‘മരണത്തെ സ്നേഹിച്ചുതുടങ്ങിയ നാളുകളൊന്നില്‍ സങ്കടങ്ങള്‍ എങ്ങനെയോ കവിതയായി’: എം.ആര്‍. രാധാമണി എഴുതുന്നു The Literary Journey of M.R. Radhamani: A Glimpse into 'Veyalaalum Nalvazhikal'
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി എം.ആര്‍. രാധാമണിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘വെയിലാളും നാൾവഴികൾ’. ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലൂടെ പൊരുതി നീങ്ങിയ ഒരു സ്ത്രീസാന്നിധ്യം ഈ പുസ്തകത്തെ സമാനതകളില്ലാത്ത വായനാനുഭവമാക്കുന്നു. ‘വെയിലാളും നാൾവഴികൾ’ എന്ന പുസ്തകകത്തിന്റെ
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി എം.ആര്‍. രാധാമണിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘വെയിലാളും നാൾവഴികൾ’. ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലൂടെ പൊരുതി നീങ്ങിയ ഒരു സ്ത്രീസാന്നിധ്യം ഈ പുസ്തകത്തെ സമാനതകളില്ലാത്ത വായനാനുഭവമാക്കുന്നു. ‘വെയിലാളും നാൾവഴികൾ’ എന്ന പുസ്തകകത്തിന്റെ
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി എം.ആര്‍. രാധാമണിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘വെയിലാളും നാൾവഴികൾ’. ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലൂടെ പൊരുതി നീങ്ങിയ ഒരു സ്ത്രീസാന്നിധ്യം ഈ പുസ്തകത്തെ സമാനതകളില്ലാത്ത വായനാനുഭവമാക്കുന്നു. ‘വെയിലാളും നാൾവഴികൾ’ എന്ന പുസ്തകകത്തിന്റെ
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി എം.ആര്‍. രാധാമണിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘വെയിലാളും നാൾവഴികൾ’. ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലൂടെ പൊരുതി നീങ്ങിയ ഒരു സ്ത്രീസാന്നിധ്യം ഈ പുസ്തകത്തെ സമാനതകളില്ലാത്ത വായനാനുഭവമാക്കുന്നു. ‘വെയിലാളും നാൾവഴികൾ’ എന്ന പുസ്തകകത്തിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് ‘ഓര്‍മകളിലേക്കൊരു പാളിനോട്ടം’ എന്ന പേരിൽ എം.ആര്‍. രാധാമണി എഴുതിയ കുറിപ്പ് വായിക്കാം –
എന്റെ വായനയുടെ വഴികളില്‍ ചക്കരയുടെ മണവും മധുരവുമായി ചില കടലാസുതുണ്ടുകളുണ്ട്. ശേഷം അടുത്ത പേജിലെന്നോ അടുത്ത ലക്കത്തിലെന്നോ എഴുതിക്കൊണ്ട്, എന്റെ ആകാംക്ഷകളെ തട്ടിക്കളിച്ച, മോഹിപ്പിച്ച കടലാസുതുണ്ടുകള്‍. അവിടെയായിരുന്നു എന്റെ വായനയുടെ തുടക്കം. പീടികയില്‍ പോകുന്ന വകയില്‍ മിച്ചം പിടിക്കുന്ന ചില്ലറകളും, അല്ലറചില്ലറ വെട്ടുമേനികളും കൊണ്ട് ആഴ്ചതോറും ഇരുപത്തിയഞ്ചു പെെസയുണ്ടാക്കി വാങ്ങിയിരുന്ന ‘മനോരമ’യും ‘മനോരാജ്യ’വുമായി അത് മെല്ലെ തിടംവെച്ചു. പഠിക്കുന്ന പുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍ എന്നെക്കാത്തവ ഒളിച്ചിരുന്നു.
കാലം പോകെ പാഠപുസ്തകങ്ങളുടെ സ്വകാര്യതയിലേക്ക് പാത്തും പതുങ്ങിയും വായനശാലയിലെ കഥപ്പുസ്തകങ്ങള്‍ വീട്ടുകാരറിയാതെ വരികയും ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ തിരിച്ചുപോവുകയും ചെയ്തു തുടങ്ങി. ‘റോബിന്‍സണ്‍ ക്രൂസോ’യുടെയും 'കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ'യുടെയും 'പാവങ്ങളു' ടെയും ‘നോത്രദാമിലെ കൂനന്റെ’യും മലയാളവിവര്‍ത്തനങ്ങള്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും ഞാന്‍ വായിച്ചു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ വായിച്ച് സ്വയം ചന്ദ്രികയായി ദാസനെ മോഹിച്ചും ധ്യാനിച്ചും സ്നേഹിച്ചും തീരാനൊമ്പരവുമായി വെള്ളിയാങ്കല്ലിലെ തുമ്പികളിലൊന്നായി പാറിനടന്നു. കുറേ നാളത്തേക്ക് ഒന്നും വായിക്കാനും ഓര്‍ക്കാനുമാവാതെ ഞാന്‍ നീറിനടന്നു. ‘മഞ്ഞ്’ വായിച്ചപ്പോഴും ഇതായിരുന്നെന്റെ അവസ്ഥ. ഒരിക്കലും വരാത്ത പ്രിയപ്പെട്ടവന്റെ ഓര്‍മകളില്‍ ഞാനാകെ നൊന്തുപിടഞ്ഞു. ബുദ്ദുവിനായും ഞാനേറെ കരഞ്ഞു. വായനയില്‍ ‘ഖസാക്കിന്റെ ഇതിഹാസ’വും ‘നാര്‍മടിപ്പുടവ’യും ഇടംപിടിച്ചു. കാലമേറെക്കഴിഞ്ഞാണ് ‘രണ്ടാമൂഴ’വും ‘ഒരു സങ്കീര്‍ത്തനം പോലെ’യും ‘വ്യാധഭാരത’വും വായിച്ചത്. ഇതിനിടയില്‍ ജീവിതത്തിന്റെ നിറങ്ങളോടിഴചേര്‍ന്ന പ്രിയപ്പെട്ട പുസ്തകമായി മാറി ‘ഇവനെന്‍റെ പ്രിയ സി.ജെ.’.
വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ ഇപ്പോഴും ഞെരിപ്പോടുപോലെ എരിയുന്ന പുസ്തകമാണ് വിക്ടര്‍ ഹ്യൂഗോയുടെ ‘നോത്രദാമിലെ കൂനന്‍’. ഞാനത് പലവട്ടം വായിച്ചു. അതിലില്ലാത്ത ഒരുവികാരവും മറ്റെവിടെയും കണ്ടെത്താനാവില്ലെന്ന് എനിക്കു തോന്നി. മനുഷ്യന്റെ സൗന്ദര്യവും സങ്കോചവും സ്നേഹവും പകയും വെെരാഗ്യവും ചതിയും വ്യഭിചാരവും തെറ്റും കുറ്റവും കുറ്റബോധവും സൗഹൃദവും സല്ലാപവും ആഘോഷവും ഏകാന്തതയും ശരീരത്തിന്റെ ആസക്തികളും പരിശുദ്ധ പ്രണയവും എല്ലാം അതിലുണ്ട്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പുസ്തകം നോത്രദാമിലെ കൂനനാണ്. പ്രണയത്തിനും സ്നേഹത്തിനും കുറ്റബോധത്തിനും അപകര്‍ഷതയ്ക്കും സര്‍വ്വോപരി ജീവിതത്തിന്റെ ഏകാന്തതയ്ക്കും പിരിച്ചെഴുത്തുകളേതുമില്ലാത്ത കഥാപാത്രമായ ക്വാസിമോദോയും ദാസനെപ്പോലെ ചന്ദ്രികയെപ്പോലെ വിമലയെപ്പോലെ അപ്പുക്കിളിയെപ്പോലെ ഹിഡിംബിയെപ്പോലെ എന്റെ ഉള്ളിലുണ്ട്. വളരെ കുറച്ചുമാത്രമാണല്ലോ ഇതുവരെ വായിക്കാനായത് എന്ന സങ്കടം എന്നെ എപ്പോഴും അലട്ടാറുണ്ട്. വായിക്കുന്ന അക്ഷരങ്ങള്‍ക്കെല്ലാം ഇപ്പോഴും ചക്കരയുടെ മണവും മധുരവുമാണ്. എന്റെ പത്രവായന കേള്‍ക്കാന്‍ എന്നും സമയം കണ്ടെത്തിയിരുന്ന നിരക്ഷരനായ അച്ഛനും, കൈയില്‍ കിട്ടുന്നതെന്തും ആര്‍ത്തിയോടെ വായിച്ചിരുന്ന അമ്മച്ചിയും എന്റെ വായനയിലെ വഴികാട്ടികളാണ്.
എഴുത്ത് എന്നാണ് തുടങ്ങിയെന്ന് വ്യക്തമായി ഓര്‍മ്മയില്ല. മലയാള മനോരമ വാരികയിലേക്ക് ഒരു കുറിപ്പയച്ചത് ഓര്‍മയുണ്ട്. കഥയെഴുതാനുള്ള ശ്രമങ്ങള്‍ ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങി. ഇടയ്ക്കൊരു നോവല്‍ തുടങ്ങിവെച്ചു. ജാള്യത തോന്നിയതിനാല്‍ എഴുതിയതൊക്കെ ആരെയും കാണിക്കാതെ കീറിക്കളഞ്ഞു.
ജീവിതം പലവിധേന മാറിമറിഞ്ഞപ്പോള്‍, അതിനോട് പൊരുത്തപ്പെടാനാവാതെ ഒറ്റപ്പെട്ട് മരണത്തെ സ്നേഹിച്ചുതുടങ്ങിയ നാളുകളൊന്നില്‍ സങ്കടങ്ങള്‍ എങ്ങനെയോ കവിതയായി. ആദ്യകവിത അച്ചടിച്ചുവന്ന സന്ദര്‍ഭം അത്ഭുതത്തോടെയല്ലാതെ എനിക്കിന്നും ഓര്‍ക്കാനാവില്ല. അതിന് സ്നേഹസമ്മാനമായി അമ്മച്ചിയും അനിയനും നെറ്റിയില്‍ നല്‍കിയ ഉമ്മകളില്‍ ഞാനിപ്പോഴും പരതിനോക്കാറുണ്ട്. മരണത്തോടുള്ള ആഭിമുഖ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജീവിതത്തോട് കലമ്പാനും കലഹിക്കാനും തീരുമാനിച്ചത് അങ്ങനെയാണ്. തുടര്‍ന്ന് ‘വെെക്കം മെയില്‍’ എന്ന മാസികയില്‍ മൂന്നുനാല് കഥകള്‍ വന്നതോടെ ജീവിതത്തോട് ഒരിഷ്ടം തോന്നിത്തുടങ്ങി. അക്ഷരങ്ങളോട് സ്നേഹമായി തുടങ്ങി. അത് താമസിയാതെ പ്രണയമായി പരിണമിച്ചു. മരിക്കുംവരെ എഴുത്തിനോട് പിരിയില്ലെന്നും ജന്മാന്തരങ്ങളിലും കണ്ടുമുട്ടുമെന്നുള്ള പ്രത്യാശയുടെ പെയ്ത്തുകളാല്‍ ഉള്ളുനിറഞ്ഞു.
എന്നിട്ടും എഴുത്തിന്റെ വഴികള്‍ പലപ്പോഴും അടഞ്ഞുപോയി. അപ്പോഴും എന്തെങ്കിലുമൊക്കെ ചുമ്മാതെഴുതിയും കീറിക്കളഞ്ഞും ഞാന്‍ ദിവസങ്ങളോട് കൂട്ടുകൂടി, ഏറ്റുമുട്ടി. അങ്ങനെയിരിക്കെ ഒരു വെള്ളപ്പൊക്കകാലത്ത് അനിയന്റെ വീട്ടിലെത്തി. അവിടെവെച്ചാണ് യാദൃശ്ചികമായി ‘വ്യാധഭാരത’മെന്ന നോവല്‍ വായിക്കാനിടയാകുന്നത്. പണ്ടേ ഏകലവ്യനെ സ്വന്തമല്ലാത്ത ഒരാളായി ചിന്തിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. നോവല്‍ വായന പുരോഗമിക്കുന്നതിന് സമാന്തരമായി ‘ഏകലവ്യന്‍’ എന്നപേരില്‍ ഒരു കവിത എന്റെയുള്ളില്‍ ചിട്ടപ്പെട്ടുതുടങ്ങിയിരുന്നു. ‘വ്യാധഭാരതം’ വീണ്ടുമെനിക്ക് എഴുത്തിന്റെ വഴികള്‍ എങ്ങനെയോ തുറന്നുതരികയായിരുന്നു. ഞാന്‍ വീണ്ടുമെഴുതാന്‍ തുടങ്ങി. ആനുകാലികങ്ങളില്‍ ചിലതൊക്കെ അച്ചടിച്ചുവന്നപ്പോള്‍ എഴുത്തിലൂടെ കാലത്തോട് കലമ്പാനും കലഹിക്കാനുള്ള ഉത്സാഹം കൂടിവന്നു.
ഇക്കാലത്താണ് ‘സര്‍ഗ്ഗരേഖ’ എന്ന മാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചുകൊണ്ടുള്ള ഒരു പരസ്യം ‘കലാകൗമുദി’യില്‍ ഞാന്‍ കാണുന്നത്. ഞാനതിലേക്കൊരു കവിത അയച്ചുകൊടുത്തു. ‘നമസ്ക്കാരത്തിന്‍റെ തളിരിലകളും പൂക്കളും’ എന്നായിരുന്നു അതിന്റെ പേര്. ഫോണ്‍നമ്പരും ചേര്‍ത്തിരുന്നു. മൂന്നാലു ദിവസം കഴിഞ്ഞപ്പോള്‍ അതിന്റെ പത്രാധിപരായിരുന്ന കുളത്താമല്‍ ജഗന്നാഥന്‍ സാര്‍ എന്നെവിളിച്ച് ‘ഈ നമസ്ക്കാരം എനിക്കിഷ്ടമായെന്ന്’ പറഞ്ഞു. ഒരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. മാസികയെക്കുറിച്ചാണ് പലപ്പോഴും സംസാരിച്ചിരുന്നതെങ്കിലും വ്യക്തിപരമായ സങ്കടങ്ങളും പ്രശ്നങ്ങളും അന്യോന്യം പറയുമായിരുന്നു. സാറ് പരിചയപ്പെടുത്തിയ മയ്യഴില്‍നിന്നും ഇറങ്ങുന്ന ‘ഭാരതദേശം’ മാസികയിലും കവിതകളും ചെറുകഥകളും ഞാനെഴുതിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു വിഷുക്കാലത്ത് ജഗന്നാഥന്‍ സാറിന്റെ വിളിയെത്തി. കവിതയും കഥയുമല്ലാതെ വിഷുവിനെക്കുറിച്ച് എന്തെങ്കിലും എഴുതിക്കൊടുക്കണമത്രേ. ഞാനത് സമ്മതിച്ചെങ്കിലും എന്തെഴുതണമെന്നോ എങ്ങനെയെഴുതണമെന്നോ അറിയാതെ ഞാന്‍ കുഴങ്ങി. ഒടുക്കം ചെറുപ്പകാലത്തെ വിഷുവിനെക്കുറിച്ച് ചിലതൊക്കെ എഴുതി ഞാന്‍ മാസികയ്‌ക്ക് അയച്ചു. സാറിനെ വിളിച്ച് മാറ്ററിനെപ്പറ്റി ചോദിക്കാന്‍ എനിക്ക് ചമ്മലായിരുന്നു. തിരക്കുകള്‍ കാരണമാവാം അദ്ദേഹമെന്നെ തിരിച്ചും വിളിച്ചില്ല. പക്ഷെ പ്രസ്തുത കുറിപ്പോടെയായിരുന്നു ‘സര്‍ഗരേഖ’യുടെ വിഷുപ്പതിപ്പ് പുറത്തിറങ്ങിയത്. അതായിരുന്നു എന്റെ ഓര്‍മയെഴുത്തുകളുടെ തുടക്കം. അതെല്ലാവര്‍ക്കും ഇഷ്ടമായി. അതെപ്പറ്റി കുറച്ചു കത്തുകളും ഫോണ്‍വിളികളും സാറിനെത്തേടിയെത്തി. സാറെന്നെ വിളിച്ച് സന്തോഷം പങ്കിട്ടു. മാത്രമല്ല ഇനി ഇത്തരം ‘ഓര്‍മകള്‍’ സ്റ്റോക്കുണ്ടോ എന്നും ചോദിച്ചു. നോക്കാമെന്ന് ഞാനും പറഞ്ഞു.
അങ്ങനെ അക്കൊല്ലത്തെ കെെനീട്ടത്തിന്റെ പുണ്യം മൂന്നാലുവര്‍ഷത്തേക്ക് ഓര്‍മയെഴുത്തിന്റെ പംക്തിയായി മാറി. സാറിന്റെ പ്രോത്സാഹനവും വായനക്കാരുടെ സ്നേഹവും ഇഷ്ടവും കൂടി ചേര്‍ന്നപ്പോള്‍ എന്‍റെ ഓര്‍മകള്‍ ‘സര്‍ഗരേഖ’യില്‍ ഇടതടവില്ലാതെ പെയ്തുതുടങ്ങി.
വലിയ വെട്ടലിനും തിരുത്തലിനുമൊന്നും നില്‍ക്കാതെ തികട്ടിവന്നയെല്ലാം അതേപടിയെഴുതി. എന്റെ മാത്രം സന്തോഷങ്ങളും സങ്കടങ്ങളും പിഴകളും തെറ്റുകളും വീഴ്ചകളും ശരികളും കുറ്റബോധങ്ങളും ആശകളും നിരാശകളും ലാഭങ്ങളും നഷ്ടങ്ങളും വഴിമുട്ടലുകളും ഒക്കെയായി ഞാനെന്ന പക്ഷി ഓര്‍മകളുടെ ആകാശത്ത് പാറിപ്പറന്നു. സര്‍ഗരേഖയില്‍ തുടര്‍ച്ചയായി ഓര്‍മകള്‍ വന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ ജഗന്നാഥന്‍ സാറിന് സുഖമില്ലാതായപ്പോള്‍ മാത്രം മാസികയ്ക്കൊപ്പം എന്റെ ഓര്‍മകളും മുടങ്ങി. എങ്കിലും തപ്പിയും തടഞ്ഞും അത് മുമ്പോട്ട് പോയിക്കൊണ്ടിരുന്നു. പക്ഷെ ഇടയ്ക്കെപ്പോഴോ സാറിന് അസുഖം കൂടുതലായി. ആദ്ദേഹത്തെ വിളിച്ചാല്‍ കിട്ടാതായി. അവസാനം അദ്ദേഹത്തിന്റെ പെങ്ങളുടെ മകന്‍ വഴിയാണ് അദ്ദേഹം ആശുപത്രിയിലാണന്ന് അറിഞ്ഞത്. എഴുതി അയച്ചിരുന്ന അവസാനത്തെ ഓര്‍മയും ഇതിനോടകം അച്ചടിച്ചു വന്നിരുന്നു.
2019 ഡിസംബര്‍ മാസം പത്തൊമ്പതാം തീയതി ആശുപത്രക്കിടക്കയില്‍നിന്ന് ജഗന്നാഥന്‍ സാറിന്റെ വിളിയെത്തി. ‘രാധാമണീ... ഞാന്‍ നാളെ സംസാരിക്കാം’ എന്നുപറഞ്ഞങ്കിലും അത് അദ്ദേഹത്തിന്റെ അവസാന വാക്കുകളായിരുന്നു. പിറ്റേദിവസം അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. ‘സര്‍ഗരേഖ’ യെന്ന സമാന്തര പ്രസിദ്ധീകരണവും ഞാനുള്‍പ്പെടെയുള്ള അതിലെ ചെറുകിട എഴുത്തുകാരും അനാഥരായി. പിടിച്ചുകെട്ടിയതുപോലെ എന്റെ ‘ഓര്‍മകള്‍’ വഴിമുട്ടിനിന്നു. എന്റ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാക്കണമെന്ന് തുടക്കം മുതല്‍ എന്നോട് പറഞ്ഞിരുന്ന ജഗന്നാഥന്‍ സാര്‍ അതിന് അവതാരികയെഴുതാന്‍ ഒരിക്കല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്റെ എഴുത്തുവഴികളില്‍ അതുല്യമായ സ്ഥാനമാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണമായ ‘സര്‍ഗരേഖ’യ്ക്കുമുള്ളത്.
‘സര്‍ഗരേഖ’യില്‍ പ്രസിദ്ധീകരിച്ച ‘അടുക്കും ചിട്ടയുമില്ലാത്ത’ ഈ ഓര്‍മകളെ ഈവിധമൊരു പുസ്തകമാക്കി മാറ്റാന്‍ തയ്യാറായ ക്യൂവൈവ് ടെക്സ്റ്റിനോടും അതിന്റെ മാനേജര്‍ പ്രകാശ് രാമദാസിനോടും എനിക്കുള്ള നന്ദിയും സ്നേഹവും അളവറ്റതാണ്. ജീവിതത്തോടും കാലത്തോടുമുള്ള പെരുത്ത ഇഷ്ടങ്ങളെ സ്നേഹത്തോടും പ്രണയത്തോടും കൂടി ചേര്‍ത്തുപിടിക്കുമ്പോഴും, അതിനോട് കലമ്പിക്കൊണ്ടും കലഹിച്ചുകൊണ്ടും എന്റെ ഓര്‍മകളെയും, ഓര്‍മകളിലെ വിള്ളലുകളെയും വിങ്ങലുകളെയും വായനയ്ക്കായി സാദരം സമര്‍പ്പിക്കുന്നു.