‘കിടപ്പുമുറി ഉണർവുള്ളതാക്കാന് ഇൻഡോർ സസ്യങ്ങള്’; വിവാഹത്തിന് മുന്പ് ബെഡ്റൂം മേക്ക്ഓവർ ചെയ്യാന് മറക്കല്ലേ..!
രണ്ടു പേർ ഒന്നായിരിക്കുന്ന ഇടമാണു കിടപ്പുമുറി. അതുകൊണ്ടു തന്നെ പങ്കാളികൾ രണ്ടുപേർക്കും ഇഷ്ടമാകുന്ന രീതിയിൽ വേണം പ്ലാനിങ്. ബെഡ്റൂമിന്റെ തീം, ലുക്, ഫർണിച്ചർ, അറ്റാച്ഡ് ബാത്‌റൂമിൽ വേണ്ട സൗകര്യങ്ങൾ ഇവയെല്ലാം മനസ്സിൽ വയ്ക്കണേ. മാറ്റങ്ങൾ വരുത്തുമ്പോൾ പങ്കാളിയുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും കൂടി മനസ്സിലാക്കണം.
അതിനനുസരിച്ചു രണ്ടുപേരുടേയും സങ്കൽപത്തിൽ വിരിയുന്ന ഒരിടമാകട്ടെ മണിയറ. മറ്റേതൊരു സ്ഥലത്തേക്കാളും സമാധാനവും സന്തോഷവും തോന്നുന്ന തരത്തിൽ വേണം കിടപ്പുമുറി ക്രമീകരിക്കാൻ. വിവാഹാഘോഷത്തിന്റെ തിരക്കിൽ അതു വിട്ടുപോകരുതേ.
മാറ്റങ്ങൾക്ക് ഒരുങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ആ വശ്യമില്ലാത്തവ ബെഡ്റൂമിൽ നിന്ന് ഒഴിവാക്കാനാണ്. ഫർണിച്ചർ പരമാവധി കുറയ്ക്കുക. ആവശ്യമുള്ളതിലും കൂടുതൽ ഫർണിച്ചർ പലപ്പോഴും അലോസരമുണ്ടാക്കും. പുതിയ വീട്ടിലെത്തുമ്പോൾ കല്യാണപ്പെണ്ണിനായി അലമാര കൊണ്ടുവരുന്ന ചടങ്ങ് ഉണ്ടായിരുന്നു. ഇന്നതു വിരളമാണ്. ദമ്പതികളുടെ മുറിയിൽ ഇൻ ബിൽറ്റ് അലമാര ഒരുക്കുന്നതാണു പുതിയ രീതി.
സങ്കൽപങ്ങൾ പറയുന്നത്
നമ്മുടെ കാഴ്ചപ്പാട് നമുക്കു ചുറ്റുമുള്ളതിലും പ്രതിഫലിക്കും എന്നതു സത്യമാണ്. സ്റ്റോറേജ് സ്പേസ് ഒരുക്കുമ്പോഴും ഇതോർക്കുക. ദമ്പതികൾ രണ്ടാൾക്കും തുല്യമായ സ്റ്റോറേജ് സ്പേസ് മണിയറയിലുണ്ടാകണം.
കിടപ്പുമുറിയെ അനാവശ്യ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും സംഭരണ സ്ഥലമാക്കി മാറ്റരുത്. ഉദാഹരണത്തിന്, അധിക മേശകൾ, വ്യായാമ യന്ത്രങ്ങൾ, ഹോബി സെന്ററുകൾ, ഡംബെൽസ് അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവ മാറ്റുക.
ഇരിക്കാനോ ഉറങ്ങാനോ വസ്ത്രങ്ങൾ സൂക്ഷിക്കാനോ മാത്രം ഉപയോഗിക്കുന്ന സാധനങ്ങൾ നിലനിർത്തുക.
ഡ്രെസ്സറുകളുടെ മുകൾഭാഗത്തും ചുമരുകളിലും തറയിലും അലങ്കോലമായി കിടക്കുന്ന വസ്തുക്കൾ നീക്കം ചെയ്യണം. കർട്ടനും ഫർണിച്ചറും മുറിയുടെ പെയ്ന്റും ഇളംനിറത്തിലാക്കാം. ഇതു മുറിക്കു വലുപ്പം തോന്നാൻ സഹായിക്കും.
ബെഡ്റൂമിന്റെ ഹൃദയം
കിടക്ക: കിടപ്പുമുറിയുടെ ഹൃദയമാണു കിടക്ക. എപ്പോഴും മുറിയുടെ ശ്രദ്ധാകേന്ദ്രമാണിവിടം. നല്ലൊരു മെത്ത വാങ്ങുക. ഇത് നിങ്ങളുടെ ബെഡ്റൂം മേക്കോവറിലെ ഏറ്റവും പ്രധാന നിക്ഷേപമാണ്. മെത്തയ്ക്ക് 5 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ മാറ്റാൻ സമയമായി. തലയിണകൾ ഓരോ രണ്ട് –അഞ്ചു വർഷത്തിലും പുതുക്കുക. പൊടിയും അലർജിയും കുറയ്ക്കാൻ തലയണ, മെത്ത പ്രൊട്ടക്ടറുകൾ ഇവ ഉപയോഗിക്കുക.
മനോഹരമായ കിടക്കവിരികൾ: ഇവിടെയാണ് മാജിക് സംഭവിക്കുന്നത്. ഉയർന്ന നിലവാരമുള്ള മൃദുവായ ഷീറ്റുകൾ തിരഞ്ഞെടുക്കുക.
ഈജിപ്ഷ്യൻ കോട്ടൻ അല്ലെങ്കിൽ സിൽക്ക് മികച്ച ചോയ്സാണ്. ആഡംബരപൂർണമായ ഡ്യുവെറ്റോ കോംഫർട്ടറോ, ധാരാളം മൃദുവായ തലയണകളോ ഒപ്പം കൂട്ടാം. വെള്ളയോ ഐവറി നിറത്തിലുള്ളതോ ആയ കിടക്കവിരികൾ എലഗന്റ് ലുക് നൽകും.
മധുരസ്വപ്നത്തിലേക്കെന്ന പോൽ
കനോപ്പിയും ഡ്രെപ്പുകളും: കിടക്കയ്ക്കു ചുറ്റുമുള്ള നേർത്ത കനോപ്പിയോ ഡ്രെപ്പുകളോ സ്വപ്നതുല്യമായ അന്തരീക്ഷം സൃഷ്ടിക്കും. നാല് പോസ്റ്റുകളുള്ള കട്ടിലിൽ ഇവ ഇടുകയോ സീലിങ്ങിൽ ഉറപ്പിച്ച കനോപ്പി ഫ്രെയിം ഉപയോഗിക്കുകയോ ചെയ്യാം.
റൊമാന്റിക് കളർ പാലറ്റ്: വെള്ള ക്ലാസിക് നിറമാണെങ്കിലും, ആക്സന്റുകൾക്കായി മറ്റു നിറങ്ങളും പരീക്ഷിക്കാം. നേർത്ത ബ്ലഷ് പിങ്ക്, ഡസ്റ്റി റോസ്, ലാവെൻഡർ, മ്യൂട്ടഡ് ഗ്രീൻ തുടങ്ങിയവ മനോഹരമായ ചോയ്സുകളാണ്. ത്രോ പില്ലോ, ബ്ലാങ്കറ്റ്, ഫീച്ചർ വാൾ എന്നിവയിൽ ഈ നിറങ്ങൾ ഉപയോഗിക്കാം.
ടെക്സ്ചറും സ്റ്റൈലും: വിവിധ ടെക്സ്ചറുകളിലും പാറ്റേണുകളിലുമുള്ള ത്രോ പില്ലോകൾ കിടക്കയെ കൂടുതൽ ആകർഷകമാക്കും. കിടക്കയുടെ കാൽഭാഗത്തു മൃദുവായ ത്രോ ബ്ലാങ്കറ്റ് വിരിക്കാം.
കർട്ടൻ: അലങ്കാരത്തിനും മൂഡിനും അനുയോജ്യമായ ക ർട്ടനുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. ലെയേർഡ് കർട്ടൻ സ്റ്റൈലിഷും പ്രായോഗികവുമാണ്. സ്വകാര്യത, ലൈറ്റ് കൺട്രോൾ, സുഖപ്രദമായ അന്തരീക്ഷം ഇവയെല്ലാം ഒരേസമയം ലഭിക്കും.
ലവ് കോർണർ: സ്ഥലമുണ്ടെങ്കിൽ, സുഖപ്രദമായ കസേരയോ ചെറിയ ലവ് സീറ്റോ ചേർത്ത് ഒരു കോസി കോർണർ ഉണ്ടാക്കുക. ഒരുമിച്ചു വായിക്കാനും സംസാരിക്കാനുമുള്ള അനുയോജ്യമായ ഇടമായിരിക്കുമിത്.
ഫിനിഷിങ് ടച്ചുകൾ: കട്ടിയുള്ള പരവതാനി മുറിക്ക് കൂടുതൽ പ്രൗഢി നൽകും. ഇൻഡോർ സസ്യങ്ങൾ ചേർത്ത് കിടപ്പുമുറി കൂടുതൽ ഉണർവുള്ളതാക്കി മാറ്റാം.
മൃദുവായി നിറയട്ടെ വെളിച്ചം
വെളിച്ചം നിയന്ത്രിക്കുക: ഇതു പ്രധാനമാണ്. ബ്ലൈൻഡു കളോ ഷീറ്റുകളോ ഉപയോഗിച്ചു മുറിയിലേക്കു വെളിച്ചം കയറുന്നതു നിയന്ത്രിക്കാനും ഹൃദ്യമായ അന്തരീക്ഷം നിലനിർത്താനും ശ്രദ്ധിക്കാം. മുറിയുടെ നിറത്തിനും തീമിനും ഫർണിച്ചറിനും ഇണങ്ങിയവ വേണം തിരഞ്ഞെടുക്കാൻ.
സ്മാർട്ട് ലൈറ്റിങ്: ഡിമ്മറുകളോടുകൂടിയ ബെഡ്സൈഡ് ലാംപുകൾക്കു മുറിയിലെ പ്രകാശത്തിന്റെ തീവ്രത നിയന്ത്രിക്കാൻ കഴിയും. വായനയ്ക്ക് കൂടുതൽ വെളിച്ചം, റിലാക്സ് ചെയ്യാൻ മൃദുവെളിച്ചം എന്നിങ്ങനെ ക്രമീകരിക്കുക.
മാജിക്കൽ ഫെയറി ലൈറ്റുകൾ: തലയണയുടെ ഭാഗത്തോ സീലിങ്ങിലോ നേർത്ത കർട്ടനുകളിലോ ഫെയറി ലൈറ്റുകൾ തൂക്കിയിടുന്നത് മാന്ത്രികത്തിളക്കം നൽകും.
കണ്ണാടികൾ: ശരിയായ സ്ഥലത്തു വച്ച കണ്ണാടിക്ക് പ്രകാശത്തെ പ്രതിഫലിപ്പിക്കാനും മുറിയെ വലുതും തുറന്നതുമായി തോന്നിപ്പിക്കാനും കഴിയും.
സുഗന്ധം പരക്കട്ടെ – മുറിയിലും ജീവിതത്തിലും: വിവിധ വലുപ്പത്തിലുള്ള സുഗന്ധമുള്ള മെഴുകുതിരികൾ മുറിയി ൽ മനോഹരമായി ക്രമീകരിക്കുക.
വാനില, ലാവെൻഡർ, റോസ്, ജാസ്മിൻ തുടങ്ങിയ സുഗന്ധങ്ങൾ റൊമാന്റിക് മൂഡ് സൃഷ്ടിക്കും. പക്ഷേ, സുരക്ഷിതമായ രീതിയിൽ വേണം ഇവ ക്രമീകരിക്കാൻ. മെഴുകുതിരികൾക്കു പകരമോ അതോടൊപ്പമോ എസൻഷ്യൽ ഓയിൽ ഡിഫ്യൂസർ ഉപയോഗിക്കാം.
ജീവിതത്തിന്റെ മധുരനിമിഷങ്ങൾക്കായി ശാന്തവും റൊമാന്റിക്കുമായ സുഗന്ധങ്ങൾ വേണം തിരഞ്ഞെടുക്കാ ൻ. കാരണം ആ സുഗന്ധമത്രയും പിന്നീടും നിറയും ഓർമയിൽ.
സ്മാർട് സ്റ്റോറേജ് ടിപ്സ്
സ്റ്റോറേജ് ബെഡ്: ഹൈഡ്രോളിക് അല്ലെങ്കിൽ ഡ്രോയർ സ്റ്റോറേജ് ബെഡുകൾ തിരഞ്ഞെടുക്കുക. വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, തലയണകൾ, കിടക്കകൾ എ ന്നിവയെല്ലാം സൂക്ഷിക്കാൻ സ്ഥലം ഇരട്ടിയാകും. ബജറ്റ് പ്രശ്നമുണ്ടെങ്കിൽ അണ്ടർ ബെഡ് കണ്ടെയ്നറുക ളോ റോളിങ് ബോക്സുകളോ ഉപയോഗിക്കാം.
കോർണറുകളും പ്രയോജനപ്പെടുത്തുക: ഡെഡ് സ്പേസ് ഒഴിവാക്കാൻ കോർണർ ഷെൽഫുകൾ സ്ഥാപിക്കുകയോ ഉയർന്ന കോർണർ കാബിനറ്റുകൾ ഉപയോഗിക്കുകയോ ചെയ്യാം. സ്ഥലം അനുവദിക്കുന്നുണ്ടെങ്കിൽ കസ്റ്റം ബിൽറ്റ്-ഇൻ ഷെൽഫുകളോ ഫ്ലോട്ടിങ് ഡെസ്കുകളോ ചേർക്കാം.
മൾട്ടി - ഫങ്ഷനൽ ഫർണിച്ചർ: സ്റ്റോറേജ് സൗകര്യ മുള്ള ഓട്ടോമൻ, കിടക്കയുടെ ചുവട്ടിലുള്ള ബെഞ്ചുകൾ, ഡ്രോയറുകളോ ഷെൽഫുകളോ ഉള്ള സ്റ്റാൻഡുകൾ എന്നിവ ഉപയോഗിക്കുക.
മിറർ മാജിക്: മിറർ കാബിനറ്റുകളോ കണ്ണാടികളുള്ള വാർഡ്രോബുകളോ തിരഞ്ഞെടുക്കുക. ഇവയ്ക്കു മുറിയെ വലുതായി തോന്നിപ്പിക്കാനും അതേസമയം സ്റ്റോറേജ് നൽകാനും കഴിയും.
വാർഡ്രോബ് ഓപ്റ്റിമൈസേഷൻ: അധിക ഷെൽഫുകൾ, ഹാങ്ങിങ് റോഡുകൾ, പുൾ-ഔട്ട് ഡ്രോയറുകൾ എന്നിവയുള്ള മോഡുലാർ വാർഡ്രോബ് ഓർഗനൈസർ സിസ്റ്റം ഇവ വാങ്ങാൻ മടിക്കേണ്ട.
ചെറിയ ഓർഗനൈസിങ് ടൂളുകൾ: ഡ്രോയർ ഡിവൈഡറുകളും ലേബൽ ചെയ്ത ബോക്സുകളും ഉപയോഗിച്ചു കൂടുതൽ സ്ഥലം ലാഭിക്കാം. ഫോണുകൾ, പുസ്തകങ്ങൾ, റിമോട്ടുകൾ എന്നിവയ്ക്കായി ബെഡ്സൈഡ് കാഡി ഓർഗനൈസർ ഉപയോഗിക്കുക.
വിവരങ്ങൾക്കു കടപ്പാട് : സോണിയ ലിജേഷ്, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര