നമ്മുടെ നാട്ടിൽ വിളയുമോ കാരറ്റ്? ഇതാണ് പറ്റിയ സമയം, വളരാൻ ഈ പൊടിക്കൈകളും Ideal Soil Conditions for Carrot Cultivation
ശീതകാലവിളയായ കാരറ്റിനു നീർവാർച്ചയും ഇളക്കവുമുള്ള ജൈവസമ്പുഷ്ടമായ മണ്ണാണ് അനുയോജ്യം. ഉയർന്ന പ്രദേശങ്ങളിൽ ജനുവരി – ഫെബ്രുവരി, ജൂൺ – ജൂലൈ, ഒക്ടോബർ – ന വംബർ മാസങ്ങളിൽ വിത്തു പാകാം. താഴ്ന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ പാകുക.
വിത്തുകൾ നേരിട്ടു പാകാം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന നിലം കിളച്ചൊരുക്കി ഒരു സെന്റിന് 200 കിലോ എന്ന അളവിൽ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ചേർക്കണം. നനച്ച് ഒരാഴ്ചയ്ക്കു ശേഷം പത്തു സെ. മീ. അകലത്തിൽ വിത്തുകൾ പാകുക. തുടർന്ന് ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് േയാജിപ്പിച്ചു തളിക്കണം. രണ്ടു – മൂന്ന് ആഴ്ചയ്ക്കുള്ളിൽ കിളിർക്കും.
∙ രണ്ട് ആഴ്ചയ്ക്കു ശേഷം പത്തു ദിവസത്തിലൊരിക്കൽ വളം (വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ചാണകം) മൂന്നു നാലു ദിവസം മുപ്പതു ലീറ്റർ വെള്ളത്തിൽ പുളിപ്പിച്ചത് ) 1:10 അനുപാതത്തിൽ നേർപ്പിച്ച് ഒഴിച്ചു നൽകണം. മാസത്തിലൊരിക്കൽ ട്രൈക്കോെഡർമ സമ്പുഷ്ടചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് ഇവ ചേർക്കുക. 45 ദിവസമാകുമ്പോൾ വളമിട്ടു ചെടിക്കു ചുറ്റും മണ്ണ് കയറ്റിയിടുക.
∙ 70– 80 ദിവസം പ്രായമാകുമ്പോൾ കാരറ്റ് മുറിഞ്ഞു പോകാതെ വിളവെടുക്കണം. വെളുത്തുള്ളി–വേപ്പെണ്ണ മിശ്രിതം, ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം ബ്യൂവേറിയ യോജിപ്പിച്ചത് ഇവ തളിച്ചാൽ കീടങ്ങളുടെ ആക്രമണം തടയാം. നിമാവിരകളെ പ്രതിരോധിക്കാൻ ബന്തി ചെടികൾ നടുക.
വിവരങ്ങൾക്ക് കടപ്പാട്:
റോസ്മേരി ജോയ്സ്
മുൻ ഡെപ്യൂട്ടി ഡയറക്ടർ,
കൃഷി വകുപ്പ്, എറണാകുളം