പത്രപ്രവർത്തകനായ അമൃത് ലാലിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ‘പുതിയ ഭൂപടങ്ങൾ – ഇന്ത്യ (2014–2019)’. സമകാലിക ഇന്ത്യൻ അവസ്ഥകളെ പശ്ചാത്തലമാക്കി, അമൃത് ലാൽ എഴുതിയ രാഷ്ട്രീയമാനമുള്ള രചനകളാണ് ഈ കൃതിയിലുള്ളത്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വിഖ്യാത എഴുത്തുകാരൻ ആനന്ദാണ്. ‘ധനുഷ്‌കോടികൾ’ എന്ന പേരിലുള്ള അവതാരികയിൽ ആനന്ദ് ഇങ്ങനെ എഴുതുന്നു –

‘പ്രകൃതിയുടെ ക്ഷോഭവും മനുഷ്യർക്കിടയിലെ അവിശ്വാസവും വിവേചനവും ഹിംസയും ഛേദിച്ച മിത്തിക്കൽ പാലങ്ങൾ മുതൽ അന്വേഷണകൗതുകവും വ്യവഹാരങ്ങളും വാണിജ്യവും വഴി വ്യക്തികളും സമൂഹങ്ങളും നിർമ്മിച്ച പാലങ്ങൾ വരെയുള്ള ബന്ധത്തിന്റെ അവശേഷിച്ച മുനമ്പായ ധനുഷ്‌കോടിയുടെ പ്രേതതുല്യമായ ദൃശ്യത്തിന്റെ വർണനയിൽ നിന്നാണ് അമൃത്‌ ലാലിന്റെ ലേഖനസമാഹാരം തുടങ്ങുന്നത് എന്നത് ഒരുപക്ഷേ യാദൃച്ഛികമല്ല. ആവാസയോഗ്യമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട പട്ടണം. പഴയ പള്ളിയുടെയും തുറമുഖത്തിന്റെയും പാതകൾ കൈവെടിഞ്ഞ റെയിൽവേ സ്റ്റേഷന്റെയും അസ്ഥികൂടങ്ങൾ. ഇതുപോലെ അന്യം വന്നുപോയ ധനുഷ്‌ കോടികളുടെ എത്ര കഥകളാണ് ചരിത്രത്തിൽ. വിശേഷിച്ചും ഈ പത്രക്കാരൻ നമ്മെ കൂടെ കൊണ്ടുപോകുന്ന ഈ അഞ്ചുകൊല്ലങ്ങളിൽ. മുനമ്പുകളിൽ എത്തിനിൽക്കുന്നു വ്യക്തികൾ, സമൂഹങ്ങൾ, ജനവിഭാഗങ്ങൾ, അഭയംതേടി ഒളിക്കുവാൻ ഇടംതേടി. പൗരത്വം തന്നെ അന്വേഷിച്ച് സ്വന്തം നാട്ടിൽ തന്നെ.

ADVERTISEMENT

അടർന്നുവീണ ഒരു കണ്ണുനീർത്തുള്ളിപോലെ അകന്നുപോയി ശ്രീ ലങ്ക. വിമാനം വഴിമാത്രം എത്താനാകും വിധം. ഒരുപാട് കണ്ണീരൊഴുക്കി അവർ. ഒരുപാട് ചോരയും. ആരുടെ നേർക്കെന്നോ എന്തിനെന്നോ ഒക്കെയുള്ള ചോദ്യങ്ങൾ ഇല്ലാതാക്കിക്കൊണ്ട്, അവസാനം ഈസ്റ്ററിന്റെ ദിനത്തിൽ മുന്നൂറോളം പേരുടെ വധത്തിൽ എത്തിനിൽക്കുന്നു ആ യാത്ര. ഇതിനിടയ്ക്ക് എത്രയോ പേർ ശ്രീലങ്കയിൽ നിന്ന് അഭയംതേടി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തിപ്പെട്ടു.

ബ്രിട്ടീഷുകാർ ഒരു ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന പ്രദേശങ്ങളിലെ (ഇന്ത്യ, ബർമ്മ ആൻഡ് സിലോൺ) ഒന്നായ ബർമയിലേക്ക് വരുക. 1947-ലെ ‘സ്വാതന്ത്ര്യം’ അഴിച്ചുവിട്ട വംശീയ ശുദ്ധീകരണം മനുഷ്യരെ ആട്ടിയോടിച്ച കിഴുക്കാംതൂക്കുകൾ എത്ര വലിയ ഭൂപ്രദേശത്താണ് പരന്നുകിടക്കുന്നത്. കൊളോണിയൽ ഭരണകാലത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്ത തൊഴിൽ പടകൾ ഓരോരിടത്ത് തങ്ങിപ്പോയി. അതിലൊന്നായിരുന്നു രോഹിംഗ്യകൾ. രോഹിംഗ്യകൾ പണിതത് എന്ന അർഥമാണ് റംഗൂൺ എന്നു പേരിലുള്ളത് എന്ന് യു.എ. ഖാദർ ഒരിക്കൽ പറഞ്ഞത് ഓർമ്മ വരുന്നു. എന്നാൽ വളരെക്കാലം സ്വയം അഭയാർഥിയായും തടങ്കലിലും കഴിഞ്ഞ ആംഗ്‌സാൻ സൂചിയുടെ മ്യാൻമാറിൽ അവർ വേണ്ടാത്തവരും ഉപദ്രവികളുമായി. 1947-ന്റെ തന്നെ സൃഷ്ടിയായിട്ടും എല്ലായിടത്തുനിന്നുമുള്ള അഭയാർഥികൾക്ക് ഇടംകൊടുത്ത ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത് എന്ന്‌ ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു’.

ADVERTISEMENT

അവതാരികയിലെ മറ്റൊരിടത്ത് ആനന്ദ് ഇങ്ങനെ എഴുതുന്നു –

‘സാമൂഹികവും രാഷ്ട്രീയവുമായ ഏതെല്ലാം landscape-കളിൽക്കൂടിയാണ് ഈ അഞ്ചുകൊല്ലത്തെ പരിധിയിലുള്ള ലേഖനങ്ങൾ നമ്മെക്കൊണ്ടുപോകുന്നത്. പലപ്പോഴും നാം ഉറപ്പുള്ളതെന്ന് കരുതിയ നമ്മുടെ കാലിനടിയിലെ മണ്ണ് താഴ്ന്നുപോകുന്നു. ചിലപ്പോൾ നാം ഉത്തരംകിട്ടാതെ ഓരോ തുമ്പത്ത് തൂങ്ങിനിന്നു പോകുന്നു. ചിലപ്പോൾ നാം വഞ്ചിതരാകുന്നു, ചിലപ്പോൾ പരിഹാസ്യരാകുന്നു. നാം ഇത്രയും കാലം ജീവിച്ചുപോന്ന നമ്മുടെ രാജ്യത്തെ, സമൂഹത്തെ, മനുഷ്യരെ നമുക്ക് മനസ്സിലായില്ലെന്നു തോന്നും. പത്രലേഖനങ്ങൾക്കും പത്രങ്ങൾക്ക് തന്നെയും ഉള്ള സ്വഭാവമാണത്. തുടർച്ചയായി എഴുതുകയും തിരുത്തുകയും ചെയ്യുക. ഉടയ്ക്കുകയും പണിയുകയും ചെയ്തുകൊണ്ടിരിക്കുന്ന ശില്പം പോലെ. എത്ര ഓടിയാലും നിങ്ങൾ ഒരിടത്തുതന്നെ അവശേഷിക്കുന്നു. ആലീസിന്റെ കണ്ണാടിലോകത്തിലെന്നപോലെ. ഈ സമാഹാരം പകരുന്ന ചരിത്രവും വ്യത്യസ്്തമല്ല’.

ADVERTISEMENT

സൈൻ ബുക്സാണ് ‘പുതിയ ഭൂപടങ്ങൾ – ഇന്ത്യ (2014–2019)’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈടുറ്റ ലേഖനങ്ങളുടെ ഈ സമാഹാരം വായനയിൽ ഒരു സമ്പാദ്യമാകുമെന്നുറപ്പ്.

ADVERTISEMENT