മഴക്കാലത്തു പൂച്ചെടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? പല ചെടികൾക്കും അത്ര വർണപ്പൊലിമയുണ്ടാകില്ല.  മഴക്കാലത്തു  പൂവിടാത്തതുകൊണ്ടു ചെടികൾക്കു കൃത്യമായ പരിപാലനം നൽകാൻ നമ്മളും മറന്നെന്നു വരാം. കുമിളും ബാക്ടീരിയയും ചെടിക്കു രോഗം വരുത്താനുമിടയുണ്ട്. ചെടികൾ നശിച്ചു പോകാതിരിക്കാൻ  ഈ സമയം കൂടുതൽ ശ്രദ്ധ നൽകാം.

കമ്പുകോതി, മരുന്നു തളിച്ച്...

ADVERTISEMENT

∙ മഴക്കാലം തുടങ്ങുന്നതിനു മുൻപേ തന്നെ ബൊഗെയ്ൻവില്ല, ചെമ്പരത്തി, റോസ്, അഡീനിയം തുടങ്ങിയ പൂച്ചെടികളും റൺഗൂൺ ക്ലൈംബർ, ഗോൾഡൻ കാസ്കേഡ്, ബ്രൈഡൽ െബാക്കെ തുടങ്ങിയ വള്ളിച്ചെടികളും കമ്പു കോതി കുമിൾനാശിനി തളിച്ചു സംരക്ഷിക്കണം.  

∙ ഇലകൾ ഉള്ള ഭാഗം നീക്കി വലിയ തണ്ടുകളുടെ ചുവടുഭാഗം മാത്രം നിർത്തുന്ന വിധത്തിലാണു കമ്പു കോ തേണ്ടത്.

ADVERTISEMENT

∙ചട്ടിയിൽ വളർത്തുന്ന ചെടികൾ അമിതമായി വളർന്നാലും കമ്പു കോതാൻ മറക്കരുത്. കമ്പു കോതിയ ശേഷം പഴയ മിശ്രിതത്തിൽ നിന്നു ചെടികൾ പുതിയതിലേക്കു നടണം.  

∙ ഇതിനായി ചെടി വേരുൾപ്പെടെ ചട്ടിയിൽ നിന്നു പുറത്തെടുക്കണം. തുടർന്ന് അടിഭാഗത്തെ പഴയ മിശ്രിതം മാറ്റി ചുവന്ന മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും അൽപം ഡോളോമൈറ്റും കലർത്തിയ പുതിയത് നിറയ്ക്കുക. ഇതിൽ ചെടി ഇറക്കി വച്ചു ചുറ്റും കൂടി മിശ്രിതം നിറച്ച് ഉറപ്പിക്കണം.

ADVERTISEMENT

∙ കമ്പു കോതിയ തണ്ടിന്റെ മുറിഭാഗം വഴി കുമിൾ രോഗ ബാധ പിടിപെടാം. ഒരു ലീറ്റർ വെള്ളത്തിൽ ഒരു ഗ്രാം സാഫ് കുമിൾനാശിനി യോജിപ്പിക്കുക. ഈ ലായനി മുറിഭാഗത്തു തളിക്കുക. അഡീനിയം, റോസ് ഇവയ്ക്കു രണ്ട് ആഴ്ചയിൽ ഒരിക്കൽ എന്ന വിധത്തിൽ കുമിൾനാശിനി നൽകണം. കടുത്ത മഴക്കാലം തീരുന്നതുവരെ ഈ രീതി തുടരണം. ഇത് അഡീനിയത്തിൽ ഉണ്ടാകുന്ന തണ്ടു ചീയൽ രോഗം, റോസിൽ ഉണ്ടാകുന്ന കറുത്ത പുള്ളി രോഗം ഇവ തടയും.

∙ മഴക്കാലത്തിനു മുൻപ് കമ്പു കോതുന്നതു മഴ കഴിഞ്ഞുള്ള കാലാവസ്ഥയിൽ ചെടികൾ നന്നായി പൂവിടാൻ സഹായിക്കും. കുറ്റിച്ചെടിയുടെ ആകൃതി നിലനിർത്താനും കമ്പുകോതൽ പ്രയോജനപ്പെടും.  അഡീനിയം ബോൺസായ് രൂപത്തിലേക്ക് മാറുകയും കൂടുതൽ ഭംഗി ലഭിക്കുകയും ചെയ്യും. ചട്ടിയിൽ പരിപാലിക്കുന്ന അഡീനിയം, ആന്തൂറിയം ചെടികൾ മഴക്കാലത്ത് നേരിട്ട് മഴവെള്ളം വീഴാത്തിടത്തേക്കു മാറ്റി വച്ചു സംരക്ഷിക്കാൻ ശ്രദ്ധിക്കണം.

∙ നേരിട്ടു മഴ കിട്ടുന്നിടത്തു നിലത്തോ ചട്ടിയിലോ നിൽക്കുന്ന ചെടിയിൽ ഇലകൾ മഞ്ഞ നിറം വന്നു കൊഴിഞ്ഞേക്കാം. ചെടി വളരുന്നിടത്തു കൂടുതൽ സമയം വെള്ളം തങ്ങി നിൽക്കുന്നതിന്റെ സൂചനയാണിത്. വെള്ളം തങ്ങി നിൽക്കാതെ പെട്ടെന്നു വാർന്നു പോകാനുള്ള സംവിധാനം കണ്ടെത്തുകയും കുമിൾനാശിനി ഒന്നു – രണ്ടു തവണ തളിച്ചു സംരക്ഷിക്കുകയും വേണം.

∙ ഇഷ്ടികയുടെയോ ടൈൽ കഷണത്തിന്റെയോ മുകളിൽ ചട്ടി വയ്ക്കുന്നത് മിശ്രിതത്തിൽ നിന്നു പെട്ടെന്നു മഴവെള്ളം വാർന്നുപോകാൻ ഉപകരിക്കും. 

∙ മഴക്കാലത്തു കഴിവതും ജൈവവളങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. മണ്ണിലെ ജൈവവളങ്ങൾ പലതരം കീടങ്ങളുടെ സാന്നിധ്യമുണ്ടാകാനിടയാക്കാം.  പകരം ചെടിയുടെ ചുവട്ടിൽ രാസവളങ്ങൾ ചേർത്തോളൂ.

ഒരു ലീറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം ബാസ്ഫോളിയർ 19:19 :19 പോലുള്ള വളം ( വെള്ളത്തിൽ പൂർണമായി ലയിക്കുന്നവ) ഇലകളിൽ നേരിട്ടു തളിക്കുന്നതും നല്ലതാണ്. മഴക്കാലത്ത് ഇലകളിൽ തളിക്കുന്ന വളമാണു നല്ലത്. പലതരം കീടങ്ങളെയും രോഗങ്ങളെയും അകറ്റി നിർത്താൻ ഇവ സഹായിക്കും.

ADVERTISEMENT