‘മടുപ്പും ഡിപ്രഷനും വന്നു തുടങ്ങിയപ്പോൾ എഴുതിയതാണീ പുസ്തകം, പലപ്പോഴും എന്നെ മുന്നോട്ടു നയിച്ച സ്വപ്നം’: മർജാന പർവീൻ കെ. എഴുതുന്നു
യുവ എഴുത്തുകാരി മർജാന പർവീൻ കെ.യുടെ ആദ്യ നോവലാണ് ‘ഇസബെല്ല ഫെർണാണ്ടസ്’.
‘പ്രകൃതിയുടെ നിറവർണ്ണനകളുടെ സംഗീതത്തിൽ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗർബല്യവും ശിൽപ്പത്തിന്മേലുള്ള കർത്താവിന്റെ ഈ ധ്യാനപരതയാണ്. മർജാനയുടെ ഭാഷയിൽ യൂറോപ്യൻ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ പറച്ചിലിന് ഒരു പുത്തൻ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകൾക്ക് വെളിച്ചം വിതറുന്നത്, വായനക്കാരനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നത് ഈ ഭാവുകത്വത്തിന്റെ ജ്വാലയാണ്. യാത്രയ്ക്ക് നിങ്ങളെ ക്ഷണിക്കുന്നു. വാക്കിന്റെ തിളങ്ങുന്ന തോരണ നടക്കാവിലൂടെ’ എന്നു ഈ കൃതിയെക്കുറിച്ചു പ്രശസ്ത കഥാകൃത്ത് അനന്തപത്മനാഭൻ കുറിക്കുന്നു.
ഇപ്പോഴിതാ തന്റെ നോവലിനെക്കുറിച്ച്, എഴുത്തിലേക്കുള്ള വരവിനെക്കുറിച്ച് മർജാന ‘വനിത ഓൺലൈനില്‍’ എഴുതിയതു വായിക്കാം –
ഇസബെല്ലയും ഞാനും
പണ്ടൊരു ശീലമുണ്ടായിരുന്നു. പണ്ടെന്ന് പറഞ്ഞാൽ നാലോ അഞ്ചോ ക്ലാസിൽ പഠിച്ചിരുന്ന കാലത്ത്. ചെറിയ കഥാ പുസ്തകങ്ങളിൽ കാണുന്ന കഥാപാത്രങ്ങളെ വെട്ടിയെടുത്ത് ആ പുസ്തകങ്ങളിൽ ഇല്ലാത്ത അധ്യായങ്ങൾ സ്വയമേ കണ്ടെത്തുക. അതായിരുന്നു കഥ പറച്ചിലിന്റെ തുടക്കമെന്നാണോർമ്മ. പിന്നെ അല്പം കൂടി വളർന്നപ്പോൾ സ്‌കൂളിലെ ഒരു മത്സരത്തിൽ പങ്കെടുക്കാനായി. വീട്ടുകാരാണ് പ്രോത്സാഹനം. അന്ന് സമ്മാനം ലഭിച്ചു.
ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഷീജ ടീച്ചർ അന്ന് അനുമോദിക്കുമ്പോൾ ശീമാട്ടി എന്നാണ് വിളിച്ചിരുന്നത്. ആ പേരിനുള്ള കാരണമറിയില്ല. പിന്നീടും കഥാമത്സരങ്ങളിൽ പേര് ചേർക്കാൻ ടീച്ചർ നിർബന്ധിച്ചിട്ടും ചെയ്തിരുന്നില്ല.
2018ലാണ് ആദ്യമായി ഒരു കഥ വീണ്ടും എഴുതുന്നത്. ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ചപ്പോൾ നല്ല അഭിപ്രായങ്ങളുണ്ടായി. പിന്നീട് കഥയെഴുത്ത് തുടർന്നിരുന്നുവെങ്കിലും പലതും പ്രസിദ്ധീകരിക്കാതെ വേർഡ് ഫയലിൽ എഴുതി സൂക്ഷിച്ചു, ചിലത് പ്രിന്‍റ് എടുത്ത് ഫയലിലാക്കി വെക്കുകയും ചെയ്തു.
ഇതിനിടയിൽ കഥകൾ എഴുതിയിരുന്ന ഓൺലൈനിലെ എഴുത്ത് പ്ലാറ്റ്ഫോമിൽ 4 ലക്ഷം വായനക്കാരെ നേടാനായി എന്നതിലുപരി മറ്റൊന്നുമുണ്ടായില്ല. എന്ത് കൊണ്ടോ പ്രസിദ്ധീകരിക്കാൻ ധൈര്യം വന്നേയില്ല. ഒരുപാട് പുസ്തകങ്ങൾ വായിക്കാനാരംഭിച്ചു. പത്മരാജന്റെ പുസ്തകങ്ങളായിരുന്നു ആദ്യമായി വായിച്ചത്. പിന്നീട് എം.ടി, മാധവിക്കുട്ടി, കെ. ആർ. മീര, ബെന്യാമിൻ, എം. മുകുന്ദൻ, അങ്ങനെയങ്ങനെ പുതിയ തലമുറയിലെ എഴുത്തുകാരായ അഖിൽ, ജിൻഷ, പുണ്യ, മൃദുൽ, അഭിജിത്ത്, ആഷ് അഷിത, റിഹാൻ, തുടങ്ങിയവരിലേക്ക് വരെ എത്തി നിൽക്കുന്നു. എഴുതുന്നതിലും അധികമായി വായിക്കുകയാണ് ചെയ്യാറുള്ളത്.
എഴുത്തിൽ ഞാൻ എന്നെ തന്നെ നിരന്തരം പുതുക്കി എഴുത്ത് പഠിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.
അതിപ്പോഴും തുടരുന്നു. ഇതിനിടയിൽ
നാട്ടിലെ ഒരു കഥാമത്സരത്തിൽ ‘ഭൂതകാലത്തിലെ പക്ഷി’ എന്ന കഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. പിന്നെ പേരോർമ്മയില്ലാത്ത ഒരു കഥാമത്സരത്തിൽ എന്റെ മറ്റൊരു കഥ അവസാന പത്തക്ക ലിസ്റ്റിലെത്തി. (എം. മുകുന്ദൻ സർ അടക്കം ജൂറിയായ മത്സരമായിരുന്നു.)
‘ഇസബെല്ല ഫെർണാണ്ടസ്’ എന്ന ആദ്യ പുസ്തകമിറങ്ങുന്നത് കഴിഞ്ഞ വർഷമാണ്. സത്യത്തിൽ ജീവിതത്തിൽ എനിക്ക് വല്ലാത്ത മടുപ്പും ഡിപ്രഷനും വന്നു തുടങ്ങിയപ്പോൾ എഴുതിയതാണീ പുസ്തകം. പലപ്പോഴും എന്നെ മുന്നോട്ട് നയിച്ച സ്വപ്നം. ഹൊറർ ഫിക്ഷൻ ജോണറിൽ നല്ല ഭാഷ പ്രയോഗിച്ചൊരു പരീക്ഷണം. ഈശോയും ഇസബെല്ലയും എന്നായിരുന്നു ഞാനിട്ട പേര്. രണ്ട് വർഷമെടുത്തു പൂർത്തിയാക്കുവാൻ. മനോഹരമായ അവതാരിക എഴുതിയത് പത്മരാജൻ സാറിന്റെ മകനും എഴുത്തുകാരനുമായ ശ്രീ അനന്ത പത്മനാഭനാണ്. ഫെബ്രുവരിയിലായിരുന്നു വിവാഹം. ഭർത്താവിന്റെയും എന്റെ മാതാപിതാക്കളുടെയും പ്രോത്സാഹനം കൂടി പുസ്തകത്തിന് പിറകിലുണ്ട്. പിന്നെ അർഷാദ് അഹമ്മദ് മാഷ്, ഗ്രീൻ ബുക്ക്‌സിലെ നരേന്ദ്രൻ സർ.
പുസ്തകം ഇറങ്ങികഴിഞ്ഞപ്പോൾ ശ്രീ മുകുന്ദൻ സാറിനെ നേരിൽ കാണാനായി. ഇതൊക്കെ നേട്ടമായി കരുതുന്നു.
ഇന്ന് വനിതയിൽ ഇത്തരത്തിലൊരു കുറിപ്പ് വരുമ്പോൾ ആ പഴയ, ആരോടും മിണ്ടാത്ത, ഒതുങ്ങിക്കൂടിയിരുന്ന പെണ്‍കുട്ടി വല്ലാതെ സന്തോഷിക്കുമെന്നുറപ്പുണ്ട്. വനിതയിലെയും മറ്റും കഥകൾ തിരഞ്ഞു വായിച്ചിരുന്ന ആ പഴയ കുട്ടിയെ സന്തോഷിപ്പിക്കാൻ മറ്റെന്തിനാണാവുക!