാവി സുരക്ഷിതമാക്കുന്നതിന് ചിൽഡ്രൻസ് മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാം. കുട്ടിക്കു 18 വയസ്സാകുന്നതു വരെ ഇതിൽ നിക്ഷേപിക്കാവുന്നതാണ്.
കുട്ടിയുടെ ഭാവിപോലെ പ്രധാനമാണ് നമ്മുടെ ഭാവിയും. റിട്ടയർമെന്റ് മുന്നിൽക്കണ്ടുള്ള റിട്ടയർമെന്റ് മ്യൂച്വൽ ഫണ്ടുകളെ ഇതിനായി ആശ്രയിക്കാം. കുറഞ്ഞ കാലാവധി അഞ്ചു വർഷമാണെങ്കിലും റിട്ടയർമെന്റ് വരെ നിക്ഷേപിക്കാവുന്നതാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾതന്നെ ഫണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയാൽ ഭാവിയെക്കുറിച്ചോർത്തുള്ള ആകുലതകൾ ഒഴിവാക്കാം. ഇത്തരം ഫണ്ടുകളെ സൊല്യൂഷൻ ഫണ്ടുകൾ എന്നു പറയാം.
വിവരങ്ങൾക്കു കടപ്പാട്
നിഖിൽ ഗോപാലകൃഷ്ണൻ
സിഇഓ, പെന്റാഡ് സെക്യൂരിറ്റീസ്