പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് കവി റാഷിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് പാപ്പാത്തി പ്രസിദ്ധീകരിച്ച ‘ദില്ലി കാ കലാകാർ ആദ്മി’. ഈ പുസ്തകത്തിന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വി. എസ്. അജിത്ത് എഴുതിയ വേറിട്ട ആസ്വാദനക്കുറിപ്പ് വായിക്കാം –

ലോവർ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച എന്റെ അമ്മ, അന്ന് ഓന്തുകൾക്കും ദിനോസറുകൾക്കും മുമ്പ്, മിക്സിക്കും ഗ്രൈന്ററിനും മുമ്പ്, വാഷിങ് മെഷീനും ഗ്യാസടുപ്പിനും മുമ്പ്, മൊബൈലിനും മൾട്ടി ടാസ്ക്കിങ്ങിനും മുമ്പ്, ബ്രാഹ്മമുഹൂർത്തത്തിൽ ഉറക്കമെണീറ്റ് മുഖം കഴുകി, ദന്തശുദ്ധി വരുത്തി അടുക്കളയിൽ കയറി വിറകടുപ്പിൽ നിന്നും തലേദിവസത്തെ ചാമ്പൽ വാരി അതിടാൻ നിഷ്ക്കർഷിച്ചിട്ടുള്ള പുരയിൽ നിക്ഷേപിച്ച ശേഷം അടുപ്പു തുടച്ചു വൃത്തിയാക്കുകയും ചായയുണ്ടാക്കി അച്ഛന് കൊടുക്കുകയും ചെയ്യുമായിരുന്നു. അനന്തരം പശുവിന് കാടി കൊടുക്കുക, കോഴിക്ക് തവിട് കൊടുക്കുക ഇത്യാദി നിർവഹിച്ച ശേഷം പുട്ട് - കടല, ഇഡ്ലി - സാമ്പാർ, ദോശ - ചട്നി ഇവയിലൊന്നിനെ വ്യവസ്ഥാപിത പ്രഭാതഭക്ഷണമായി അവതരിപ്പിക്കും. അപ്പോൾ തന്നെ ഉച്ചയൂണിന്റെ പദ്ധതികൾ ആരംഭിക്കും. ചോറ്, തേങ്ങ വറുത്തരച്ച തീയൽ,മീൻകറി, വാഴപ്പിണ്ടി തോരൻ, അവിയൽ ഇത്യാദി. ഊണ് കഴിഞ്ഞ പാടെ പത്രങ്ങൾ കഴുകിയതിനെ തുടർന്ന് വൈകീട്ടത്തെ ചായയും കടിയും ഉണ്ടാക്കും. അനന്തരം അത്താഴത്തിനുള്ള വട്ടങ്ങൾ ആയി. ചപ്പാത്തി മാവ് കുഴക്കൽ, ഉരുളക്കിഴങ്ങ് പുഴുങ്ങൽ, തൊലികളയൽ, നുറുക്കൽ, സവാള അരിയൽ, സ്വന്തം പറമ്പിലെ കറിവേപ്പില അവധാനതയോടെ പിച്ചൽ എന്നിങ്ങനെ വൻ ഒരുക്കങ്ങളാണ്. ഒരു ലഘുതമ സാധാരണ ഗുണമില്ലാത്ത (ല സാ ഗു) ദിവസത്തിന്റെ കാര്യമാണ് മേൽ വിവരിച്ചത്. ദീപാവലിയും ഓണവും പോലുള്ള ഉത്തമ സംഭവബഹുലമായ ഘടാഘടിയൻ (ഉ സ ഘ) ദിവസത്തിന്റെ കാര്യം പറയാനുമില്ല. ഒരാഴ്ച്ച മുമ്പേ തന്നെ ഇഞ്ചിക്കറി, പലതരം അച്ചാറുകൾ ഇവ തുടങ്ങുകയായി. ‘ഗേൾസ് ഡിന്നർ’ എന്ന ആശയത്തിലേക്ക് വരുന്നതിന്റെ മുന്നോടിയായിട്ടാണ് കുലസ്ത്രീ ഡിന്നറിന്റെ വ്യവസ്ഥാപിത ചേരുവകൾ ആനുഷംഗികമായി എടുത്തിട്ടത്.

ADVERTISEMENT

പാട്ടുംപാടി കളിച്ചോണ്ട് നടന്നിട്ട് വിശക്കുമ്പം ഓടി വന്ന് കണ്ണിക്കണ്ടതും ഒളിഞ്ഞിരിക്കുന്നതും പെട്ടെന്ന് ഓർമ വന്നതും വേറൊന്ന് തപ്പിയപ്പോൾ മറ്റൊന്ന് കിട്ടിയതുമായ പോണികൾ തുറന്ന് ഇച്ചിരി അണ്ടിപ്പരിപ്പ്, ഇച്ചിരി ബദാം, ഇച്ചിരി ഉണക്കമുന്തിരി, ഒരൽപ്പം മിക്സ്ചർ, ഒന്നര ബിസ്ക്കറ്റ്, ഒരു കുഞ്ഞു പേരക്ക, രണ്ട് മുട്ട ഇതൊക്ക ഒരു പരന്ന പാത്രത്തിൽ വച്ച് ടി വി റൂമിലിരുന്ന് കൊത്തിപ്പെറുക്കി തിന്നുന്നതിനെയാണ് ‘ഗേൾസ് ഡിന്നർ’ എന്ന് പറയുന്നത്. വലിയ നളപാചകമോ നടുവേദനയോ ഒന്നുമില്ല! പക്ഷെ ടെസ്റ്റുണ്ട്, പ്രോട്ടീൻ ഉണ്ട്. കൊള്ളാം! ‘ഗേൾസ് ഡിന്നർ’ പോലെ വലിയ ജ്ഞാനഭാരമൊന്നുമില്ലാതെ അത്രമേൽ നിഷ്കളങ്കമായി, അത്രമേൽ ജൈവികമായി, അത്രമേൽ സ്വാഭാവികമായി, അത്രമേൽ ലളിതമായി റാഷ് തന്റെ ദില്ലി ജീവിതാനുഭങ്ങൾ നമ്മോട് പറയുന്നു.

ഇതിൽ കുറേ വ്യക്തികൾ കടന്നു വരുന്നുണ്ട്. തെക്കേവീട്ടിലെ തങ്കപ്പനും വടക്കേവീട്ടിലെ ഗോപാലനും എന്ന പോലെ റാഷ് എഴുതിയിട്ടുള്ള ആ പേരുകൾ ഒ വി വിജയൻ, ആനന്ദ്, സക്കറിയ, ഇടമറുക്, കവി പി നാരായണക്കുറുപ്പ്, പ്രധിരോധസെക്രട്ടറിയായിരുന്ന എം കെ മേനോൻ, പി എം ആന്റണി, ടി പി രാജീവൻ, മാങ്ങാട് രത്നാകരൻ തുടങ്ങിയവരാണ്. ങേ! എന്ന് ഞാൻ ഞെട്ടി. റാഷ് ഞെട്ടിയില്ല. ഇതൊക്കെ എന്ത്!

ADVERTISEMENT

“ടെലിഫോണിന്റെ ഏതറ്റത്തു വായ വയ്ക്കണം എന്നറിയാത്ത ഒരപ്പാവിയായിരുന്നു ഞാൻ അന്ന് !”

എന്നത്രെ കക്ഷിയുടെ നില. വ്യക്തികൾ മാത്രമല്ല യമ്മി യമ്മി വിഭവങ്ങളും പ്ളേറ്റിലുണ്ട്. തണുപ്പൻ മട്ടിലാണ് സെർവ് ചെയ്യുന്നതെങ്കിലും ചൂടൻ വിഭവങ്ങളുമുണ്ട്.

ADVERTISEMENT

കടുപ്പമുള്ള നട്ട്സുകളുമുണ്ട് പ്ളേറ്റിൽ -

‘ഈ ഫലശൂന്യമായ പണിയൊക്കെ ആയിരക്കണക്കിന് മനുഷ്യരെക്കൊണ്ട് ചെയ്യിക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനാണല്ലോ. ജനാധിപത്യത്തിന് എന്തൊരു ഭാരമാണ്. എന്റെ കയ്യിൽ തൂങ്ങുന്നത് അഞ്ചു കിലോ ഭാരമുള്ള ജനാധിപത്യമാണ്. കൈ കഴച്ചാൽ ജനാധിപത്യം മറ്റൊരാൾക്ക് കൊടുക്കും. ഇടയ്ക്ക് ജനാധിപത്യത്തെ തോളിൽ ചുമക്കും. ചിലപ്പോൾ ജവാന്മാർ ജനാധിപത്യത്തെ ഏറ്റു വാങ്ങും. അങ്ങനെ രണ്ടു മണിക്കൂർ ജനാധിപത്യവും തൂക്കി നടപ്പ്. ഒടുവിൽ ഒരു സ്‌കൂളിലെത്തി അതാണ് ജനാധിപത്യത്തിന്റ ശ്രീകോവിലായ പോളിംഗ് സ്റ്റേഷൻ!’

ബ്ലർബിൽ വി കെ സുബൈദ പറയുന്ന കാര്യം എടുത്തെഴുതിയിട്ട് (പുസ്തകത്തിന്റെ കേന്ദ്ര ബിന്ദുവായ നാടകത്തെ ക്കുറിച്ചു ഞാനൊന്നും പറഞ്ഞില്ലല്ലോ, അതുകൊണ്ടാണ്) നമുക്കു പിരിയാം.

‘ഏറെ സമ്പന്നമാണ് രവിയുടെ ആ കാലം. ഇത്തരത്തിലുള്ള ഓർമ്മകൾ പ്രതേകിച്ചു നാടകം കൊണ്ടു നടന്നതിന്റെ. പ്രോപ്പർട്ടികളും ചുമന്നു ദുർഘട വഴികളിലൂടെ സഞ്ചരിച്ച്. അപരിചിത ഗ്രാമങ്ങളിൽ ജനങ്ങൾക്കിടയിൽ. അപ്പോൾ ഒരു തീയേറ്റർ സൃഷ്ടിക്കുക. അവിടെയിരുന്ന് പുതിയ അവതരണവെളിവുകൾ ഉണ്ടാവുക. ഒരു നാടകദർശനം തന്നെ ഉണ്ടാവുക. ഗ്രാമീണരായ ആ ജനത. അവിടത്തെ പെണ്ണുങ്ങൾ. എല്ലാവരെയും സ്നേഹിച്ചുപോവുന്നു. രവിയുടെ ഈ എഴുത്തു, വെറും വാക്ക് പറയുകയല്ല, ഞാൻ വായിച്ചിട്ടുള്ള ഏറ്റവും നല്ല മലയാളങ്ങളിൽ ഒന്ന്. ഒരു കാപട്യവുമില്ല’.

ബാക്കി നിങ്ങൾ പുസ്തകത്തിൽ വായിക്കൂ. എഴുത്തിന്റെ ലാവണ്യനുഭൂതി നുണയൂ.

ADVERTISEMENT