‘എം. കൃഷ്ണന്‍നായര്‍ നല്ലതുപറഞ്ഞിരുന്നുവെന്ന് അധികമാരോടും ഞാന്‍ പറയാറില്ല, ഒന്നാമത് അതിനുള്ള തെളിവില്ലാത്തതുതന്നെ’: വിനായക് നിർമൽ എഴുതുന്നു
ആത്മീയതയുടെ വൈവിധ്യമാനങ്ങളുള്ള ചിന്തകളിലൂടെ ഹൃദയത്തിന്റെ സംഗീതം പ്രസരിപ്പിക്കുന്ന രചനകളാണ് വിനായക് നിര്‍മ്മല്‍ എന്ന എഴുത്തുകാരനെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയതെങ്കിലും പോകെപ്പോകെ ആ വഴിയൊന്നു വിട്ട് ലേഖനങ്ങളുടെ ലോകത്തേക്കു കടന്ന് അവിടെ മുഴുകുകയായിരുന്നു അദ്ദേഹം.
ആത്മീയതയുടെ വൈവിധ്യമാനങ്ങളുള്ള ചിന്തകളിലൂടെ ഹൃദയത്തിന്റെ സംഗീതം പ്രസരിപ്പിക്കുന്ന രചനകളാണ് വിനായക് നിര്‍മ്മല്‍ എന്ന എഴുത്തുകാരനെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയതെങ്കിലും പോകെപ്പോകെ ആ വഴിയൊന്നു വിട്ട് ലേഖനങ്ങളുടെ ലോകത്തേക്കു കടന്ന് അവിടെ മുഴുകുകയായിരുന്നു അദ്ദേഹം.
ആത്മീയതയുടെ വൈവിധ്യമാനങ്ങളുള്ള ചിന്തകളിലൂടെ ഹൃദയത്തിന്റെ സംഗീതം പ്രസരിപ്പിക്കുന്ന രചനകളാണ് വിനായക് നിര്‍മ്മല്‍ എന്ന എഴുത്തുകാരനെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയതെങ്കിലും പോകെപ്പോകെ ആ വഴിയൊന്നു വിട്ട് ലേഖനങ്ങളുടെ ലോകത്തേക്കു കടന്ന് അവിടെ മുഴുകുകയായിരുന്നു അദ്ദേഹം.
ആത്മീയതയുടെ വൈവിധ്യമാനങ്ങളുള്ള ചിന്തകളിലൂടെ ഹൃദയത്തിന്റെ സംഗീതം പ്രസരിപ്പിക്കുന്ന രചനകളാണ് വിനായക് നിര്‍മ്മല്‍ എന്ന എഴുത്തുകാരനെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയതെങ്കിലും പോകെപ്പോകെ ആ വഴിയൊന്നു വിട്ട് ലേഖനങ്ങളുടെ ലോകത്തേക്കു കടന്ന് അവിടെ മുഴുകുകയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ, നീണ്ട വർഷങ്ങൾക്കു ശേഷം വിനായകിന്റെ ഒരു കഥാസമാഹാരം വായനക്കാരിലേക്കെത്തുന്നു – ‘അമ്മച്ചൂണ്ട’.
ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ, ‘കഥയും ഞാനും’ എന്ന ആത്മനോട്ടത്തിന്റെ വെളിച്ചത്തിൽ, തന്റെ കഥാപ്രപഞ്ചത്തെക്കുറിച്ച് വിനായക് നിർമ്മൽ എഴുതിയതു വായിക്കാം –
കഥയെ ഞാന്‍ കണ്ടുമുട്ടുകയായിരുന്നോ അതോ കഥയെന്നെ കീഴടക്കുകയായിരുന്നോ? രണ്ടാമത്തേതാണെന്ന് തോന്നുന്നു കൂടുതല്‍ ശരി. കുട്ടിക്കാലത്തെ നിരുപദ്രവകരമായ ഒരു കളിയില്ലേ, ചെറിയ കുഴികുഴിച്ച് അതിന് മീതെ ചുള്ളിക്കമ്പുകള്‍ പെറുക്കിവച്ച് ഇലകൊണ്ട് മറച്ചു ആളുകളെ വീഴിക്കുന്ന കളി? അതുപോലെ കഥയെന്നെ വീഴിക്കുകയായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാലം തെറ്റിയും ആഗ്രഹിക്കാതെയും ഏഴാമതായി അമ്മയെന്നെ പ്രസവിക്കുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുള്ള ആ പിറവിക്ക് പ്രായശ്ചിത്തമായി ദൈവമെന്നെ പറഞ്ഞയച്ചത് ഇത്തിരിയോളം അക്ഷരങ്ങളുടെ കൂട്ടുതന്നുകൊണ്ടായിരുന്നു. ഇനിയുള്ള കാലമത്രയും അവന്‍ അതുകൊണ്ടുപിഴച്ചുകൊളളും എന്ന് ദൈവത്തിന് ഉറപ്പുണ്ടായിരുന്നു. ദൈവത്തിന്റെ കണക്ക് തെറ്റിയില്ല. അല്ലെങ്കിലും മനുഷ്യരെക്കാള്‍ കൃത്യമായി കണക്കുകൂട്ടുന്നവനാണല്ലോ ദൈവം?
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി എഴുതിയ കഥയുടെ ആദ്യവാചകം ഇപ്പോഴും മറന്നിട്ടില്ല.' എനിക്കൊരു കലാകാരിയാകണം' ഷാംബു തേച്ചുമിനുക്കിയ മുടിയില്‍ തഴുകി ജോളി തന്റെ കൂട്ടുകാരിയോട് പറഞ്ഞു എന്നതായിരുന്നു അത്. ഇപ്പോള്‍ കാലങ്ങള്‍ക്ക് പിന്നില്‍് നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അതെന്റെ ആത്മഗതം തന്നെയായിരുന്നുവെന്ന് മനസ്സിലാവുന്നു. ഒരു എഴുത്തുകാരനാവണം എന്നതിനപ്പുറം മറ്റൊന്നും ഒരുപ്രായത്തിലും ആഗ്രഹിച്ചിട്ടില്ല.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി കഥപ്രസിദ്ധീകരിച്ചത്. ഉത്തമപുരുഷനിലുള്ള ഒരു കഥ. എനിക്ക് ശ്വാസംമുട്ടിയെന്നും എന്നെ തൂക്കിലേറ്റിയെന്നുമൊക്കെ എഴുതിയതു വായിച്ച് അപ്പന്റെ സുഹൃത്താണ് പറഞ്ഞത് ഇനിയങ്ങനെയൊന്നും എഴുതരുത്. വാക്കുകള്‍ അറംപറ്റും. സത്യത്തില്‍ കഥയ്ക്കും എഴുത്തിനുമൊക്കെ മനുഷ്യനെ എത്രത്തോളം അവന്റെ ജീവിതത്തില്‍ അടയാളങ്ങള്‍ വീഴിക്കാന്‍ സാധ്യതയുണ്ട് എന്നൊരു ചിന്തയാണ് അപ്പോള്‍ തോന്നിയത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെയായിരുന്നു മറ്റൊരു സംഭവവികാസം. അന്ന് പാലായില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സാഹിത്യവേദിയുണ്ടായിരുന്നു. സഹൃദയസമിതി. വെട്ടൂര്‍ രാമന്‍നായര്‍ കാര്യദര്‍ശിയായുള്ള സുകുമാരന്‍ സാറും പൊതുവാള്‍സാറുമൊക്കെയുള്ള വേദി. എഴുതിത്തെളിഞ്ഞ പ്രായമുള്ള കഥാകാരന്മാര്‍ക്കിടയില്‍ ഒരു പൊടിമീശക്കാരന്‍ അവതരിപ്പിച്ച കഥയാണ് ജനുവരിയിലെ ആ കഥയരങ്ങില്‍ എല്ലാവരുടെയും പ്രശംസപിടിച്ചുപറ്റിയത്്. നാലാളുടെ മുമ്പില്‍ നിന്ന് രണ്ടക്ഷരം പറഞ്ഞിട്ടില്ലാത്ത അവന്റെ കൈകാല്‍ വിറയലും സ്വതേ മുഴക്കമില്ലാത്ത ശബ്ദത്തിന്റെ പതര്‍ച്ചയും ഇപ്പോഴും അനുഭവിക്കാനാവുന്നുണ്ട്. തലമൂത്തവരുടെ ആ അഭിപ്രായവും നല്ലവാക്കുകളുമാണ് കഥ വഴങ്ങും എന്നൊരു വിശ്വാസം ഉറപ്പിച്ചത്. കഥ കേട്ട അഗസ്റ്റിയന്‍ ഇടമറ്റം സര്‍ പറഞ്ഞു ആ കഥ ദീപികയ്ക്ക് അയ്ക്കൂ. ഉലകംതറയ്ക്കാണ് ആഴ്ചപ്പതിപ്പിന്റെ ചാര്‍ജ്. ഞാനൊരു കത്തുതരാം.ഇരുവരും സതീര്‍ത്ഥ്യരും സുഹൃത്തുക്കളുമാണ്.
അഗസ്റ്റ്യന്‍ സാറിന്റെ കത്തുംചേര്‍ത്ത് കഥ കൊണ്ടുപോയി കൊടുത്തത് ദീപികയുടെ പാലാ സബ് ഓഫീസില്‍ ഇന്നലെയെന്നതുപോലെ ഇപ്പോഴും മനസ്സിലുണ്ട്. വടയാറ്റുകാരുടെ ബില്‍ഡിംങിലെ ഇടുങ്ങിയ കോവണികയറിച്ചെന്ന് പേടിച്ചുവിറച്ച് അവിടെത്തെ ചുമതലക്കാരന്റെ കൈയിലാണ് കൊടുത്തത്. കഥ കോട്ടയത്ത് എത്തിയോ എന്നുപോലും അന്വേഷിച്ചില്ല. പിന്നെയത് മറക്കുകയും ചെയ്തു. പ്രീഡിഗ്രിക്ക് കുറവിലങ്ങാട് ദേവമാതായില്‍ പഠിക്കുമ്പോഴാണ് ബിഎ മലയാളത്തിന് പഠിക്കുന്ന മാതൃഭൂമിയിലെ ഇപ്പോഴത്തെ ജിജോ സിറിയക്കും ജിജുപത്തിലും ജോര്‍ജ് കുളങ്ങരയും ഷാജന്‍സി മാത്യവും കാണക്കാരി സോമദാസനുമൊക്കെ അടങ്ങുന്ന സാഹിത്യവിദ്യാര്‍ത്ഥികള്‍, കോളജ് മാഗസിനിലെഴുതിയ കഥയുടെ പേരില്‍ പരിചയപ്പെടാന്‍ വന്നത്. അവരിലാരോ ആണ് പറഞ്ഞത് ദീപികയില്‍ വന്ന വിനായകിന്റെ കഥയെക്കുറിച്ച് എം കൃഷ്ണന്‍നായര്‍ സാഹിത്യവാരഫലത്തില്‍ പ്രശംസിച്ചി്ട്ടുണ്ട് എന്ന്. ദീപികയില്‍ കഥവന്നതുപോലും അറിയാതിരുന്ന ആ കൗമാരക്കാരന് അന്ന് കൃഷ്ണന്‍നായരോ സാഹിത്യവാരഫലമോ തെല്ലും പരിചയമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
മനോരമയ്ക്കും മംഗളത്തിനും സഖിക്കും ജനനിക്കും അപ്പുറമുള്ള വായനയിലേക്ക് കടന്നുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അവരിലാരാണെന്ന് ഓര്‍മ്മയില്ല, കലാകൗമുദി കൊണ്ടുവന്നുകാണിക്കുകയും ചെയ്തിരുന്നു,. അതിന്റെ കോപ്പി ഫോട്ടോസ്റ്റാറ്റ് എടുത്തുസൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഫോട്ടോസ്റ്റാറ്റ് പ്രചരിച്ചുതുടങ്ങിയ കാലമായിരുന്നിട്ടും എന്തുകൊണ്ടോ അതിന് മിനക്കെട്ടില്ല. (വര്‍ഷങ്ങള്‍ക്കുശേഷം അമ്മച്ചൂണ്ടയെന്ന കഥാസമാഹാരത്തിന്റെ കവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ പ്രതികരണമായി ജിജോ എഴുതി: പതിനഞ്ചു വയസില്‍ എം.കൃഷ്ണന്‍നായരുടെ നല്ല അഭിപ്രായം കേട്ട ആളാണ്. കഥകള്‍ മോശംവരില്ല. നന്ദി ജിജോ, കാരണം അന്ന് അങ്ങനെ കൃഷ്ണന്‍നായര്‍ നല്ലതുപറഞ്ഞിരുന്നുവെന്ന് അധികമാരോടും ഞാന്‍ പറയാറില്ല. ഒന്നാമത് അതിനുള്ള തെളിവില്ലാത്തതുതന്നെ. ചിലപ്പോള്‍ തോന്നും, അങ്ങനെയെഴുതിയെന്നത് എന്റെ തോന്നലാണോ.. പക്ഷേ ജിജോ എഴുതിയപ്പോള്‍ മനസ്സിലായി അല്ല അതു സത്യം തന്നെയായിരുന്നു. സാഹിത്യവാരഫലം സമ്പൂര്‍ണ്ണപതിപ്പ് വാങ്ങിയ ഒരു സുഹൃത്തിനോട് ആ പഴയലക്കങ്ങളില്‍ നിന്ന് അതു കണ്ടുപിടിച്ചുതരണമെന്ന് പറഞ്ഞിട്ട് നാളുകളേറെയായി. ഏതുലക്കമാണെന്ന് കൃത്യമായി അറിയാത്തതുകൊണ്ട് അന്വേഷണം നീണ്ടുപോകുന്നതാവാം).
കഥകളുമായി മുന്നോട്ടുപോവുകയായിരുന്നു. പല പ്രസിദ്ധീകരണങ്ങള്‍. ആദ്യമായി പ്രതിഫലം കിട്ടിയത് മനോരാജ്യത്തില്‍ നിന്നായിരുന്നു. 75 രൂപ. 1990 കളിലാണ്. പടിയിറങ്ങിപ്പോയ പാര്‍വതി വായിച്ച നാളുകളിലെന്നോ തുടങ്ങിയ തൂലികാസൗഹൃദമായിരുന്നു ഗ്രേസി ടീച്ചറോട്. നിരന്തരം കത്തുകളെഴുതിയിരുന്ന കാലം. ഗ്രേസി ചേച്ചിയെന്നായിരുന്നു വിളിച്ചിരുന്നതും. അക്കാലത്തെ ഓണപ്പതിപ്പില്‍ ടീച്ചറുടെ ഒരു കഥയുണ്ടായിരുന്നു. പാണ്ഡവസദസ്. കഥ വായിച്ച് ടീച്ചറോട് കത്തെഴുതിചോദിച്ചു. അതില്‍ പറഞ്ഞിരിക്കുന്നത് സത്യമാണോ? എന്തൊരു മണ്ടത്തരമാണെന്ന് പിന്നീടാണ് മനസ്സിലായത്.കഥയരങ്ങിനുവേണ്ടി കഥാകാരിയെ ഒരൂകൂട്ടം പേര്‍ വിളിച്ചുകൊണ്ടുപോകുന്നതും മാനഭംഗപ്പെടുത്തുന്നതുമായിരുന്നു കഥ. എന്റെ കുട്ടീ, എഴുതുന്നതൊക്കെ സത്യമാണെങ്കില്‍, സ്വന്തം ജീവിതമാണെങ്കില്‍ ഒരാള്‍ എത്ര ജന്മം ജനിച്ചാലാണ്? കഥയെഴുതുന്ന ആളായിട്ടും അങ്ങനെ സംശയിച്ചുവല്ലോ? ടീച്ചര്‍ എഴുതിയത് വായിച്ച് ജാള്യംതോന്നി. പിന്നെയൊരിക്കലും ടീച്ചര്‍ക്ക് കത്തെഴുതിയില്ല.
ജന്മഭൂമി വാരാദ്യപ്പതിപ്പിലും വീക്ഷണം വാരാന്ത്യപതിപ്പിലുമായിരുന്നു അക്കാലത്ത് കൂടുതലും എഴുതിയിരുന്നത്. ജന്മഭൂമിയില്‍ നാലുലക്കങ്ങളിലായി ഒരു നോവലെറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഉത്സവദിനങ്ങള്‍.അതു വായിച്ചാണ് ആദ്യമായി ഒരു വായനക്കാരന്റെ കത്തുകിട്ടിയത്. കത്തിലെ നല്ലവരികള്‍ക്കൊപ്പം എഴുതിയ ആളുടെ വിലാസവുമുണ്ടായിരുന്നു. ഹരീഷ് എസ്. ഇല്ലത്തുപറമ്പില്‍വീട്, നീണ്ടൂര്‍ പിഒ. അതെ. ഇന്നത്തെ പ്രമുഖഎഴുത്തുകാരനായ എസ് ഹരീഷ് തന്നെ. അന്ന് ഹരീഷ് കഥകള്‍ക്ക് വേണ്ടി മീശപിരിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം മനോരമ ഓണ്‍ലൈനുവേണ്ടി ഹരീഷിനെ ഇന്റര്‍വ്യൂചെയ്യാന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ഹരീഷ് പറഞ്ഞ ഒരു വാചകമുണ്ട്. അതാണ് ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ വലിയ അവാര്‍ഡ്. ‘എന്തു നല്ല ക്രാഫ്റ്റ് ആയിരുന്നു വിനായക് നിങ്ങളുടേത്. നിങ്ങളുടെ പുസ്തകങ്ങള്‍ ഞാന്‍ പലയിടത്തും നോക്കാറുണ്ട്. നിങ്ങള്‍ എഴുതുന്നില്ലേ?’
അപ്പോഴേയ്്ക്കും ഞാന്‍ ഫിക്ഷന്‍ വിട്ടു എഴുത്തിന്റെ തന്നെ മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. നമ്മള്‍ ജോലി ചെയ്യുന്ന ലോകം നമ്മുടെ എഴുത്തിനെ സ്വാധീനിക്കും എന്ന് പറയുന്നത് എത്രയോ ശരി.! ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ആഴ്ചതോറും പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തില്‍ മാറ്ററുകളുടെ കുറവ് നല്ലതുപോലെയുണ്ടായിരുന്നു. ആ കുറവ് നികത്താന്‍ പേജുകള്‍ നിറയ്ക്കാന്‍ പലപ്പോഴും ലേഖനങ്ങളെഴുതേണ്ടിവന്നു. ആത്മീയസാഹിത്യം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ലേഖനങ്ങളുടെ ലോകമായിരുന്നു അത്. പക്ഷേ പലരുടെയും മുന്‍വിധിപോലെ അത് ടിപ്പിക്കല്‍ ആത്മീയലേഖനങ്ങളായിരുന്നില്ല എന്നതായിരുന്നു സത്യം. വ്യക്തിപരമായ അനുഭവങ്ങളെ വളരെ ക്രിയാത്മകമായും ആത്മീയമായും ലളിതമായും ഹൃദ്യമായും എഴുതുന്ന ലേഖനങ്ങളായിരുന്നു അത്. പുതിയൊരു സാഹിത്യസരണിയായിരുന്നു അത്. ലിറ്റററി വര്‍ക്കിനെക്കുറിച്ചും പോപ്പുലര്‍ ലിറ്ററേച്ചറിനെക്കുറിച്ചും പറയുന്നവര്‍ ഒരിക്കല്‍പോലും പരാമര്‍ശിക്കാത്ത സ്പിരിച്വല്‍ ലിറ്ററേച്ചറിന്റെ ലോകമായിരുന്നു അത്. അങ്ങനെയും ഒരു ലോകമുണ്ട്.അറിയേണ്ടവര്‍ പോലും അറിയുന്നില്ലെന്ന് മാത്രം.
ആത്മീയസാഹിത്യം എന്ന് ലേബലൊട്ടിച്ച രചനകളില്‍ കാണപ്പെടുന്നതുപോലെ ഭാഷയോ ബൈബിള്‍ ഉദ്ധരണികളുടെ സമൃദ്ധിയോ വായനക്കാരനെ നന്നാക്കിയെടുത്തേ മതിയാവൂ എന്ന വാശിയുമില്ലാത്ത ലേഖനങ്ങളായിരുന്നു ഞാന്‍ എഴുതിയവയെല്ലാം. 2010 ലോ മറ്റോ ആണെന്ന് തോന്നുന്നു മനോരമ ഓണ്‍ലൈനിലെ അല്‍ഫോന്‍സാ ജോണ്‍ ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയ ഒരു ക്രിസ്തുമസ് കുറിപ്പ് അക്കാലത്ത് മനോരമയുടെ ഹിറ്റ്ചാര്‍ട്ടിലുണ്ടായിരുന്നു. രണ്ടുപേര്‍ക്കിടയിലൊരു പുഴയുണ്ട്, മഴ അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല. കടല്‍ ഒരു പര്യായമാണ്, നനവുളള കാറ്റുകള്‍ എന്നീ ലേഖനസമാഹാരങ്ങളിലൂടെ ഒരു ഗ്രാമത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്ന വിധത്തിലുള്ള വായനക്കാരുമായി ഞാന്‍ സന്തോഷപൂര്‍വ്വം ജീവിക്കുകയായിരുന്നു. കത്തിലൂടെയും ഈമെയിലിലൂടെയും ഫോണിലൂടെയും പലരും എന്നോടുള്ള സ്‌നേഹം എഴുത്തിന്റെ പേരില്‍ അറിയിച്ചു.
പലര്‍ക്കും അവരുടെ ജീവിതങ്ങള്‍ ആ പുസ്തകങ്ങളില്‍ കാണാന്‍ സാധിച്ചുവത്രെ. ജീവിതത്തെ പുതുക്കിപ്പണിയാനുളള പലതും ഞാന്‍പോലുമറിയാതെ അവര്‍ അതില്‍ കണ്ടെത്തുകയായിരുന്നു ആത്മഹത്യാതീരുമാനം മാറ്റിയെന്നും പ്രാര്‍ത്ഥനാപ്പുസ്തകങ്ങള്‍ക്കൊപ്പമാണ് ഈ പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നുമൊക്കെ അക്കാലത്ത് പലരും പറഞ്ഞിട്ടുണ്ട്്. മുമ്പൊരിക്കലും എഴുത്തിന്റെ പേരില്‍ കിട്ടാത്ത അനുഭവങ്ങളായിരുന്നു അവയെല്ലാം. എഴുത്തിന് ഈ സമൂഹത്തിന് വെളിച്ചം പകര്‍ന്നുകൊടുക്കാനുള്ള കടമയുണ്ടെന്ന് മനസിലായതും മറ്റുള്ളവരുടെ ജീവിതങ്ങളില്‍ വെളിച്ചംകൊളുത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇരുട്ടു വീഴ്ത്താതിരിക്കാനെങ്കിലും ശ്രദ്ധിക്കണമെന്നുമുള്ള തീരുമാനം അബോധമായിട്ടെങ്കിലും മനസ്സിലേക്ക് കടന്നുവന്നതോടെ സ്വര്‍ണ്ണം തൂക്കുന്ന സൂക്ഷ്മതയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യണമെന്ന് തിരിച്ചറിയുകയായിരുന്നു.
ലേഖനത്തിന്റെ ഈ ഭാഷയും അനുഭവങ്ങളുമൊക്കെ നീ കഥയിലേക്ക് സന്നിവേശിപ്പിച്ചാല്‍ അതെന്തു മനോഹരമായിരിക്കും എന്ന് അക്കാലത്ത് കൂട്ടുകാരന്‍ ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ പലപ്പോഴും പറയാറുണ്ടായിരുന്നു.പക്ഷേ കഥകളൊക്കെ തീര്‍ന്ന മട്ടായിരുന്നു എനിക്ക്. കഥകളെക്കാള്‍ ഈ സമൂഹത്തോട് സംവദിക്കുന്നത്, അല്ലെങ്കില്‍ അവര്‍ക്ക് വെളിച്ചം കിട്ടുന്നത് ലേഖനങ്ങളിലൂടെയാണെന്ന് ഞാന്‍ അന്നും ഇന്നും വിശ്വസിക്കുന്നുണ്ട്. ഒരു വിഭാഗം ആളുകള്‍ എന്നെ പ്രത്യേകഗണത്തില്‍ വര്‍ഗീകരിച്ചുമാറ്റിനിര്‍ത്തുമ്പോഴും അവരോട് ഒരുകാര്യത്തില്‍ മാത്രമേ വിയോജിപ്പുള്ളൂ. മുന്‍വിധികള്‍ കൊണ്ട് വിധിയെഴുതാതെ വായിച്ചിട്ട് തള്ളിപ്പറയൂ.
ഇങ്ങനെയൊക്കെയാകുമ്പോഴും കഥകളിലേക്ക് എനിക്ക് വരാതിരിക്കാനാവില്ലായിരുന്നു. കാരണം സര്‍ഗാത്മകതയുടെ അടയാളപ്പെടുത്തല്‍ ഫിക്ഷനുകളാണ്. ആരെങ്കിലും എഴുതിയതുകണ്ടോ ആരെങ്കിലും പറഞ്ഞതുകൊണ്ടോ പരിശീലനം വഴിയോ വായനവഴിയോ എഴുത്തുകാരനായ വ്യക്തിയായിരുന്നില്ല ഞാന്‍. ഈശ്വരന്‌റെ കൃപാകടാക്ഷം പോലെ എഴുത്തിന്റെ പൊന്‍നാണയം വഴിയരികില്‍വച്ചു അപ്രതീക്ഷിതമായി വീണുകിട്ടിയവനായിരുന്നു ഞാന്‍. ഇനിയെല്ലാ വിനിമയവും അതുകൊണ്ടായിരിക്കണമെന്ന ദൈവത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ചവനും. അതുകൊണ്ട് കഥകള്‍ എനിക്കാവശ്യമായിരുന്നു. കഥയെഴുതുക എന്റെ ജീവിതത്തിന്റെ നിലനില്പിന് അനിവാര്യമായിരുന്നു. പക്ഷേ എനിക്ക് കഥകളൊന്നും വന്നതേയില്ല.
തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദങ്ങളും അന്തരീക്ഷവും വ്യക്തിപരമായും കുടുംബപരമായും കടന്നുപോകുന്ന സങ്കീര്‍ണ്ണതകളും എല്ലാം ചേര്‍ന്ന് വായനയില്‍ നിന്ന് ഞാന്‍ ഏറെ അകന്നുപോയിരുന്നു അപ്പോഴേയ്ക്കും. കഥകളുടെ രീതിയും എഴുത്തിന്റെ സ്വഭാവവും മാറിപ്പോവുകയും ചെയ്തിരുന്നു. ഒരുമിച്ചു കഥകളെഴുതിതുടങ്ങിയ ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ തന്റേതായ വഴിവെട്ടിത്തെളിച്ചു മുന്നേറിക്കഴിഞ്ഞിരുന്നു. എന്നെക്കാള്‍ വൈകി എഴുതിത്തുടങ്ങിയ സിബി ജോണ്‍ തൂവല്‍ മനോരമയുള്‍പ്പടെയുള്ള പ്രമുഖപ്രസാധകര്‍ക്കുവേണ്ടി നോവലുകളും ബാലസാഹിത്യവും പ്രസിദ്ധീകരിച്ചു പേരെടുത്തുകഴിഞ്ഞിരിക്കുന്നു. അങ്ങനെ പലരും. നീ എഴുതടാ...എഴുത് എന്ന് ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഉണ്ണി പ്രോത്സാഹിപ്പിച്ചു. അടുത്തതവണ വിളിക്കുമ്പോഴും ഒന്നും എഴുതിയിട്ടില്ലെന്ന് അറിഞ്ഞ് അവന്‍ തെറിവിളിച്ചുതുടങ്ങി. ഇനി നിന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടില്‍ അവസാനം അവന്‍ കൈയൊഴിയുകയും ചെയ്തു.
റബറുകളുടെ പശ്ചാത്തലമുള്ളതുകൊണ്ട് എനിക്കറിയാം, പരമാവധി ടാപ്പിംങ് കഴിയുമ്പോള്‍ മരങ്ങള്‍ പാല്‍ ചുരത്താതെയാകും.പിന്നെയത് വെട്ടിവില്ക്കുക മാത്രമേ നിവൃത്തിയൂള്ളൂ. ചോരയും നീരും കൊണ്ട് അതിനകം ഞാന്‍ സാഹിത്യത്തിന്റെ പല വിഭാഗങ്ങളിലായി നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു. പഴമ്പുരാണം പറഞ്ഞ് പണിയെടുക്കാതെ ജീവിക്കുന്ന കാരണവന്മാരെപോലെ ഇനി എഴുതിയതിന്റെ മേനി പറഞ്ഞ് ശിഷ്ടകാലം ജീവിക്കാം എന്ന് ഞാനും വിധിക്ക് കീഴടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് ദീപികയുടെ ചീഫ് എഡിറ്റര്‍ ബഹുമാനപ്പെട്ട കുടിലില്‍ അച്ചന്‍ ക്രിസ്തുമസ് പതിപ്പിലേക്കു വേണ്ടി ഒരു കഥ ചോദിച്ചത്. ഞെട്ടിപ്പോയിരുന്നു. ലേഖനങ്ങള്‍ എഴുതുന്നു എന്നല്ലാതെ ഞാന്‍ കഥകളെഴുതാറുണ്ടായിരുന്നുവെന്ന് അച്ചനെങ്ങനെ അറിഞ്ഞു ? എനിക്ക് ഇന്നും അറിയില്ല. ഏതു മാലാഖയാണ് അച്ചന്റെചെവിയില്‍ എന്റെ പേരു പറഞ്ഞുകൊടുത്തതെന്നും.
എന്റെ മനസ്സില്‍ അപ്പോഴും ഒരു കഥയും ഉണ്ടായിരുന്നില്ല. കഥ കൊടുക്കേണ്ട ദിവസങ്ങള്‍ അടുത്തടുത്തുവന്നു പഠിക്കാത്ത ഉത്തരത്തിന് ചോദ്യക്കടലാസ് നോക്കി പരീക്ഷാഹാളില്‍ വിയര്‍ത്തിരിക്കുന്ന വിദ്യാര്‍ത്ഥിയെപോലെയായിരുന്നു ഞാന്‍. പെട്ടെന്നാണ് വയനാടിലെ ഉരുള്‍പ്പൊട്ടലിന്റെ ദൃശ്യങ്ങള്‍ ഒരു മലയിടിച്ചില്‍ പോലെ മനസ്സിലേക്ക് വന്നത്. വാര്‍ത്തയുമായി ബന്ധപ്പെട്ട് പല മുഖങ്ങളും മനസ്സിലൂടെ കടന്നുപോയി. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്കുശേഷം ആ കഥയെഴുതിയത്. ഒരാള്‍ മാത്രം.
ആദ്യമായി കഥയെഴുതുന്ന ഒരാളുടെ പരിഭ്രമം മുഴുവനും എനിക്കുണ്ടായിരുന്നു. വയസറിയിച്ച പെണ്‍കുട്ടിയെപോലെയായിരുന്നു ഞാന്‍. പ്രിയപ്പെട്ടവരെ ഉരുള്‍പ്പൊട്ടലില്‍ നഷ്ടമായ സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്നറിയാത്തവിധത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചെറുപ്പക്കാരന്റെ മാനസികസംഘര്‍ഷങ്ങളുടെ കഥയായിരുന്നു അത്...ഏത് അനുഭവത്തെയും എന്നിലേക്കെടുക്കാതെ എനിക്ക് ഒരുവരിപോലും എഴുതാനാവില്ല. അതുകൊണ്ടുതന്നെ ആ ചെറുപ്പക്കാരന്‍ ഞാന്‍ തന്നെയായിട്ടാണ് എനിക്ക് തോന്നിയത്. പെണ്ണുകാണാന്‍ വന്ന ചെറുപ്പക്കാരന് മുമ്പില്‍ അണിഞ്ഞൊരുങ്ങി നാണിച്ചും പരിഭ്രമിച്ചും നില്ക്കുന്ന പെണ്‍കുട്ടിയെപോലെയാണ് ഞാനാകഥ അയച്ചുകൊടുത്തത്. എന്തും സംഭവിക്കാം എന്ന വിചാരത്തോടെ. ഭാഗ്യം. അതു പ്രസി്ദ്ധീകരിച്ചു. കഥ വറ്റിയിട്ടില്ല എന്നൊരു ആശ്വാസം. അതോടൊപ്പം കഥ വീണ്ടും എഴുതാന്‍ ആഗ്രഹം. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നവന്‍ ഭക്ഷണം കണ്ട് ആര്‍ത്തിപ്പിടിക്കുന്നതുപോലെ ഒരു അനുഭവം.
കഥകളെഴുതാന്‍ ഇതുപോലെ ആഗ്രഹിച്ച മറ്റൊരുകാലമുണ്ടായിട്ടില്ല. എഴുതിത്തുടങ്ങിയ കാലത്തുപോലും. എന്റെ എഴുത്തിനെക്കുറിച്ചറിയാവുന്ന ചില സുഹൃത്തുക്കള്‍ പറയാറുണ്ട് മീനച്ചിലാറ് പോലെയാണ് ഞാനെന്ന്. വേനല്‍ക്കാലത്ത് വറ്റിവരണ്ടുകിടക്കുകയാണെന്ന പ്രതീതിയുണ്ടാക്കും. പക്ഷേ മേല്‍മണല്‍ മാറ്റുമ്പോള്‍ അതിന്റെ അടിയില്‍ ഉറവകളുണ്ടാവും. ആഴത്തില്‍ കുഴിച്ചെടുക്കണമെന്നു മാത്രം. വര്‍ഷങ്ങള്‍ക്കുശേഷം സാഹിതീസഖ്യംപോലെയുള്ള വേദികളില്‍ കഥകള്‍ അവതരിപ്പിച്ചുതുടങ്ങി. ഖണ്്ഡനവും മണ്്ഡനവും ഒരുപോലെ ഏറ്റുവാങ്ങി. അഞ്ചെട്ട് കഥകള്‍ പിന്നീട് തുടര്‍ച്ചയായി എഴുതി. അപ്പോഴാണ് ഒരു കഥാസമാഹാരം എന്ന ആഗ്രഹം മൊട്ടിട്ടത്. അതിന്റെപരിസമാപ്തിയിലാണ് സൈന്‍ ബുക്ക്‌സ് അമ്മച്ചൂണ്ട എന്ന കഥാസമാഹാരം പുറത്തിറക്കുന്നത്.
അമ്മച്ചൂണ്ട എന്ന പേരു ഫേസ്ബുക്കില്‍ വായിച്ച് ആദ്യം വാട്‌സാപ്പില്‍ പ്രതികരണം രേഖപ്പെടുത്തിയത് പത്രപ്രവര്‍ത്തകനായ ജയചന്ദ്രന്‍സാറായിരുന്നു: കേള്‍ക്കാത്ത പേര്. അര്‍ത്ഥം തേടുമ്പോള്‍ ഉള്ളില്‍ കൊളുത്തിവലിക്കുന്ന ഒരു നോവായി മാറുന്നുണ്ടത്!
വല്ലാത്ത സന്തോഷം തോന്നിയ നിമിഷം.പുതിയ കാലത്തെ കഥകളാണ്, പുതിയ ശൈലിയാണ് എന്നൊന്നും അവകാശപ്പെടാനില്ല. പക്ഷേ അവതാരികയില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നതുപോലെ കഥയുള്ള കഥകളാണ് ഇത്. കൂട്ടത്തില്‍ ഏറെ വ്യത്യസ്തമാണ് കുളം...കര എന്ന കഥയെന്നും അവതാരികാകാരന്‍ നിരീക്ഷിക്കുന്നു: പുരുഷമനസ്സിലെ ഗുപ്തമായ സ്വവര്‍ഗലൈംഗികതയുടെ ആന്തരികസംഘര്‍ഷമാണ് ഈ കഥ ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തിന്റെ കെട്ടുപാടുകളില്‍ ഉഴലുന്ന നായകന്റെ സ്വവര്‍ഗ ലൈംഗികതയോടുള്ള ഹിപ്പോക്രസി എന്നുവേണമെങ്കില്‍ പറയാം.
പാപത്തെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ള സനലിന് സ്വവര്‍ഗഭോഗിയാകേണ്ടിവന്നത് എന്തുകൊണ്ടാണ് എന്നാണ് ഇതേ കഥയെക്കുറിച്ച് ഡോ. തോമസ് സ്‌കറിയ സാറിന്റെ പഠനത്തില്‍ ചോദിക്കുന്നത്. പല യുവകഥാകൃത്തുക്കളും എഴുതുന്നവനും വായിക്കുന്നവനും ഗുണം ചെയ്യാത്ത രീതിയിലുള്ള( ആധുനികോത്തരമെന്ന് ഭാഷ്യം) കഥകളെഴുതി വായനക്കാരന്റെ അതൃപ്തി സമ്പാദിക്കുമ്പോള്‍ ജീവിതാനുഭവങ്ങളുടെ നേരുകളിലേക്ക് കണ്ണീരും ചോരയും ഇറ്റിച്ച് വിനായക് നിര്‍മ്മല്‍ എഴുതിയ കഥകള്‍ എനിക്ക് അനുഭവത്തിന്റെ തീവ്രാനുഭൂതി സമ്മാനിച്ചവയായിരുന്നു എന്ന് ജോര്‍ജ് ജോസഫ് കെ പ്രശംസിച്ച കന്യാകുമാരി എന്ന പഴയൊരു കഥ ഇതില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കൂട് എന്ന മറ്റൊരുകഥയും. ജോസഫേട്ടന്റെ നല്ലവാക്കുകളാണ് കന്യാകുമാരി ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെങ്കില്‍ കൂട് ചേര്‍ക്കാന്‍ കാരണം 1995 ല്‍ എഴുതിയ ആ കഥ പുതിയകാലത്തും വളരെ പ്രസക്തമാകുന്ന ഒരു വിഷയം ദീര്‍ഘവീക്ഷണത്തോടെ അവതരിപ്പിച്ചു എന്നതുകൊണ്ടാണ്. ഇങ്ങനെ ഓരോകഥയ്ക്കും ഓരോ പശ്ചാത്തലമുണ്ട്. എഴുതിക്കഴിഞ്ഞാല്‍ പിന്നെ കഥ വായനക്കാരന്റേതാണ്. ഇഷ്ടമുള്ളതുപോലെ അവര്‍ വ്യാഖ്യാനിക്കട്ടെ.
എന്തുമാത്രം കഥകളാണ് നമുക്കുചുറ്റിനുമുള്ളത്. ഓരോ വ്യക്തിയും എഴുതപ്പെടാത്ത കഥകളാണ്. അതുകൊണ്ടുതന്നെ വായനക്കാരന്‍ ഓരോ കഥാകൃത്തിനോടും പറഞ്ഞുകൊണ്ടേയിരിക്കുന്നു: കഥയ മമ കഥയ മമ