സാഗരമാണ് എം.ടി. വാസുദേവൻ നായർ, കഥകളുടെ, ഭാവനയുടെ മഹാസാഗരം...എത്ര കണ്ടാലും, അറിഞ്ഞാലും, കൊതിതീരാതെ ആ ജലഭംഗിക്കു മുമ്പില്‍ ആദരാരാധനകളോടെ വിസ്മയിച്ചു നിന്നവരാണ് ഓരോ മലയാളികളും. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമെന്നു വേണ്ട, ഇടപെട്ട മേഖലകളിലൊക്കെ എംടി പകരക്കാരില്ലാത്ത ഒഴുക്കായി...തലമുറകളെ തന്റെ

സാഗരമാണ് എം.ടി. വാസുദേവൻ നായർ, കഥകളുടെ, ഭാവനയുടെ മഹാസാഗരം...എത്ര കണ്ടാലും, അറിഞ്ഞാലും, കൊതിതീരാതെ ആ ജലഭംഗിക്കു മുമ്പില്‍ ആദരാരാധനകളോടെ വിസ്മയിച്ചു നിന്നവരാണ് ഓരോ മലയാളികളും. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമെന്നു വേണ്ട, ഇടപെട്ട മേഖലകളിലൊക്കെ എംടി പകരക്കാരില്ലാത്ത ഒഴുക്കായി...തലമുറകളെ തന്റെ

സാഗരമാണ് എം.ടി. വാസുദേവൻ നായർ, കഥകളുടെ, ഭാവനയുടെ മഹാസാഗരം...എത്ര കണ്ടാലും, അറിഞ്ഞാലും, കൊതിതീരാതെ ആ ജലഭംഗിക്കു മുമ്പില്‍ ആദരാരാധനകളോടെ വിസ്മയിച്ചു നിന്നവരാണ് ഓരോ മലയാളികളും. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമെന്നു വേണ്ട, ഇടപെട്ട മേഖലകളിലൊക്കെ എംടി പകരക്കാരില്ലാത്ത ഒഴുക്കായി...തലമുറകളെ തന്റെ

സാഗരമാണ് എം.ടി. വാസുദേവൻ നായർ, കഥകളുടെ, ഭാവനയുടെ മഹാസാഗരം...എത്ര കണ്ടാലും, അറിഞ്ഞാലും, കൊതിതീരാതെ ആ ജലഭംഗിക്കു മുമ്പില്‍ ആദരാരാധനകളോടെ വിസ്മയിച്ചു നിന്നവരാണ് ഓരോ മലയാളികളും. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമെന്നു വേണ്ട, ഇടപെട്ട മേഖലകളിലൊക്കെ എംടി പകരക്കാരില്ലാത്ത ഒഴുക്കായി...തലമുറകളെ തന്റെ സങ്കൽപ്പലോകത്തെ തടവുകാരാക്കി...എംടി എന്നാൽ മലയാളത്തിനു സാഹിത്യത്തിന്റെ മറുവാക്കായി...അങ്ങനെയൊരു സുപരിചിതന്റെ ജീവിതകഥയെഴുതുകയെന്ന വലിയ ദൗത്യമാണ് ഡോ. കെ. ശ്രീകുമാർ ഏറ്റെടുത്തത്. കാലങ്ങൾ നീണ്ട അത്യധ്വാനവും തപസ്യയും ആ എഴുത്തുവഴിയിലുണ്ടായി. ഒടുവിൽ എങ്ങും ഒന്നും നഷ്ടപ്പെടാതെ ‘എം.ടി. വാസുദേവൻ നായർ’ എന്ന ബൃഹത്ഗ്രന്ഥം ശ്രീകുമാർ എഴുതിപ്പൂർത്തിയാക്കി. ആ യാത്രയുടെ വിശേഷങ്ങൾ, സന്തോഷങ്ങൾ, സംഘർഷങ്ങളൊക്കെ അദ്ദേഹം തുറന്നെഴുതുകയാണ്, ‘വനിത ഓൺലൈനു’ വേണ്ടി. വായിക്കുക –

കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലുള്ള കോസ്‌മോസ് ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലെ മുറിയിൽ എം.ടി.സാറിന് അഭിമുഖമായി ഇരിക്കുമ്പോൾ ഡോ. എം.എം. ബഷീറാണ്, തികച്ചും അപ്രതീക്ഷിതമായി ഇക്കാര്യം പറയുന്നത്:

ADVERTISEMENT

‘‘നീ വാസ്വേട്ടന്റെ ഒരു ജീവചരിത്രമെഴുതണം. ആധികാരികവും സമഗ്രവുമായ ഒന്ന്’’.

ശരിക്കുമൊരു ഞെട്ടലോടെയാണ് ഞാനതു കേട്ടത്. ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലും തിരൂർ തുഞ്ചൻപറമ്പിലുമായി പന്തീരാണ്ടുകാലം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നിട്ടും മനസ്സിൽ ഒരിക്കൽപ്പോലും ആലോചിച്ചിട്ടുപോലുമില്ലായിരുന്നു അത്തരമൊരു ജീവചരിത്രമെഴുത്ത്. ആ മഹാപ്രതിഭയോടൊപ്പമുണ്ടാവുക എന്നതിനപ്പുറമൊരു സുകൃതവും സന്തോഷവും മറ്റൊന്നുണ്ടായതുമില്ല. ബഷീർ മാഷ് പറഞ്ഞുനിർത്തിയതും ഞാൻ അദ്ദേഹത്തിന്റെ മുഖത്തേയ്ക്കു നോക്കി. ഭാവഭേദമേതുമില്ലാതെ, മാംഗ്ലൂർ ഗണേഷ് ബീഡി ആഞ്ഞുവലിച്ച്, ഒരക്ഷരം മിണ്ടാതെ അകലേയ്ക്കു നോക്കിയിരിക്കുന്നു അദ്ദേഹം. ബഷീർ മാഷാവട്ടെ, ഒട്ടും വിടാൻ ഭാവമില്ല.

ADVERTISEMENT

‘‘നീ വാസ്വേട്ടന്റെ കാലുതൊട്ട് അനുഗ്രഹം വാങ്ങ്. എന്നിട്ട് ഈ ദൗത്യം ഏറ്റെടുക്ക്. നല്ലൊരു ജീവചരിത്രം വരണം, എന്തായാലും’’.

അപ്പോഴുമില്ല എം.ടി. സാറിന്റെ മുഖത്തൊരു ഭാവഭേദം. എന്റെ അപ്പോഴത്തെ പിരിമുറുക്കം പറഞ്ഞറിയിക്കാനാവില്ല. ഏറ്റെടുക്കാൻ പോകുന്ന ഭാരിച്ച ഉത്തരവാദിത്തത്തിന്റെ ഗൗരവം തെല്ലുമോർക്കാതെ ഞാൻ ബഷീർമാഷെ അനുസരിച്ചു. മനസ്സുകൊണ്ട് ഒരുപാട് ആരാധിക്കുന്നുണ്ടെങ്കിലും ആ ആദരം നേരിൽ പ്രകടിപ്പിച്ചത് അന്നാണ്. ആ അനുഗ്രഹം തേടി ഞാൻ പതുക്കെപ്പറഞ്ഞു:

ADVERTISEMENT

‘‘എനിക്കൊട്ടും ധൈര്യമില്ല. എന്നാലും, സാറിന്റെ പിന്തുണയുണ്ടെങ്കിൽ ശ്രമിച്ചുനോക്കാം’’.

ഗണേഷ് ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ച്, അദ്ദേഹം എന്നെയൊന്നു പാളിനോക്കി. ഗൗരവം നിറഞ്ഞ ആ മുഖത്ത് ഒരു പുഞ്ചിരിത്തെല്ല് മിന്നിമറഞ്ഞുവോ?

ഉറപ്പില്ല. മഹാമേരുവിനു മുന്നിൽ ആസകലം പകച്ചുനിൽക്കുന്ന ഒരു കുട്ടിയെപ്പോലെ ആ നിമിഷത്തിൽ ഞാൻ!

എഴുത്തിന്റെ ഹരിശ്രീ

ജീവചരിത്രമെഴുത്ത് തത്വത്തിൽ ഏറ്റെടുത്തുകഴിഞ്ഞെങ്കിലും യാതൊരുവിധ പുരോഗതിയുമില്ലാതെ മാസം രണ്ടോ മൂന്നോ പിന്നിട്ടു. അതിനിടയിലും തുഞ്ചൻപറമ്പിന്റെയും മറ്റും കാര്യങ്ങൾക്കായി പലതവണ ഫ്‌ളാറ്റിലെത്തി എം.ടി. സാറിനെ കണ്ടു. പഴയപോലെതന്നെ കാര്യങ്ങൾ സംസാരിച്ചു. ഒരിക്കൽപ്പോലും ജീവചരിത്രരചന ഞങ്ങൾക്കിടയിൽ ഒരു വിഷയമായതേയില്ല. അങ്ങനെയൊരു ആലോചനയുണ്ടായ ഭാവമേ അദ്ദേഹം പുറത്തുകാട്ടിയില്ല. എഴുത്ത് സംഭവിക്കാൻ പോകുന്നില്ലെന്ന് തെല്ല് ആശ്വാസത്തോടെ ഞാനോർത്തു. അങ്ങനെയിരിക്കെ, ബഷീർ മാഷിന്റെ വിളി വീണ്ടും വന്നു; എന്നെ കുറ്റപ്പെടുത്തുന്ന ധ്വനിയോടെ:

‘‘നീയിനിയും വാസ്വേട്ടനോട് സംസാരിച്ചുതുടങ്ങിയില്ലേ? ഇനിയൊട്ടും വൈകരുത്. വാസ്വേട്ടന്റെ സമ്മതത്തോടെ എഴുതുന്ന പുസ്തകമാവും ഇത്’’.

അടുത്ത ദിവസം ആശങ്കയോടെ ഒരു കോളേജ് നോട്ടുബുക്കുമായി ഞാൻ ഫ്‌ളാറ്റിലെത്തി സാറിനെക്കണ്ടു. ജീവചരിത്രരചനയ്ക്കുള്ള വിവരശേഖരണമാണ് ലക്ഷ്യമെന്ന് ആമുഖമായി പറഞ്ഞു. കൂടല്ലൂരിലെ ചില ബാല്യകാലാനുഭവങ്ങളിലേയ്ക്കു കടന്നെങ്കിലും വേഗംതന്നെ സംസാരവിഷയം കാടുകയറി. മറ്റെന്തെല്ലാമോ സംസാരിച്ച് ഒന്നരമണിക്കൂർ പിന്നിട്ടു. നോട്ടുബുക്കിൽ കാര്യമായൊന്നുമെഴുതാതെ ഞാൻ നിരാശനായി മടങ്ങി. ദീർഘമൗനത്തിന്റെയും വിഷയവ്യതിചലനത്തിന്റെയും തനിയാവർത്തനങ്ങൾ വീണ്ടുമുണ്ടായി. എന്റെ വിവരശേഖരണപുസ്തകം അങ്ങനെ കാലിയായിത്തന്നെ തുടർന്നു. ജീവചരിത്രമെഴുത്തിൽ സാറിന് അശേഷം താല്പര്യമില്ലെന്നും അത് സാക്ഷാത്കരിക്കാൻ പോകുന്നില്ലെന്നും ഞാൻ സ്വയം ബോധ്യപ്പെടുത്തിയ നാളുകൾ കൂടിയായിരുന്നു അത്.

എന്നാൽ, ദിവസങ്ങൾ പോകെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എം.ടി. തന്റെ ജീവിതാനുഭവങ്ങൾ എനിക്കു മുന്നിൽ തുറന്നിടാൻ തുടങ്ങി. ദിവസേനയുള്ള സായാഹ്നങ്ങൾ ഓർമ്മകളുടെ വീണ്ടെടുപ്പിനുള്ള അവസരങ്ങളായി. കൂടല്ലൂരിലെയും പുന്നയൂർക്കുളത്തെയും ബാല്യം, കൊടിക്കുന്നത്തമ്മയുടെയും മുത്തശ്ശ്യാർക്കാവിലെയും പുരാവൃത്തങ്ങൾ, കോപ്പൻ മാഷുടെ കുടിപ്പള്ളിക്കൂടത്തിലെയും മലമൽക്കാവ്, കുമരനെല്ലൂർ സ്‌കൂളുകളിലെയും അധ്യയനകാലങ്ങൾ, വിക്‌ടോറിയ കോളേജിലെ വിദ്യാർത്ഥിക്കാലവും എം.ബി. കോളേജിലെ അധ്യയനകാലവും, കോഴിക്കോട്ടേയ്ക്കുള്ള കൂടുമാറ്റവും മാതൃഭൂമിയിലെ ദീർഘമായ സേവനവർഷങ്ങളും എന്നിങ്ങനെ കൃത്യമായ തുടർച്ചയില്ലാതെ ഓർമ്മകൾ പുനർജനിച്ചു. പറഞ്ഞുനിർത്തിയിടത്തുനിന്നാവണമെന്നില്ല പിറ്റേന്നത്തെ തുടക്കം. എങ്കിലുമൊരു സ്മൃതിനൈരന്തര്യം സംഭവിച്ചു. എന്റെ കോളേജ് നോട്ടുബുക്കുകളുടെ പുറങ്ങൾ അതിവേഗം നിറഞ്ഞുവന്നു. ജീവചരിത്രരചന സാധ്യമാവുമെന്ന് ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി അപ്പോൾ.

ഫ്‌ളാറ്റിൽവെച്ചുള്ള സംഭാഷണങ്ങൾക്കു പുറമെ, കോഴിക്കോട്ടെ ‘സിതാര’യിൽനിന്ന് തിരൂർ തുഞ്ചൻപറമ്പിലേയ്ക്കുള്ള കാർയാത്രയിലും തുഞ്ചൻപറമ്പിലെ കോട്ടേജിലുമൊക്കെ വെച്ചാണ് ഓർമ്മകളുടെ വീണ്ടെടുക്കൽ പുരോഗമിച്ചത്. പല സന്ദർഭങ്ങളിലും എം.ടി.യുടെ ജ്യേഷ്ഠന്റെ മകൻ ടി. സതീഷും സംസാരങ്ങൾക്കു സാക്ഷിയായി. എന്റെ മുന്നിൽവെച്ച് ജീവിതസന്ദർഭങ്ങൾ ഓർത്തെടുക്കുന്നതിൽ അദ്ദേഹം കാട്ടിയ താല്‍പര്യം ഏറെ ആഹ്ലാദിപ്പിച്ചു. കഥകളും നോവലുകളും തിരക്കഥകളും കടന്ന് മദ്യപാനശീലത്തിലേയ്ക്കും നിലയ്ക്കാത്ത പുകവലിശീലത്തിലേയ്ക്കുമൊക്കെ സംഭാഷണം നീണ്ടു. അദ്ദേഹത്തെ കാണാനായി ഫ്‌ളാറ്റിലെത്താതിരുന്ന അപൂർവ്വം ദിവസങ്ങളിൽ സതീഷോ ഡ്രൈവർ സുബിനോ വഴി ‘ശ്രീകുമാരൻ ഇന്നെന്താ വരാത്തതെ’ന്ന് അന്വേഷിച്ചു. അതെന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. ജീവചരിത്രമെഴുത്തിൽ എന്നോളമെങ്കിലും തല്‍പരനാണ് അദ്ദേഹമെന്നു ഞാൻ തിരിച്ചറിഞ്ഞു.

വ്യക്തിപരമായ ക്ലിഷ്ടപാതകൾ

ഏതൊരു മനുഷ്യനും തന്റെ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനുമപ്പുറത്ത് ഒരു സ്വകാര്യജീവിതം കൂടിയുണ്ടാവും. ജീവചരിത്രകാരന് നിശ്ചയമായും ആ ലോകത്തേയ്ക്കു പ്രവേശിക്കുന്നതിനു പരിമിതികൾ ഏറെയുണ്ട്. കഥാനായകൻ വിശ്രുതനും പ്രതിഭാശാലിയുമാകുമ്പോൾ പ്രത്യേകിച്ചും. എം.ടിയുടെ ജീവചരിത്രരചനയിൽ ഞാൻ നേരിട്ട പ്രധാന വെല്ലുവിളിയും അതായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഇരുളടഞ്ഞ ചില ഏടുകളെക്കുറിച്ച് പരസ്പരവിരുദ്ധവും വസ്തുതകൾക്കു നിരക്കാത്തതുമായ ഒട്ടേറെ കെട്ടുകഥകൾ പ്രചരിച്ചിരുന്നു. ആദ്യ ഭാര്യ പ്രമീളാനായരും മകൾ സിതാരയുമടങ്ങുന്ന ആദ്യദാമ്പത്യകാലവും കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയുമടങ്ങുന്ന രണ്ടാംഘട്ടവും പലതുകൊണ്ടും പ്രസക്തമായിരുന്നു, എം.ടിയുടെ ജീവിതത്തിൽ. ആ ജീവിതത്തെ പലവിധത്തിൽ സ്വാധീനിച്ചു രണ്ടു ജീവിതപങ്കാളികളും. എങ്കിലും ആദ്യ ജീവിതഘട്ടം പൊതുവെ പൊതുമണ്ഡലത്തിൽ അനാവരണം ചെയ്യപ്പെട്ടിരുന്നില്ല. അതിനുകൂടി ഇടംനൽകുന്ന രചനയാവണം ഇതെന്ന നിർബ്ബന്ധം എനിക്കുണ്ടായിരുന്നു.

പക്ഷേ, ഇക്കാര്യം എം.ടിയോട് എങ്ങനെ അവതരിപ്പിക്കുമെന്ന വേവലാതിയായിരുന്നു എനിക്ക്. മുമ്പ് പലപ്പോഴായി ഇക്കാര്യങ്ങൾ അദ്ദേഹത്തോടു സൂചിപ്പിച്ചവർക്കൊന്നും നല്ല അനുഭവമല്ല ഉണ്ടായതെന്നു കേട്ടറിഞ്ഞിട്ടുമുണ്ട്. പറയുന്നതിൽ ആധികാരികത ഉണ്ടാവണമെന്നതിനാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള സ്ഥിരീകരണം അനിവാര്യമാണ്. ഏറെ നാളത്തെ ആലോചനകൾക്കൊടുവിൽ ആ ഒരു സംഭാഷണത്തിനായി മനസ്സൊരുക്കി ഫ്‌ളാറ്റിലെത്തി. വിഷയം അങ്ങേയറ്റം സ്വകാര്യമായതിനാൽ സതീഷിനെയും സുബിനെയും മനഃപൂർവ്വം അവിടെനിന്ന് അകറ്റിനിർത്തിയിരുന്നു ഞാൻ. നോട്ടുപുസ്തകം നിവർത്തിവെച്ച് വലിയ ആശങ്കയോടെ ഞാൻ സംസാരത്തിനു തുടക്കമിട്ടു:

‘‘സാർ, ചോദിക്കാൻ വിഷമമുള്ള കാര്യമാണ്. എങ്കിലും പുസ്തകത്തിന്റെ സമഗ്രതയ്ക്ക് ഈ ഭാഗവും വേണമെന്നുള്ളതുകൊണ്ടാണ്. പ്രമീളടീച്ചറെക്കുറിച്ചാണ് എനിക്കിന്നു ചോദിക്കാനുള്ളത്’’.

എങ്ങനെയോ ഇത്രയും പറഞ്ഞൊപ്പിച്ചശേഷം ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചു. ഏതോ ആലോചനയിൽ മുഴുകിയ ആ മുഖത്ത് ഗൗരവം നിറഞ്ഞിരിക്കുന്നു. മറ്റൊരു ഗണേഷ് ബീഡിക്ക് തീകൊളുത്തി. പക്ഷേ, ഒരക്ഷരം മിണ്ടുന്നില്ല. എന്നെ നോക്കുന്നുമില്ല. സ്‌ഫോടനാത്മകമായ ഈ മൗനം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അരുതാത്തതെന്തോ ചോദിച്ചപോലെ. ഒരുപക്ഷേ, ജീവചരിത്രരചനയ്ക്ക് ഇവിടെ പൂർണ്ണവിരാമമായെന്നുതന്നെ തോന്നി. എന്നാൽ, കാൽമണിക്കൂറിലേറെ നീണ്ട മൗനത്തിനൊടുവിൽ, അദ്ദേഹം പതുക്കെ പറഞ്ഞുതുടങ്ങി:

‘‘ഞാനന്ന് കോഴിക്കോട് എം.ബി. കോളേജിൽ പഠിപ്പിക്കുമ്പോഴാണ് അവരെ കാണുന്നത്. ഇംഗ്ലീഷിൽ നല്ല പരിജ്ഞാനമുണ്ടായിരുന്ന അവർ എന്റെ ചില കഥകൾ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തി ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയിൽ പ്രസിദ്ധീകരിച്ചു...’’

അക്ഷരാർത്ഥത്തിൽ ഒരു വാക്കൊഴുക്കുതന്നെയായിരുന്നു തുടർന്ന്. എനിക്കാകട്ടെ, ഒരു രണ്ടാം ജന്മം കിട്ടിയ ആശ്വാസവും!

താളത്തിലേറെ താളഭംഗങ്ങൾ നിറഞ്ഞ ആ ജീവിതം അദ്ദേഹത്തിന്റെ വാക്കുകളിൽ ഞാനറിഞ്ഞത് രണ്ടുദിവസം കൊണ്ടാണ്. ‘നഷ്ടബോധങ്ങളു’ടെ കഥാകാരിക്ക് അദ്ദേഹം നൽകിയ വ്യാഖ്യാനത്തിലൊരിടത്തും കുറ്റപ്പെടുത്തലിന്റെ സൂചനപോലുമുണ്ടായില്ല. എം.ടിയുടെ സ്വകാര്യജീവിതത്തെ ഉപശീർഷകങ്ങളായി തിരിച്ച് എഴുതാനാരംഭിച്ചപ്പോൾത്തന്നെ അതിന്റെ തലക്കെട്ട് മനസ്സിൽ തെളിഞ്ഞുവന്നു - ‘സ്‌നേഹത്തിന്റെ മുഖങ്ങൾ’. അദ്ദേഹത്തിന്റെ പ്രിയകഥയുടെ തലക്കെട്ടിലും ചേരുന്ന മറ്റെന്താണുള്ളത്?

പലതവണ ചെത്തിമിനുക്കി, മാറ്റിയെഴുതി പൂർത്തീകരിച്ച ‘സ്‌നേഹത്തിന്റെ മുഖങ്ങ’ളാണ് എം.ടി.യുടെ ജീവചരിത്രരചനയിൽ എനിക്കേറ്റവും സംഘർഷം സമ്മാനിച്ചത്. കഥാനായകന്റെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും പ്രതികരണങ്ങളും വിവിധ കോണുകളിൽനിന്ന് അവതരിപ്പിക്കുകയല്ലാതെ ഒരു വിധത്തിലുള്ള വിധിയെഴുത്തിനും ഞാൻ തുനിഞ്ഞിട്ടില്ല. കാരണം വ്യക്തിജീവിതത്തിലെ തിരഞ്ഞെടുപ്പുകൾക്ക് അവസാന വാക്ക് അവരവർ തന്നെയാണല്ലോ.

വിശ്വാസ്യതയുടെ സാക്ഷ്യപത്രങ്ങൾ

വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു എം.ടിയുടെ സംഭാഷണങ്ങളെല്ലാം. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പോലെതന്നെ കത്തിക്കയറലുകളോ ആക്രോശങ്ങളോ ഉയർച്ചതാഴ്ചകളോ ഇല്ലാതെ, ശാന്തമായൊഴുകുന്ന നദിപോലെ ഹൃദ്യം, സുതാര്യം. സംസാരത്തിനിടയ്ക്ക് ചിലപ്പോൾ വലിയ ഇടവേളകളുണ്ടാവാം. അതൊന്നും, ഫോണിലോ ടേപ്പിലോ റെക്കോഡ് ചെയ്യാവുന്ന അവസ്ഥയിലായിരുന്നില്ല. അതുകൊണ്ടുതന്നെ അന്നന്നു സംസാരിക്കുന്ന കാര്യങ്ങൾ കുറിച്ചെടുത്ത്, ഉടനെതന്നെ വിശദമായി പകർത്തിവെയ്ക്കുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത്. സംശയമുള്ള ഭാഗങ്ങൾ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹത്തോടു ചോദിച്ച് സംശയനിവൃത്തി വരുത്തി. മൂന്ന് നോട്ടുപുസ്തകങ്ങൾ എഴുതിനിറഞ്ഞപ്പോൾ സംഭവബഹുലമായ ആ ജീവിതം വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കാനാവുമെന്ന വിശ്വാസം എനിക്കു കൈവന്നു.

ജീവിതം ഓർത്തെടുക്കുമ്പോഴെല്ലാം തികഞ്ഞ ഗൗരവമമായിരുന്നു ആ മുഖത്തു നിറഞ്ഞത്. എന്നാൽ, അപൂർവ്വം അവസരങ്ങളിലെങ്കിലും ആ മുഖം പുഞ്ചിരിത്തെല്ലോടെയും എനിക്കു കാണാനായി. പുകവലിയെക്കുറിച്ചും താൻ പങ്കാളിയായ ചിട്ടിക്കമ്പനി, ബസ് സർവ്വീസ്, ബിസ്‌കറ്റ് കമ്പനി എന്നിവയെക്കുറിച്ചും പാതിയിൽ നിർത്തിയ ഡ്രൈവിങ് പഠനത്തെക്കുറിച്ചുമൊക്കെ ഓർത്തുപറഞ്ഞപ്പോഴാണത്. പറയാതിരുന്ന കാര്യങ്ങൾ തീരെ കുറവാണ്. ഇതേക്കുറിച്ചു സംസാരിച്ചില്ലല്ലോ എന്നു ഞാൻ ഓർമ്മിപ്പിക്കുമ്പോൾ അതിലേയ്ക്കു മനസ്സുകൊണ്ടു പ്രവേശിക്കാൻ അദ്ദേഹം തയ്യാറാവും. അത്യപൂർവ്വമായി മാത്രം ചിലതു പറയാനാവശ്യപ്പെട്ടപ്പോൾ ‘അതു വേണ്ട’ എന്ന സ്വരകാർക്കശ്യം ഉണ്ടായി. ആ വിഷയം അവിടെ അവസാനിപ്പിക്കാമെന്ന വ്യക്തമായ സൂചനയായി അത്.

ഗ്രന്ഥരചനാശ്രമത്തിലുടനീളം എം.ടി. എനിക്കു തന്നത് വലിയ സ്വാതന്ത്ര്യമാണ്. ഈ വലിയ ശ്രമം വിജയകരമായി പൂർത്തിയാക്കാൻ എനിക്കായതും അതുകൊണ്ടുമാത്രം. ‘സ്‌നേഹത്തിന്റെ മുഖങ്ങളെ’ന്ന വ്യക്ത്യാധിഷ്ഠിതമായ അധ്യായത്തിന്റെ ഉപവിഭജനത്തെക്കുറിച്ച് വിശദീകരിക്കാൻ മുതിർന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഏതാനും വാക്കുകൾ മാത്രം:

‘‘നമ്മൾ സംസാരിച്ചതാണല്ലോ. ശ്രീകുമാരന് എഴുതാനുമറിയാം. ധൈര്യമായി എഴുതിക്കോളൂ’’.

അതെനിക്കു ലഭിച്ച വലിയൊരു അംഗീകാരമായിത്തോന്നി. പുസ്തകത്തിന്റെ ഘടനയുടെ കാര്യത്തിൽ, തനതു ജീവചരിത്രങ്ങളിൽനിന്ന് വേറിട്ട ഒന്ന് തിരഞ്ഞെടുക്കാനായതും ഈ ധൈര്യംകൊണ്ടാണ്. പുസ്തകരചന തുടങ്ങും മുമ്പുതന്നെ രണ്ടവസരങ്ങളിൽ എം.ടി. ലെറ്റർഹെഡ്ഡിൽ എഴുതി ഒപ്പിട്ടുതന്ന രണ്ടു സാക്ഷ്യപത്രങ്ങളില്ലായിരുന്നെങ്കിൽ ഈ പുസ്തകം സുഗമമായി പുറത്തിറക്കാൻ കഴിയുമായിരുന്നില്ല എന്നെനിക്കു ബോധ്യമുണ്ട്. തുഞ്ചൻപറമ്പിലെ ഒരുത്സവം അവസാനിക്കുന്ന സാഹചര്യത്തിലാണ് കോട്ടേജിൽവെച്ച് അതിലൊന്ന് എഴുതിത്തന്നത്. എം.ടി. രചനകളിലെ ഉദ്ധരണികളും എം.ടി. ചിത്രങ്ങളും ജീവചരിത്രത്തിൽ ഉപയോഗിക്കാൻ നിരുപാധികസമ്മതം തന്നുകൊണ്ടുള്ള മറ്റൊന്നും. ആദ്യസാക്ഷ്യപത്രത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:

‘എന്നെപ്പറ്റി ഒരു പുസ്തകമെഴുതാൻ തയ്യാറായിരിക്കുന്നു എന്നറിഞ്ഞ് സന്തോഷം. പിന്നിട്ട ജീവിതവേഗങ്ങൾ വീണ്ടും മറിച്ചുനോക്കാൻ അവസരം വരുമ്പോൾ നമുക്ക് എന്തൊക്കെ വീണ്ടുകിട്ടുന്നു! സന്തോഷം. ഓർമ്മകൾ നമുക്കെന്നും ഉണ്ടാവട്ടെ.

എം.ടി. വാസുദേവൻ നായർ

21.10.2023’

അദ്ദേഹം എന്നിലർപ്പിച്ച വിശ്വാസത്തിന്, എന്നോടു പുലർത്തിയ കരുതലിന് നമോവാകം!

സാദരപ്രണാമങ്ങൾ

എം.ടിയുടെ നവതിയാഘോഷങ്ങൾ അഞ്ചു ദിവസങ്ങളിലായി തുഞ്ചൻപറമ്പിൽ നടന്നു. സെമിനാറുകളും പ്രഭാഷണങ്ങളും സാഹിത്യമത്സരങ്ങളുമെല്ലാം എം.ടിമയം. എം.ടിയുടെ ‘ഗോപുരനടയി’ലും ‘ഷെർലക്കും’ അദ്ദേഹത്തിന്റെ സിനിമയിലെ ഗാനങ്ങളുമെല്ലാം ഇരവുപകലുകളെ ധന്യമാക്കി. അഞ്ചു ദിവസവും അദ്ദേഹം മുഴുവൻ സമയം തുഞ്ചൻപറമ്പിൽത്തന്നെയുണ്ടായിരുന്നു. താൻ ചെയർമാനായ സ്ഥാപനത്തിൽവെച്ച് നവതിയാഘോഷിക്കുന്നതിനോട് എം.ടിക്ക് യോജിപ്പില്ലായിരുന്നു. ട്രസ്റ്റ് ഭാരവാഹികളുടെയും ജീവനക്കാരുടെയും സ്‌നേഹനിർബ്ബന്ധങ്ങൾക്കു വഴങ്ങിയാണ് ഒടുവിൽ അദ്ദേഹം സമ്മതം മൂളിയത്. സെമിനാറുകൾക്കും പ്രഭാഷണങ്ങൾക്കും കാര്യപരിപാടികൾക്കുമെല്ലാം തിങ്ങിനിറഞ്ഞ സദസ്സുണ്ടായി. കേരളത്തിലങ്ങോളമിങ്ങോളം പിന്നീടു നടന്ന എം.ടി. നവതിയാഘോഷങ്ങളിൽ ജനസാന്നിധ്യംകൊണ്ടും ഉൾക്കനംകൊണ്ടും ശ്രദ്ധേയമായത് തുഞ്ചൻപറമ്പിലെ ‘സാദരം എം.ടി’ നവതിയാദരമാണ്. ആ പരിപാടികളുടെ സംഘാടനനിരയിൽ ആദ്യന്തമുണ്ടാവാനായി എന്നത് എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. അഞ്ചാംനാൾ പരിപാടികൾക്ക് തിരശ്ശീല വീഴാനൊരുങ്ങവെ എം.ടി. എന്നെ കോട്ടേജിലേക്ക് വിളിപ്പിച്ച് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു:

‘‘എല്ലാം ശ്രീകുമാരന്റെ കൂടി ശ്രമംകൊണ്ടാണ് നന്നായി നടന്നത്’’.

ആ വാക്കുകൾ ഒരനുഗ്രഹംപോലെ ഞാനേറ്റുവാങ്ങി.

അടുത്ത തുഞ്ചൻ ഉത്സവവും ആദ്യന്തം എം.ടിക്കു സമർപ്പിച്ചതായിരുന്നു. അതിനെ അപൂർണ്ണമാക്കിയത് പക്ഷേ, ആ മഹാപ്രതിഭയുടെ അസാന്നിധ്യവും. ഇവകൂടിയടങ്ങിയതാണ് എം.ടിയുടെ ജീവചരിത്രം.

അസ്തമയതീവ്രത

എം.ടിയുടെ ജീവചരിത്രം കഴിയുംവേഗം എഴുതിപ്പൂർത്തിയാക്കണമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽവെച്ച് അത് സഹൃദയസമക്ഷം സമർപ്പിക്കണമെന്നുമാണ് ഞാൻ ആഗ്രഹിച്ചത്. ആ രംഗം പലകുറി മനസ്സിൽ കാണുകയും ചെയ്തു. ജീവിതമെഴുത്ത് പാതികടന്ന സമയത്ത് എന്നെ അസ്വസ്ഥനാക്കിയത് എം.ടി. ദേഹാസ്വാസ്ഥ്യംമൂലം ആശുപത്രിയിലെത്തിയെന്ന വാർത്തയാണ്. ജീവചരിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം മാതൃഭൂമി സാരഥി മയൂര ശ്രേയാംസ്‌കുമാർ നടത്തുന്ന സമയത്തും അദ്ദേഹം ആശുപത്രിയിലായിരുന്നു.

അഞ്ചുതവണ ചെറിയ ഇടവേളകളിൽ എം.ടി. ആശുപത്രിയിലാവുകയും ദിവസങ്ങൾക്കുശേഷം ചികിത്സകഴിഞ്ഞ് വീട്ടിലെത്തുകയും ചെയ്തു. മൂന്നാംതവണ ‘സിതാര’യിലെത്തി അത്യന്തം ക്ഷീണിതനായ അദ്ദേഹത്തെ കണ്ടു. മരുന്നുകളുടെയും വേദനകളുടെയും തീവ്രതയ്ക്കിടയിലും അദ്ദേഹം എന്നെ നോക്കി ദുർബ്ബലനായി ചോദിച്ചു:

‘‘ശ്രീകുമാരാ, എവിടെയെത്തി നമ്മുടെ പുസ്തകം?’’

‘ചെയ്യുന്നു, വേഗം തീർക്കാം’ എന്ന് മറുപടി രണ്ടുമൂന്നു വാക്കുകളിലൊതുക്കി ഞാനിറങ്ങി നടന്നു. ഇതിലും തീവ്രമായ അവസ്ഥകളിൽനിന്ന് അനായാസം മറികടന്ന് ജീവിതത്തിലേയ്ക്കു തിരിച്ചുകയറിയ അതേ പ്രതിഭാസം വീണ്ടും ആവർത്തിക്കുകതന്നെ ചെയ്യുമെന്ന് ഞാൻ ഊഹിച്ചു. പുസ്തകമെഴുത്തിൽ തെല്ല് അലംഭാവം കാണിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തി.

എന്നാൽ, എന്റെ കണക്കുകൂട്ടൽ അസ്ഥാനത്തായി. രോഗാവസ്ഥയുടെ മൂർദ്ധന്യത്തിൽ 2024 ഡിസംബറിലെ ക്രിസ്മസ് രാത്രിയിൽ എണ്ണമറ്റ ആരാധകരെ കൊടുംനിരാശയിലാഴ്ത്തി അദ്ദേഹം ജീവിതത്തിൽനിന്നും ഇറങ്ങിനടന്നു. പിറ്റേന്ന്, ‘സിതാര’യിലെ സ്വീകരണമുറിയിൽ ആ മഹാപ്രതിഭ നിശ്ചലനായി നീണ്ടുനിവർന്നുകിടന്നു. പതിവുനിർവ്വികാരതയോടെ കിടന്ന അദ്ദേഹത്തിന്റെ പാദങ്ങളിൽ സ്പർശിക്കവേ, ഞാൻ കേൾക്കാനായി മാത്രം പതിഞ്ഞ സ്വരത്തിൽ അദ്ദേഹം ചോദിക്കുന്നതുപോലെ തോന്നി:

‘‘ശ്രീകുമാരാ, എവിടെയെത്തി നമ്മുടെ പുസ്തകം?’’.

പിടിവള്ളി നഷ്ടപ്പെട്ട നിസ്സഹായനെപ്പോലെ സ്തംഭിച്ചുനിന്നു ഞാനപ്പോൾ!

തനിച്ചായ എഴുത്തുകാലം

എഴുതിത്തീർത്തതിലേറെയുണ്ട് ഇനിയുമെഴുതാൻ. ഏതു സംശയങ്ങളും തീർത്തുതരാൻ, അധ്യായങ്ങൾക്കിടയിലെ വിടവുകൾ സർഗ്ഗാത്മകമായി പൂരിപ്പിക്കാൻ എം.ടി. കൂടെയുള്ളതുപോലെയായില്ല, പിന്നീടുള്ള എഴുത്തുകാലം. കോഴിക്കോട് നഗരമധ്യത്തിലെ എഴുത്തുമുറിയിൽ ബാക്കി എഴുതാനിരിക്കെ മനസ്സിൽ തെളിയുന്നതു മുഴുവനും എം.ടിയുടെ അവസാന കാഴ്ചയും ‘സ്മൃതിപഥ’ത്തിലെ അന്ത്യവിശ്രമവും. നിൽക്കാനൊരു തറയില്ലാതെ എഴുത്തുമുടങ്ങിയ നാളുകൾ.

എം.ടിയുടെ തൊണ്ണൂറ്റിരണ്ടാം പിറന്നാളിന് ജീവചരിത്രം വായനക്കാരുടെ കൈകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഈ പുസ്തകം ഞാൻ എം.ടിക്കു കൊടുത്ത വാക്കാണ്. എം.ടി എന്ന മനുഷ്യനെ, എഴുത്തുകാരനെ, ചലച്ചിത്രകാരനെ, സാഹിത്യപത്രപ്രവർത്തകനെ സത്യസന്ധമായും ആധികാരികമായും അവതരിപ്പിക്കുന്ന പുസ്തകം നിശ്ചിത സമയത്തിനകം എഴുതിത്തീർത്തേ മതിയാവൂ. കണ്ടും കേട്ടുമറിഞ്ഞ, വായിച്ചറിഞ്ഞ എം.ടിയിൽ മാത്രമായി ഒതുങ്ങരുത് ഇതിലെ പ്രമേയം. മനസ്സുനിറയെ തീരാത്ത ആരാധനയാണെങ്കിലും പുസ്തകമെഴുത്തിൽ ആരാധകന്റെ വിരൽപ്പാടുകൾ ഒട്ടും പതിയരുതെന്നും എനിക്കു നിർബ്ബന്ധമുണ്ടായിരുന്നു. എല്ലാവിധ വിഷാദങ്ങളെയും ആശങ്കകളെയും കുടഞ്ഞെറിഞ്ഞ് ഞാൻ എഴുത്തിലേയ്ക്കു തിരിച്ചുവന്നു. എം.ടി മാത്രം മനസ്സിൽ നിറഞ്ഞുകവിഞ്ഞ ഒന്നരവർഷത്തിലേറെക്കാലം എഴുത്തുമുറി രാപ്പകൽ ഭേദമെന്യേ സജീവമായി, സർഗ്ഗാത്മകമായി.

പറഞ്ഞ സമയപരിധിയ്ക്കു മുമ്പേ പുസ്തകരചന പൂർത്തിയായി. നാലു ഭാഗങ്ങളിലായി ബൈൻഡുചെയ്ത കയ്യെഴുത്തുപ്രതി അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ സമർപ്പിച്ചശേഷം ഞാനത് പ്രസാധകർക്കു കൈമാറി. തൊട്ടടുത്ത കർക്കടകത്തിലെ ഉത്രാട്ടാതിയിൽ, അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായ തുഞ്ചൻപറമ്പിൽവെച്ചുതന്നെ പ്രിയകഥാകാരൻ എം. മുകുന്ദൻ ‘എം.ടി. വാസുദേവൻ നായർ’ എന്ന ജീവചരിത്രകൃതി പ്രകാശനം ചെയ്തു. ആ ശുഭമുഹൂർത്തത്തിൽ കണ്ണുകൾ ആഹ്ലാദത്തോടെ അടച്ച് ഞാൻ സ്വയം പറഞ്ഞു:

‘‘സാർ, ഞാനിതാ വാക്കുപാലിച്ചിരിക്കുന്നു. വരും തലമുറകൾക്ക് എം.ടിയെ അടുത്തറിയാനൊരു പുസ്തകം സാധ്യമാക്കിയിരിക്കുന്നു!’’.

അപ്പോൾ, എവിടെനിന്നോ ആദ്ദേഹം എന്നെ ‘ശ്രീകുമാരാ’ എന്നു വിളിക്കുന്നതായും എനിക്കുമേൽ അനുഗ്രഹം ചൊരിയുന്നതായും അനുഭവപ്പെട്ടു.

Unveiling MT's Life: A Journey Through Memories:

MT Vasudevan Nair's biography, penned by K Sreekumar, explores the life and works of the acclaimed Malayalam writer. This biography delves into the various aspects of MT's life, from his literary contributions to his personal journey.