എഴുത്തുകാരനെന്ന നിലയിലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കാലിക പ്രാധാന്യമുള്ള കുറിപ്പുകളിലൂടെയും ചിരപരിചിതനാണ് നജീബ് മൂടാടി. ‘ഒറ്റയ്ക്കാക്കരുത്’ എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ച് നജീബ് മൂടാടി വനിത ഓൺലൈനിന് വേണ്ടി എഴുതുന്നു.

ഓരോ മനുഷ്യനും നിലനിൽക്കുന്നത് പ്രിയപ്പെട്ട ആരിലേക്കൊക്കെയോ പടർന്നിറങ്ങിയ അദൃശ്യമായ വേരുകളുടെ ബലത്തിലാണെന്ന് തോന്നാറുണ്ട്. എത്ര അകലെയാണെങ്കിലും സ്നേഹമായും കരുതലായും ഉറപ്പിച്ചു നിർത്തുന്ന വേരുകൾ പോലെ ആരൊക്കെയോ ഉണ്ടാവുക എന്നതാണല്ലോ മഹാഭാഗ്യം. ആ പ്രിയപ്പെട്ടവർക്ക് വേണ്ടി ജീവിക്കുമ്പോൾ കഷ്ടപ്പാടും വേദനകളുമൊക്കെ നിസ്സാരമാവും. അദൃശ്യമായ ഞരമ്പുകളിലൂടെ സ്നേഹം ചുരത്തിക്കൊണ്ടിരിക്കും.

ADVERTISEMENT

ഇങ്ങനെ ആരൊക്കെയോ ഉണ്ട് എന്ന വിശ്വാസം ഉലഞ്ഞു പോവുന്ന ചില സന്ദർഭങ്ങളുണ്ട്. ഉറ്റവരെന്ന് വിശ്വസിച്ചവരിൽ നിന്നുണ്ടാവുന്ന അവഗണനകൾ, വഞ്ചന.... ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറിയൊരു വാക്ക് കൊണ്ടു പോലും തകർന്നു പോയ മനുഷ്യരെ കണ്ടിട്ടുണ്ട്. ഏറ്റവും ഉറ്റവരായി കൊണ്ടു നടന്നവർക്ക് ആരുമായിരുന്നില്ല എന്നറിയുമ്പോൾ ഉണ്ടാവുന്ന നടുക്കം. അറ്റ കണ്ണിയും വീണ നിലവും ഇല്ലാതായ പോലെ അനാഥമായിപ്പോവുന്ന അവസ്‌ഥ.

ശരിക്കും ഒറ്റയ്ക്കായിപ്പോവുന്നത് അപ്പോഴാണ്. മറ്റുള്ളവരുടെ കണ്ണിൽ ഉറ്റവരേറെയുണ്ടെങ്കിലും ആർക്കും വേണ്ടാതായിപ്പോകുന്നവർ. വലിയ ആൾക്കൂട്ടത്തിനിടയിൽ ആരുമില്ലാതെ ഒറ്റക്കായിപ്പോയവർ നമുക്ക് ചുറ്റും ഏറെയാണ്. ജീവിതത്തിന്റെ വിലയേറിയ സമയം ഹോമിച്ചു കഴിഞ്ഞാണ് പലരും തിരിച്ചറിയുക.

ADVERTISEMENT

ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ ഒറ്റയാനായി ജീവിക്കുക എന്നത് സാധാരണ മനുഷ്യരെ സംബന്ധിച്ചേടത്തോളം എളുപ്പമല്ല.. സങ്കടങ്ങളായാലും സന്തോഷമായാലും പങ്കു വെക്കാനുള്ള കൂട്ട്. മനസ്സാകെ കുഴഞ്ഞു മറിഞ്ഞ്‌ നിൽക്കുമ്പോൾ 'എനിക്കിത്തിരി സ്വസ്ഥത വേണം. ഞാനല്പനേരം ഒറ്റക്കിരിക്കട്ടെ' എന്ന് പറഞ്ഞ് സ്വാസ്ഥ്യം തേടുന്നവർക്ക് പോലും അധികനേരം ഒറ്റക്കിരിക്കാനാവില്ല. പ്രിയപ്പെട്ടവരുടെ കൂട്ടത്തിലേക്ക് ചെല്ലുമ്പോഴേ അവരുടെ താളം വീണ്ടെടുക്കാനാവൂ. മനുഷ്യൻ അങ്ങനെയാണ്. ആരുമില്ലാതെ പറ്റില്ല.

എന്നിട്ടും നിർദ്ദയമായി ഒറ്റയ്‍ക്കാക്കപ്പെടുകയാണ്. വീട്ടിൽ, കുടുംബത്തിൽ, സമൂഹത്തിൽ, ദാമ്പത്യത്തിൽ, സൗഹൃദത്തിൽ.....

ADVERTISEMENT

അങ്ങനെയുള്ള ഒരുപാട് മനുഷ്യരെ കേട്ടിട്ടുണ്ട്. നാട്ടിലും പ്രവസാജീവിതത്തിലും ഫേസ്‌ബുക്ക് സൗഹൃദങ്ങളിലും. ആ ഒറ്റപ്പെടലുകളെ, അവഗണനകളെ കൂടെയുള്ളവർ പോലും തിരിച്ചറിയാത്ത ഉൾനോവുകളെ കുറിച്ച് ഫേസ്‌ബുക്കിൽ എഴുതിയപ്പോഴെല്ലാം ഏറെ വായിക്കപ്പെട്ടിട്ടുണ്ട്. അത് വായിച്ച് എനിക്ക് അപരിചിതരായ എത്രയോ മനുഷ്യർ മെസേജായും വിളിയായും പറഞ്ഞ അനുഭവങ്ങൾ കേട്ട് അമ്പരന്നിട്ടുണ്ട്.

ഈ കുറിപ്പുകൾ പുസ്തകരൂപത്തിൽ വന്നാൽ നന്നാവുമെന്നും DC ബുക്സിലേക്ക് അയക്കാനും നിർബന്ധിച്ചത് പ്രിയ സുഹൃത്തും കഥാകൃത്തുമായ ഉണ്ണികൃഷ്ണൻ കിടങ്ങൂരാണ്. എന്റെ അലസത കൊണ്ടും പുസ്തകമാക്കാൻ മാത്രമുണ്ടോ എന്ന ആശങ്ക കൊണ്ടും അതങ്ങു നീണ്ടു നീണ്ടു പോയി. കുറിപ്പുകളിൽ ചിലതൊക്കെ പിന്നീട് റീ പോസ്റ്റ് ചെയ്തപ്പോഴും ലഭിച്ച സ്വീകാര്യതയാണ് പുസ്തകത്തിലേക്ക് ധൈര്യം തന്നത്.

DC ബുക്സ് എഡിറ്റോറിയൽ ബോർഡ് manuscript അംഗീകരിച്ച മെയിൽ വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഞാനെഴുതിയ അഞ്ചാമത്തെ പുസ്തകം മലയാളത്തിലെ വലിയൊരു പ്രസാധകരിലൂടെ.

അവിചാരിതമായി എഴുത്തിലേക്ക് എത്തപ്പെട്ട ഒരാളാണ് ഞാൻ. ചെറുപ്പം മുതൽ ആർത്തിയോടെ വായിച്ചു കൂട്ടുമെങ്കിലും എഴുത്ത് എന്റെ ഡയറിക്കുറിപ്പുകളിൽ മാത്രം ഒതുങ്ങിയിരുന്നു. പ്രസിദ്ധീകരണങ്ങളും എഴുത്തുകാരുമൊക്കെ കയ്യെത്താദൂരത്തായിരുന്ന സാഹചര്യവും കാലവും. കുവൈത്തിലെ പ്രവാസ കാലത്താണ് കുവൈത്ത് ടൈംസ് പത്രത്തിന്റെ മലയാളം പേജിൽ ഞാനെഴുതിയ ലേഖനങ്ങൾ ആദ്യമായി അച്ചടിമഷി പുരണ്ടു കാണുന്നത്. അതിന് ധൈര്യം തന്നത് കുവൈത്തിലെ സാമൂഹ്യ-ജീവകാരുണ്യ സംഘടനയായ KKMA യുടെ സാഹിത്യവേദിയിലെ പങ്കാളിത്തവും.

2011 മുതൽ ഫേസ്‌ബുക്കിൽ എഴുതി തുടങ്ങിയതാണ് വഴിത്തിരിവായത്. തുടർന്ന് വിവിധ പ്രസിദ്ധീകരണങ്ങളിൽ. 2018 ൽ ഫേസ്ബുക്കിലും ആനുകാലികങ്ങളിലുമായി എഴുതിയ പ്രവാസക്കുറിപ്പുകൾ സമാഹരിച്ച ആദ്യപുസ്തകം 'പരദേശിയുടെ ജാലകം' പെൻഡുലം ബുക്സാണ് പ്രസിദ്ധീകരിച്ചത്. അതേ വർഷം തന്നെ കഥകളും കഥയല്ലായ്മകളും ചേർത്തു വെച്ച് 'സങ്കടമണമുള്ള ബിരിയാണി'. പിന്നീട് 'ഉടലിനുമപ്പുറം അവൾ'. 'മുസാഫിറുകളുടെ ആകാശങ്ങൾ' ഒടുവിലായി 'ഒറ്റയ്ക്കാക്കരുത്' കറന്റ് ബുക്സിലൂടെ.

പുസ്തകത്തിന്റെ പേരിനെ അന്വർത്ഥമാക്കുന്നതായിരുന്നു കവർ പ്രകാശനവും പുസ്തക പ്രകാശന ചടങ്ങും. ഒക്ടോബർ 22 ന് വൈകുന്നേരം മുതൽ പിറ്റേ ദിവസം വരെ എനിക്ക് നേരിൽ അറിയുന്നവരും അതിലേറെ അറിയാത്തവരുമായ എത്രയോ പേർ തങ്ങളുടെ ഫേസ്‌ബുക്ക് വാളിലൂടെ പുസ്തകത്തിന്റെ കവർ പങ്കുവെച്ചു കൊണ്ടിരുന്ന കാഴ്ച്ച മനസ്സിലുണ്ടാക്കിയ നിറവ് ചെറുതല്ല.

ഒക്ടോബർ 23 ന് പ്രകാശന ചടങ്ങ് തീരുമാനിച്ചെങ്കിലും ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല. ഒരാഴ്ച്ച മുമ്പ് ഖത്തറിലേക്ക് പോന്നിരുന്നു. പ്രിയ സുഹൃത്തും എഴുത്തുകാരനുമായ മജീദ് സെയ്ദാണ് തലേദിവസം കോട്ടയത്തു പോയി പ്രിന്റ് കഴിഞ്ഞ ഉടനെ പുസ്തകം വാങ്ങിയത്. പിറ്റേ ദിവസത്തെ പ്രകാശനത്തിനായി. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായ കൊയിലാണ്ടി NIARC ൽ പ്രകാശന ചടങ്ങൊരുക്കി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള കേരളത്തിലെ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായ NIARC നെ കുറിച്ച് ഞാൻ ഏറെ എഴുതിയിട്ടുണ്ട്. അവിടത്തെ അമ്മമാരും സ്റ്റാഫും അടക്കമുള്ള പ്രിയപ്പെട്ട മനുഷ്യർ പങ്കെടുത്ത പ്രകാശന ചടങ്ങിൽ മജീദ് സെയ്ദിൽ നിന്ന് NIARC ജനറൽ സെക്രട്ടറി യൂനുസ് T K പുസ്തകം ഏറ്റുവാങ്ങി.

പുസ്തകം പുറത്തിറങ്ങി രണ്ടാഴ്ച്ച പിന്നിടുമ്പോൾ വായനക്കാർ 'ഒറ്റയ്ക്കാക്കിയില്ല' എന്നത് തന്നെയാണ് വലിയ സന്തോഷം. പുസ്തകശാലകളിലൂടെ, ഓൺലൈനിലൂടെ, amazone ലൂടെ വായനക്കാർ 'ഒറ്റയ്ക്കാക്കരുത്' വലിയൊരു വിജയമാക്കുന്നു എന്നത് നൽകുന്ന ആഹ്ലാദം ചെറുതല്ല. പുസ്തകം നന്നായി വിൽക്കപ്പെടുന്നു എന്നതിലേറെ സന്തോഷിപ്പിക്കുന്നത് എഴുത്തുകൾ ആർക്കൊക്കെയോ ചിലയിടങ്ങളിലെങ്കിലും തിരിച്ചറിവായി മാറുന്നു എന്നതാണ്. വായിച്ചവരുടെ പ്രതികരണങ്ങൾ ആ ഇഷ്ടത്തോടെയാണ്.

ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയതടക്കം എന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഏറെയും വായിക്കപ്പെട്ടത് വനിത ഓൺലൈനിലൂടെയാണ്. എന്റെ സൗഹൃദവലയത്തിനും അപ്പുറം എത്രയോ പേർ എന്നെ വായിച്ചതും അറിഞ്ഞതും വനിതയിലൂടെയാണ്. അതു കൊണ്ട് തന്നെ പുതിയ പുസ്തകത്തെ കുറിച്ചുള്ള സന്തോഷം വനിത ഓൺലൈനിലൂടെ പങ്കുവെക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ട്.

ഒറ്റയ്ക്കാക്കരുത്

ഹൃദയം തൊടുന്ന കുറിപ്പുകൾ

നജീബ് മൂടാടി

പ്രസാ: കറന്റ് ബുക്സ്

₹: 220

English Summary:

The Power of Connection: Najib Moodadi's 'Ottakakkaruthu' Exploring Loneliness in Najib Moodadi's New Book Najib Moodadi on the Importance of Human Relationships 'Ottakakkaruthu': A Reflection on Society and Isolation The Journey Behind 'Ottakakkaruthu': An Interview with Najib Moodadi

ADVERTISEMENT