മലയാളത്തിലെ ശ്രദ്ധേയകഥാകൃത്ത് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ പുതിയ പുസ്തകമാണ് ‘മഞ്ഞയിൽ കറുത്ത വരകൾ’. വ്യത്യസ്ത ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പ്രമേയത്താലും അവതരണ മികവിനാലും ശ്രദ്ധേയമാകുന്നു. ഈ കഥകളുടെ രചനാനുഭവങ്ങളെക്കുറിച്ച് ‘അനുസരണയില്ലാത്തവൻ’ എന്ന പേരിൽ ഉണ്ണികൃഷ്ണൻ

മലയാളത്തിലെ ശ്രദ്ധേയകഥാകൃത്ത് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ പുതിയ പുസ്തകമാണ് ‘മഞ്ഞയിൽ കറുത്ത വരകൾ’. വ്യത്യസ്ത ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പ്രമേയത്താലും അവതരണ മികവിനാലും ശ്രദ്ധേയമാകുന്നു. ഈ കഥകളുടെ രചനാനുഭവങ്ങളെക്കുറിച്ച് ‘അനുസരണയില്ലാത്തവൻ’ എന്ന പേരിൽ ഉണ്ണികൃഷ്ണൻ

മലയാളത്തിലെ ശ്രദ്ധേയകഥാകൃത്ത് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ പുതിയ പുസ്തകമാണ് ‘മഞ്ഞയിൽ കറുത്ത വരകൾ’. വ്യത്യസ്ത ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പ്രമേയത്താലും അവതരണ മികവിനാലും ശ്രദ്ധേയമാകുന്നു. ഈ കഥകളുടെ രചനാനുഭവങ്ങളെക്കുറിച്ച് ‘അനുസരണയില്ലാത്തവൻ’ എന്ന പേരിൽ ഉണ്ണികൃഷ്ണൻ

മലയാളത്തിലെ ശ്രദ്ധേയകഥാകൃത്ത് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ പുതിയ പുസ്തകമാണ് ‘മഞ്ഞയിൽ കറുത്ത വരകൾ’. വ്യത്യസ്ത ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പ്രമേയത്താലും അവതരണ മികവിനാലും ശ്രദ്ധേയമാകുന്നു. ഈ കഥകളുടെ രചനാനുഭവങ്ങളെക്കുറിച്ച് ‘അനുസരണയില്ലാത്തവൻ’ എന്ന പേരിൽ ഉണ്ണികൃഷ്ണൻ കിടങ്ങൂർ ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –

മറ്റൊരാളുടെ മനസ്സിൽ എത്രനാൾ ജീവിക്കുവാൻ പറ്റുമെന്ന് ആലോചിച്ചിട്ടുണ്ടോ ? താൻ വളരെയധികം സ്നേഹിക്കുന്ന ഒരാളുടെ മനസ്സിൽ ഒരിടം കിട്ടുകയെന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാവും. പക്ഷേ അവിടെനിന്ന് എപ്പോഴാവും പുറത്താക്കപ്പെടുന്നതെന്ന് പറയാനാവില്ല. അവർ നമ്മെ ഉപേക്ഷിച്ചാലും നമ്മിൽനിന്ന് അവരെ ഒഴിപ്പിക്കാനാവാതെ വരുന്നതാണ് ഏറ്റവും വലിയ ദുര്യോഗം’

ADVERTISEMENT

വെള്ളത്തിനു കെടുത്താൻ കഴിയാത്തത് എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ‘മഞ്ഞയിൽ കറുത്തവരകൾ’ എന്ന എന്റെ സമാഹാരത്തിലാണ് ഈ കഥ. പൊട്ടും പൊടിയും പോലെ തൊണ്ണൂറുകളിൽ, സമാന്തര പ്രസിദ്ധീകരണങ്ങളിലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും എന്റെ ഒരുപിടി കഥകളും കവിതകളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടെങ്കിലും തുടർന്നങ്ങോട്ട് എഴുതുവാൻ പറ്റിയില്ല. ശാന്തവും സമാധാനപൂർണ്ണവുമല്ലാത്ത ഒരു കാലം ഏതൊരാൾക്കും വേണ്ടി ജീവിതം കരുതിവച്ചിട്ടുണ്ടാവുമെന്നു തോന്നുന്നു. അതൊരു പരിശീലനക്കളരിയാണ്. രക്തബന്ധങ്ങളെ, സൗഹൃദങ്ങളെ, ദാമ്പത്യത്തെ, തന്നെത്തന്നെയും മനസ്സിലാക്കുവാനുള്ള അവസരമാകാം അത്. ചില ഭാഗ്യവാന്മാരുണ്ട്. അവർ സ്വയം അനുഭവങ്ങളുടെ ചൂളയിൽ വേവണമെന്നില്ല. വെന്തു പിടയുന്നവരെ കണ്ടുകണ്ടു പാഠം പഠിക്കും അവർ. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരേ, നിങ്ങൾക്കുള്ളതല്ല എഴുത്തെന്ന പീഡിതജീവിതം.

മറ്റൊരു ജീവിക്കുമില്ലാത്ത, അടങ്ങാത്ത ഒരു മോഹം മനുഷ്യനുണ്ട്. ആണെന്നും പെണ്ണെന്നും ട്രാൻസ്ജെന്ററെന്നും മറ്റുമുളള ഭേദങ്ങളില്ലാതെ, സകല മനുഷ്യരിലുമുള്ള മോഹം. അതാണ് മറ്റൊരാളുടെ മനസ്സിൽ തനിക്കു ജീവിക്കുവാനാവുക എന്നത്. എഴുത്തും വരയും പാട്ടും, എന്തിനേറെ, സോഷ്യൽ മീഡിയയിൽ ഇന്നുകാണുന്ന റീലുകൾപോലും ഈ മോഹത്തിന്റെ പ്രതിഫലനമാണ്. ഞാൻ എന്ന ചിന്ത ഉള്ളിടത്തോളംകാലം ‘നീ’ എന്ന ചിന്ത മനുഷ്യനിലുണ്ടാവും. നിന്റെ മനസ്സിൽ എന്നെ നിറയ്ക്കുവാൻ എന്തു ചെയ്യേണ്ടൂ എന്ന വിചാരപാരവശ്യവും. എന്നാൽ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്താണ്? സ്നേഹവും സൗഹൃദവും പ്രണയവുമെല്ലാം വേലിയേറ്റവും വേലിയിറക്കവുമാണ്. വേലിയിറക്കം സംഭവിച്ചാലും വേലിയേറ്റത്തിൽ പൂണ്ടുപോയ നിമിഷങ്ങളുടെ അനുഭവം ഇപ്പോഴുമുണ്ടെന്നു വ്യഥാ വിശ്വസിക്കുന്നവരുമുണ്ട്. അങ്ങനെയൊരാളായിരുന്നു പെഴ്സി ബാഷെ ഷെല്ലിയുടെ ആദ്യഭാര്യയായ ഹാരിയറ്റ്. അത് അവളുടെ മാത്രം, ഒരു പെണ്ണിന്റെ മാത്രം, ജീവിതമല്ലെന്നു തോന്നി. ഞാനും നിങ്ങളും ഉൾപ്പെടുന്ന പലരുടെയും ജീവിതമാണ്. ഉണങ്ങാത്ത മുറിവായി, ഒരു തടാകത്തിനും കെടുത്താത്താനാവാത്ത കനലായി, പ്രണയത്തെ മനസ്സിൽ സൂക്ഷിച്ചു സ്വയമുരുകുന്ന പലരുടെയും ജീവിതമാണ്. അനുഭവങ്ങൾ എനിക്കു നൽകിയ ജീവിതപാഠമാണ് - അതുകൊണ്ടാവും വിവിധ പ്രായത്തിലുള്ള സ്ത്രീപുരുഷന്മാർ പലരും ആ കഥ പലതവണ വായിച്ചെന്നു പറയുകയുണ്ടായി. ഓർമ്മകൾക്ക് എള്ളും പൂവും ചന്ദനവുമിട്ടു ഞാനെഴുതിയ ആ കഥ അവർ ഇഷ്ടപ്പെട്ടെന്നു പറഞ്ഞപ്പോൾ സന്തോഷവും തോന്നി.

ADVERTISEMENT

‘മഞ്ഞയിൽ കറുത്തവരകൾ’ എന്ന സമാഹാരത്തിലെ ആദ്യകഥ ‘അരിപ്പ’യാണ്. ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന എത്രയോ മനുഷ്യരുണ്ട്. എന്റെകൂടെ പത്തിൽ പഠിച്ച ഒരു കൂട്ടുകാരനുണ്ട്. പേര് ഞാൻ പറയുന്നില്ല. എല്ലാവരും അവനെ ‘അരിപ്പ’ എന്നു വിളിച്ചു. ഒറ്റമുണ്ടും പിഞ്ഞിത്തുടങ്ങിയ വെളുത്ത ഷർട്ടുമായിരുന്നു അവന്റെ വേഷം. സ്പ്രിംങ് പോലെ ചുരുണ്ട മുടി. ഇരു നിറം. ചെന്നിയിൽ എപ്പോഴും എണ്ണയും വിയർപ്പും. പഠിക്കുവാൻ മിടുക്കനായിരുന്നു അവൻ. നാലു കിലോമീറ്റർ ദൂരെയുള്ള വീട്ടിൽ നിന്നും ഞങ്ങൾ പഠിക്കുന്ന കിടങ്ങൂർ എൻ. എസ്. എസ്. ഹൈസ്കൂളിലേക്ക് നടന്നാണ് അവൻ വന്നിരുന്നത്. വൈകുന്നേരം വീട്ടിലേക്ക് നടന്നാണ് പോയിരുന്നത്. ബസിൽ പോകുവാനുളള പത്തുപൈസ അവന്റെ അറുപിശുക്കനായ അച്ഛൻ നല്കിയിരുന്നില്ല.

സ്വന്തം പാഠപുസ്തകങ്ങളോ തുരുമ്പു പിടിച്ച ഇൻസ്ട്രുമെൻറ് ബോക്സോ മറ്റാരും തൊടുന്നത് അവനിഷ്ടമായിരുന്നില്ല. ‘അരിപ്പ’ എന്നു വിളിച്ച് എല്ലാവരും മാറ്റി നിർത്തിയ അവനെ എനിക്കിഷ്ടമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ഞാനറിഞ്ഞു, പൊതുസമൂഹത്തിൽനിന്നു പൂർണ്ണമായും ഒറ്റപ്പെട്ട് അവനൊരു മനോരോഗിയായി മാറിയെന്ന്. എനിക്കു തീർച്ചയുണ്ട്, അവനെ അരിപ്പയാക്കിയതും മനോരോഗിയാക്കിയതും അവന്റെ രക്ഷിതാക്കളാണ്. മറ്റൊരിക്കൽ, പ്രണയത്തിന്റെ വേലിയേറ്റത്തിൽ മുങ്ങാങ്കുഴിയിട്ട പഴയചില വർഷങ്ങൾ കഴിഞ്ഞുപോയിട്ടില്ലെന്നു സ്വയം തെറ്റിദ്ധരിപ്പിച്ചു ജീവിച്ച കാലത്തൊരിക്കൽ, നഗര മദ്ധ്യത്തിലെ മദ്യശാലയുടെ ഒഴിഞ്ഞ മൂലയിലിരിക്കുമ്പോൾ, ഉച്ചത്തിൽ ഫോണിൽ സംസാരിച്ചുകൊണ്ട് ഒരു അപരിചിതൻ എന്റെ ടേബിളിനപ്പുറം വന്നിരുന്നു. കാലിന്റെ കണ്ണയ്ക്കു മുകളിൽ നിൽക്കുന്നവിധം കയറ്റിയുടുത്ത മുണ്ട്. വിലകൂടിയ ബ്രാൻഡഡ് ഷർട്ട്. അതിന്റെ താഴെയുള്ള ഒന്നുരണ്ടു ബട്ടണുകൾ മാത്രമേ ഇട്ടിരുന്നുള്ളൂ. ഷർട്ടിന്റെ കൈമടക്കിൽ തിരുകി വച്ചിരുന്ന കർച്ചീഫിന്റെയറ്റം അലക്ഷ്യമായി നീണ്ടു കിടന്നു.

ADVERTISEMENT

ഫോണിലൂടെയുള്ള സംഭാഷണം അവസാനിപ്പിച്ചിട്ട് ഒട്ടും അപരിചിതത്വമില്ലാതെ അയാൾ എന്നെ നോക്കി ചിരിച്ചു:

‘പെരകൾ വാങ്ങി പൊളിച്ചു വിൽക്കുന്ന പണിയാ എനിക്ക്. തെറ്റിദ്ധരിക്കണ്ട. ഞാനൊരു നായരാണ് കെട്ടോ’.

അയാൾ ഇപ്പോൾ എവിടെയാണെന്നറിയില്ല. അരിപ്പയും എവിടെയാണെന്നറിയില്ല. പക്ഷേ, എഴുതുവാനിരുന്നപ്പോൾ ഇവർ രണ്ടു പേരും കടന്നുവന്നു. രണ്ടുപേരുടെയും സ്വത്വം കൂടിക്കുഴഞ്ഞ് ശ്രീകുമാർ എന്ന കഥാപാത്രമുണ്ടായി.

പുസ്തകത്തിന്റെ ശീർഷകമായ ‘മഞ്ഞയിൽ കറുത്തവരകൾ’ എന്ന കഥയ്ക്കു പിന്നിലും ഒരു യഥാർത്ഥ മനുഷ്യനുണ്ട്. എന്റെ ഭാര്യ സാലിറ്റും സഹോദരങ്ങളും പേരപ്പനെന്നു വിളിച്ചിരുന്ന ഒരു പഴയ നായാട്ടുകാരൻ. വലതുകൈപ്പത്തി ഇല്ലാത്ത ആ മനുഷ്യൻ ഞാൻ കാണുമ്പോൾ മരണക്കിടക്കയിലായിരുന്നു.

എഴുതുന്നവരുടെയെല്ലാം കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും ചിലതൊക്കെ കടന്നുവരും. അതു ചിലപ്പോൾ സംഭവങ്ങളാകാം. വ്യക്തികളാവാം. പറഞ്ഞു മറന്ന ഒരു വാക്കോ വാചകമോ ആവാം.

കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ പ്രദീപ് എം. നായർ പറഞ്ഞ ഒരു ചരിത്രസംഭവമായിരുന്നു ‘തൃണവൽഗുണൻ’ എന്ന കഥയ്ക്കു പ്രചോദനമായത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്ത് വടക്കൻ ജർമ്മനിയിലെ വില്ലി ഹെറോൾഡ് എന്ന പത്തൊൻപതു വയസ്സുകാരന് ഒരു പട്ടാള ക്യാപ്റ്റന്റ കുപ്പായം കളഞ്ഞു കിട്ടുന്നു. പരദ്രോഹനിർവൃതി അനുഭവിക്കുവാൻ, പിന്നീട് അവൻ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഭീകരവും അവിശ്വസനീയവുമായിരുന്നു. എസ്ലാന്റിലെ ആരാച്ചാർ എന്നു പ്രദീപ് എം. നായർ വിശേഷിപ്പിച്ച ചരിത്രത്തിലെ ആ പ്രതിനായകൻ ഒരു മാൻവേഷം ധരിച്ച് എന്റെ കഥയിലേക്ക് കയറി വന്നു. യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ കെട്ടുകഥകളെക്കാൾ അവിശ്വസനീയമായതുകൊണ്ടാവാം, ഞാനറയാതെ ആ രചന ഒരു ഐതിഹ്യകഥയുടെ ആഖ്യാന മാതൃക സ്വീകരിച്ചു.

എന്നാൽ രസകരമായ ഒരു സംഭവത്തിൽനിന്നാണ് ‘ചന്ദ്രക്കലാധരൻ’ എന്ന കഥ രൂപപ്പെട്ടത്. എന്റെ ഒരു അടുത്ത സുഹൃത്തിന്റെ അമ്മാവൻ അവരുടെ കുടുംബക്ഷേത്രത്തിലെ പൂജാരിയാണ്. തളർന്നു കിടക്കുന്ന രണ്ടു സഹോദരിമാരും വൃദ്ധയായ അമ്മയും മാത്രമാണ് അമ്മാവന്റെ വീട്ടിലുള്ളത്. പൂജയും കാര്യങ്ങളുമെല്ലാം കഴിഞ്ഞുവന്നാൽ ഗ്രില്ലുകൊണ്ട് അടച്ചു കെട്ടിയ തിണ്ണയിൽ പായ വിരിച്ച് കിടന്നുറങ്ങുകയാണ് അമ്മാവന്റെ പതിവ്. വാതിൽ തുറന്നും അടച്ചും വീട്ടിലുളളവർക്ക് ശല്യമാകണ്ട എന്ന ചിന്തയാവാം. ഒരു രാത്രി. സാത്വികനായ അമ്മാവൻ തിണ്ണയിൽ പായവിരിച്ച് ഉറക്കമായി. അർദ്ധരാത്രി കഴിഞ്ഞു. വെളിയിൽ എന്തോ അനക്കം. അവിവാഹിതജീവിതവും കുടുംബാംഗങ്ങളെപ്പറ്റിയുള്ള ജാഗ്രത്തായ ചിന്തയും നിമിത്തമാകാം, ഏതു നിമിഷവും ഞെട്ടിയുണരാവുന്ന ഉറക്കമായിരുന്നു അദ്ദേഹത്തിന്റേത്. കണ്ണുതുറന്ന് ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റിരുന്നു. ആകാശത്തു നിന്ന് തൂർന്ന് വീഴുന്ന നേരിയ വെളിച്ചം. മുറ്റത്തിനപ്പുറമുള്ള കൊന്നത്തെങ്ങിന്റെ ചുവട്ടിൽ ചാരിനിന്ന് ഒരാൾ ബീഡി വലിക്കുന്നു. കള്ളനാണ്. എങ്ങനെ വീട്ടിൽ കയറാമെന്ന ആലോചനയിലാണ് കള്ളനെന്ന് അമ്മാവന് തോന്നി. അദ്ദേഹം കള്ളനെത്തന്നെ നോക്കിയിരുന്നു. അയാൾ പോയാലല്ലേ നേരെ ചൊവ്വേ ഒന്ന് ഉറങ്ങാനാവൂ. കുറച്ചു കഴിഞ്ഞപ്പോൾ ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് കള്ളൻ ഇല്ലത്തിന്റെ മുറ്റത്തേക്കു വന്നു. അയാളുടെ കാൽച്ചുവട്ടിൽ മണ്ണ് ഞെരിയുന്ന ശബ്ദം. വാതിൽക്കൽ നിന്ന് കള്ളൻ വീണ്ടും ആലോചനയിലാണ്. എങ്ങനെ കയറണം ? ഗ്രില്ല് വളക്കണോ ? ഓടു പൊളിക്കണോ - അങ്ങനെയൊക്കെ കള്ളൻ ചിന്തിക്കുകയാണെന്ന് അമ്മാവന് മനസ്സിലായി.

‘നാശം! ഉറങ്ങാനും സമ്മതിക്കില്ല...’

അമ്മാവൻ മനസ്സിൽ പറഞ്ഞു. എങ്ങനെയെങ്കിലും ഈ പരിപാടി ഒന്നവസാനിപ്പിക്കണ്ടേ ? ഒച്ചയും ബഹളവുംവച്ച് വലിയ സംഭവമാക്കി മാറ്റാൻ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. അമ്മാവൻ, ഗ്രില്ലിന്റെ അടുത്തേക്ക് മുഖം ചേർത്ത് വച്ച് ‘ശ്... ശ്...’ എന്നു വിളിച്ചു. ചെയ്യേണ്ട കർത്തവ്യത്തെപ്പറ്റിയുള്ള ധ്യാനാത്മകമായ ചിന്തയിൽ നിന്ന കള്ളൻ ഞെട്ടിത്തിരിഞ്ഞപ്പോൾ അമ്മാവൻ ചോദിച്ചു: ‘എന്താ ഈ സമയത്ത് ?’ ഭൂമിയിൽ മറ്റൊരു കള്ളനും നേരിടേണ്ടി വന്നിട്ടില്ലാത്ത ആ ചോദ്യവുമായി പുഞ്ചിരിയോടെയിരിക്കുന്ന അമ്മാവന്റെ മുന്നിൽ നിന്നു കൂരിരുട്ടിന്റെ പെരുങ്കാട്ടിലേക്കു മാഞ്ഞ് കള്ളൻ അപ്രത്യക്ഷനായി.

ഈ സംഭവം രസകരമായ ഒരു എഫ്.ബി. പോസ്റ്റാക്കണമെന്നേ ഞാൻ വിചാരിച്ചിള്ളൂ. എന്നാൽ അതെന്നെ കൈപിടിച്ചു മറ്റു വഴികളിലൂടെ നയിച്ചു. എനിക്കു ചുറ്റും ഒരു മാന്ത്രിക ലോകം ഉണ്ടായി വരുന്നതുപോലെ തോന്നി. ഓരോരോ കഥകൾ വരുന്ന വഴിയേ!

എത്രയൊക്കെ കണക്കുകൂട്ടി എഴുതാനിരുന്നാലും, ഒട്ടും അനുസരണയില്ലാത്ത ഒരുവൻ എഴുത്തിൽ കയറി ഇടപെടുന്നതായിട്ടാണ് എന്റെ അനുഭവം. എല്ലാ എഴുത്തുകാർക്കും അങ്ങിനെയാവുമെന്ന് ഞാൻ ആശ്വസിക്കുന്നു.

Unnikrishnan Kidangoor's 'Manjayil Karutha Varaykal': A Deep Dive into Short Story Craft:

Manjayil Karutha Varaykal is a new book by acclaimed Malayalam storyteller Unnikrishnan Kidangoor. This collection of stories, drawn from diverse life experiences, stands out for its themes and narrative excellence. The author shares his inspirations and writing process behind these captivating narratives.

ADVERTISEMENT