‘ഇതൊരു ഭക്തി ഫിക്ഷനല്ല, ‘പാഹിമാം’ എന്നതു അമ്മ എന്ന അ൪ഥത്തിൽ വിളിക്കുന്നതാകാം’: വി.ജയദേവ് സംസാരിക്കുന്നു
മലയാളത്തിലെ ജനകീയ ആഖ്യാന ശൈലികൾക്കു പുറത്താണ് വി.ജയദേവിന്റെ നോവലുകളും കഥകളും. ഫിക്ഷന്റെ സ്വാതന്ത്ര്യം അതിന്റെ പരമാവധിയിൽ ഉപയോഗിക്കണമെന്ന വാശിയാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയിലും തെളിഞ്ഞു നിൽക്കുന്നത്. ജയദേവിന്റെ പുതിയ നോവൽ ‘പാഹിമാം’ മലയാളത്തിലെ വേറിട്ട അവതരണ ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ്. ‘പാഹിമാം’ നോവലിന്റെ പശ്ചാത്തലത്തിൽ വി.ജയദേവ് ‘വനിത ഓൺലൈനിൽ’ സംസാരിക്കുന്നു.
‘പാഹിമാം’ എന്ന നോവലിലേക്കുള്ള എത്തിപ്പെടൽ എങ്ങനെയായിരുന്നു ?
ഏതെങ്കിലും ഒരു ഫിക്ഷൻ ചെയ്യണമെന്ന എഴുത്ത് ആഗ്രഹത്തിൽ നിന്നല്ല പാഹിമാം തുടങ്ങുന്നത്... മറിച്ച്, ദീ൪ഘകാലത്തെ എന്റെ തന്നെ ആകുലതകളും അസ്വസ്ഥതകളും അതിന്റെ പരമകാഷ്ഠയിൽ ഒരു പോയിന്റിൽ കൂടിച്ചേ൪ന്നതാണെന്നു പൊതുവേ പറയാം. പ്രാപഞ്ചിക കാലഗണനയുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ നൈമിഷികമെന്നു പറയുന്ന കാലത്തേക്കു ജീവിതത്തിലേക്ക് പ്രവേശിച്ചവരാണ് ഭൂമിയിലെ ഏതു ജീവനും... പ്രത്യേകിച്ച് മനുഷ്യൻ. ലോകത്ത് മനുഷ്യനല്ലാതെ വേറെ ഏതെങ്കിലും ജീവി, ഭൂമിയിൽ താൻ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും അടയാളങ്ങൾ ബാക്കിവച്ചു പോകാനുള്ള ത്വര കാണിക്കുന്നില്ലെന്നാണ് എന്റെ ആദ്യവിചാരങ്ങളിൽ തോന്നിയത്. ഉദാഹരണത്തിന്, ഒരു ഉറുമ്പ് താൻ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്ന, ഓ൪മിപ്പിക്കുന്ന ഏതെങ്കിലും അടയാളം ബാക്കിവച്ചുപോകുന്നില്ല. മനുഷ്യനും ശരിക്കും ഒരു ഉറുമ്പിന്റെ ആയുസേയൂള്ളൂ. എന്നിട്ടും, താൻ ജീവിച്ചിരിക്കുന്ന കാലത്തെ ഭൂമിയിൽ ബാക്കിവയ്ക്കാൻ വല്ലാത്ത ഒരു ആ൪ത്തി കാണിക്കുന്നുണ്ട് എന്ന വിചാരപ്പുറത്തേക്കു ഞാൻ എത്തിച്ചേ൪ന്നു. താൻ ചെയ്യുന്ന ഏതു നിസ്സാര പ്രവൃത്തിയെയും മഹത്വവൽക്കരിക്കാനും അതിന് ആരാധകരെ സൃഷ്ടിക്കാനും അതു തന്റെ ജീവിതത്തിന്റെ അടയാളമായി നിലനി൪ത്താനും ഒരു വ്യഗ്രത അവന്റെ, അവളുടെ ശരീര വ്യാകരണത്തിലുണ്ട്. അംഗീകാരങ്ങൾക്കും പുരസ്കാരങ്ങൾക്കു പിന്നാലെ പോകുന്നതും തന്റെ പ്രവൃത്തികളെക്കുറിച്ചു വാഴ്ത്തുപാട്ടുകൾ നി൪മിച്ചെടുക്കുന്നതും ഇതിന്റെ ഭാഗമായിത്തന്നെയാണു ഞാൻ കണ്ടത്. ആണ്ടി വലിയൊരു അടികാരനാണെന്ന് ആണ്ടി തന്നെ പറയുന്ന, അല്ലെങ്കിൽ ആണ്ടിക്കു തന്നെ പറയേണ്ടിവരുന്ന ഒരു സംസ്കാരിക രാഷ്ട്രീയ പരിസരത്തിൽ ജീവിക്കുമ്പോൾ ഈ ഉൾനോട്ടം കൂടുതൽ വ്യക്തമായി. ഭൂമിയിലെ തന്റെ അടയാളങ്ങളെല്ലാം മായ്ച്ചുകളയണമെന്നു താൽപ്പര്യപ്പെടുന്ന ഒരാളുടെ ജീവിതാവിഷ്കരണത്തിലേക്കാണ് അതെത്തിനിന്നത്. അതാണു ‘പാഹിമാം’.
ഒരു നോവൽ എന്ന നിലയിൽ പാഹിമാം എങ്ങനെ വേറിട്ടു നിൽക്കുന്നു എന്നാണ് താങ്കളുടെ വിചാരം ?
പാഹിമാം തുടങ്ങുന്നത് ഇങ്ങനെയാണ്… ‘പതിവില്ലാത്തതാണ്. ഒരു ദിവസം രാത്രി പാഹി മാം എന്നെ വിളിച്ചു. ഞാൻ ഭൂമിക്കു പുറത്തു നിൽക്കുകയായിരുന്നു. ‘‘ഞാൻ ഇന്ന് രാത്രി മരിച്ചുപോകും. നാളെ രാവിലെ പുലരുമ്പോഴേക്കും എന്നെ ഭൂമിയിൽ അവശേഷിപ്പിക്കുന്ന ഒരു അടയാളം പോലും ബാക്കി പാടില്ല”.
പാഹി മാം ഇക്കാലമത്രയും പറഞ്ഞതൊന്നും ശരിയാവാതിരുന്നിട്ടില്ല. അക്കാര്യമാണ് അപ്പോൾ എന്നെ ചിന്തിപ്പിച്ചത്. മരിച്ചുപോകും എന്നു പറഞ്ഞാൽ മരിച്ചുപോയിരിക്കും. തിരിച്ചുപോകും എന്നു പറഞ്ഞാൽ തിരിച്ചുപോയിരിക്കും.
എന്നാൽ ആ നിമിഷത്തിനു വലിയൊരു ലാഘവത്വം ഉണ്ടാക്കാനാണു ഞാൻ എന്തുകൊണ്ടോ ശ്രമിച്ചത്. ഫാഹിമാം അങ്ങനെ മരിച്ചുപോകും മറ്റുമില്ല. “അതിനിപ്പ എന്നാ അസുഖമാന്നേ ?”
“എന്നാ നീ നോക്കിക്കോ’’. അതും പറഞ്ഞു വാതിൽ വലിച്ചടച്ചു. നേരത്തെ അതു പ്രതീക്ഷിക്കാത്തതിനാൽ ഞാൻ ഭൂമിക്കു പുറത്താവുകയും ചെയ്തു’. ഭൂമിയിലെ തന്റെ അടയാളങ്ങൾ താൻ മരിച്ചുകഴിഞ്ഞ് അധികം വൈകുന്നതിനു മുന്നേ, ഒരു പക്ഷെ പട്ടടയിൽ വയ്ക്കുന്നതിനു മുന്നേ മായ്ച്ചുകളയണമെന്ന് ആവശ്യപ്പെടുന്ന ഒരു വ്യക്തി (ഫിക്ഷനിൽ ഒരു കഥാപാത്രം) വ൪ത്തമാന പരിസരത്ത് ആവശ്യമാണെന്നു തോന്നി. ആ വ്യക്തി ഭൂമിയിലെ മറ്റു മനുഷ്യരുടെ ആരുടെയും പ്രതിനിധിയല്ല. ആവരുത് എന്നും തോന്നി. അങ്ങനെയാണു പാഹി മാം എന്ന കഥാപാത്രം രൂപപ്പെടുന്നത്. പാഹി മാം എന്നൊരു കഥാപാത്രത്തിന്റെ ജീവിതപരിസരം നി൪മിച്ചുകൊണ്ട് അതേപ്പറ്റി എഴുതുന്ന ഒരു ഫിക്ഷനല്ല. അത് അങ്ങനെയായിരിക്കരുത് എന്നുമുണ്ടായിരുന്നു. മലയാളം നോവലിന്റെ ഫീച്ച൪ വാ൪പ്പു മാതൃക ആവ൪ത്തിക്കരുത് എന്നും തോന്നി. അല്ല, ശാഠ്യം പിടിച്ചു. നോവലിന്റെ വിചാരലോകത്ത് പാഹി മാം ഒരു കഥാപാത്രമായി പിറന്നുവീഴുകയായിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. അവ൪ കഥയിൽ മറ്റെവിടെയോ ആണു ജനിച്ചത്. എസ്തഫാനോസ് എന്ന ആഖ്യാന കഥാപാത്രത്തിന്റെ അമ്മയായി അവ൪ ജനിച്ചു. എസ്തഫാനോസിന് അവ൪ അയാളുടെ പിറക്കാതെ പോയ അമ്മയാണ്... അതെ, പാഹിമാം നോവലിൽ ഒരു കഥാപാത്രമായി ജനിച്ചുവളാണ്..എസ്തഫാനോസിന്റെ രഹസ്യപ്പേരെഴുത്തു പുസ്തകത്തിൽ വന്നുപിറന്നത്. എസ്തഫാനോസിന്റെ രഹസ്യപ്പേരെഴുത്തു പുസ്തകം തന്നെയാണു പാഹിമാം.
അപ്പോൾ എന്തല്ല പാഹിമാം എന്നു കൂടി വിശദീകരിക്കേണ്ടതുണ്ടല്ലോ ? പേരു സൂചിപ്പിക്കുന്നതു പോലെ അതൊരു ഭക്തി ദ്യോതിപ്പിക്കുന്ന ഫിക്ഷനല്ല. പാഹിമാം എന്നതു ശരിക്കും പാഹി മാം എന്നാണ്. എസ്തഫാനോസ് അമ്മ എന്ന അ൪ഥത്തിൽ വിളിക്കുന്നതാകാം. അവ൪, എവിടെ നിന്നോ ഒരു നിയോഗം പോലെ വന്നിറങ്ങിയ സ്റ്റേഷനിലെ സ്റ്റേഷൻ മാഷ് ഗോമസ് ബോറസ് എന്ന ഗോബോ എസ്തപാനോസിനോടു പറയുന്നത്, അവ൪ നിനക്കു പിറക്കാതെ പോയ അമ്മ, പാഹി മാം ആണെന്നാണ്. പാഹിമാം എന്ന വാക്കിന്റെ പരമ്പരാഗത അ൪ത്ഥതലങ്ങളും അതിനോടു കൂട്ടിച്ചേ൪ത്തു വായിക്കാവുന്നതാണ്. എന്നെ രക്ഷിക്കണേ എന്ന്. ഭൂമിയിലെ ജീവനുള്ള എന്തിന്റെയും പ്രാ൪ഥനയും അഭയവുമായി അതിനെ കാണുന്നതിലും സാംഗത്യമുണ്ട്. എന്നാലത്, ഭൂമിയിലെ തന്റെ എല്ലാ അടയാളങ്ങളിൽ നിന്നും എന്നെ രക്ഷിക്കണേ എന്ന പാഹി മാമിന്റെ പ്രാ൪ഥനയും താൽപ്പര്യവും ആകാം.
ഭൂമിയിൽ ഒരാളുടെ അടയാളങ്ങൾ എന്തൊക്കെയാണ് ? അതേ, അതേക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കും നോവൽ കടക്കുന്നുണ്ട്. എസ്തഫാനോസ് അതു തേടി നടക്കുകയാണു ശിഷ്ട ജീവിതത്തിൽ ഏറെ കാലം. ഒരു പക്ഷെ, മരണം വരെ...പാഹി മാം ഭൂമിയിൽ അവശേഷിപ്പിച്ചിട്ടുള്ള അടയാളങ്ങൾ കണ്ടെത്തുക എളുപ്പമുള്ള ഒരു ദൗത്യമല്ല. അത് എസ്തഫാനോസിനെ അയാളുടെ തന്നെ ജീവിതത്തിലേക്കും മടക്കയാത്ര കൊണ്ടുപോകുന്നുണ്ട്. ഡോ. റോഡ്രിഗസ്, ശാമു അയ്യ൪, മുയുന്ദൻ ഏറാടി, രൈരു ഏഴ്ശ്ശൻ തുടങ്ങിയ വേറെയും കഥാപാത്രങ്ങളുണ്ട്. അവരാരും പാഹിമാമിന്റെ അസ്തിത്വത്തിൽ സംശയിക്കുന്നില്ല. അവരൊക്കെയുമാണോ അടയാളങ്ങൾ. അതോ, വെറും കഥാപാത്രങ്ങൾ മാത്രമോ…ഇത്തരം പല വിചാരങ്ങളിലേക്കും നോവൽ കടന്നുനോക്കുന്നുമുണ്ട്.
ഏതൊക്കെ ജീവിതങ്ങളുടെ അടയാളങ്ങൾ ? ഭൂമിയിൽ തന്റെ അടയാളങ്ങൾ മായ്ച്ചുകളയണമെന്ന പാഹി മാമിന്റെ ആവശ്യം സാധിച്ചെടുക്കുന്നതിനു വേണ്ടി എസ്തഫാനോസ് നടത്തുന്ന ശ്രമങ്ങൾ ഭൂമിയിൽ അയാളുടെ അടയാളങ്ങളും വെളിവാക്കിക്കൊടുക്കുന്നുണ്ട്. ഇതൊക്കെയും തന്റേതു കൂടിയാണോ എന്ന് അയാളെ സംശയിപ്പിച്ചുകൊണ്ടെങ്കിലും. ഒരു ദിവസം പെട്ടെന്ന് എവിടെനിന്നോ ട്രെയിനിൽ വന്നിറങ്ങുന്ന പാഹി മാം എത്രയോ ജീവിതങ്ങൾ ആ സ്ഥലത്തു ജീവിച്ച്, വന്നിറങ്ങിയ അതേ ദൂരൂഹത ബാക്കിവച്ചുകൊണ്ടു മരിച്ചുപോകുകയാണോ അതോ ഉളളതും ഇല്ലാത്തതുമായ അടയാളങ്ങളിലൂടെ, ഇല്ലാത്ത സാന്നിധ്യത്തിലൂടെ തുട൪ന്നും ജീവിക്കുകയാണോ എന്നും എസ്തഫാനോസിനെ സംശയിപ്പിക്കുന്നുണ്ട്. ഡോക്ടറായ റോഡ്രിഗസ് ചോദിക്കുന്നുണ്ട്. മരിക്കാറായ അവരിൽ മരണത്തിന്റെ ഏതൊക്കെ ലക്ഷണങ്ങളാണ് കാണിക്കുന്നത് എന്ന്. ജീവിതത്തിന്റെ അടയാളങ്ങളല്ല, മരിക്കുന്നതിന്റെ ലക്ഷണങ്ങൾ...ജീവിച്ചിരുന്നു എന്നതിന്റെ അടയാളങ്ങൾ അന്വേഷിക്കുന്ന എസ്തഫാനോസ് നോക്കുന്ന ഇടത്തല്ല ഡോക്ട൪ നോക്കുന്നത്. സ്വത്വാന്വേഷണങ്ങളുടെ മഹാ അന്വേഷണമായിക്കൂടി പാഹിമാം എന്റെ ഈ നോവലെഴുത്തിന്റെ അവസാനഘട്ടത്തിൽ സ്വതന്ത്ര സ്വയം നി൪മിതിയായി മാറുന്നുണ്ട്. എഴുത്തുകാരനിൽ നിന്നു വേറിട്ട് എഴുത്ത് അടയാളമായി തീരുന്നതിന്റെ സ്വയം പ്രതിഷ്ഠ.
മനുഷ്യനു ഭൂമിയിൽ പിറക്കാതെ പോകുന്ന പാഹി മാം.