ചിത്രകലയുടെ മുന്നിൽ ഫൊട്ടോഗ്രഫി പോലും പരാജയപ്പെടുന്ന ‘രേഖകൾ’: കലയിലെ മഹാത്ഭുതത്തിന്റെ ഓർമയിൽ
മഹാനായ ചിത്രകാരനും ശിൽപ്പിയുമാണ് ആർട്ടിസ്റ്റ് നമ്പൂതിരി. കേരളം ജൻമം നൽകിയ മഹാപ്രതിഭകളിലൊരാൾ. 2023 ജൂലൈ 7 നു കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയൊമ്പതാം ജൻമദിനമാണ് സെപ്റ്റംബർ 13 നു കടന്നു പോയത്. മഹാനായ ചിത്രകാരന്റെ ജൻമശതാബ്ദിയില്‍ യുവസാഹിത്യകാരൻ രാകേഷ് നാഥ് അദ്ദേഹത്തെ അനുസ്മരിക്കുന്നു, തന്റെ വ്യക്തിപരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ –
അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങും വഴിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി എന്ന വാക്ക് വായിക്കുന്നത്. ഒരു മാസികക്കടയിൽ തൂക്കിയിട്ടിരിക്കുന്ന മലയാളം വാരികയിൽ കണ്ണുടക്കി. കവറിൽ നമ്പൂതിരിയുടെ ചിത്രം. മലയാളം വാരിക ആരംഭിച്ച കാലമാണ്. ഞാനത് വാങ്ങി. അന്ന് പെരിന്തൽമണ്ണയാണ് എന്റെ സാംസ്കാരിക നഗരം.
ജീവിതത്തിൽ ഒരിക്കലും നമ്പൂതിരിയെ കാണുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ല.പക്ഷേ കാലം മാറ്റി. തിരുമന്ധാംകുന്നിലമ്മയുടെ അനുഗ്രഹമാണിതെല്ലാം എന്നും പറയാം. 2004-05 കാലത്ത് അച്ഛന്റെ നാടായ ചെങ്ങന്നൂരിലേക്ക് വേരുമാറ്റി വളർന്നപ്പോൾ റെയ്ൻബോ ബുക്സിൽ ആദ്യ ജോലി ലഭിച്ചു. പമ്പാ നദീതീരത്തെ ഓഫീസും പ്രസാധകനായ എൻ. രാജേഷ്കുമാർ എന്ന മനുഷ്യനും എന്റെ ജീവിതഗതി മാറ്റിയെന്നു പറയാം. ‘രേഖകൾ’ പുസ്തകമാക്കിയത് റെയ്ൻബോ ആണ്. ആദ്യ ശമ്പളത്തിൽ നിന്ന് ആദ്യം വാങ്ങിയ പുസ്തകം ‘രേഖകൾ’ തന്നെ.
ഭാഷാപോഷിണിയിൽ പരമ്പര വന്നപ്പോഴേ ഓരോ ലക്കവും പ്രത്യേകം ഞാൻ സൂക്ഷിച്ചു വെച്ചിരുന്നു. ചിത്രകലയുടെ മുന്നിൽ ഫോട്ടോഗ്രാഫി പോലും പരാജയപ്പെടുന്ന ഒരു വർക്കാണ് രേഖകൾ എന്നെനിക്ക് തോന്നിയിട്ടുണ്ട്. അക്ഷരങ്ങളിലാക്കാത്ത ഓർമ്മയെഴുത്ത്.ചിത്രകാരന്റെ ആത്മകഥ. ഒരിക്കൽ രാജേഷ് സാർ പറഞ്ഞു – ‘ഇന്ന് എറണാകുളം യാത്രയുണ്ട്. കൂടെ വന്നാൽ ഒരാളെ പരിചയപ്പെടാം’.
അങ്ങനെ ട്രെയിനിൽ യാത്ര. ആർട്ടിസ്റ്റ് നമ്പൂതിരി എന്ന മഹാനായ കലാകാരനെ ആദ്യമായി കണ്ടു. സാർ എന്നാണാദ്യം വിളിച്ചത്. പിന്നീടാ വിളി തിരുമേനി എന്നാക്കി. രാജേഷ് സാർ അത് കേട്ട് ചിരിച്ചു. സി.എൻ. കരുണാകരൻ എന്ന കലാകാരനേയും അന്ന് കണ്ടു.
2007 ൽ മലയാളം വാരികയിൽ ചുക്കു എന്ന കഥ വന്നു, നമ്പൂതിരിയുടെ വരകളോടെ. അന്നു രാത്രി ഞാനുറങ്ങിയില്ല എന്നു പറയാം.. റെയ്ൻബോ രാജേഷ് സാറും കവി കെ.രാജഗോപാൽ സാറും ആലാ ബുക്സിന്റെ ആലാ രാജൻ സാറും അഭിനന്ദനങ്ങൾ നേർന്ന് എന്റെ സന്തോഷത്തിൽ അന്ന് പങ്കു ചേർന്നു.
അരവിന്ദനെക്കുറിച്ച് എഴുതിയ ‘അരവിന്ദായനം’ എന്ന കാവ്യം ജെ.ആർ. പ്രസാദ് സാർ എഡിറ്ററായ കലാപൂർണ്ണയുടെ ആദ്യ ഓണപ്പതിപ്പിൽ വന്നപ്പോൾ അയച്ചു കൊടുത്തു. കിട്ടിയോ എന്ന് വിളിച്ചന്വേഷിച്ചു. ദേവൻ സാറാണ് ഫോണിൽ കിട്ടിയത്. കോഴിക്കോട്ടായിരുന്നു തിരുമേനി. പിന്നീട് നടുവട്ടത്തുവന്നപ്പോൾ ഫോണിലൂടെ കവിത അസ്സലായിട്ടുണ്ട് എന്ന് അഭിപ്രായം പറഞ്ഞു. അരവിന്ദന്റെ കാഞ്ചനസീത കാലത്തെക്കുറിച്ചും ഒരു പാട് പറഞ്ഞു.
2017 ൽ മനോരമയുടെ ‘വിഷുക്കണി’യിൽ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെ കുറിച്ച് ഞാൻ ഫോട്ടോ ഫീച്ചർ എഴുതിയിരുന്നു. അതിന്റെ കോപ്പിയും ഞാൻ തിരുമേനിക്ക് അയച്ചു കൊടുത്തു. ആറൻമുള ക്ഷേത്രത്തെക്കുറിച്ച് എനിക്കറിയാത്ത ചില പ്രത്യേകതകൾ കൂടി തിരുമേനി പറഞ്ഞു തന്നപ്പോൾ വീണ്ടും അത്ഭുതം.
ഒടുവിൽ പ്രിൻറ് ഹൗസ് പ്രസിദ്ധീകരിച്ച പത്മരാജൻ പഠനഗ്രന്ഥം പുറത്തിറങ്ങിയപ്പോൾ ഒരു കോപ്പി തിരുമേനിക്ക് നേരിട്ട് സമർപ്പിച്ചു. കഴിഞ്ഞ വിഷുവിനായിരുന്നു. ഞാൻ ചെല്ലുമ്പോൾ തിരുമേനി ഉച്ച കഴിഞ്ഞ് കസേരയിൽ ഇരിക്കുകയാണ്. ചെന്ന ഉടനെ തിരുമേനി ആദ്യം ചോദിച്ച ചോദ്യം, ‘ഊണു കഴിച്ചോ’ എന്നാണ്.
വള്ളുവനാടൻ ജീവിത സംസ്കൃതിയുടെ നൻമ ഒന്നു കൂടി അപ്പോൾ ഞാൻ തൊട്ടറിഞ്ഞു. പത്മരാജൻ പുസ്തകം കൊടുത്തു. പത്മരാജനെ പറ്റിയും ‘ഞാൻ ഗന്ധർവ്വനെ’പ്പറ്റിയും ഒരു പാട് സംസാരിച്ചു. പുതുതായി എനിക്കായി പുതിയ രണ്ട് സ്കെച്ചു വരകൾ എന്റെ നോട്ട്ബുക്കിൽ വരച്ചു തന്നു. യൂനിബോളിന്റെ ബോൾഡ് ഇങ്കിനെപ്പറ്റി പറഞ്ഞു.
‘രേഖകൾ’ പുസ്തകത്തെപ്പറ്റി വാചാലമായി...മനോരമ ബുക്സിന്റെ പരിഷ്കരിച്ച പുതിയ പതിപ്പ് എന്നെ കാണിച്ചു...പുതിയ പ്രൊജക്റ്റുകൾ, എഴുത്തുകൾ, എല്ലാം ചോദിച്ചറിഞ്ഞു. നന്നായി വരട്ടെ എന്നാശംസിച്ചു. അന്നത്തെ സായാഹ്നം കാലത്തിന്റെ രേഖാചിത്രങ്ങൾ വരച്ചു കഴിഞ്ഞിരുന്നു. ഞാൻ തിരുമാന്ധാംകുന്നിലമ്മയെ എന്തിനോ ഓർത്തു കൊണ്ടു മടങ്ങി. കലയുടെ മഹാത്ഭുതത്തിന് സ്വസ്തി നേരുന്നു.