കോയി മത്സ്യക്കുളങ്ങൾ ഇഷ്ടപ്പെടുന്നവരാണോ? അവ നിർമിക്കും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തീ നാളങ്ങളിങ്ങനെ വെള്ളത്തിനു മുകളിലായി ആടിയുലയുന്നതു പോലെ മാന്ത്രികമായൊരു കാഴ്ച്ചയാണ് കോയി മത്സ്യങ്ങൾ നീന്തുന്നത്. പണ്ട് വലിയ ഹോട്ടലുകളിലും വിദേശസന്ദർശനത്തിനിടയിലും മാത്രം കണ്ടിരുന്ന കോയി മത്സ്യക്കുളങ്ങൾ നമ്മുടെ വീട്ടുമുറ്റത്തേക്കും എത്തുന്നു. കോയി മത്സ്യങ്ങളെ വളർത്തുമ്പോഴും അവയ്ക്കുള്ള കുളങ്ങൾ നിർമിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...
∙ വീട്ടിൽ ജലാശയങ്ങൾ നിർമിക്കാൻ പദ്ധതിയിടുമ്പോൾ തന്നെ നിങ്ങളുടെ ആവശ്യങ്ങൾ ഒരു ആർക്കിടെക്റ്റിനോട് തുറന്ന് പറഞ്ഞ് അതനുസരിച്ച് മുന്നോട്ട് പോകുന്നതാണ് ഏറ്റവും നല്ലത്. വീട്ടിനകത്തു വേണോ പുറത്ത് വേണോ എന്നൊക്കെ അനുസരിച്ച് കുളം നിർമിക്കുന്നതിൽ വ്യത്യാസം വരും.
∙ കുളമായിട്ടും ടാർപോളിൻ ഉപയോഗിച്ചും കോയിഫിഷിനെ വളർത്താനുള്ള ജലാശങ്ങൾ നിർമിക്കാറുണ്ട്. കുളമായിട്ടാണെങ്കിൽ കുറഞ്ഞത് അഞ്ചടി വീതിയും അഞ്ചടി ആഴവും ഒരു മീറ്റർ താഴ്ച്ചയുമുള്ള കുളം നിർമിക്കുന്നതാണ് ഉത്തമം. ഇതിൽ തന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്ന കോയി മത്സ്യങ്ങളുടെ വളർച്ചാ നിരക്കനുസരിച്ച് ചില മാറ്റങ്ങൾ വരാം. ചില മത്സ്യ ഇനങ്ങൾ ഒരു മീറ്ററോളം വലിപ്പത്തിൽ വരെ വളരാറുണ്ട്.
∙ വീട് പണിയും മുൻപാണ് ജലാശയം നിർമിക്കാൻ പദ്ധതിയിടുന്നതെങ്കിൽ അത് എവിടെ വേണമെന്ന് ആദ്യമേ നിശ്ചയിക്കാം. ഉദാഹരണത്തിന് റൂഫ്ടോപ് ആയിട്ട് പണിയാനാണ് ആഗ്രഹമെങ്കിൽ അതനുസരിച്ച് അതിനോടനുബന്ധിച്ചു കിടക്കുന്ന ചുവരുകളും തൂണുകളും ശക്തിപ്പെടുത്തേണ്ടതുണ്ട്. 5000–10000ലിറ്റർ വരെ താങ്ങാനുള്ള തരത്തിൽ വേണം സജ്ജീകരണങ്ങൾ ചെയ്യാൻ. കൂടാതെ വെള്ളം ശുചീകരിക്കുന്ന പ്രകൃയയ്ക്കൊപ്പം തന്നെ അതൊരു കാസ്കെയ്ഡ് (വെള്ളച്ചാട്ടം) പോലെ ആക്കിയെടുക്കാൻ പറ്റും.
∙ നിലവിലെ വീട്ടിലോ സ്ഥലപരിമിധിയുള്ളിടത്തോ പുതുതായി കോയി ജലാശയങ്ങൾ ഒരുക്കാനും വഴിയുണ്ട്. ലോഹ കൊളുത്തുള്ള ടാർപോളിൽ വാങ്ങാൻ കിട്ടും. വീട്ടിന്റെ മുറ്റത്തോ മറ്റൊ കുറച്ച് പൊക്കമുള്ളിടത്തു വേണം ഇത്തരം ടാർപോളിൻ കുളങ്ങൾ നിർമിക്കാൻ. മഴ പെയ്താലും വെള്ളം അകത്തുകയറി മീനുകൾ ഒലിച്ചു പോകാതിരിക്കാൻ പൊക്കമുള്ളിടങ്ങൾ സഹായിക്കും. അതിന്റെ മുകളിൽ ലോഹ ഫ്രെയിമിട്ട് മെഷോ ബേർഡ് നെറ്റോ(വല) ഇട്ട് സുരക്ഷിതമാക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി മീനുകളെ പാമ്പോ വീട്ടിൽ വളർത്തുന്ന മറ്റ് ജീവികളോ പിടിക്കുന്നതും തടയാം. വീടിനകത്താണെങ്കിൽ ഇതിന്റെ ആവശ്യമില്ല.
∙ മാസം തോറും വെള്ളത്തിന്റെ ഫിൽറ്റർ പരിപാലനം ആവശ്യമായി ചെയ്തിരിക്കണം.കഴിവതും വെള്ളം മുഴുവനായി മാറ്റാതിരിക്കുക, മുകൾ ഭാഗത്തു നിന്ന് മാത്രം മാറ്റുന്നതാണ് നല്ലത്.
∙ കോയി മത്സ്യങ്ങൾക്കുള്ള ഭക്ഷണം പ്രത്യേകം ലഭ്യമാണ്. ഒപ്റ്റിമത്തിന്റെ മത്സ്യഭക്ഷണം കൊടുത്താൽ മീനുകളുടെ നിറം മെച്ചപ്പെടും. ഒരു കിലോ ഭാരമുള്ള മീനിന് മൂന്ന് നേരം കൊണ്ട് 30 ഗ്രാം ഭക്ഷണം കൊടുക്കാം. ഒരയടിക്ക് ഭക്ഷണം കൊടുക്കുന്നത് അത് താഴേക്കടിഞ്ഞ് പാഴായിപ്പോകാനിടയാക്കും.
∙ വീട്ടിൽ പ്രകൃതിദത്തമായ കുളമുള്ളവർക്കും അതിൽ കോയി മത്സ്യങ്ങളെ വളർത്താം. അതാവുമ്പോൾ വെള്ളം ശുദ്ധീകരിക്കേണ്ട ആവശ്യമില്ല. ഇവയിൽ മീനുകളുടെ വളർച്ച 16 ശതമാനത്തോളം കൂടുതലായിരിക്കും. കൂടാതെ ഭക്ഷണവും കുറവ് മതിയാകും.
മീനിനും പേൻ ശല്യം
സാധാരണ മത്സ്യക്കുളം ചെയ്യും പോലെയല്ല, കോയി മാത്സ്യ കുളത്തിന്റെ നിർമാണം. കുറച്ച് ചിലവുണ്ട്. 65 വ്യത്യസ്ഥ തരം കോയി മത്സ്യങ്ങൾ ലോകമെമ്പാടുമുണ്ട്. 100 രൂപ തൊട്ട് 25 ലക്ഷവും കോടികളും വരെ വില വരുന്ന മീനുകൾ ലഭ്യമാണ്. 5000–0000 ലിറ്റർ വെള്ളമുള്ള കുളത്തിന്റെ ഫിൽട്ടറിങ്ങിന് ഏതാണ്ട് 50000 രൂപയ്ക്കടുത്ത് ചിലവ് വരും. ഇതല്ലാതെ വെള്ളം ശുചീകരിക്കാൻ ചേമ്പർ സിസ്റ്റവും ഉപയോഗിക്കാം. പല തട്ടുകളിലായി വെള്ളം ലാവ റോക്, ചിപ്പി, ജാപ്പനീസ് ബ്രഷ്, സ്പോഞ്ച് തുടങ്ങി പല പ്രതലങ്ങളിലൂടെ വെള്ളം കടത്തിവിട്ട് ശുചീകരണം നടക്കുന്ന രീതിയാണിത്. ഇത് നിർമിക്കാൻ പണം മുടക്കുണ്ടെങ്കിലും. ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ലാഭമാണ്.
കോയി മത്സ്യങ്ങളിൽ ഒരു തരം പേൻ ശല്യമുണ്ടാകാറുണ്ട്. അതു വന്നാൽ പേൻ മാറ്റി അതേ കുളത്തിൽ തന്നെ ഇടരുത്. മുഴുവൻ വ്യത്തിയാക്കിയിട്ട് മാത്രമേ അതേ കുളത്തിൽ മീനുകളെ തിരിച്ച് ഇടാവൂ. കുളം വ്യത്തിയാക്കുന്നതെങ്ങിനെയെന്നും കോയി മത്സ്യങ്ങളെ എങ്ങനെ പരിപാലിക്കാമെന്നും കുളം സജ്ജീകരിക്കാൻ വരുന്നവരിൽ നിന്നും പഠിച്ചെടുക്കാവുന്നതേയുള്ളൂ. സ്വയം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് പുറത്തു നിന്ന് കോയി പരിപാലന വിദഗ്ധരെ വിളിച്ചും പരിപാലിക്കാം.
കടപ്പാട്: ശ്രീകുമാർ ബി. ആർ., ലാന്റ് സ്കേപ് ഡിസൈനർ, പെർഫെക്റ്റ് ലാന്റ് സ്കേപ്.