കവിതയുടെ രാഷ്ട്രീയം മുതല്‍ അതിന്റെ എല്ലാത്തരം വിശദാംശങ്ങളിലേക്കും കടന്നുപോകുന്നുണ്ട് ഈ പഠനങ്ങള്‍.
മലയാളത്തിന്റെ പ്രിയകവി കെ.ജി.ശങ്കരപ്പിള്ളയുടെ ശ്രദ്ധേയമായ 14 കവിതകളും അവയ്ക്ക് പ്രശസ്ത നിരൂപകർ തയാറാക്കിയ പഠനങ്ങളും ഉൾക്കൊള്ളുന്ന സവിശേഷ കൃതിയാണ് ‘കെ ജി എസ് ഒരു പാഠശാല’.
കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ, മെഴുക്കു പുരണ്ട ചാരുകസേര, കഥ കടന്ന് പുഴയിലേക്ക്, ഹത്രസ് തുടങ്ങി, വ്യത്യസ്‌തകാലങ്ങളിലെ കെ.ജി.എസ്. കാവ്യമുദ്രകള്‍ക്ക് ഡോ. എം. ലീലാവതി, ബി. രാജീവൻ, ഇ.പി. രാജഗോപാലൻ, പി.എൻ. ഗോപീകൃഷ്‌ണൻ തുടങ്ങി വ്യത്യസ്‌ത തലമുറകളിലെ കാവ്യാ സ്വാദകർ തയാറാക്കിയ പഠനങ്ങളോരോന്നും മികവുറ്റ അക്കാദമിക് അടയാളങ്ങള്‍ കൂടിയാണ്.
പുസ്തകത്തിന്റെ ആമുഖത്തിൽ എഡിറ്ററായ വി.യു. സുരേന്ദ്രൻ ഇങ്ങനെ എഴുതുന്നു –
കെ.ജി.എസ്. കവിതകളുടെ ഏറ്റവും പുതിയ വായനയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കവിതയുടെ രൂപപരിണാമത്തില്‍ കെ.ജി.എസ്. നിര്‍ണായകമായി തുടരുന്ന ഒരു രാഷ്ട്രീയാന്തരീക്ഷം ഇന്നും പ്രസക്തമാണ്. കാലത്തിന്റെ കൈച്ചോര്‍ച്ചയില്‍ പെട്ടുപോകാത്ത കവിത എന്ന നിലയില്‍ ഈ പഠനം ഏറ്റവും പ്രസക്തമായിരിക്കുന്ന ഒരു കാലത്താണ് ഈ പുസ്തകം നിങ്ങളില്‍ എത്തിച്ചേരുന്നത്. അക്കാദമിക് തലത്തിലും ഈ പഠനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഗദ്യകവിതയുടെ ഉള്‍ക്കരുത്തും ഭാവഭദ്രതയും തീവ്രമായി കെ.ജി.എസ്. കവിതകളില്‍ ഉള്‍ക്കനമായി മാറിയതിന്റെ വിശദാംശങ്ങള്‍ വായനക്കാര്‍ക്ക് കാണാം. ഏറ്റവും നല്ല കവിതാപഠനങ്ങള്‍ സ്വരൂപിക്കല്‍ ഇത്രമൊരു രചനയിൽ പ്രയാസമാണ്. മലയാള നിരൂപണരംഗത്ത് ശ്രദ്ധേയമായി തീര്‍ന്ന പതിനാലോളം പേര്‍ ഈ പുസ്തകരചനയുടെ ഭാഗമായി മാറിയിട്ടുണ്ട്. കവിതയുടെ മൂല്യം നിലനില്‍ക്കുന്നതാണ് എന്ന് അതിന്റെ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ബംഗാള്‍ മുതല്‍ കൂര്‍മം വരെയുള്ള കവിതകളിലെ രാഷ്ട്രീയനിലപാടുകളെ സജീവമായി വായിച്ചെടുക്കേണ്ടുന്ന ഒരു രാഷ്ട്രീയകാലത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. കവിതയുടെ രാഷ്ട്രീയം മുതല്‍ അതിന്റെ എല്ലാത്തരം വിശദാംശങ്ങളിലേക്കും കടന്നുപോകുന്നുണ്ട് ഈ പഠനങ്ങള്‍. കവിതയുടെ സാമൂഹിക വിനിമയ മൂല്യത്തെ ഉരച്ചുനോക്കാന്‍ ഈ കൃതി വായനക്കാരെ പ്രാപ്തരാക്കും എന്ന കാര്യത്തില്‍ സംശയമില്ല’.
വി.യു. സുരേന്ദ്രന്റെ ഈ ആമുഖത്തിലുണ്ട് ‘കെ ജി എസ് ഒരു പാഠശാല’യുടെ പ്രധാന്യവും പ്രസക്തിയും. കെ.ജി.എസ് കവിതകളെ ഇഷ്ടപ്പെടുന്നവർക്കും സാഹിത്യവിദ്യാർത്ഥികൾക്കും സംശയലേശമന്യേ വായനയിൽ ഉൾപ്പെടുത്താവുന്ന ഒരു കൃതി.