‘ഞങ്ങളുടെ ഓഫീസിൽ ഭക്ഷണമുണ്ടാക്കാൻ വരുന്നൊരു ചേച്ചിയുണ്ട്, അവർക്ക് പി.എം.ആവാസ് യോജന വഴി നാലു ലക്ഷം രൂപയുടെ ഒരു ഫണ്ട് കിട്ടും അതുകൊണ്ട് വീടൊന്നു മാറ്റിപ്പണിയണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു.’’ ‘കൂടി’ന്റെ തുടക്കത്തെ കുറിച്ച് ആർക്കിടെക്റ്റുകളായ ഹരികൃഷ്ണൻ ശശിധരനും നീനു എലിസബത്തും പറഞ്ഞു തുടങ്ങി.

സർക്കാർ ഫണ്ടും സ്പോൺസർമാരുടെ സഹായത്താലും ‘നോ ആർക്കിടെക്റ്റ്’ എന്ന ഹരിയുടേയും നീനുവിന്റേയും കമ്പനി ചെയ്ത പ്രോ–ബോണോ വർക്കാണ് കൂട് എന്ന ഡിസൈൻ അത്ഭുതം. ലോകത്തു അധികം കാണാത്ത അസിമെട്രിക്കൽ ഗ്രോയിൻ വോൾട്ട് എന്ന ശൈലിയാണ് കൂടിനെ ഡിസൈനർമാർക്കിടയിലെ ചർച്ചാ വിഷയമാക്കുന്നത്.

ADVERTISEMENT

പ്രകൃതിയോടിണങ്ങുന്ന ഇടമെന്ന ആശയം

വീടിന്റെ ഡിസൈൻ മാത്രം വരച്ച് ചേച്ചിക്ക് കൊടുത്തിട്ട് അവർ മറ്റാരേയെങ്കിലും കൊണ്ട് വീട് പണിയിപ്പിക്കും എന്നതായിരുന്നു ആദ്യം കരുതിയത്. പക്ഷേ, സ്ഥലം പോയി കണ്ടതും അത് രണ്ട് സെന്റ് സ്ഥലമാണ് അവിടേയ്ക്ക് നടന്നു മാത്രം കയറാവുന്ന വഴിയുമാത്രമേയുള്ളൂ. കൊല്ലം ഇരവിപുരത്തെ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഇടമാണത്. കടലിന് തൊട്ടടുത്തുള്ള സ്ഥലം കടലു കയറി അവിടുത്തെ ആളുകളുടെ വീടുകൾ പലതും ഇല്ലാതായിട്ട് ഇപ്പോ റോഡിന് ഇപ്പുറം മാത്രം ആളുകൾ തിങ്ങിപ്പാർക്കുന്നിടം. അവിടെ മിക്കതും ഒന്നര– രണ്ട് സെന്റിൽ നിൽക്കുന്ന വീടുകളാണ്.

ADVERTISEMENT

വീടിന്റെ സാങ്ഷനും മറ്റും കിട്ടിക്കഴിഞ്ഞ് ആകെ ഒരു സെന്റ് മാത്രമാണ് വീട് പണിയാൻ കിട്ടിയത്. 350 സ്ക്വയർ ഫീറ്റ് മുകളിലും താഴെയുമായി ആകെ 700 സ്ക്വയർ ഫീറ്റിലാണ് വീടൊരുക്കിയത്.

തൊട്ടടുത്തൊക്കെ വീടുകളുള്ളതു കൊണ്ട് വീട്ടിലേക്ക് കയറുമ്പോൾ ഒരാർക്ക് സമാധാനം തോന്നുന്ന തരത്തിൽ ഡിസൈൻ ചെയ്യണം എന്നതായിരുന്നു ഞങ്ങൾ തുടക്കം മുതലേ ലക്ഷ്യം വച്ചത്. ‘‘ജീവിക്കുന്ന– ശ്വസിക്കുന്ന വീടുകൾ’ എന്നൊരാശത്തിൽ വീടുകൾ നിർമിക്കാനാണ് ഞങ്ങൾ പൊതുവേ ശ്രദ്ധിക്കാറ്. അതായത് പ്രകൃതിദത്തമായ വെളിച്ചവും വായുവും വീടിനകത്തുണ്ടാകുന്ന തരത്തിലുള്ള നിർമാണ രീതിയിലാണ് ഞങ്ങൾ വീടുകൾ പണിയുക. പ്രകൃതിയോടും കാലാവസ്ഥയോടും അത്രകണ്ടിണങ്ങി നിൽക്കുന്നവ.

ADVERTISEMENT

വെല്ലുവിളികൾ മറികടന്ന് ഇവിടം വരെ

പല ഡിസൈനുകൾ വരച്ചു നോക്കി മാറ്റി വരച്ചും ഡിജിറ്റൽ മോഡലുകൾ ഉണ്ടാക്കിയെടുത്തും ഒക്കെയാണ് ഇന്നു കാണുന്ന ‘കൂടിന്റെ’ ഡിസൈനിലേക്ക് എത്തിയത്. ചെറിയ വഴിയായതു കൊണ്ടു തന്നെ വീടു പണിക്കുള്ള സാധനങ്ങൾ അങ്ങോട്ട് എത്തിക്കുക എന്നതു തന്നയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സ്വകാര്യത നിലർത്തുന്നതിനോടൊപ്പം തന്നെ ആളുകളെ സ്വാഗതം ചെയ്യുന്നൊരിടമൊരുക്കുക എന്നതൊക്കെയും മനസിലുണ്ടായിരുന്നു. വൈകുന്നേരം നാലുമണിയൊക്കെയാകുമ്പോഴേക്ക് അയൽക്കാരൊക്കെ വന്ന് ഈ വീട്ടിലെ ചേച്ചിയുമായി മിണ്ടിയും പറഞ്ഞുമിരിക്കുന്ന രീതിയുണ്ട്, അതിനൊക്കെയുള്ള ഇടം വീട്ടിൽ വേണമായിരുന്നു. സാമൂഹിക ഇടപെടലിന് വീടിന്റെ നിർമാണ് രീതികൾ തടസം നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

കടലിനടുത്തായതു കൊണ്ടു ഇവിടെ പൊതുവേ ചൂടു കൂടുതലാണ്. അതേപോലെ ആവശ്യം വേണ്ട സ്ഥലം കിട്ടാനും വേണ്ടിയാണ് വോൾട്ട് എന്ന രീതി അവലംബിച്ചത്. താഴേ ചെറിയൊരു ലാന്റ്സേയ്പ്പ് ചെയ്തിട്ട് അതിലേക്ക് തുറക്കുന്ന തരത്തിൽ ഓപ്പൺ ഡിസൈനിൽ ഒരു മുറി, ലിവിങ്ങ് റൂം, അടുക്കള എന്നിവ ചെയ്തിരിക്കുന്നു. മുകളിൽ രണ്ടു മുറിയും ഒരു കുളിമുറിയും ഒരു ചെറിയ ലിവിങ്ങ് ഏരിയയുമാണുള്ളത്.

‘സോഷ്യൽ ആർക്കിടെക്റ്റ്’ എന്നൊരു ലേബൽ കൂടി ഞങ്ങൾക്കുണ്ട്. അസിമെട്രിക്കൽ ഗ്രോയിൻ വോൾട്ട് എന്ന ഈ ഡിസൈനിൽ നിർമിക്കാനായി ഒരുപാട് സങ്കീർണതകളുള്ളതുകൊണ്ട് പലരുടേയും സഹായം കിട്ടിയിട്ടുണ്ട്. അഭിലാഷ് രാജാണ് സ്ട്രച്ചറൽ എൻജിനീർ, പി.ഡബ്യൂയിൽ ആണ് പുള്ളി ജോലി ചെയ്യുന്നത്. അതേ പോലെ എൻ.ഐ.ടിയിലെ പ്രഫസർമാരും ഒക്കെ ഡിസൈനിങ്ങിൽ സഹായിച്ചിട്ടുണ്ട്.

ഒരു വർഷവും പത്തു മാസവും എടുത്ത് 2025 ജനുവരിയിലാണ് ‘കൂടിന്റെ’ പണി പൂർത്തിയാക്കിയത്. 17 ലക്ഷമാണ് മൊത്തം ചിലവ്.

ഹരികൃഷ്ണൻ നെതർലാന്റ്സിലെ ഡ്വൽഫ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അർക്കിടെക്ച്വർ അർബനിസം ആന്റ് ടെക്നോളജിയിൽ ബിരുദാനന്തരബിരുദം നേടിയാളാണ്. നീനു സ്കൂൾ ഓഫ് ആർക്കിടെച്വർ ആന്റ് പ്ലാനിങ്ങ്, അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി. നേടിയ ലാന്റ് സ്കേപ് ആർക്കിടെക്റ്റും.

ADVERTISEMENT