‘ഞാൻ മുഴുഭ്രാന്തിന്റെ വക്കത്തോളമെത്തിയ എഴുത്തുവേളകളെ സ്നേഹത്തോടെ നമിക്കുന്നു’: മുഹമ്മദ് അബ്ബാസ് എഴുതുന്നു
എട്ടാം ക്ലാസിൽ പഠനം നിർത്തി, അതിജീവനത്തിനായി മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്തു, ജീവിതത്തിന്റെ കനൽപാതകൾ താണ്ടാനുള്ള ശേഷിയില്ലെന്നു തോന്നിയപ്പോൾ മൂന്നു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടയിലെപ്പോഴോ തലച്ചോറിൽ ഉൻമാദത്തിന്റെ വിത്തുകൾ വീണു...പട്ടിണിയും അരക്ഷിതമായ സാഹചര്യങ്ങളും
എട്ടാം ക്ലാസിൽ പഠനം നിർത്തി, അതിജീവനത്തിനായി മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്തു, ജീവിതത്തിന്റെ കനൽപാതകൾ താണ്ടാനുള്ള ശേഷിയില്ലെന്നു തോന്നിയപ്പോൾ മൂന്നു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടയിലെപ്പോഴോ തലച്ചോറിൽ ഉൻമാദത്തിന്റെ വിത്തുകൾ വീണു...പട്ടിണിയും അരക്ഷിതമായ സാഹചര്യങ്ങളും
എട്ടാം ക്ലാസിൽ പഠനം നിർത്തി, അതിജീവനത്തിനായി മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്തു, ജീവിതത്തിന്റെ കനൽപാതകൾ താണ്ടാനുള്ള ശേഷിയില്ലെന്നു തോന്നിയപ്പോൾ മൂന്നു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടയിലെപ്പോഴോ തലച്ചോറിൽ ഉൻമാദത്തിന്റെ വിത്തുകൾ വീണു...പട്ടിണിയും അരക്ഷിതമായ സാഹചര്യങ്ങളും
എട്ടാം ക്ലാസിൽ പഠനം നിർത്തി, അതിജീവനത്തിനായി മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്തു, ജീവിതത്തിന്റെ കനൽപാതകൾ താണ്ടാനുള്ള ശേഷിയില്ലെന്നു തോന്നിയപ്പോൾ മൂന്നു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടയിലെപ്പോഴോ തലച്ചോറിൽ ഉൻമാദത്തിന്റെ വിത്തുകൾ വീണു...പട്ടിണിയും അരക്ഷിതമായ സാഹചര്യങ്ങളും ജീവിതത്തിനു മേൽ ഇരുട്ടു പരത്തി നിന്നപ്പോഴൊക്കെ മുഹമ്മദ് അബ്ബാസ് എന്ന മനുഷ്യൻ ഔഷധമാക്കിയത് പുസ്തകങ്ങളെയാണ്. ഭ്രാന്തമായ വായന. എട്ടാം തരത്തിൽ പഠനം നിർത്തിയ, മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്ത, മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പോറ്റാൻ പെയിന്റിങ് പണിയെടുക്കുന്ന ഈ മനുഷ്യൻ വിശ്വസാഹിത്യ പഠനങ്ങളും ജീവിതാനുഭവക്കുറിപ്പുകളും നോവലുകളുമുൾപ്പടെ പത്തോളം പുസ്തകങ്ങളാണ് ഇതിനോടകം എഴുതി പ്രസിദ്ധീകരിച്ചത്. കൂട്ടത്തിൽ ഏറ്റവും പുതിയ പുസ്തകമാണ് അദ്ദേഹത്തിന്റെ നാലാമത്തെ നോവൽ കൂടിയായ ‘കാൽമോറാ മഹൽ’. ഇതിനോടകം മലയാളസാഹിത്യത്തിൽ തന്റെതായ ഇടം സ്വന്തമാക്കിയ അബ്ബാസ് ‘കാൽമോറാ മഹലി’ലൂടെ അവതരിപ്പിക്കുന്നത് ചിതറിയ ചിന്തകളും ഓർമ്മകളും വിചാരങ്ങളും ദർശനങ്ങളും അനുഭവങ്ങളുമുള്ള ഒരു പെൺമനസ്സിന്റെ മാനസിക വ്യാപാരങ്ങളാണ്. അതു കാൽപനികതയുടെ ചവിട്ടുപടികളേറുമ്പോൾ നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ഓർമ്മകളെയൊക്കെ രണ്ടു ചെവികൾക്കിടയിലെ ദൂരങ്ങളിലെ ശബ്ദങ്ങളാക്കി അടക്കി ഒതുക്കി നോവലിന്റെ ഫ്രെയിമിലേക്ക് മാറ്റാനുള്ള എഴുത്തുകാരന്റെ ശ്രമമാണ് ഈ വേറിട്ട കൃതിയുടെ സൗന്ദര്യം.‘കാൽമോറാ മഹലി’നെക്കുറിച്ച് മുഹമ്മദ് അബ്ബാസ് എഴുതിയ കുറിപ്പ് വായിക്കാം –
‘കാൽമോറാ മഹലി’ൽ അക്കമിട്ട അധ്യായങ്ങളില്ല. സംഭവങ്ങളുടെ തുടർച്ചയില്ല. സ്ഥലകാലങ്ങൾ നേർ രേഖയിലല്ല. ഞാനിങ്ങനെ വഴിമാറി സഞ്ചരിക്കാൻ കാരണം ഇത് താളം തെറ്റിയ ഒരു പെൺ മനസ്സിന്റെ ചിന്തകളും ദർശനവും ജീവിതവും പറയുന്ന നോവലായതു കൊണ്ടാണ്. സ്വബോധമുള്ള മനസ്സുകൾക്ക് തന്നെ അവരുടെ ഓർമ്മകളെയും ജീവിതത്തെയും നേർരേഖയിൽ അവതരിപ്പിക്കാൻ കഴിയില്ല. നോവലിലും സിനിമകളിലുമൊക്കെ നമ്മളങ്ങനെ കാണുന്നുണ്ടെങ്കിലും അത് സത്യത്തോട് ചേർന്നു നിൽക്കുന്നവയല്ല.
അതിന്റെ ഉദാഹരണമായിട്ട് നമ്മൾ നമ്മുടെ ഭൂതകാലത്തെ കുറിച്ച് വെറുതെ ഒന്ന് ഓർത്തു നോക്കിയാൽ മതി. സംഭവങ്ങളും കാലവും വ്യക്തികളുമൊക്കെ നേർ രേഖയിലോ,
ഒരേ ഓർഡറിലോ അല്ല നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. അപ്പോൾ പിന്നെ ചിതറിയ ചിന്തകളുള്ള ഒരു വ്യക്തിയുടെ ജീവിതം പറയുമ്പോൾ ഇത്തരമൊരു ആഖ്യാന രീതിയല്ലാതെ മറ്റെന്താണ് ഞാൻ സ്വീകരിക്കുക ? എന്നു കരുതി ഇതൊരു സങ്കീർണ്ണമായ നോവലല്ല. ഏറ്റവും ലളിതമായ ഭാഷയിലും ആഖ്യാന ശൈലിയിലുമാണ് ‘കാൽമോറാ മഹൽ’ എഴുതിയിട്ടുള്ളത്.
നിങ്ങൾക്ക് മനസ്സിലാവാത്ത ഒറ്റ വാക്ക് പോലും ഞാനിതിൽ ഉപയോഗിച്ചിട്ടില്ല.
നിങ്ങളിതിൽ
കസൻദ് സാക്കിസിനെയും, മോറിസ് എൽ.വെസ്റ്റിനെയും, ഹുവാൻ റൂൾഫോയേയും, മറ്റു പല എഴുത്തുകാരെയും, റോൾസ് റോയിസ് പോലുള്ള ബ്രാൻഡുകളെയും, ചാരന്മാരെയും, നാസി ക്യാമ്പിലെ പെൺ കൊലയാളികളെയും കണ്ടുമുട്ടും. അവയൊക്കെ നോവലിന്റെ പ്രമേയം ആവശ്യപ്പെടുന്നതു കൊണ്ടു മാത്രം സ്വീകരിച്ചതാണ്. വായനയിൽ നിങ്ങൾക്കും അത് ബോധ്യപ്പെടാതിരിക്കില്ല.
2020 ൽ, Harvard University നടത്തിയ ഒരു പഠനത്തിലൂടെ (Functional Magnetic Resonance Imaging) തെളിഞ്ഞത് നമ്മൾ ഒരു ദിവസം 6,000 മുതൽ 6,200 ഓളം ചിന്തകളിലൂടെ കടന്ന് പോവുന്നു എന്നാണ്. അതിൽ പലതും ആവർത്തിക്കുന്ന ചിന്തകളാണ് താനും.
ഈ ചിന്തകൾക്കിടയിൽ എവിടെയാണ് യഥാർത്ഥ നമ്മളുള്ളത് എന്ന ചിന്ത എന്നെ മാസങ്ങളോളം വേട്ടയാടിയിട്ടുണ്ട്.
ആ വേട്ടയാടൽ അപകടകരമായ ഒരവസ്ഥയിലാണ് എന്നെ കൊണ്ടെത്തിച്ചത്. ആ പഠനത്തിന്റെ ചുവട് പിടിച്ച് ഞാൻ അന്തമില്ലാതെ സഞ്ചരിച്ചതിന്റെ ഫലം കൂടിയാണ് ‘കാൽമോറാ മഹൽ’.
ഇത് എഴുതാൻ എടുത്ത കാലവും മനനവും മറ്റൊരു പുസ്തകത്തിനും എനിക്ക് വേണ്ടി വന്നിട്ടില്ല.
നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഉള്ളിൽ തീറ്റിപ്പോറ്റുന്ന ഭ്രാന്തിനെ തിരിച്ചറിയാതെ നിങ്ങളീ നോവൽ വായിച്ച് തീർക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. സ്വന്തം എഴുത്തിൽ ഞാൻ വരുത്തിയ മാറ്റം വായനക്കാർ സ്വീകരിച്ചു എന്നാണ് കാൽമോറാ മഹൽ വായിച്ചിട്ട് എന്നെ വിളിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നത്.
അത് കേൾക്കുമ്പോൾ മുഴുഭ്രാന്തിന്റെ വക്കത്തോളം ഞാനെത്തിയ ഇതിന്റെ എഴുത്തുവേളകളെ സ്നേഹത്തോടെ നമിച്ച് പോവുന്നു.
നോവൽ വായിച്ചവർക്കും,ഇനി വായിക്കാനുള്ളവർക്കും ഉന്മാദത്തെ തൊട്ട് കൊണ്ട് ഞാൻ നന്ദി പറയുന്നു.‘സ്‌റ്റോറി സ്ളേറ്റ്’ ആണ് പുസ്തകത്തിന്റെ പ്രസാധകർ. രാജേഷ് ചാലോട് ഒരുക്കിയ പുറംചട്ടയും മനോഹരം.