‘താന്‍ ഒരുക്കിയ ഭ്രാന്തഭവനത്തില്‍ കിടന്നായിരുന്നു മഹാനായ ആ മനോരോഗ ചികിത്സകന്റെ അന്ത്യം’: രാജൻ തുവ്വാര എഴുതുന്നു The Significance of Machado de Assis in Malayalam Literature
ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ യൊവകിം മരിയ മഷാദൊ അസ്സിസിന്റെ വിഖ്യാത നോവെല്ല ‘സൈക്കിയാട്രിസ്റ്റ്’ മലയാളത്തിലേക്കു വിവർത്തനം ചെയ്തതിന്റെ അനുഭവം ‘മനോരോഗവിദഗ്ധന്‍ മനോരോഗിയാകുന്നതെങ്ങനെ’ എന്ന പേരിൽ രാജൻ തുവ്വാര ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – യൊവകിം മരിയ മഷാദൊ അസ്സിസ് എന്ന എഴുത്തുകാരനു മലയാളി
ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ യൊവകിം മരിയ മഷാദൊ അസ്സിസിന്റെ വിഖ്യാത നോവെല്ല ‘സൈക്കിയാട്രിസ്റ്റ്’ മലയാളത്തിലേക്കു വിവർത്തനം ചെയ്തതിന്റെ അനുഭവം ‘മനോരോഗവിദഗ്ധന്‍ മനോരോഗിയാകുന്നതെങ്ങനെ’ എന്ന പേരിൽ രാജൻ തുവ്വാര ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – യൊവകിം മരിയ മഷാദൊ അസ്സിസ് എന്ന എഴുത്തുകാരനു മലയാളി
ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ യൊവകിം മരിയ മഷാദൊ അസ്സിസിന്റെ വിഖ്യാത നോവെല്ല ‘സൈക്കിയാട്രിസ്റ്റ്’ മലയാളത്തിലേക്കു വിവർത്തനം ചെയ്തതിന്റെ അനുഭവം ‘മനോരോഗവിദഗ്ധന്‍ മനോരോഗിയാകുന്നതെങ്ങനെ’ എന്ന പേരിൽ രാജൻ തുവ്വാര ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം – യൊവകിം മരിയ മഷാദൊ അസ്സിസ് എന്ന എഴുത്തുകാരനു മലയാളി
ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ യൊവകിം മരിയ മഷാദൊ അസ്സിസിന്റെ വിഖ്യാത നോവെല്ല ‘സൈക്കിയാട്രിസ്റ്റ്’ മലയാളത്തിലേക്കു വിവർത്തനം ചെയ്തതിന്റെ അനുഭവം ‘മനോരോഗവിദഗ്ധന്‍ മനോരോഗിയാകുന്നതെങ്ങനെ’ എന്ന പേരിൽ രാജൻ തുവ്വാര ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –
യൊവകിം മരിയ മഷാദൊ അസ്സിസ് എന്ന എഴുത്തുകാരനു മലയാളി അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ കൃതികള്‍ പുസ്തകരൂപത്തില്‍ മലയാളത്തിലെത്തിയിട്ടില്ല എന്നതു തന്നെയാണ് അങ്ങനെയൊരു നിരീക്ഷണം എന്റെ ആലോചനയില്‍ തെളിയുന്നതിനുള്ള കാരണം. പോര്‍ച്ചുഗീസ് ഭാഷയിലെഴുതുന്ന ബ്രസീലില്‍ നിന്നുള്ള മഷാദൊയുടെ മഹത്തായ ‘പാതിരാകുര്‍ബാന’ എന്ന കഥയുടെ അതിശയകരമായ മികവിനെ കുറിച്ച് പ്രൊഫ.എം.കൃഷ്ണന്‍ നായരാണ് മലയാളിയെ ബോധ്യപ്പെടുത്തിയത്. പിന്നീട് ആ കഥ നോവലിസ്റ്റൂം ചെറുകഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്‍ പരിഭാഷ ചെയ്തു ഒരു സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചു. ആ കഥ ഞാന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കിലും അത് പ്രസിദ്ധീകരിക്കാന്‍ നല്‍കിയില്ല. മഷാദോയുടെ ‘കാനറിയുടെ ഉപദേശങ്ങള്‍’ എന്ന കഥയും ആ കഥക്കൊപ്പം ഞാന്‍ പരിഭാഷ ചെയ്യുകയുണ്ടായി.
അദ്ദേഹത്തിന്റെ ബ്രാസ് ക്യൂബസ്, ക്വിങ്കസ് ബോര്‍ബ എന്നീ നോവലുകള്‍ വാങ്ങി വായിക്കുന്ന കാലത്താണ് ഞാന്‍ ‘സൈക്കിയാട്രിസ്റ്റ്’ എന്ന നോവെല്ലയെകുറിച്ച് അറിയുന്നത്. ആക്ഷേപഹാസ്യവും നോവലെഴുത്തിന്റെ മനോഹരമായ ക്രാഫ്റ്റും ചേര്‍ന്ന ആ രചന വായിച്ച ഉടനെ അതിനു മലയാളഭാഷ്യം വേണമെന്ന് എനിക്ക് തോന്നി. നാട്യങ്ങളില്ലാത്ത ഭാഷയും നിലപാടുകളുമാണ് മഷാദോ രചനകളുടെ പൊതുകാതല്‍. ബുദ്ധിജീവി നാട്യങ്ങള്‍ ഈ രചനയില്‍ ഒരിടത്തും നമുക്ക് കാണാനാവില്ല. ഒരോ കഥാപാത്രങ്ങള്‍ക്കും ഓരോ ഇടവഴികള്‍. ആ ഇടവഴികൾ നോവലിന്റെ ആഖ്യാന പാതയിലേക്ക് ഒഴുകിവന്നു ചേരുന്നു.
ഇതഗ്വയ് എന്ന പട്ടണത്തില്‍ മനോരോഗശാസ്ത്രത്തില്‍ ഉന്നത പഠനത്തിനു ശേഷം പാര്‍പ്പുര്‍പ്പിക്കുന്ന ഡോ. സിമാവൊ ബകമാര്‍ത്തെ ഇതഗ്വയ് ഭരണകൂടത്തിന്റെ സഹായത്തോടെ കാസ വെര്‍ദെ എന്ന മനോരോഗാശുപത്രി സ്ഥപിക്കുന്നിടത്ത് നിന്നാണ് ഈ നോവെല്ലയുടെ തുടക്കം. കാസ വെര്‍ദെ എന്നാല്‍ പച്ച നിറത്തിലുള്ള (ഇവിടെ പച്ചനിറത്തിലുള്ള ജനലുകളുള്ള) വീട്. കാസ വെര്‍ദെ എന്ന ഈ വീട് മരിയ വര്‍ഗസ് യോസയുടെ ഹരിതഭവനം എന്ന നോവലിനെ ഓര്‍മിപ്പിക്കുന്നു. യോസയുടെ കാസ വെര്‍ദെ ഗണികാലയമാണ്. പക്ഷേ മഷാദോയുടെ നോവലിലെ ഇതേ പേരുകാരി കെട്ടിടം ഒരു ഭ്രാന്താശുപത്രിയാണെന്ന സത്യം കൂടിച്ചേരുന്നിടത്ത് വെച്ച് ഇതിന് സവിശേഷമായ ഭാവുകത്വം ലഭിക്കുന്നു.
ഭ്രാന്ത് ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്ന് കരുതുന്ന ഡോക്ടര്‍ ആ പട്ടണത്തിലെ മനുഷ്യർക്കെല്ലാം ഭ്രാന്ത് ഉണ്ടെന്ന് നിര്‍ണയിക്കുന്നു. ഭ്രാന്തിനെ അയാള്‍ സാമാന്യവത്കരിക്കുന്നു. നഗരവാസികള്‍ ഡോക്ടറുടെ കണ്ണില്‍ പെടാതിരിക്കാന്‍ പട്ടണത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ ശ്രമിക്കുന്നു. മുനിസിപ്പല്‍ ചെയര്‍മാനെയും കൗണ്‍സില്‍ അംഗങ്ങളെയും അയാള്‍ വെറുതെ വിടുന്നില്ല. സ്വന്തം വീടിന്റെ സൗന്ദര്യം ആസ്വദിച്ച് നില്‍ക്കുന്ന ഒരു ധനികനെ ഡോക്ടര്‍ മാനസികരോഗിയായി നിശ്ചയിച്ച് കാസവെര്‍ദെയില്‍ പാര്‍പ്പിക്കുന്നു. സുഹൃത്തും മരുന്നുകച്ചവടക്കാരനുമായ ക്രിസ്പിം സോറെസിനെയും ഭാര്യയേയും ഭ്രാന്തഭവനത്തില്‍ അടയ്ക്കുന്ന ബകമാര്‍തെ സ്വന്തം ഭാര്യ ഡോണ എവരിസ്റ്റെയും മനോരോഗിയാക്കി കാസവെര്‍ദെയില്‍ അടയ്ക്കുന്നു.
ഈ പൊല്ലാപ്പിനിടയില്‍ പോര്‍ഫിരിയൊ എന്ന ബാര്‍ബറുടെ നായകത്വത്തില്‍ ഇതഗ്വയില്‍ വിപ്ലവം നടക്കുന്നു. സറ്റയറിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് ബാര്‍ബര്‍ പോര്‍ഫിരിയോയും അയാളുടെ ചിന്തകളും വാക്കുകളും ചേഷ്ടകളും. ബാര്‍ബറെയും അനുയായികളെയും ഡോക്ടര്‍ കാസവെര്‍ദെയില്‍ അടയ്ക്കുന്നു. വിപ്ലവവും പ്രതിവിപ്ലവവും ഭ്രാന്തന്‍മാരും കസവെര്‍ദെയും ഫാദര്‍ ലോപ്പസും ചേര്‍ന്ന കൗതുകകരമായ ഒരു സംയുക്തമായി ഇതഗ്വയ് പട്ടണം രൂപപ്പെടുന്നു. സകല രോഗികളെയും കാസവെര്‍ദെയില്‍ നിന്ന് മോചിപ്പിച്ച ശേഷം സിമവൊ ബകമാര്‍തെ എന്ന മനോരോഗചികില്‍സകന്‍ കാസവെര്‍ദെക്കുള്ളിലേക്ക് നടന്നുകയറി വാതില്‍ അടയ്ക്കുന്നു. അയാളെ അതില്‍ നിന്ന് തടയുവാന്‍ ഡോണ എവരിസ്റ്റ ശ്രമിച്ചുവെങ്കിലും അവള്‍ അതില്‍ പരാജയപ്പെടുന്നു. താന്‍ തന്നെ ഒരുക്കിയ കാസവെര്‍ദെ എന്ന കാരാഗൃഹ സമാനമായ ആ ഭ്രാന്തഭവനത്തില്‍ കിടന്നായിരുന്നു മഹാനായ മനോരോഗ ചികില്‍സകന്റെ അന്ത്യം. സുതാര്യവും നിര്‍മലവുമായ ഭാഷയും സിമട്രി നിലനിര്‍ത്തി മുന്നേറുന്ന ക്രാഫ്റ്റും ഈ നോവലിനെ മനോഹരമായ പാരായണരൂപമാക്കി മാറ്റുന്നു.